രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് അപ്രതീക്ഷിതമായ ഒരു പിന്തുണയെത്തി: എൻ.ഡി.എ ഘടകകക്ഷിയായ എൽ.ജെ.പിയുടെ അധ്യക്ഷൻ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്ന്. ബി.ജെ.പിയുൾപ്പെടെ മറ്റു പാർട്ടികളുടെ അഭിപ്രായത്തിന് കടകവിരുദ്ധമായ നിലപാടെടുത്ത പാസ്വാൻ, തന്റെ പാർട്ടി എല്ലായ്പ്പോഴും ഇത്തരമൊരു തലയെണ്ണലിനെ അനുകൂലിച്ചിട്ടുണ്ടെന്നും അത് ഉടനെ നടന്നുകാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ...
രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിന് അപ്രതീക്ഷിതമായ ഒരു പിന്തുണയെത്തി: എൻ.ഡി.എ ഘടകകക്ഷിയായ എൽ.ജെ.പിയുടെ അധ്യക്ഷൻ കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനിൽനിന്ന്. ബി.ജെ.പിയുൾപ്പെടെ മറ്റു പാർട്ടികളുടെ അഭിപ്രായത്തിന് കടകവിരുദ്ധമായ നിലപാടെടുത്ത പാസ്വാൻ, തന്റെ പാർട്ടി എല്ലായ്പ്പോഴും ഇത്തരമൊരു തലയെണ്ണലിനെ അനുകൂലിച്ചിട്ടുണ്ടെന്നും അത് ഉടനെ നടന്നുകാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ വിളിയാളമായി മാറിക്കൊണ്ടിരിക്കുന്ന ജാതിസെൻസസ് വിഷയം അതിവേഗം പിന്തുണ കൈവരിച്ചുകൊണ്ടിരിക്കെ അതിനെ പിന്തുണക്കാനുള്ള ചിരാഗിന്റെ തീരുമാനത്തിന് അതിപ്രാധാന്യമുണ്ട്. ഈ വർഷം ഫെബ്രുവരി മുതൽ ആഗസ്റ്റ് വരെയുള്ള ആറുമാസംകൊണ്ട് ജാതി സെൻസസിനുള്ള പിന്തുണ 59 ശതമാനത്തിൽനിന്ന് 74 ശതമാനമായി വർധിച്ചതായി സി-വോട്ടറും ഇന്ത്യ ടുഡേയും ചേർന്ന് നടത്തിയ ഏറ്റവും പുതിയ മൂഡ് ഓഫ് ദ നാഷൻ സർവേ വെളിപ്പെടുത്തുന്നു. പാസ്വാനെപ്പോലൊരു ദലിത് നേതാവിന് ഈ കണക്കുകളെ അവഗണിക്കാനാവില്ല.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ രാഷ്ട്രീയ ആഖ്യാനങ്ങളുടെ ഭാഗമായിരുന്ന ജാതി സെൻസസ് കോൺഗ്രസ് പാർട്ടിയുടെ പ്രകടന പത്രികയിലും പ്രാധാന്യപൂർവം ഇടം നേടിയിരുന്നു. ‘‘ഞങ്ങൾ (പ്രതിപക്ഷം) ബിൽ (ജാതി സെൻസസ്) ഇവിടെ അംഗീകരിക്കപ്പെടുമെന്ന് ഉറപ്പാക്കു’’മെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഇക്കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ഇടിമുഴങ്ങുന്ന മട്ടിൽ പ്രഖ്യാപിച്ചതോടെ അത് കൂടുതൽ ശക്തിപ്രാപിച്ചു.
