‘മലിനീകരണ നിയന്ത്രണ’വുമായി ബന്ധപ്പെട്ട എക്സിക്യൂട്ടിവ്, ജുഡീഷ്യൽ തീരുമാനങ്ങൾ വിശകലനം ചെയ്താൽ അവ തുകൽ വ്യവസായത്തെ എപ്രകാരം തകർച്ചയിലേക്ക് നയിച്ചുവെന്ന് വ്യക്തമാവും. വ്യവസായിക മലിനീകരണ പ്രശ്നം 2014ൽ ഹരിത ട്രൈബ്യൂണലിന് കൈമാറിയ ശേഷം, കാൺപുരിലെയും ഉന്നാവയിലെയും തുകൽ ഫാക്ടറികൾ പൂട്ടാൻ ഉത്തരവുകളുടെ ഒരു പരമ്പര തന്നെ ഇറങ്ങി.
കാൺപുരിലെ 700ഓളം തുകൽ വ്യവസായശാലകൾ മലിനീകരണകാരികളാണെന്ന് 2015ൽ എൻ.ജി.ടി നിരീക്ഷിച്ചു. തുടർന്ന് യു.പി മലിനീകരണ നിയന്ത്രണ ബോർഡ് 98 ഫാക്ടറികൾ അടപ്പിച്ചു.
ആദിത്യനാഥ് അധികാരമേറ്റ ശേഷം, കാൺപുരിലെ 400 തുകൽ ഫാക്ടറികൾ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാമെന്ന് സർക്കാർ എൻ.ജി.ടിയെ അറിയിച്ചു, ‘ഭൂലഭ്യത’ ഇല്ലാത്തതു മൂലം അഖിലേഷ് യാദവ് സർക്കാർ അസാധ്യമെന്ന് പറഞ്ഞ കാര്യമാണിത്.
ആറുവർഷത്തിലൊരിക്കൽ നടക്കുന്ന അർധ കുംഭമേളക്ക് മുന്നോടിയായാണ് 2018നുശേഷം സർക്കാർ പരസ്യമായ നടപടികൾ തുടങ്ങിയത്. കുംഭമേളയുടെ കേന്ദ്രമായ ഗംഗയെ മലിനമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആ വർഷം ഡിസംബർ 15 മുതൽ 2019 മാർച്ച് 15 വരെ തുകൽ ഫാക്ടറികൾ അടച്ചിടാൻ ആദിത്യനാഥ് ഉത്തരവിട്ടു. മേള കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഫാക്ടറികൾ പുനരാരംഭിക്കാൻ ഉത്തരവു വന്നില്ല. ഈദ്, ദീപാവലി, ക്രിസ്മസ് സീസണുകൾ കടന്നുപോയി. ഒടുവിൽ 2019 ഡിസംബറിലാണ് അവ വീണ്ടും തുറന്നത്.
2019 മേയിൽ (പൊതുതെരഞ്ഞെടുപ്പ് നടന്ന അതേസമയം), കാൺപുർ, ഉന്നാവ ജില്ലകളിലെ 78 തുകൽ ഫാക്ടറികൾകൂടി അടച്ചുപൂട്ടാൻ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. ആ വർഷം നവംബറിൽ, ഗംഗയിലേക്ക് ക്രോമിയം തള്ളുന്നുവെന്നാരോപിച്ച് കാൺപുരിലെ 22 തുകൽഫാക്ടറികൾക്ക് ട്രൈബ്യൂണൽ 280 കോടി രൂപ പിഴ ചുമത്തി.
കോവിഡ്19ന്റെ രണ്ട് മാരക തരംഗങ്ങൾ സൃഷ്ടിച്ച സാമ്പത്തിക തകർച്ചക്കിടയിലും 2021 മാർച്ചിനുശേഷം യു.പി മലിനീകരണ നിയന്ത്രണ ബോർഡ് കാൺപുരിലെ ജാജ്മാഉ വ്യവസായ മേഖലയിലെ 94 തുകൽശാലകൾ അടപ്പിച്ചു.
2021 ആഗസ്റ്റിൽ, ഞങ്ങൾ സന്ദർശിച്ചപ്പോൾ, മാഘ് മേളയും മറ്റ് ചില അവധി ദിനങ്ങളും കാരണം വീണ്ടും അടച്ചുപൂട്ടൽ ഭീതിയിലായിരുന്നു ഫാക്ടറി നടത്തിപ്പുകാർ. എല്ലാ വർഷവും ജനുവരി ആദ്യവാരം മുതൽ ഫെബ്രുവരി പകുതി വരെ മാഘ് മേള നടക്കുന്നു. ഈ വർഷവും മാഘ്മേളക്കിടെ ഫാക്ടറികൾ അടപ്പിക്കപ്പെട്ടു.
