അവസാന നിമിഷംവരെ ഉദ്വേഗം മുറ്റിനിന്ന പോരാട്ടത്തിനൊടുവിൽ എക്സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽപറത്തി, 243 അംഗ ബിഹാർ നിയമസഭയിലെ 125 സീറ്റുകൾ നേടി നാലാമൂഴം എന്ന അത്യപൂർവ റെക്കോഡുമായി എൻ.ഡി.എ അധികാരം നിലനിർത്തിയിരിക്കുന്നു. ശ്രദ്ധേയമായ പോരാട്ടം കാഴ്ചവെച്ച മഹാസഖ്യത്തിന് 110 സീറ്റുകളേ വരുതിയിലാക്കാൻ കഴിഞ്ഞുള്ളൂ. എങ്കിലും എൻ.ഡി.എയിലെ മുഖ്യകക്ഷിയായ ബി.ജെ.പിക്ക് 74 സീറ്റുകളാണ് ലഭിച്ചതെങ്കിൽ 75 സീറ്റുകളുമായി മഹാസഖ്യത്തിലെ രാഷ്ട്രീയ ജനതാദൾ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി.
കോവിഡ് പ്രതിസന്ധി വന്നശേഷം നടക്കുന്ന ആദ്യ സുപ്രധാന തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത്. വോട്ടിങ്ങിലും കൗണ്ടിങ്ങിലും സാമൂഹിക അകലം ഉൾപ്പെടെ നിബന്ധനകൾ പാലിക്കേണ്ടിയിരുന്നു. ബൂത്തുകളുടെ എണ്ണക്കൂടുതലും കോവിഡ് അനുബന്ധ മുൻകരുതലുകളുമെല്ലാം കാരണം വോട്ടെണ്ണൽ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ചിത്രം കൃത്യമായി തെളിഞ്ഞ് എൻ.ഡി.എയെ വിജയികളായി പ്രഖ്യാപിക്കുേമ്പാഴേക്ക് അർധരാത്രിയും പിന്നിട്ടിരുന്നു. അധികാരികൾ എൻ.ഡി.എയുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചുവെന്നും തങ്ങളുെട സ്ഥാനാർഥികളെ തോൽപിക്കാൻ മനഃപൂർവം ശ്രമങ്ങൾ നടത്തിയെന്നും ആർ.ജെ.ഡി ആരോപണം ഉന്നയിച്ചതോടെ വോട്ടെണ്ണൽ പ്രക്രിയ സംശയനിഴലിലാവുകയും ചെയ്തു.
എൻ.ഡി.എയിലെ മുഖ്യകക്ഷികളായ ബി.ജെ.പിയുടെയും ജെ.ഡി.യുവിെൻറയും നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്കു പുറമെ ഇടതു പാർട്ടികൾ, വിശിഷ്യ സി.പി.ഐ (എം.എൽ) നടത്തിയ ഗംഭീര പ്രകടനവും സീമാഞ്ചൽ മേഖലയിൽ അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് നേടിയ തകർപ്പൻ വിജയവുമാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ എടുത്തുപറയേണ്ട വിഷയങ്ങൾ.
ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചുപോരുന്ന ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ബിഹാറിൽ വ്യക്തമായ സാന്നിധ്യം അറിയിച്ചു എന്നതുതന്നെയാണ് സുപ്രധാന സംഗതി. ബി.എസ്.പി, ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി തുടങ്ങിയവർക്കൊപ്പം സഖ്യമുണ്ടാക്കിയാണ് മജ്ലിസ് ബിഹാറിൽ ഇക്കുറി പോരിനിറങ്ങിയത്. 20 സ്ഥാനാർഥികളെ നിർത്തിയതിൽ 14 എണ്ണവും സീമാഞ്ചൽ മേഖലയിലായിരുന്നു. അതിൽ അഞ്ചു പേർ വിജയം കാണുകയും ചെയ്തു.
