മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിലെ വംശഹത്യയിലും ഭരണകൂട ഭീകരതയിൽനിന്നും പ്രാണനുംകൊണ്ട് ഒാടിരക്ഷപ്പെടാനെങ്കിലും ഭാഗ്യം ലഭിച്ചവരാണ് റോഹിങ്ക്യൻ അഭയാർഥികൾ. 2017 ജൂൺ മുതലുള്ള കൂട്ടക്കുരുതിയും കൂട്ട ബലാത്സംഗങ്ങളും കൊണ്ട് വാർന്ന ചോരപ്പുഴ നദീജലത്തെപ്പോലും ചുവന്ന നിറമാക്കിയ റിപ്പോർട്ടുകൾ നാം ഞെട്ടലോടെ വായിച്ചറിഞ്ഞതാണ്. ‘ലോകത്തിലേറ്റവുമധികം വേട്ടയാടപ്പെട്ട അഭയാർഥികൾ’ എന്ന വിശേഷണമാണ് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് അത്യന്തം ദുഃഖത്തോടെ റോഹിങ്ക്യൻ അഭയാർഥികൾക്ക് നൽകിയത്.
സ്വന്തം നാട്ടിൽ പൗരത്വം നിഷേധിക്കപ്പെട്ടവർ, സ്വത്തവകാശംപോലും നിഷേധിക്കപ്പെട്ടവർ, വിവാഹത്തിനുപോലും മ്യാൻമർ സർക്കാറിെൻറ അനുമതി തേടേണ്ടിവരുന്നവർ. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് ഇന്ത്യയിൽനിന്ന് കൂലിപ്പണിക്കുകൊണ്ടുവന്നവരുടെ പിന്മുറക്കാരെന്ന് ബർമീസ് വംശജർ പറയുന്നവർ! ബുദ്ധമതാനുയായികളായ ഭീകരവാദികളുടെ തീവ്രവർഗീയത വർഷങ്ങളായി സൈന്യത്തിെൻറ പിന്തുണയോടെ നടത്തിയത് കൂട്ടക്കുരുതിയുടെ വിറങ്ങലിപ്പിക്കുന്ന താണ്ഡവങ്ങളായിരുന്നു. റോഹിങ്ക്യൻ വംശജരുടെ കൃഷിഭൂമിയും വിളകളും കന്നുകാലികളുമെല്ലാം കൈയടക്കാനും മനുഷ്യക്കടത്തിനു ചുക്കാൻപിടിക്കാനും സത്യവും സഹനവും സഹിഷ്ണുതയും സാഹോദര്യവും ഉദ്ഘോഷിക്കുന്ന ഒരു മതത്തിെൻറ പേരിൽ വർഗീയഭ്രാന്തന്മാർ അഴിച്ചുവിട്ടത് മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന, മരവിപ്പിക്കുന്ന ക്രൂരതകളായിരുന്നു.
മ്യാൻമറിലെ വെടിയുണ്ടകളിൽനിന്നും കത്തികളുടെ വായ്ത്തലകളിൽനിന്നും രക്ഷപ്പെട്ട് കരമാർഗം ബംഗ്ലാദേശിലെത്തിയവർ അഞ്ചുലക്ഷത്തോളം പേരാണ്. ഇന്ത്യയിൽ വന്നെത്തിയവർ 40,000 പേരുണ്ടാവുമെന്നാണ് പാർലമെൻറിെൻറ ഇൗ വർഷകാല സമ്മേളനത്തിൽ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു ലോക്സഭയെ അറിയിച്ചത്. എന്നാൽ, അവരെ ‘അഭയാർഥികളായി കാണാനാവില്ല. അനധികൃത കുടിയേറ്റക്കാരായേ കാണാനാവൂ’ എന്നായിരുന്നു അദ്ദേഹത്തിെൻറ മറുപടി. 145 രാഷ്ട്രങ്ങൾ ഒപ്പുവെച്ചിട്ടുള്ള യു.എൻ അന്താരാഷ്ട്ര അഭയാർഥി കൺവെൻഷനിൽ ഇന്ത്യ നാളിതുവരെ ഒപ്പുവെച്ചിട്ടില്ലാത്തതുകൊണ്ട് അഭയാർഥികൾക്കുള്ള ഒരുവിധ ആനുകൂല്യങ്ങളും ഇന്ത്യയിലെത്തിയ റോഹിങ്ക്യക്കാർക്ക് നൽകാനാവില്ല എന്ന നിലപാടാണ് അദ്ദേഹം പ്രഖ്യാപിച്ചത്.