കാൺപുരിലെ ബക്കർ മണ്ഡി അറവുശാല അടച്ചുപൂട്ടിയതിൽപിന്നെ തുകൽ വ്യവസായ മേഖലകളിലുള്ളവർ കൂടുതലായി ആശ്രയിക്കുന്നത് കോർപറേറ്റ്, സ്വകാര്യ ഉടമസ്ഥതയിലുള്ള വൻകിട അറവുശാലകളെയാണ്. ഇറച്ചിക്കടകളിൽനിന്നുള്ള തോൽ വിൽപന നിന്നതോടെ നൂറുകണക്കിന് പേർക്ക് ജോലിയില്ലാതായി.
ഒരുകാലത്ത് തുകൽ വ്യവസായത്തിൽ ഇടനിലക്കാർക്ക് ലഭിച്ചിരുന്ന ലാഭം ഇപ്പോൾ ചുരുക്കം ചില വൻകിട കമ്പനികളുടെ കൈകളിലൊതുങ്ങുന്നു. കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത വിവാദ കാർഷിക നിയമങ്ങൾ നടപ്പാക്കിയാലും ഇതുപോലുള്ള തൊഴിൽനഷ്ടവും കാർഷിക മേഖലയുടെ സ്വകാര്യവത്കരണവും സംഭവിക്കുമായിരുന്നു.
ഇടനിലക്കാരെ മാത്രമല്ല, തുകൽശാലകളിൽ ജോലി ചെയ്തിരുന്ന, ദുർബല സമുദായങ്ങളിൽനിന്നുള്ള നൂറുകണക്കിന് തൊഴിലാളികളെയും ഈ തകർച്ച തളർത്തിക്കളഞ്ഞു. പെച്ച് ഭാഗ് മാർക്കറ്റിൽ 20 വർഷമായി തുകൽ ലോഡ് കയറ്റൽ, ഉപ്പിടൽ, തരംതിരിക്കൽ ജോലികൾ ചെയ്തുവരുന്ന റിസ്വാൻ അലിയുടെ അഭിപ്രായത്തിൽ, 2014ന് ശേഷം അനുഭവിച്ചുപോരുന്ന സാമ്പത്തിക പ്രതിസന്ധികൾ ഇതിനുമുമ്പ് ജീവിതത്തിലുണ്ടായിട്ടില്ല.
മുമ്പ് പ്രതിമാസം 10,000-12,000 രൂപ സമ്പാദിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 7,000-8,000 ആയിച്ചുരുങ്ങി. സർക്കാർ നയങ്ങളും കോവിഡ് സൃഷ്ടിച്ച പ്രശ്നങ്ങളുംമൂലം വേലയുമില്ല, കൂലിയുമില്ലാത്ത അവസ്ഥ. സർക്കാർ മാറിയാൽ പ്രശ്നങ്ങൾക്ക് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.
തൊഴിൽശക്തിയിലും തൊഴിലാളി അവകാശങ്ങളിലും കനത്ത അപചയമാണ് സമീപവർഷങ്ങളിലുണ്ടായതെന്ന് സ്റ്റാർ ടാനറി എന്ന കമ്പനിയിലെ ദിവസവേതനക്കാരനായ ജിബ്രീൽ ഖുറൈശി പറയുന്നു. കോവിഡ്19 വന്നതോടെ പകുതിയോളം തൊഴിലാളികളെ ഒഴിവാക്കിയിട്ടുണ്ട്. ഈ തകർച്ചക്കുമുമ്പ് പ്രതിദിനം 300 മുതൽ 400 രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് ഏറിയാൽ കിട്ടുന്ന മികച്ച വേതനം 275 രൂപയാണ്.
കാൺപുരിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നായ റഹ്മാൻ ടാനറീസിൽ ജോലി ചെയ്യുന്ന ഒരാൾ സംസാരിച്ചത്, യൂനിയനുകളുടെ തകർച്ചയെക്കുറിച്ചാണ്.
ഇത് മുസ്ലിംകളുടെ മാത്രം ഉപജീവന മാർഗത്തിന്റെ പ്രശ്നമല്ലെന്നും ഹിന്ദു-മുസ്ലിം സമുദായങ്ങളിലെ ഏറ്റവും കീഴാളരായ മനുഷ്യരാണ് സർക്കാറിന്റെ കാർക്കശ്യവും മേഖലയുടെ തകർച്ചയുംമൂലം ദുരിതപ്പെടുന്നതെന്നും കാൺപുർ മുൻ എം.പിയും സി.പി.എം നേതാവുമായ സുഭാഷിണി അലി പറയുന്നു. ദലിതുകളും അതി പിന്നാക്ക സമൂഹങ്ങളുമാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ജോലികളെല്ലാം ചെയ്തുവന്നിരുന്നത്.
