'എനിക്ക് വല്ലാത്ത സങ്കടം വരുകയാണ് ഡോക്ടർ. എന്തിനാണെന്നൊന്നുമറിയില്ല. വെറുതേ സങ്കടവും ദേഷ്യവുംകൊണ്ട് മനസ്സ് കൈവിട്ടുപോവുന്നു. സാധനങ്ങൾ എറിഞ്ഞുടക്കാനും ഒക്കെ തോന്നുന്നു... എന്തു ചെയ്യും ഞാൻ? 'പ്രമുഖ മനഃശാസ്ത്രജ്ഞനും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറും സൈക്യാട്രിസ്റ്റുമായ ഡോ. സി.ജെ. ജോണിെൻറ മുന്നിലിരുന്ന് രോഹിത് ഹൃദയവേദനയോടെ പറഞ്ഞ വാക്കുകളാണിത്. വെറും 13 വയസ്സേയുള്ളൂ അവന്. അകാരണമായ ദേഷ്യവും ദുഃഖവുമാണ് മാതാപിതാക്കൾ അവനെ കൂട്ടി ഡോക്ടറുടെ മുന്നിലെത്താനിടയാക്കിയത്. ഒരു അക്കാദമിക വർഷം മുഴുവൻ സ്കൂളിൽ പോവാൻ പറ്റാത്തതിെൻറ ഫ്രസ്ട്രേഷനാണ് ആ അതിവൈകാരിക പ്രകടനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു മനസ്സിലാക്കി. അത്തരം ആയിരക്കണക്കിന് കുട്ടികളിലൊരാൾ മാത്രമാണിവൻ.
ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലുമുൾപ്പെടെ മനുഷ്യ വളർച്ചയുടെ ഓരോ ഘട്ടത്തിലും സൗഹൃദങ്ങൾക്ക് നൽകുന്ന പ്രാധാന്യം വലുതാണ്. കുട്ടികളെ സംബന്ധിച്ചിടത്തോളം സൗഹൃദം പൂത്തുലയുന്ന ഇടങ്ങളാണ് വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാം. ടീച്ചർമാരുടെയും കൂട്ടുകാരുടെയും കരുതലും ശ്രദ്ധയുമെല്ലാം നൽകുന്ന വളർച്ചക്കൊപ്പം ഈ ലോകത്തെ നോക്കിക്കാണുന്നതിലും സ്വന്തമായ നിലപാടും നിലവാരവും രൂപപ്പെടുത്തുന്നതിലും ഈ അറിവിടങ്ങൾ സ്വാധീനിക്കുന്നു. കലാകായിക പ്രവർത്തനങ്ങളിലൂടെ സർഗശേഷിയും ശാരീരിക-മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു. എന്നാൽ, ഇത്തരം അനുഭവങ്ങളും സൗഹൃദത്തിലെ ഊഷ്മളതകളുമെല്ലാമാണ് കഴിഞ്ഞ ഒരുവർഷം നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെട്ടത്. അടച്ചിരിപ്പ് അവരിലുണ്ടാക്കിയ മാനസികാഘാതം പ്രതീക്ഷിച്ചതിലും വലുതാണ്. സുഹൃത്തുക്കളോട് ഉള്ളുതുറന്ന് സംസാരിക്കുന്നതും സന്തോഷ-സങ്കടങ്ങൾ പങ്കുവെക്കുന്നതുമെല്ലാം ഇല്ലാതായി. വീട്ടുകാരോട് അടുത്ത സുഹൃത്തുക്കളെന്നപോലെ പലർക്കും സംസാരിക്കാനുമാവുന്നില്ല.
●●●
വീട് എങ്ങനെ പുലർന്നുപോകുന്നു എന്നതിനെക്കുറിച്ചൊന്നും കാര്യമായി ചിന്തിക്കേണ്ടതില്ലായിരുന്ന കുഞ്ഞുങ്ങൾ ജീവിതയാഥാർഥ്യങ്ങളെ നേരിൽ കാണാൻതുടങ്ങി എന്നതാണ് ലോക്ഡൗൺ കാലം വരുത്തിയ മാറ്റങ്ങളിലൊന്ന്. മധ്യവർഗ, ദരിദ്ര കുടുംബങ്ങളെ ലോക്ഡൗൺ വൻ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്കാണ് തള്ളിവിട്ടത്. സ്കൂൾ ഫീസടക്കാനാവാത്തതിെൻറ പേരിൽ അധികൃതരിൽനിന്ന് ക്രൂര മാനസിക പീഡനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയായ നിരവധി കുഞ്ഞുങ്ങളും മാതാപിതാക്കളും ബാലാവകാശ കമീഷനെ ഈ കാലയളവിൽ സമീപിച്ചിട്ടുണ്ടെന്ന് കമീഷൻ അംഗം നസീർ ചാലിയം വ്യക്തമാക്കുന്നു. കമീഷൻ ഇടപെട്ട് നിരവധി പരാതികളിൽ തീർപ്പുകൽപിക്കുകയും ഫീസ് കുറക്കാൻ നടപടികൾ കൈക്കൊള്ളുകയും ചെയ്തു.