ഇത്ര ശക്തമായ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുക വഴി ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ ജാതി രാഷ്ട്രീയത്തിന്റെ തിരിച്ചുവരവിനെക്കൂടിയാണ് രാഹുൽ ഉത്തേജിപ്പിച്ചത്. നോട്ട് നിരോധനം, മഹാമാരി, പരോക്ഷ നികുതികളുടെ വർധന, വെട്ടിക്കുറക്കപ്പെട്ട സർക്കാർ തൊഴിലവസരങ്ങൾ, അഗ്നിവീർ എന്നിത്യാദി നയങ്ങൾമൂലം കഴിഞ്ഞ ദശകത്തിൽ തകർന്നടിയുകയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്ത വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും സങ്കൽപങ്ങളെ ജ്വലിപ്പിക്കുന്നുണ്ട് ജാതി സെൻസസ് എന്ന ആശയം.
മോദിക്കെതിരായ വിഫലനീക്കങ്ങൾ
കഴിഞ്ഞ മൂന്ന് ദശകങ്ങളായി ജാതിയും ഹിന്ദുഭൂരിപക്ഷ രാഷ്ട്രീയവുമാണ് നമ്മുടെ രാജ്യത്ത്, വിശിഷ്യാ വടക്കേ ഇന്ത്യയിൽ രാഷ്ട്രീയ പോർനിലങ്ങളെ രൂപപ്പെടുത്തിയിരുന്നത്. മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് ക്വോട്ട ഏർപ്പെടുത്താനുള്ള മണ്ഡൽ കമീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കിക്കൊണ്ടുള്ള മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിന്റെ തീരുമാനം ജാതിക്ക് തുടക്കത്തിൽ മുൻതൂക്കം നൽകി. എന്നിരുന്നാലും, ആനുകൂല്യങ്ങൾ കഷണംവെച്ച് കൂട്ടിച്ചേർത്തതും തുല്യമായി വിതരണം ചെയ്യപ്പെടാഞ്ഞതിനാലും ഒന്നിക്കുന്നതിൽ മണ്ഡൽ പാർട്ടികൾ പരാജയപ്പെടുകയും ഒടുവിൽ ഛിന്നഭിന്നമാവുകയും ചെയ്തു.
ആർ.എസ്.എസിന്റെയും അനുബന്ധ സംഘടനകളുടെയും സഹായത്തോടെ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഹിന്ദുക്കളെ ജാതി ഭേദമില്ലാതെ അണിനിരത്തുന്നതിൽ ബി.ജെ.പി വിജയിച്ചത് ഹിന്ദുത്വയെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖ്യകേന്ദ്രമായി കാണുന്നവരെ ശാക്തീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കാവിപ്പാളയം മണ്ഡൽ -കമണ്ഡൽ പ്രഹേളികക്ക് കൃത്യമായ ഉത്തരം കണ്ടെത്തി. മോദി ബ്രാൻഡിനെ ചെറുക്കാൻ ആരംഭകാലം മുതൽ പ്രതിപക്ഷം, പ്രത്യേകിച്ച് കോൺഗ്രസ്, മുന്നോട്ടുവെച്ച ബദലുകളെല്ലാം പരാജയമായിരുന്നു.
റാഫേൽ ഇടപാടിൽ മോദിക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചും, ക്ഷേത്രമായ ക്ഷേത്രങ്ങളിലെല്ലാം ഓട്ടപ്രദക്ഷിണം നടത്തി മൃദുഹിന്ദുത്വ നയം സ്വീകരിച്ചും, അംബാനി -അദാനിമാരെ മോദിയോട് ചേർത്തുപറഞ്ഞുമെല്ലാം പലവിധ പരമ്പരാഗത തന്ത്രങ്ങൾ തനിക്കാവുന്ന വിധത്തിലെല്ലാം രാഹുൽ പരീക്ഷിച്ചുനോക്കിയിരുന്നു.
സകലതും പരാജയപ്പെട്ട് കോൺഗ്രസിലെ കംഫർട്ട് സോൺ വിട്ടിറങ്ങി നടത്തിയ ഭാരത് ജോഡോ യാത്രയാണ് ജാതിരാഷ്ട്രീയത്തെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ അദ്ദേഹത്തിന് പ്രേരണയേകിയത്. മുതിർന്ന നേതാക്കൾപോലും അന്തംവിട്ടുപോയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി മാധവ് സിങ് സോളങ്കി, കേന്ദ്രമന്ത്രിയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമൊക്കെയായിരുന്ന അർജുൻ സിങ് എന്നിവരെപ്പോലെ ജാതി രാഷ്ട്രീയം പയറ്റിയ നേതാക്കൾ പാർട്ടിക്കുണ്ടായിരുന്നെങ്കിലും നെഹ്റു -ഗാന്ധി കുടുംബം എപ്പോഴും അതിൽനിന്ന് ഒഴിഞ്ഞുനിന്നിരുന്നു.
