ശ്രീനാരായണ ഗുരുവിനൊപ്പം സഹോദരൻ അയ്യപ്പൻ

തീപിടിച്ച ചോദ്യങ്ങൾ തിരിച്ചുവരട്ടെ

മറഞ്ഞിരുന്ന് പിന്നിൽ നിന്ന് ഒളിയമ്പെയ്തു കൊല്ലുന്ന പുമാൻ അതിസമർഥനായ ഒരു മറവനാണെന്നു പറഞ്ഞത് ഒരു നൂറ്റാണ്ടു മുമ്പ് കേരള ആധുനികതയെ നിർണയിച്ച ശ്രീനാരായണ ഗുരുവാണ്."ജീവകാരുണ്യപഞ്ചകം" കേവലം സസ്യാഹാരബോധനമല്ലല്ലോ. മനുഷ്യരെ വർണജാതികളുടെ പേരിൽ ഹിംസിക്കുന്നതും കൊല്ലുന്നതും ഗുരു വ്യക്തമായി കണ്ടു.

ജാതിലഹളകളുടെയും നരമേധങ്ങളുടെയും കാലത്താണ് കേരളത്തെ അനുകമ്പയുടെ സോദരസ്ഥാനമാക്കാനായി "അനുകമ്പാദശക"വും "ജീവികാരുണ്യപഞ്ചക"വും "ജാതിലക്ഷണ"വും "ജാതിനിർണയ"വും ഗുരുവരുളിയതും എഴുതിപ്പടർത്തി ചരിത്രത്തിലേക്ക് നയിച്ചതും. ആ വിശ്വഗുരുവിൻ ശിഷ്യനായാണ് സഹോദരൻ അയ്യപ്പൻ 1929ൽ തിരുനക്കര മൈതാനത്ത് ഹൈന്ദവ മഹാമണ്ഡലവുമായി വന്ന മദനമോഹനമാളവ്യയോട് അരുതെന്നു പറഞ്ഞത്.

ബ്രിട്ടീഷ് സാമ്രാജ്യത്വമായ ജോർജ് രാജ്യത്തിനു പകരം പണ്ഡിറ്റ് വാഗ്ദാനം ചെയ്യുന്ന രാജ്യം വന്നാൽ നാക്കറുക്കലും കഴുത്തറുക്കലും ചെവിയിൽ ഈയമുരുക്കി ഒഴിക്കലും തുടരുമെന്നും സഹോദരനവിടെ വിളിച്ചു പറഞ്ഞു. പള്ളുരുത്തിയിൽവെച്ച് ഗാന്ധിജിക്ക് സ്വീകരണവും മംഗളപത്രവും കൊടുത്തതിനു ശേഷവും അദ്ദേഹം ചോദ്യങ്ങളുന്നയിച്ചു. കന്യാകുമാരി ക്ഷേത്രത്തിലെ ബ്രാഹ്മണ പൂജാരി വിലക്കിയപ്പോൾ ഗാന്ധി തീണ്ടാപ്പാട് അകലം പാലിച്ചു തൊഴുതു മടങ്ങി.

ആംഗല സാമ്രാജ്യ സിംഹത്തെ പോലും വിറപ്പിച്ച ഗാന്ധി ഒരു നിരക്ഷരനായ ബ്രാഹ്മണ പൂജാരിയുടെ മുന്നിൽ ജാതിയടിമത്തം കാട്ടിയതിനെ തുറന്നു വിമർശിച്ചു 'ഗാന്ധി സന്ദേശം' കവിതയുമെഴുതി. സഹോദരൻ "ജാതിചികിത്സാസംഗ്രഹം" എഴുതുന്നതും അറിവൻപനുകമ്പ മൂന്നും നിറഞ്ഞ ഗുരുവരുളിൻ പൊരുളിലാണ്. മിശ്രഭോജന, വിവാഹ, യുക്തിവാദ, തൊഴിലാളി, മനുഷ്യാവകാശ, നവബുദ്ധവാദ, പ്രാതിനിധ്യജനായത്ത പ്രസ്ഥാനങ്ങളെല്ലാം കേരളത്തിൽ തുടങ്ങിയ അദ്ദേഹം കേരള ആധുനികതയെ അടിത്തട്ടിൽ നിന്ന് നിർണയിച്ചു.