നേപ്പാളും പശ്ചിമബംഗാളുമായി അതിരിട്ടുനിൽക്കുന്ന സീമാഞ്ചൽ മേഖലയിൽ ഗണ്യമായ തോതിൽ മുസ്ലിം ജനസംഖ്യയുണ്ട്. ഉദാഹരണത്തിന്, അവിടെ പൂർണിയയിൽ 35 ശതമാനം മുസ്ലിംകളാണ്. അററിയയിൽ അത് 51 ശതമാനമാണ്. കതിഹാറിൽ 45 ശതമാനമാണെങ്കിൽ കിഷൻഗഞ്ചിൽ 71 ശതമാനമാണ് മുസ്ലിം ജനസാന്നിധ്യം. ഇക്കാലമത്രയും കോൺഗ്രസിെൻറയും ആർ.ജെ.ഡിയുടെയും ശക്തിദുർഗമായിരുന്നു ഇവിടം. 2015ലെ തെരഞ്ഞെടുപ്പിൽ ഈ മേഖലയിലെ 24 സീറ്റുകളിൽ ഒമ്പതെണ്ണം കോൺഗ്രസും രണ്ടെണ്ണം ആർ.ജെ.ഡിയുമാണ് നേടിയത്. നിതീഷ് കുമാറിെൻറ ജെ.ഡി.യു ആറു സീറ്റുകളും കരസ്ഥമാക്കിയിരുന്നു. എന്നാൽ, ആർ.ജെ.ഡിക്കും കോൺഗ്രസിനും എന്നും കരുത്തായി കൂടെ നിന്നിരുന്ന മുസ്ലിം-യാദവ ഐക്യത്തിൽ വിള്ളൽ വീഴുന്നതിെൻറയും മുസ്ലിംകൾ കൂടുതൽ മെച്ചപ്പെട്ട ബദലുകൾ തേടുന്നതിെൻറയും വ്യക്തമായ സൂചനകൾ കാണാനായിരിക്കുന്നു.
2019ലെ ഉപതെരഞ്ഞെടുപ്പിൽ കിഷൻഗഞ്ചിൽനിന്ന് ജയിച്ച് ബിഹാർ നിയമസഭയിൽ സാന്നിധ്യമറിയിച്ച മജ്ലിസ് ഇക്കുറി അമോർ, കോച്ചദമൻ, ബഹാദുർഗഞ്ച്, ജോക്കിഹട്ട്, ബായ്സി എന്നീ സീറ്റുകൾ നേടിയത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. മുസ്ലിംകൾ തങ്ങളുടെ രാഷ്ട്രീയ ചായ്വ് എപ്രകാരം മാറ്റിയെന്നറിയാൻ ബായ്സിയിലെ ഫലമൊന്ന് പരിശോധിച്ചാൽ മതി. പതിവായി ആർ.ജെ.ഡി ജയിച്ചുകയറുന്ന ഈ സീറ്റിൽ ഇക്കുറി മജ്ലിസിെൻറ സയ്യിദ് റുക്നുദ്ദീൻ വിജയിയായപ്പോൾ ആർ.ജെ.ഡിയുടെ ഹാജി അബ്ദുസ്സുബ്ഹാൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബി.ജെ.പിയുടെ വിനോദ്കുമാറാണ് രണ്ടാമതെത്തിയത്.
മുസ്ലിംവോട്ടർമാർ ബദൽ തേടിപ്പോയപ്പോൾ ഗുണമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും കാണാതിരിക്കാനാവില്ല. ബിഹാറിലെ 32 സീറ്റുകളിലാണ് മുസ്ലിം സാന്നിധ്യം ഏറെയുള്ളത്. അതായത്, 32 മണ്ഡലങ്ങളിൽ മുസ്ലിം ജനസംഖ്യ 30 ശതമാനത്തിനു മുകളിലാണ്. മുസ്ലിംവോട്ടുകൾ ഭിന്നിച്ചുപോയതോടെ ഇവിടങ്ങളിലെല്ലാം ഇക്കുറി എൻ.ഡി.എ വലിയ നേട്ടം സ്വന്തമാക്കി. 2015ൽ ബി.ജെ.പിയും ജെ.ഡി.യുവും ചേർന്ന് ഏഴു സീറ്റുകൾ നേടിയ സ്ഥാനത്ത് ഇത്തവണ ബി.ജെ.പി 13ഉം ജെ.ഡി.യു ആറും സീറ്റുകൾ ഈ മേഖലയിൽനിന്ന് അക്കൗണ്ടിലാക്കി. മുൻകാലങ്ങളിലെല്ലാം കോൺഗ്രസ്-ആർ.ജെ.ഡി സഖ്യം വിജയിച്ചുകയറിയിരുന്ന ഇടങ്ങളാണിവ. എന്നാൽ, ഇത്തവണയോ കോൺഗ്രസിന് വെറും അഞ്ചു സീറ്റുകളാണ് കിട്ടിയത്. ആർ.ജെ.ഡിക്ക് നാലും.