ജാതി രാഷ്ട്രീയത്തിന്റെ തിരിച്ചുവരവ്
ജാതി സെൻസസ് എന്ന ആവശ്യവുമായി മുന്നോട്ടുപോകാനുള്ള രാഹുലിന്റെ നീക്കം പാർട്ടിയുടെ മുൻകാല തീരുമാനങ്ങൾക്ക് വിരുദ്ധമാവാം. എന്നിരിക്കിലും മോദി സർക്കാറിനെയും ബി.ജെ.പിയെയും പിന്നോട്ടടിപ്പിക്കുന്നതിൽ വിജയിച്ചതോടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു മൃതസഞ്ജീവനിയായി മാറി. ശ്രദ്ധേയമായ ഒരു ഘട്ടത്തിലാണ് ജാതി രാഷ്ട്രീയത്തിന്റെ മടങ്ങിവരവ്. സാമൂഹിക -സാമ്പത്തിക പിരമിഡിന്റെ താഴെ പകുതിയിലുള്ളവർക്ക് ഏറെ ആകർഷകമായ ജാതി സെൻസസ് നിർദേശം പ്രതിപക്ഷത്തിന് ജനകീയ മുന്നേറ്റം സൃഷ്ടിക്കാനുള്ള ഫലപ്രദമായ ഉപകരണമായി വർത്തിക്കുന്നു.
ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ സുപ്രധാനമായ അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഈ വർഷം ആദ്യം പൂർത്തിയായതോടുകൂടി കമണ്ഡൽ രാഷ്ട്രീയം അതിന്റെ വൃത്തം പൂർത്തിയാക്കി. ഭൂരിപക്ഷ ദേശീയതവാദത്തിന്റെ ഊർജവും നഷ്ടപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഉത്തർപ്രദേശിൽ നടത്തിയ മോശം പ്രകടനത്തിൽനിന്ന് ഇത് വ്യക്തമാണ്.
ഗോവധ നിരോധനം, മഥുര, വാരാണസി പള്ളികൾ പിടിക്കൽ, ലവ് ജിഹാദ് തുടങ്ങിയ ഭൂരിപക്ഷ വൈകാരിക പ്രശ്നങ്ങൾ ഉയർത്താൻ ബി.ജെ.പിയും ആർ.എസ്.എസും അവരുടെ അനുഭാവികളും ആവതു ശ്രമിച്ചെങ്കിലും രാമക്ഷേത്രംകൊണ്ട് സാധിച്ചതുപോലെ ജനത്തെ ആകർഷിക്കാൻ അതുകൊണ്ടൊന്നും കഴിഞ്ഞിട്ടില്ല.
രണ്ടാമത്തെ കാര്യം, സാമ്പത്തിക പ്രതിസന്ധി അത്രകണ്ട് രൂക്ഷമാണ്. തൊഴിലില്ലായ്മ, പണപ്പെരുപ്പം, കാർഷിക പ്രതിസന്ധി എന്നിവയെല്ലാം അടിത്തട്ടിലുള്ള മനുഷ്യരുടെ അഭിലാഷങ്ങളെ അതി ദുർബലപ്പെടുത്തുന്നു. കൃത്യമായിപ്പറഞ്ഞാൽ ന്യൂനപക്ഷങ്ങൾക്ക് പുറമെ ഇന്ന് ഏറ്റവും കൂടുതൽ സാമ്പത്തിക ദുരിതമനുഭവിക്കുന്നത് ദലിതുകളും ഗോത്രവർഗക്കാരും ഒ.ബി.സികളുമാണ്.
