കുമ്മനം രാജശേഖരനെ രണ്ടര വർഷം മുമ്പ് കേരള ബി.ജെ.പിയുടെ പ്രസിഡൻറായി അവരോധിക്കുമ്പോൾ സംസ്ഥാനത്തെ ഭാവി മുഖ്യമന്ത്രിയായാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ വിശേഷിപ്പിച്ചത്. തിരുവനന്തപുരത്തു നിർമിക്കുന്ന ബി.ജെ.പിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ ഭാവി മുഖ്യമന്ത്രിക്ക് ഒരു പ്രത്യേക മുറി വരെ രൂപകൽപന ചെയ്തിരുന്നതായി അന്ന് വാർത്തകളുണ്ടായിരുന്നു. അതിന് അവസരം കൊടുക്കാതെയും മൂന്നു വർഷം എന്ന കാലാവധി തികക്കാൻ അനുവദിക്കാതെയും അദ്ദേഹത്തെ ദേശീയ നേതൃത്വം മാറ്റി. വെറുമൊരു മാറ്റമല്ല കുമ്മനത്തിെൻറ കാര്യത്തിൽ സംഭവിച്ചത്. അദ്ദേഹത്തെ രാഷ്ട്രീയത്തിൽനിന്ന് റിട്ടയർ ചെയ്യിപ്പിക്കുകയാണ് അമിത് ഷാ ചെയ്തത്. ഒരർഥത്തിൽ പറഞ്ഞാൽ നിർബന്ധിത പെൻഷൻ നൽകി പിരിച്ചുവിടൽ. മിസോറമിൽ ഗവർണറായി നിയമിച്ചത് കുമ്മനത്തിനു വലിയ ആശ്വാസമാണ്. രാഷ്ട്രപതിയുടെ നിയമന ഉത്തരവ് വരുമ്പോഴാണ് കുമ്മനം പോലും ഇക്കാര്യം അറിഞ്ഞതെന്നത് ഭരണഘടന സ്ഥാപനങ്ങളെ ബി.ജെ.പി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിെൻറ ഉത്തമ ഉദാഹരണമാണ്.
ബി.ജെ.പിയുടെ പ്രാഥമിക അംഗം പോലും അല്ലാതിരുന്നപ്പോഴാണ് കുമ്മനം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായത് എന്നത് ജനാധിപത്യ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരെ അമ്പരപ്പിക്കുന്നതായിരുന്നു. ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തെ പാർട്ടി ഏൽപിച്ചത്. കേരളത്തെ വർഗീയവത്കരിച്ച് ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാക്കി മാറ്റുക എന്നതായിരുന്നു അത്. അതിൽ അദ്ദേഹം പരാജയപ്പെട്ടു എന്ന് നേതൃത്വത്തിന് ഉത്തമ ബോധ്യം വന്നപ്പോഴാണ് ഒരു ഉപതെരഞ്ഞെടുപ്പിെൻറ അന്തിമഘട്ടത്തിൽ അദ്ദേഹത്തെ മാറ്റിയത്. കുമ്മനത്തെ വെച്ച് മുന്നോട്ടുപോയാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഒരു സീറ്റ് എങ്കിലും നേടുക എന്ന ലക്ഷ്യം നിറവേറാൻ ഇടയില്ലെന്ന് അമിത് ഷാക്ക് ബോധ്യപ്പെട്ടിരിക്കണം.
നിലക്കൽ സമരനായകനായി പേരുകേട്ട കുമ്മനം രാജശേഖരൻ പിന്നീട് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത് മാറാട് കൂട്ടക്കൊലയുടെ കാലത്താണ്. അന്ന് ഹിന്ദു ഐക്യവേദിയുടെ നേതാവായിരുന്ന കുമ്മനം സമാധാന പ്രചാരകനായാണ് പ്രത്യക്ഷപ്പെട്ടത്. രണ്ടാമതൊരിക്കൽ ആരും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒന്നല്ല മാറാട് സംഭവം. കുമ്മനത്തിെൻറ അതിശക്തമായ ഇടപെടൽകൊണ്ടാണ് ഒരു തിരിച്ചടിയില്ലാതെ മാറാട് പൊട്ടിമുളച്ച വർഗീയതയുടെ വിത്തുകൾ അവിടെത്തന്നെ കുഴിച്ചുമൂടാൻ കഴിഞ്ഞത്. മാറാട് കടപ്പുറത്തിനു പുറത്ത് ഒരിടത്തും അതിെൻറ പേരിൽ ഒരു അസ്വാരസ്യവും ഉണ്ടാകാതെ നോക്കാനും കഴിഞ്ഞു. രാവും പകലും ഊണും ഉറക്കവും വെടിഞ്ഞു സമാധാന സംസ്ഥാപനത്തിന് അന്ന് കുമ്മനം ശ്രമിച്ചിരുന്നു. നിർഭാഗ്യവശാൽ അന്നു കണ്ട കുമ്മനത്തെയല്ല പിൽക്കാലത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറായപ്പോൾ കണ്ടത്.
