പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കേണ്ട ഒരു വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്താനും ഭരണഘടന മൂല്യങ്ങളെ അപ്രസക്തമാക്കാനും ശ്രമിക്കുന്നു. അത്തരമൊരു കാലത്ത് അറിവിെൻറ ലോകത്തെ കൂടുതല്‍ പ്രകാശിപ്പിക്കുക എന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ്
ഗ്രന്ഥശേഖരത്തിന്റെയും ഇന്‍ഫര്‍മേഷന്‍ സർവിസിന്റെയും കാര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ ലൈബ്രറികളേക്കാള്‍ ഏറെ മികവ് പുലര്‍ത്തുന്നതാണ് നമ്മുടെ നിയമസഭ ലൈബ്രറി. സഭ രേഖകളും ചരിത്രരേഖകളും പൊതുവിജ്ഞാന-സര്‍ഗാത്മക രചനകളും തുടങ്ങി വിവിധ വിഷയങ്ങളിലെ ആധികാരിക ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെ 1,15,000 പുസ്തകങ്ങളുണ്ട് കേരള നിയമസഭ ലൈബ്രറിയില്‍.
1921ല്‍ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റിവ് ലൈബ്രറി എന്ന പേരിലാണ് തുടക്കം. 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ ട്രാവന്‍കൂര്‍ കൊച്ചി അസംബ്ലി ലൈബ്രറിയും 1956ല്‍ ഐക്യകേരള പിറവിയോടെ കേരള നിയമസഭ ലൈബ്രറിയുമായി. സമാനതകളില്ലാത്ത നിരവധി നിയമനിർമാണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച കേരള നിയമസഭക്ക് കരുത്തുപകര്‍ന്ന ലൈബ്രറിയുടെ ശതാബ്ദിയാഘോഷങ്ങള്‍ സമുചിതമായി നടന്നുവരുകയാണ്.
നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകള്‍കൊണ്ട് സമ്പന്നമാണ്. മറ്റൊരു നിയമസഭയും ഇത്തരത്തിൽ ഒരു അക്ഷര-സാഹിത്യ- സാംസ്കാരിക വിനിമയത്തിന് വേദിയൊരുക്കിയിട്ടില്ല. നിയമസഭ സമുച്ചയത്തില്‍ 2023 ജനുവരി ഒമ്പതുമുതല്‍ 15 വരെയാണ് പുസ്തകോത്സവം.
നൂറോളം പ്രസാധകർ ഇരുനൂറില്പരം ബുക്ക് സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങള്‍, എഴുത്തുകാരുമായി സംവാദങ്ങള്‍, കലാസന്ധ്യകൾ, ഭക്ഷ്യമേള തുടങ്ങി നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. അക്ഷരാർഥത്തിൽ ഒരു ജനകീയ മാനവീയോത്സവം.
പൊതുജനങ്ങള്‍ക്ക് ഈ ദിവസങ്ങളില്‍ സഭ സമുച്ചയത്തില്‍ പ്രവേശനം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 140 നിയമസഭ നിയോജക മണ്ഡലങ്ങളില്‍നിന്നും വിദ്യാർഥികളടക്കമുള്ളവര്‍ നിയമസഭ മന്ദിരത്തിലേക്ക് പുസ്തകോത്സവത്തില്‍ പങ്കാളികളാകാനെത്തും. വിദ്യാർഥികള്‍ക്ക് നിയമസഭയും ലൈബ്രറിയും നിയമസഭ മ്യൂസിയവുമൊക്കെ കാണാനും സൗകര്യമുണ്ട്.
പട്ടിണിയായ മനുഷ്യാ നീ / പുസ്തകം കൈയിലെടുത്തോളൂ / പുത്തനൊരായുധമാണ് നിനക്കത് / പുസ്തകം കൈയിലെടുത്തോളൂ... വിഖ്യാത നാടകകൃത്തും കവിയുമായ ബ്രഹ്തോള്‍ഡ് ബ്രഹ്തിന്റെ ഈ വരികള്‍ കാലാതിവര്‍ത്തിയാണ്. പുസ്തകത്തിന്റെ, അക്ഷരത്തിന്റെ, അതിലൂടെ ആർജിക്കുന്ന അറിവിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയുംകുറിച്ചാണ് ബ്രഹ്ത് പറയുന്നത്. പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കേണ്ട ഒരു വര്‍ത്തമാനത്തിലാണ് നാം ജീവിക്കുന്നത്.
രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്താനും ഭരണഘടന മൂല്യങ്ങളെ അപ്രസക്തമാക്കാനും ശ്രമിക്കുന്നു. അത്തരമൊരു കാലത്ത് അറിവിന്റെ ലോകത്തെ കൂടുതല്‍ പ്രകാശിപ്പിക്കുക എന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ്.
പുതുവിജ്ഞാനത്തിന്റെ സ്രോതസ്സുകളായി നാടിനാകെ വെളിച്ചമേകാന്‍ പാകത്തില്‍ നിയമസഭ ലൈബ്രറിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്‍ക്കുകൂടി ലഭ്യമാക്കാനും ഈ വേളയില്‍ തീരുമാനിച്ചിട്ടുണ്ട്. അനൗപചാരിക സർവകലാശാലകളാണ് ഗ്രന്ഥശാലകള്‍. അവയിലൂടെ നടക്കുന്ന സാംസ്കാരിക ഇടപെടല്‍ ചെറുതല്ല. നവകേരളത്തിന്റെ നിര്‍മിതിയില്‍ കൈകോര്‍ത്ത് നമുക്ക് അറിവിന്റെ ആകാശനീലിമ സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.