ബി.ജെ.പിയുടെയും ജെ.ഡി.യുവിെൻറയും നിലയിൽ വന്ന മാറ്റമാണ് മറ്റൊരു ശ്രദ്ധേയ ഘടകം. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയകക്ഷിയായിരുന്ന ജെ.ഡി.യുവിനെ സഖ്യകക്ഷിയായ ബി.ജെ.പി കടത്തിവെട്ടിയിരിക്കുന്നു. ജെ.ഡി.യു 43 സീറ്റിലൊതുങ്ങി. എങ്കിലും നിതീഷ് കുമാർ തന്നെ സർക്കാറിനെ നയിക്കുമെന്ന് ബി.ജെ.പി ഉന്നതർ വ്യക്തമാക്കുന്നുണ്ടെങ്കിലും സീറ്റുകൾ ദയനീയമാംവിധം കുറഞ്ഞ സ്ഥിതിക്ക് നിതീഷ് സ്വയമേവ ആ പദം നിരസിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതാക്കളെന്നറിയുന്നു.
ഇടതുപാർട്ടികളുടെ പ്രകടനം സവിശേഷശ്രദ്ധ ആകർഷിക്കുന്നു. ഇതാദ്യമായാണ് ഇടതർ ആർ.ജെ.ഡി-കോൺഗ്രസ് കൂട്ടുകെട്ടിനൊപ്പം കൈകോർക്കുന്നത്. 29 സീറ്റിൽ മത്സരിച്ച് 16 എണ്ണത്തിൽ വിജയം കണ്ടു. സി.പി.ഐ (എം.എൽ) 12 സീറ്റുമായി ഗംഭീര നേട്ടം കൊയ്തപ്പോൾ സി.പി.ഐയും സി.പി.എമ്മും രണ്ടു വീതം നേടി.
കോൺഗ്രസിെൻറ പരിതാപകരമായ പ്രകടനമാണ് മഹാസഖ്യത്തെ പിന്നോട്ടടിപ്പിച്ചത് എന്ന് പറയേണ്ടിവരും. 70 സീറ്റിൽ മത്സരിച്ച പാർട്ടി നേടിയതാകട്ടെ വെറും 19 സീറ്റുകൾ. പാർട്ടിക്ക് തിരിച്ചുവരവ് നടത്താൻ പറ്റിയ ഏറ്റവും ഉചിതമായ സമയം എന്നായിരുന്നു പല മുതിർന്ന നേതാക്കളും 'മാധ്യമ'ത്തോട് പറഞ്ഞിരുന്നത്. പക്ഷേ, അതു സാധ്യമായില്ല. 90കളിൽ ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡിയും മറ്റും ഉയർത്തിപ്പിടിച്ച സാമൂഹിക നീതി രാഷ്ട്രീയത്തിെൻറ ഉദയത്തോടെയാണ് സംസ്ഥാനത്ത് കോൺഗ്രസ് മൂലയിലേക്ക് ഒതുക്കപ്പെട്ടത്. 2010ൽ നാലു സീറ്റ് മാത്രം നേടിയ ചരിത്രമുണ്ട് പാർട്ടിക്ക്. 2015ൽ ആർ.ജെ.ഡിക്കൊപ്പം സഖ്യത്തിൽ ചേർന്ന് 27 സീറ്റുകൾ സ്വന്തമാക്കി. ഇത്തവണ പ്രതീക്ഷ വാനോളമായിരുന്നുവെങ്കിലും സഫലമായില്ല.
ബി.ജെ.പിയുടെയും ജെ.ഡി.യുവിെൻറയും ഏറ്റക്കുറച്ചിൽ കാര്യമായിതന്നെ കാണേണ്ടതുണ്ട്. 2005 മുതൽ ഇരുപാർട്ടികളും ഒരുമിച്ചാണെങ്കിലും ജെ.ഡി.യു ഒരു വല്യേട്ടൻ ഭാവം പുലർത്തിപ്പോന്നിരുന്നു. ഇത്തവണ രണ്ടു കക്ഷികളും ഏതാണ്ട് തുല്യമായാണ് മത്സരിച്ചതെങ്കിലും ഫലം വന്നപ്പോൾ അന്തരം വലുതായി. 74 സീറ്റുകൾ നേടിയ ബി.ജെ.പി 19.5 ശതമാനം വോട്ടുകളും 43 സീറ്റുകൾനേടിയ ജെ.ഡി.യു 15.4 ശതമാനം വോട്ടുകളും പെട്ടിയിലാക്കി. ചിരാഗ് പാസ്വാെൻറ നേതൃത്വത്തിലെ എൽ.ജെ.പി ഒരേയൊരു സീറ്റേ നേടിയുള്ളൂവെങ്കിലും അവർ കളിച്ച കളികളാണ് ജെ.ഡി.യുവിെൻറ സാധ്യതകളെ ഇടിച്ചുകളഞ്ഞത്. ജെ.ഡി.യു തോറ്റ ഏകദേശം 30 സീറ്റിലെങ്കിലും എൽ.ജെ.പി നേടിയ വോട്ടും വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷവും ഏതാണ്ട് തുല്യമാണ്. ജെ.ഡി.യു സ്ഥാനാർഥികൾക്കെതിരെ 22 ബി.ജെ.പി റെബലുകളെ എൽ.ജെ.പി മത്സരിപ്പിച്ചിരുന്നു. എല്ലാവരും തോറ്റു. പക്ഷേ, ജെ.ഡി.യുവിെൻറ സാധ്യതകളെ തകർത്തുകളയാൻ അവർക്കായി. തോൽവിക്കിടയിലും 2015ലെ നാലിൽനിന്ന് ആറാക്കി വോട്ട് ശതമാനം ഉയർത്താൻ എൽ.ജെ.പിക്ക് കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എൻ.ഡി.എയിൽനിന്നു പോന്ന പാർട്ടി ലക്ഷ്യമിട്ടിരുന്നത് നിതീഷിനെത്തന്നെയായിരുന്നു. നിതീഷ് വിണ്ടും മുഖ്യമന്ത്രിക്കസേരയിൽ കയറുന്നത് തടയുകയാണ് ലക്ഷ്യമെന്ന് പാർട്ടി മേധാവി ചിരാഗ് പാസ്വാൻ പരസ്യമായി പറയുകയും ചെയ്തിരുന്നു.