സർക്കാർ തൊഴിലവസരങ്ങൾ കുറയുകയും പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തൊഴിൽ- വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്വോട്ട വിതരണത്തിൽ കൂടുതൽ തുല്യത വേണമെന്ന ആവശ്യം വർധിച്ചുവരുകയാണ്. വിഭവങ്ങളുടെ തുല്യമായ വിതരണത്തിനാവശ്യമായ വിശദവിവരങ്ങൾക്ക് ജാതി സെൻസസ് അനിവാര്യമാണ്.
ഹിന്ദുത്വ പദ്ധതിയെ നിർവീര്യമാക്കും
2018 -19 കാലത്ത് കേന്ദ്രസർക്കാർ സർവിസുകളിൽ 5.69 ലക്ഷമുണ്ടായിരുന്ന എസ്.സി, ഒ.ബി.സി വിഭാഗങ്ങളുടെ എണ്ണം 2022 -23ൽ 3.18 ലക്ഷമായി കുറഞ്ഞതായി ഇന്ത്യൻ രാഷ്ട്രീയത്തിൽ വിദഗ്ധനായ ഫ്രഞ്ച് പണ്ഡിതൻ ക്രിസ്റ്റോഫ് ജാഫ്രലോട്ട് അടുത്തിടെയെഴുതിയ ലേഖനത്തിൽ വെളിപ്പെടുത്തുന്നു. ഇപ്രകാരമാണ് കണക്കുകളെങ്കിൽ ജനങ്ങൾക്കിടയിൽ നിരാശ വർധിക്കുന്നതിൽ അതിശയിക്കാനില്ല.
ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തെ ചെറുക്കാൻ ബി.ജെ.പിക്ക് സാധിക്കുമോ എന്ന് കണ്ടറിയണം. ആർ.എസ്.എസും ബി.ജെ.പിയും പ്രത്യയശാസ്ത്രപരമായി ജാതി അടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർക്കുന്നവരാണ്. എന്നിരുന്നാലും, രാഷ്ട്രീയ നിർബന്ധിതാവസ്ഥകളും ജനാധിപത്യത്തിൽ സംഖ്യകളുടെ ആവശ്യകതയുമാണ് നിലപാടിൽ മാറ്റംവരുത്താൻ അവരെ നിർബന്ധിതരാക്കിയത്. സാമൂഹികനീതിയുടെ താൽപര്യാർഥം സംവരണം എന്ന ആശയത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ജാതി സർവേ നടത്തുന്ന വിഷയത്തിൽ അവർ ഉഴപ്പ് തുടരുകയാണ്.
ജാതി തിരിച്ച് കണക്കെടുത്തുകൊണ്ടുള്ള സെൻസസ് ഹിന്ദു സമൂഹത്തെ ഏകീകരിച്ച് ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാനുമുള്ള അവരുടെ പദ്ധതിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. ഈ വിടവ് വലുതാക്കിയെടുക്കാനും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നെടുന്തൂണായി നിൽക്കുന്ന ഹിന്ദുത്വത്തെ തകർക്കാനുമാകുമെന്നാണ് രാഹുൽ പ്രതീക്ഷിക്കുന്നത്. മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക എന്ന വഴിത്തിരിവായ തീരുമാനത്തിൽനിന്ന് രാഷ്ട്രീയ മൂലധനം നേടുന്നതിൽ പരാജയപ്പെട്ട വി.പി. സിങ്ങിനെപ്പോലെ ഒരു ആധുനിക വി.പി. സിങ് ആയി മാറുമോ, അതോ വിജയിച്ച് ചരിത്രത്തിൽ ഇടം നേടുമോ എന്ന് കാലത്തിന് മാത്രമേ വെളിപ്പെടുത്താനാവൂ.
(മുതിർന്ന മാധ്യമ പ്രവർത്തകയും രാഷ്ട്രീയ നിരീക്ഷകയും പ്രഭാഷകയുമായ ലേഖിക thequint.comൽ എഴുതിയത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.