ബംഗ്ലാദേശ്, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ് തുടങ്ങിയ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ അഭയംതേടിയെത്തിയ ആ മനുഷ്യർ ആരും അവിടങ്ങളിൽ പൗരത്വം അഭ്യർഥിക്കുകയോ സ്ഥിരതാമസം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. അവർ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി തിരിച്ചുപോകാനും സമാധാനപരമായി ജീവിക്കാനും തന്നെയാണ് ആഗ്രഹിക്കുന്നത്. ഇൗ അഭയാർഥികളിൽ മുസ്ലിംകളാണ് ഭൂരിപക്ഷമെങ്കിലും അവർമാത്രമല്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ടെന്ന കാര്യം അഭയാർഥി വിഷയത്തെ ‘റോഹിങ്ക്യൻ മുസ്ലിം അനധികൃത കുടിയേറ്റ’മായി പ്രചരിപ്പിക്കുന്ന ബി.ജെ.പി നേതൃത്വം മറച്ചുവെക്കുന്നു. ഡൽഹിയിലെ മൂന്ന് റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ ആദ്യമായി സന്ദർശിക്കുകയും ആദ്യമായി പാർലമെൻറിൽ ഞാൻ ഇവരുടെ ദൈന്യത ഉന്നയിക്കുകയും ചെയ്തു. അതേതുടർന്നാണ് അന്തർദേശീയ മേൽനോട്ടത്തിൽ അവരുടെ (മ്യാൻമറിലെ) പുനരധിവാസത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആദ്യഗഡുവായി 10 ലക്ഷം യു.എസ് ഡോളറിെൻറ സഹായം പ്രഖ്യാപിച്ചത്. ഇൗ വിഷയത്തിൽ ഡോ. ശശി തരൂർ എം.പിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ലോക്സഭയിലും പുറത്തും ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നിരവധി സംഘടനകളും വ്യക്തികളും മനുഷ്യത്വപരമായ ഇടപെടലുകൾ നടത്തുകയും അവരെ മരണത്തിലേക്കു തള്ളിവിടാതെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ അഭയാർഥി ക്യാമ്പുകൾ പരിതാപകരമായ അവസ്ഥയിലാണ്.
പാഴ്വസ്തുക്കൾ കൊണ്ട് കെട്ടിയുണ്ടാക്കിയ മറകളും കൂരകളും. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രങ്ങളായ മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ കുറേ മനുഷ്യജീവികൾ! ഡൽഹിയിലെ ഒരു ക്യാമ്പിൽ മൺകട്ടകളും ടാർപോളിനും കൊണ്ടുതീർത്ത ഒരു മസ്ജിദും മന്ദിറും (ക്ഷേത്രം) നേർക്കുനേർ ആശ്വാസത്തിെൻറ ഇരിപ്പിടങ്ങളായി നിലകൊള്ളുന്നതും ഞാൻ കണ്ടു.
ഇന്ത്യയിലെത്തിയ റോഹിങ്ക്യൻ വംശജർ ആരും വിധ്വംസക പ്രവർത്തനങ്ങളിലോ ഗൗരവമേറിയ കുറ്റകൃത്യങ്ങളിലോ ഏർപ്പെട്ടതായി ചൂണ്ടിക്കാട്ടാനില്ല. എന്നാൽ, ജൂൈല 31ന് ലേക്സഭയിൽ നൽകിയ മറുപടി ഇങ്ങനെ: ‘അനധികൃത കടന്നുകയറ്റക്കാർ സാധുവായ യാത്രാരേഖകളില്ലാതെയും നിയമവിരുദ്ധ മാർഗങ്ങളിൽകൂടിയുമാണ് പ്രവേശിക്കുന്നത് എന്നതിനാൽ ഇൗ രാജ്യത്ത് താമസിക്കുന്ന അത്തരം കുടിയേറ്റക്കാെരക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളില്ല. ചില േറാഹിങ്ക്യൻ കുടിയേറ്റക്കാർ നിയമവിരുദ്ധ പ്രവൃത്തികളിലേർപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്’. ഇൗ ചോദ്യത്തിന് ഉപചോദ്യങ്ങളുന്നയിച്ച ബി.െജ.പി അംഗങ്ങൾ എല്ലാവരും വിഷയത്തെ വർഗീയവത്കരിക്കാനാണ് കിണഞ്ഞുശ്രമിച്ചത്. കിരൺ റിജിജുവാകെട്ട ആ എരിതീയിൽ എണ്ണയൊഴിക്കുകയും. സ്പീക്കർ സുമിത്ര മഹാജനാകെട്ട, പ്രതിപക്ഷ അംഗങ്ങൾക്ക് ഇതിൽ ഉപചോദ്യങ്ങളുന്നയിക്കാൻ അവസരം നൽകാതിരിക്കാൻ നന്നായി പണിപ്പെടുന്നതുപോലെ തോന്നി.