അംബേദ്കർ മനുസ്മൃതിയെയും ശ്രുതികളെയും പുരാണേതിഹാസങ്ങളെയും അതിജീവിച്ച് ഇന്ത്യയുടെ ആധുനിക ജനായത്ത ഭരണഘടന നിർമിച്ച നവബുദ്ധനാണെന്നും അദ്ദേഹത്തിന്റെ പേര് ഒരു ശരണമന്ത്രമായി നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം ജപിക്കുമെന്നും 1950ൽ എഴുതിയ "ജാതിഭാരതം" എന്ന പ്രവചനാത്മക രാഷ്ട്രീയ കവിതയിൽ പറയുന്നുണ്ട്.

മനുഷ്യരെ മനുഷ്യരിൽ നിന്നകറ്റി ചതിയിലൂടെ രാക്ഷസീകരിച്ചും മൃഗവത്കരിച്ചും അപരവത്കരിച്ച് ചവിട്ടിത്താഴ്ത്തുന്ന വാമനാദർശം വെടിഞ്ഞിടേണമെന്നും പ്രബുദ്ധ ജനായത്തമായ മാബലിവാഴ്ച വരുത്തീടേണമെന്നും ഓണപ്പാട്ടിൽ അദ്ദേഹം എഴുതി. ഏതിരുട്ടിൽ നിന്നാണോ നാരായണഗുരുവും അദ്ദേഹത്തെ പിന്തുടർന്നു വന്ന സഹോദരൻ അയ്യപ്പൻ ഉൾപ്പെടെയുള്ള നവോത്ഥാന പോരാളികളും കേരളത്തെ രക്ഷിച്ചത് അവിടേക്ക് അതിവേഗം തിരിച്ചു നടക്കുന്ന ദുരവസ്ഥയിലാണ് നാമിന്ന്.

കാലുകഴുകിച്ചൂട്ടും നരമേധങ്ങളും വരെ നാട്ടുനടപ്പാകുന്നു. ജാതിക്കൊലകളും കൊടിയമർദനങ്ങളും തിരികെ വരുന്നു. ഇന്ത്യൻ ഭരണഘടനയുടെ ആധാരമായ സാമൂഹിക നീതിയും സാമുദായിക പ്രാതിനിധ്യവും അട്ടിമറിക്കുന്ന അമിത പ്രാതിനിധ്യ കുത്തക പെരുക്കുന്ന സാമ്പത്തിക സംവരണം കേരളത്തിൽ തന്നെ നടപ്പാക്കപ്പെടുന്നു.

ഹിന്ദുരാഷ്ട്രം പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന ദേശീയവാദ കക്ഷി ഇന്ത്യയുടെ ഔദ്യോഗിക അടയാളമായ അശോക സിംഹങ്ങളെ വക്രീകരിക്കവേ കേരളത്തിലൂടെ പരശുരാമ പൈതൃകത്തെ ഔദ്യോഗിക ഗാനമാക്കുകയാണ് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന പാഴ്വേല പ്രചാരകരായ മലയാള കുലീനർ.

സഹോദരനും ഗുരുവും മൂലൂരും കറുപ്പനും ചോതി ചാത്തനും അപ്പച്ചനും പാക്കനാരും തിരുവള്ളുവരും ചാത്തനാരും ഒന്നും അക്കാദമിക മാധ്യമ അജണ്ടകളുടെ ഭാഗമാകാത്തത് കൊണ്ടാണീ അപചയം. ഈ ഇരുൾകാലത്ത് സാമുദായിക പ്രാതിനിധ്യമാണ് തന്റെ രാഷ്ട്രീയ സുവിശേഷമെന്ന് പറഞ്ഞ സഹോദരൻ കൂടുതൽ പ്രസക്തനാകുന്നു.

Tags:    
News Summary - burning questions come back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.