1980ൽ ഭാരതീയ ജനത പാർട്ടിയുടെ കേരളഘടകം രൂപം കൊള്ളുമ്പോൾ ആദ്യ പ്രസിഡൻറ് ഒ. രാജഗോപാൽ ആയിരുന്നു. 2015ൽ സ്ഥാനമേറ്റ കുമ്മനം രാജശേഖരൻ ഒമ്പതാമത്തെ പ്രസിഡൻറാണ്. കെ.ജി. മാരാർ, കെ. രാമൻപിള്ള, കെ.വി. ശ്രീധരൻ മാസ്റ്റർ, സി.കെ. പത്മനാഭൻ, പി.എസ്. ശ്രീധരൻ പിള്ള, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ എന്നിവർ ഇതിനിടയിൽ പ്രസിഡൻറുമാരായി വന്നു. കേരളത്തിലെ ബഹുസ്വര സമൂഹവുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു അവരെല്ലാം. അവരുടെയെല്ലാം പ്രവർത്തന കാലഘട്ടത്തിൽ സംസ്ഥാനത്ത് യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ, കുമ്മനം നടത്തിയ പോലൊരു യാത്ര ഒരു മുൻകാല പ്രസിഡൻറും നടത്തിയിട്ടില്ല. ജിഹാദി-ചുവപ്പു ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി പയ്യന്നൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് കുമ്മനം നടത്തിയ ജനരക്ഷായാത്ര പോലെ പ്രതിലോമകരമായ ഒന്ന് കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടി നേതാവും അതിനു മുേമ്പാ പിേമ്പാ നടത്തിയിട്ടില്ല. ബി.ഡി.ജെ.എസ് രൂപവത്കരണത്തോടനുബന്ധിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ സമത്വ മുന്നേറ്റ യാത്ര ഒരുപക്ഷേ, ഇതിനോട് അടുത്ത് നിന്നേക്കാമെന്നത് വിസ്മരിക്കുന്നില്ല. കേരളത്തിൽ മുഴുവൻ മുസ്ലിം ഭീകരന്മാരാണെന്ന് അടച്ചാക്ഷേപിച്ച് സംസ്ഥാനത്തെ അങ്ങേയറ്റം അവഹേളിച്ചും അപമാനിച്ചുമാണ് കുമ്മനത്തിെൻറ ജനരക്ഷായാത്ര മുന്നേറിയത്. എല്ലാ അർഥത്തിലും അതൊരു ജനശിക്ഷ യാത്രയായിരുന്നു. പക്ഷേ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ കുമ്മനത്തിനു കഴിഞ്ഞില്ല. ഇതര സമുദായങ്ങളിൽ ഭീതി കോരിയിടാൻ മാത്രമാണ് അദ്ദേഹത്തിനു സാധിച്ചത്.
കേരള ബി.ജെ.പിയെ ഏറെ നാണംകെടുത്തിയ മെഡിക്കൽ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ടത് കുമ്മനം രാജശേഖരെൻറ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. ഇരുട്ടുകൊണ്ട് ഓട്ടയടച്ച് പാർട്ടിയെ രക്ഷപ്പെടുത്താനായിരുന്നു അന്ന് കുമ്മനം ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ് പോരാണ് മെഡിക്കൽ കോഴ വിവാദം പുറത്തുകൊണ്ടുവന്നത്. പാർട്ടിക്ക് പുറത്തുള്ള ഒരാളെ പ്രസിഡൻറാക്കിയതിനു പിന്നിൽ ഗ്രൂപ് പോര് ശമിപ്പിക്കുക എന്ന അജണ്ടകൂടി ഉണ്ടായിരുന്നു ദേശീയ നേതൃത്വത്തിന്. കുമ്മനത്തിന് അതു സാധിച്ചില്ലെന്ന് മാത്രമല്ല, സ്വയം ഒരു ഗ്രൂപ്പിെൻറ ഭാഗമായി അദ്ദേഹം അറിഞ്ഞോ അറിയാതെയോ മാറുകയും ചെയ്തു. കേരളത്തിലെ എൻ.ഡി.എ ഘടകകക്ഷികൾ ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുമ്പോഴാണ് പ്രസിഡൻറ് പദവിയിൽനിന്ന് കുമ്മനം രാജശേഖരൻ പടിയിറങ്ങുന്നത്. വാഗ്ദാനം ചെയ്ത പദവികൾ കിട്ടാത്തതിെൻറ പേരിൽ ബി.ഡി.ജെ.എസ് ചൊരുക്കിലാണ്. വെള്ളാപ്പള്ളി നടേശൻ കരയിലും വെള്ളത്തിലും അല്ലാത്ത അവസ്ഥയിലും. സി.കെ. ജാനുവും സ്ഥാനം കിട്ടാതെ രോഷാകുലയാണ്. ആരുടെ പ്രശ്നവും തീർക്കാൻ കുമ്മനത്തിനു കഴിഞ്ഞില്ല. വി. മുരളീധരനു ലഭിച്ച രാജ്യസഭാംഗത്വം കുമ്മനത്തിനു കൊടുക്കണമെന്നു സംസ്ഥാന നേതാക്കൾ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സജീവരാഷ്ട്രീയത്തിൽനിന്ന് കുമ്മനത്തെ വിരമിപ്പിക്കാനായിരുന്നു കേന്ദ്ര തീരുമാനം. പുതിയ സംസ്ഥാന പ്രസിഡൻറിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾ വാർത്തകളിൽ നിറയുകയാണ്. കേരളത്തിെൻറ ബഹുസ്വരതയും മതേതര പാരമ്പര്യവും അംഗീകരിക്കുന്ന ഒരാളാണോ അതോ ആർ.എസ്.എസിെൻറ അജണ്ട നടപ്പാക്കാൻ നിയുക്തനായ ആളാണോ പ്രസിഡൻറായി വരുക എന്നു കാത്തിരുന്നു കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.