ജീവനും കൈയിൽപിടിച്ചു മരണവക്ത്രത്തിൽ നിന്ന് അഭയം തേടിയെത്തിയവർക്ക്, തെരുവുനായ്ക്കൾക്ക് നൽകുന്ന പരിഗണനപോലുമില്ലേ എന്നുചിലർ വിലപിക്കുന്നതും കേൾക്കാനിടയായി. കഷ്ടം എന്നുമാത്രമല്ല; ഇൗ രാഷ്ട്രീയക്കളി ഭയാനകവുമാണ്. ആഭ്യന്തര സഹമന്ത്രിയുടെ നാവുപിഴയോ അതോ ബൗദ്ധികപ്പിഴയോ-‘തമിഴ് നാട്ടുകാരും മുമ്പ് അനധികൃത കുടിയേറ്റക്കാരായിരു’ന്നുവെന്ന് വെളിപാടുണ്ടായി. ഡെപ്യൂട്ടി സ്പീക്കർ ഡോ. തമ്പിദുരൈയും പ്രതിപക്ഷ അംഗങ്ങളോടൊപ്പം പ്രതിഷേധിച്ചപ്പോഴാണ് റിജിജു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിെൻറ സാന്നിധ്യത്തിൽ തന്നെ പ്രസ്താവന തിരുത്തേണ്ടിവന്നത്.
ഉത്തരേന്ത്യൻ സവർണ ഹിന്ദുത്വ അസഹിഷ്ണുത മേധാവിത്വവും ചിന്തയിലും ഭാഷയിലും വേഷത്തിലും പെരുമാറ്റത്തിലും ഭക്ഷണത്തിലും ആചാരാനുഷ്ഠാനങ്ങളിലും വെച്ചുപുലർത്താനും പ്രകടിപ്പിക്കാനും ‘സംഘ്പരിവാർ’ ഒരവസരവും വിനിയോഗിക്കാതിരിക്കുന്നില്ല. പാർലമെൻററി നടപടിക്രമങ്ങളുടെയും മര്യാദകളുടെയും നഗ്നമായ ലംഘനങ്ങൾക്ക് ബി.ജെ.പി നൽകുന്ന വ്യാഖ്യാനം ‘ഞങ്ങൾ പുതിയ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുകയാണ്’ എന്നാണ്.
അഭയാർഥി ക്യാമ്പുകളിലുള്ളവർക്ക് യു.എൻ അഭയാർഥി കമീഷെൻറ തിരിച്ചറിയൽ കാർഡുകളാണ് നൽകുന്നത്്. ചുറ്റുവട്ടത്ത് എന്തെങ്കിലും ചെറിയ പണികളിലും തെരുവുകച്ചവടത്തിലും അവർ ഉപജീവനം തേടുന്നു. ചില സന്നദ്ധസംഘടനകളാണ് കുട്ടികളെ ഹിന്ദിയും ഇംഗ്ലീഷും മറ്റുവിഷയങ്ങളും പഠിപ്പിക്കുന്നത്. ഡൽഹിയിൽ സാമാന്യം നല്ലനിലയിൽ പ്രവർത്തിച്ചുവന്ന ക്യാമ്പാണ് കാളിന്ദീകുഞ്ചിലെ കഞ്ച്സുകുഞ്ച്. അത് അഗ്നിക്കിരയാക്കപ്പെട്ടു. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ഇൗ ക്യാമ്പുകളുടെ അവസ്ഥയുടെ വിവരശേഖരണം ആരംഭിക്കാനിരിക്കെയാണ് രാത്രിയിലെ ആ തീവെപ്പ്. അരക്കില്ലത്തിൽപെട്ട അരക്ഷിതർ ഭാഗ്യം തുണച്ചതു കൊണ്ടുമാത്രം വെന്തു മരിച്ചില്ല. തൊട്ടുപിറ്റേന്ന് ഒരു പ്രമുഖ ബി.ജെ.പി യുവനേതാവ് സമൂഹ മാധ്യമത്തിൽ ഇങ്ങനെയാണ് പോസ്റ്റിട്ടത്: ‘വെൽ ഡൺ ഹീറോസ്’.