അധികാരം നേടാനായില്ലെങ്കിലും ഇക്കുറി ജനതയുടെ മനസ്സ് സ്വന്തമാക്കിയത് തേജസ്വി യാദവിെൻറ നേതൃത്വത്തിൽ മുന്നേറിയ ആർ.ജെ.ഡി തന്നെയാണ്. തേജസ്വിയുടെ റാലികളിലെല്ലാം ഒഴുകിയെത്തി ആയിരങ്ങൾ. 23 ശതമാനമാണ് അവർ നേടിയ വോട്ട്. നിതീഷ്കുമാറിെൻറ ആജ്ഞാനുസരണം അധികൃതർ വോട്ടെണ്ണലിൽ ബോധപൂർവം കൃത്രിമം കാണിച്ച് പരാജയപ്പെടുത്തി എന്ന് ആർ.ജെ.ഡി ആരോപിക്കുന്ന മണ്ഡലങ്ങളിൽ ഭൂരിപക്ഷം വളരെ നേർത്തതാണ്. ഹിൽസയിൽ ആദ്യം വിജയിച്ച തങ്ങളുടെ സ്ഥാനാർഥി ശക്തിസിങ് യാദവിനെ റീകൗണ്ടിങ്ങിനുശേഷം 12 വോട്ടുകൾക്ക് തോറ്റുവെന്ന് പ്രഖ്യാപിച്ചുവെന്നാണ് ആർ.ജെ.ഡി ആരോപിക്കുന്നത്. ആർ.ജെ.ഡി സ്ഥാനാർഥികൾ വിജയികളായ എട്ടു മണ്ഡലങ്ങളിലെങ്കിലും പിന്നീട് വൈകി നടത്തിയ റീകൗണ്ടിങ്ങിനുശേഷം എൻ.ഡി.എ സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചുവെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു. ബാർഭിഗയിൽ ഏറെ വൈകി നടന്ന റീകൗണ്ടിങ്ങിനൊടുവിൽ ജെ.ഡി.യുവിെൻറ സുദർശന കുമാറിനെ 113 വോട്ടുകൾക്കാണ് വിജയിയായി പ്രഖ്യാപിച്ചത്. ഭോർ മണ്ഡലത്തിൽ റീകൗണ്ടിങ് കഴിഞ്ഞപ്പോൾ എൻ.ഡി.എയുടെ സ്ഥാനാർഥി 462 വോട്ടുകൾക്ക് വിജയിയായി. കുറഞ്ഞ ഭൂരിപക്ഷം രേഖപ്പെടുത്തുന്ന മണ്ഡലങ്ങളിൽ തള്ളപ്പെട്ട തപാൽ വോട്ടുകളും എണ്ണുക എന്നത് തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ചിട്ടുള്ളതാണെന്നും റീകൗണ്ടിങ്ങിൽ അപാകമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. അപ്പോഴും ആർ.ജെ.ഡി നേതാവ് മനോജ് ഝാ ഉയർത്തുന്ന ഒരു ആരോപണത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. എന്തുകൊണ്ടാണ് മഹാസഖ്യ സ്ഥാനാർഥികൾ വിജയിച്ച സീറ്റുകളിൽ മാത്രം റീകൗണ്ടിങ് നടത്തിയതെന്ന്. എൻ.ഡി.എ സ്ഥാനാർഥികൾ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റുകളിലൊന്നും ഇലക്ഷൻ കമീഷെൻറ നിർദേശം എന്തേ പാലിച്ചില്ല എന്ന് അദ്ദേഹം ചോദിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.