തുകൽ വ്യവസായത്തിന്റെ പ്രതാപകാലത്ത് കാൺപുരിലെ മുസ്ലിംകൾ സാമൂഹിക-സാമ്പത്തിക മേഖലയിൽ മുന്നേറ്റം നേടിയിരുന്നു. ഉദാഹരണത്തിന്, സൂപ്പർഹൗസ് ഗ്രൂപ് ഓഫ് ടാനറീസ് നടത്തിയിരുന്ന മുഖ്താറുൽ അമീനും സംഘവും ചേർന്ന് അലൻഹൗസ് എന്ന പേരിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ സ്ഥാപിച്ചു.
പ്രശസ്തമായ റെഡ് ടേപ് ഷൂസിന്റെ ഉടമകൾ ഇവിടത്തെ പ്രമുഖ തുകൽ വ്യവസായികളായ മിർസ കുടുംബമാണ്. നഗരത്തിലെ ഇഡെസ് സ്ക്വയർ മാൾ ഉയർത്തിയത് സുൽഫിക്കർ ഹുസൈന്റെ സാസ് ഗ്രൂപ്പാണ്. എന്നാലിന്ന് നേരിടുന്ന സാമ്പത്തിക തകർച്ചയിൽ നിരാശരാണ് ഇവിടത്തെ പല പഴയ പ്രബലരും.
പലരും മമത ബാനർജി ഭരിക്കുന്ന ബംഗാളിലേക്ക് ബിസിനസ് മാറ്റി, മറ്റു പലരും അതേക്കുറിച്ച് ആലോചിക്കുന്നു. അതിനുപുറമെ ബിഹാർ, നിയന്ത്രണങ്ങളില്ലാതെ കന്നുകാലി ലഭ്യതയുള്ള രാജ്യങ്ങളായ ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുപോലും വ്യവസായികൾ ചുവടുമാറുന്നുണ്ട്. യു.പിയിൽനിന്നുള്ള നൂറ് തുകൽ വ്യവസായ ശാലകളെങ്കിലും ചതുരശ്ര മീറ്ററിന് 2,865 രൂപ നിരക്കിൽ ഭൂമി ലഭിക്കുന്ന ബംഗാളിലെ ബൻടാലയിലേക്ക് മാറിയതായി ഈ മാസം 18ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
വിദേശ വ്യാപാരികളുടെ വിശ്വാസം കാൺപുരിന് കൈമോശം വന്നുവെന്നാണ്, പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ കൗൺസിൽ ഫോർ ലെതർ എക്സ്പോർട്സിലെ മുതിർന്ന എക്സിക്യൂട്ടിവ് അംഗം പറഞ്ഞത്. ബംഗ്ലാദേശും പാകിസ്താനുമാണ് അതിന്റെ വലിയ ഗുണഭോക്താക്കൾ. ആഗോള ഇടപാടുകാർ പാകിസ്താൻ, ബംഗ്ലാദേശ്, ചൈന, വിയറ്റ്നാം എന്നിവിടങ്ങളിൽനിന്ന് തുകലും തുകൽ ഉൽപന്നങ്ങളും വാങ്ങാൻ തുടങ്ങി.
തുകൽ മേഖലയിൽ വ്യവസായികളായിരുന്ന പലരുമിന്ന് തൊഴിലാളികളായി ജോലിചെയ്യുന്ന അവസ്ഥയുമുണ്ട്. മേൽജാതി ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള തുകൽ വ്യവസായ സ്ഥാപനങ്ങൾ ഇക്കാലത്ത് അഭിവൃദ്ധി പ്രാപിച്ചുവെന്ന ആരോപണം ചിലർ ഉന്നയിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലെ ഏറ്റവും മികച്ച 35 മാംസ കയറ്റുമതി സ്ഥാപനങ്ങളുടെ ഡയറക്ടർമാരെക്കുറിച്ച് കമ്പനി വെബ്സൈറ്റുകളിൽനിന്ന് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്തതിൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ല.
ഈ കമ്പനികളുടെ ഡയറക്ടർമാരിൽ 20 ശതമാനം ഹിന്ദുക്കളാണ്. ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷവും അതിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല: ഡയറക്ടർമാരിൽ ഏകദേശം നാലിൽ മൂന്നുപേർ (76.09 ശതമാനം) മുസ്ലിംകളാണ്. വരുംവർഷങ്ങളിൽ ഇതിൽ മാറ്റംവരുമോ എന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)
Thanks to: article-14.com, Henry Luce Foundation, Sciences Po, Columbia University and Princeton University.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.