ജനിച്ചുവളർന്ന മണ്ണിൽ, തലമുറകളുടെ പാരമ്പര്യമുള്ളവർപോലും പൗരത്വപ്പട്ടികയിൽ േപരുണ്ടോയെന്നറിയാൻ തിരക്കുകൂട്ടുന്ന കാഴ്ചയുമായി അസമിൽനിന്നുള്ള പത്രവാർത്തകൾ. മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിെൻറ കുടുംബാംഗങ്ങളും ചില എം.എൽ.എമാരും വിമുക്തഭടന്മാരുമടക്കം 40 ലക്ഷം പേർ ഇന്ത്യയിൽതന്നെ ‘അന്യരെല്ലന്ന്’ തെളിയിക്കാൻ നെേട്ടാട്ടമോടുേമ്പാഴും കേന്ദ്രഭരണകക്ഷി നേതാക്കൾ പലരും രാജ്യസ്നേഹം പ്രസംഗിക്കുകയാണ്. മറ്റുള്ളവരുടെ രാജ്യസ്നേഹം അളക്കാനും സാക്ഷ്യപ്പെടുത്തി താമര അടയാളം ചാർത്താനും അവർ കുത്തകപ്പാട്ടം എടുത്തതുപോലെ.
റോഹിങ്ക്യൻ അഭയാർഥി വിഷയത്തിൽ ചില ബി.ജെ.പി എം.പിമാർ, പരാതിക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെപ്പോലും വിമർശിച്ചു. തങ്ങൾ ഏത് ഗ്രന്ഥത്തിെൻറ ആധികാരികതയിലാണോ സത്യപ്രതിജ്ഞ ചെയ്തത്, ആ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ രണ്ടിൽ പൗരന്മാർക്ക് മാത്രമല്ല, എല്ലാ വ്യക്തികൾക്കും ഉറപ്പുനൽകുന്ന ജീവനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തെയാണ് ഇൗനിയമനിർമാതാക്കൾ ചോദ്യംചെയ്യുന്നത്. അതൊരുപക്ഷേ, ‘പുതിയ കീഴ്വഴക്കം സൃഷ്ടിക്ക’ലായിരിക്കാം!
ഒരാളും സ്വയം അഭയാർഥിയാവുന്നില്ല. ചില അതിസമ്പന്നർ മാതൃരാജ്യത്തിലെ നിയമനീതിന്യായ വ്യവസ്ഥയുടെ കരങ്ങളിൽനിന്ന് രക്ഷപ്പെട്ട് പുതിയ സ്വർഗം തേടുന്നതൊഴിച്ചാൽ, ലോകത്തിലെ 29ലക്ഷം ജനങ്ങൾ 2017ൽ യുദ്ധവും കലാപവും പട്ടിണിയും ദാരിദ്ര്യവും അക്രമങ്ങളും കാരണം സ്വന്തം നാടുവിേട്ടാടേണ്ടിവന്ന അഭയാർഥികളാണെന്നാണ് െഎക്യരാഷ്ട്രസഭയുടെ കണക്ക്. അവരിൽ വെറും ഒരുലക്ഷം പേരെ മാത്രമേ പുനരധിവസിപ്പിക്കാനും കഴിഞ്ഞിട്ടുള്ളൂ.
റോഹിങ്ക്യൻ അഭയാർഥികളെ ഉടനടി മ്യാൻമറിലേക്ക് തള്ളിവിടുകയെന്നാൽ മരണത്തിലേക്ക് തള്ളിവിടുക എന്നാണർഥം. ഒാങ്സാൻ സൂചിക്കുപോലും സൈന്യത്തെ നിയന്ത്രിക്കാനാവില്ല; അപ്രീതി സമ്പാദിക്കാനുമാവില്ല. സുഷമ സ്വരാജ് മുെമ്പാരിക്കൽ സൂചിപ്പിച്ചതുപോലെ ‘അന്തർദേശീയ ഏജൻസികളുടെ മേൽനോട്ടത്തിലുള്ള സുരക്ഷിതമായ തിരിച്ചുപോക്കും പൂർണമായ പുനരധിവാസ’വുമാണ് പ്രശ്നപരിഹാരത്തിന് പോംവഴി. അതിനു രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടതിനുപകരം ഇന്ത്യ ഗവൺമെൻറിെൻറ തലപ്പത്തുള്ളവർ തന്നെ അഭയാർഥികളെക്കാട്ടി വോട്ടർമാരെ പേടിപ്പിക്കാൻ തുനിഞ്ഞിറങ്ങുന്നത് രാഷ്ട്രീയ പാപ്പരത്തവും വർഗീയ വിഷസൂചികകളുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.