സാങ്കേതികപരമായും സാമ്പത്തികപരമായുമെല്ലാം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്തതിെൻറ വിഷമം അനുഭവിക്കുന്നവർ, രക്ഷിതാവിെൻറ മദ്യപാനവും വീട്ടിലെ മുതിർന്നവരുടെ വഴക്കും അടിപിടിയുമെല്ലാം കാരണം ക്ലാസുകളിൽ ഏകാഗ്രത കിട്ടാത്ത കുട്ടികൾ ഇങ്ങനെ പലതരത്തിൽ ക്ലാസുകളിൽ പിറകോട്ടുപോകുന്നവരും മാനസിക സമ്മർദത്തിലേക്കും വിഷാദത്തിലേക്കും നീങ്ങുന്നു. എന്നിട്ടും, മനസ്സിനെ നിയന്ത്രിക്കാൻ കഴിയാത്ത ചിലർ ആത്മഹത്യശ്രമങ്ങളിലേക്കും നീങ്ങുന്നു. സ്പെഷൽ സ്കൂളുകളുടെ പിന്തുണ കൊണ്ടുമാത്രം ജീവിത വളർച്ച കൈവരിച്ച പ്രത്യേക പരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളുടെ കാര്യവും ലോക്ഡൗണായതോടെ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്.
ഇതിനൊപ്പം, കോവിഡിെൻറ തീവ്രതയും മരണനിരക്കും കൂടുന്നതിനനുസരിച്ച് അച്ഛനമ്മമാർ ഉൾപ്പെടെ ഉറ്റവർ നഷ്ടപ്പെടുമോ എന്ന കുഞ്ഞുങ്ങളുടെ ഭയവും വർധിച്ചുവരുന്നു.
കഴിഞ്ഞവർഷം പത്തിലേക്ക് ജയിക്കുംവരെ അത്യാവശ്യം മിടുക്കനായി പഠിച്ചിരുന്നതാണ് അമീർ. എന്നാൽ, പഠനം വീട്ടിലേക്കൊതുക്കപ്പെട്ടതോടെ അവെൻറ വിധവും മാറി. ഓൺലൈൻ ക്ലാസിലൊന്നും ശ്രദ്ധിക്കുന്നില്ല. മാതാപിതാക്കൾക്ക് ജോലിത്തിരക്കുമൂലം വേണ്ടത്ര ശ്രദ്ധനൽകാനുമായില്ല. മോഡൽ പരീക്ഷയെത്താറായതോടെ അവൻ ആകെ തകർന്നു. മാർക്ക് കുറഞ്ഞാലോ എന്ന ഭീതിയിൽ പരീക്ഷയെഴുതില്ലെന്ന തീരുമാനത്തിലെത്തി. സ്കൂളിൽനിന്ന് പ്രിൻസിപ്പൽ വരെ വിളിച്ചുപറഞ്ഞു, ഒടുവിൽ സൈക്യാട്രിസ്റ്റിെൻറ സഹായം തേടേണ്ടിവന്നു, അവനെ കൊണ്ട് പരീക്ഷയെഴുതിക്കാൻ. പത്താം ക്ലാസിൽനിന്ന് പ്ലസ് വണിലേക്ക് ജയിച്ച് പുതിയ സ്കൂളിൽ ചേർന്നിട്ടും ഒരു ദിവസംപോലും ആ സ്കൂളിലൊന്ന് പോകാനാവാതെ, കൂട്ടുകാരെ നേരിട്ടു കാണാതെ ഒരുവർഷം പൂർത്തിയാക്കിയ അനുഭവമാണ് നമ്മുടെ കൗമാരക്കാർക്കുള്ളത്. മാനസിക വളർച്ചയുടെ ഏറ്റവും സുപ്രധാന ഘട്ടത്തിൽ അവർക്ക് നഷ്ടപ്പെടുന്ന അനുഭവങ്ങൾ 10 വർഷം സമപ്രായക്കാർക്കൊപ്പം കിട്ടിയാലും സ്വന്തമാക്കാനാകാത്തവയാണ്. ഈ നഷ്ടങ്ങളും വീടുകളിലെ അടച്ചിരിപ്പുമെല്ലാം നമ്മുടെ മക്കളെ മൂഡ് സ്വിങ്സിെൻറയും തുടർന്ന് അകാരണമായ ഉൽകണ്ഠയുടെയും പിന്നീടങ്ങോട്ട് കടുത്ത വിഷാദത്തിെൻറയും പടുകുഴികളിലും വീഴ്ത്തുന്നുണ്ട്. അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണ കൊണ്ടുമാത്രം പഠിക്കാൻ കഴിഞ്ഞിരുന്ന കുട്ടികളാണ് ഏറെയും പെട്ടുപോയത്.
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് സംസ്ഥാനത്ത് 158 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ഒക്ടോബറിലാണ്. പ്രത്യേകിച്ച് കടുത്ത മാനസിക സംഘർഷമനുഭവിക്കുന്നവരായിരുന്നില്ല ഇവരിൽ പലരും. മറ്റുള്ളവരുമായി ഇടപഴകാൻ സാധിക്കാത്തതുമൂലമുള്ള വിഷമങ്ങളും പരീക്ഷയിൽ മാർക്ക് കുറയുമോയെന്ന ആശങ്കയുമെല്ലാമാണ് പലരെയും ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ലൈംഗികാതിക്രമങ്ങളും പെൺകുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതായി റിട്ട ഡി.ജി.പി ആർ. ശ്രീലേഖയുടെ നേതൃത്വത്തിൽ അന്വേഷിച്ച് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലെ മറ്റൊരു ഹൈലൈറ്റ്.
(വ്യക്തികളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാൻ പേരുകളും സ്ഥലങ്ങളും മാറ്റംവരുത്തിയിട്ടുണ്ട്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.