മഹാത്മജിയെ ഇകഴ്ത്തുന്നതിന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഇത്തവണ സ്വീകരിച്ച ‘ചതുർബനിയ’ എന്ന പ്രയോഗം മറയില്ലാത്ത ജാതീയതയെത്തന്നെ വെളിവാക്കുകയുണ്ടായി. അതുയർത്തിയ വിവാദക്കൊടുങ്കാറ്റ് ശമിക്കുന്നതിനു മുേമ്പ ജാതീയതയിൽ ഉൗന്നുന്ന മറ്റൊരു ചുവടുവെപ്പിനുകൂടി പാർട്ടി മുതിർന്നു. രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കോവിന്ദിെൻറ നാമനിർദേശമായിരുന്നു അത്.
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ജാതിപ്പേരു വിളിക്കുന്നതും മറ്റ് അവഹേളനങ്ങളും നിരോധിക്കപ്പെട്ടിട്ടുണ്ട് എന്നാണെെൻറ വിശ്വാസം. ജനാധിപത്യത്തിെൻറ ഉത്തമ താൽപര്യത്തിനിണങ്ങുന്നതും അതുതന്നെ. എന്നാൽ, ഇത്തരം നിയമങ്ങൾ നടപ്പാക്കുന്നതിൽ രാജ്യത്ത് ഇരട്ടത്താപ്പ് നിൽക്കുന്നു എന്നു കരുതാൻ ന്യായങ്ങൾ നിരവധിയുണ്ട്. രാഷ്ട്രീയപ്പാർട്ടി നേതാക്കളും ഭരണകർത്താക്കളും ജാതീയത ദുരുപയോഗം ചെയ്യുന്നപക്ഷം അവർക്കെതിരെ നടപടികളൊന്നും കൈക്കൊള്ളേണ്ടതില്ല എന്നാണ് പല പ്രമുഖരുടെയും ധാരണ. അതേസമയം, ഹതഭാഗ്യരായ സാധാരണ ജനങ്ങളെ വേട്ടയാടാൻ നിയമങ്ങളുടെ സർവ പഴുതുകളും അവലംബിക്കപ്പെടുന്നുവെന്ന വൈരുധ്യം അനായാസം ദർശിക്കാനാകും.
ദലിത് വിഭാഗക്കാരന് രാഷ്ട്രപതി സ്ഥാനാർഥിത്വം അനുവദിക്കുന്നത് പ്രതീകാത്മക ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ, പാർശ്വവത്കൃതരായ ദലിതുകൾക്ക് ഇൗ പ്രതീകാത്മക നടപടി വഴി വല്ല പ്രയോജനവും ലഭിക്കുമോ? അവർക്കെതിരെ നിയമപാലകരും ഉദ്യോഗസ്ഥരും അഴിച്ചുവിടുന്ന അതിക്രമങ്ങളിൽ കുറവുവരുത്താൻ ദലിത് സ്ഥാനാർഥിത്വം സഹായകമാകുമോ? ഇഷ്ടഭക്ഷണം കഴിക്കാനും ഇഷ്ടപ്പെട്ടവരെ ജീവിതപങ്കാളിയായി സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം ഇതുവഴി പുനഃസ്ഥാപിക്കപ്പെടുമോ? ദലിതർ അനുഭവിക്കുന്ന സാമൂഹിക തിന്മകൾക്ക് അറുതിവരുത്താൻ ഇത് എത്രത്തോളം സഹായകമാകും?
അബ്ദുൽ കലാം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സന്ദർഭം ഒാർമയിലെത്തുന്നു. അന്ന് മുസ്ലിംകൾക്കിടയിൽ എന്നതിനേക്കാൾ കലാമിെൻറ രാഷ്ട്രപതിപദവി ആവേശമുണർത്തിയത് ശാസ്ത്രകാരന്മാർക്കിടയിലായിരുന്നു. ഗുജറാത്തിലെ വംശക്കുരുതിയെ സംബന്ധിച്ച് കലാം ഒരക്ഷരവും ഉരിയാടിയില്ലെന്ന വിമർശനം പലരും ഉന്നയിക്കുകയുണ്ടായി. മുസ്ലിം സമുദായം നേരിടുന്ന മറ്റു നിരവധി വിഷയങ്ങളിലും കലാം മൗനംതന്നെ അവലംബിച്ചു.
അതേസമയം, 2002ലെ ഗുജറാത്ത് വംശഹത്യയിൽ കെ.ആർ. നാരായണൻ പരസ്യമായി അസ്വാസ്ഥ്യം രേഖപ്പെടുത്തുകയുണ്ടായി. ഉന്നത പദവികളിലെ തെരഞ്ഞെടുപ്പുകൾ വരുേമ്പാൾ ജാതിപരിഗണനകൾ മേൽകൈ ജനാധിപത്യവുമായി ഒട്ടും പൊരുത്തപ്പെടുന്ന കാര്യമല്ല. നീതിയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസത്തിനാണ് പരിഗണന നൽകേണ്ടത്. രാഷ്ട്രീയം ഇരുളടഞ്ഞതായി മാറാൻ തുടങ്ങുേമ്പാൾ തുറന്നു ശബ്ദിക്കാൻ ധീരത കാട്ടുന്ന വ്യക്തികൾക്കാകണം സ്ഥാനമാന പരിഗണനകൾ. അസാധാരണമായ അമാന്തവും കഴിവുകേടുമായിരുന്നു പ്രതിപക്ഷനിരയിൽ പ്രകടമായത്. മഹാത്മ ഗാന്ധിയുടെ പൗത്രൻ ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് ഉയർന്നുവന്നെങ്കിലും എന്തുകൊണ്ടോ പ്രതിപക്ഷത്ത് സമവായം ദൃശ്യമായില്ല. ഗാന്ധിജിയുടെ ചില ഗുണഗണങ്ങൾ സ്വാംശീകരിച്ച വ്യക്തിയായിരുന്നു ഗോപാൽകൃഷ്ണ. ഒടുവിൽ പ്രതിപക്ഷവും സമുദായ പരിഗണനകൾ മുഖ്യ മാനദണ്ഡമായെടുത്ത് മീര കുമാറിെൻറ സ്ഥാനാർഥിത്വവുമായി രംഗപ്രവേശം ചെയ്തു. പരേതനായ ജഗ്ജീവൻ റാമിെൻറ പുത്രി ആദ്യ വനിത സ്പീക്കർ എന്ന നിലയിൽ ഖ്യാതി നേടുകയുമുണ്ടായി. സ്വന്തം അർഥമില്ലായ്മകൾ മൂടിവെക്കാൻ ജാതി കാർഡുകൾ ഇറക്കുന്നതിൽ പാർട്ടികൾ ഏകാഭിപ്രായക്കാരായി മാറിയെന്നു ചുരുക്കം.
*** *** ***
നോവലിസ്റ്റും മാധ്യമപ്രവർത്തകയുമായ കാർലോ പിസ്സാറ്റിയുടെ പുതിയ പുസ്തകം ‘ദി എഡ്ജ് ഒാഫ് ആൻ ഇറ’ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ പ്രകാശനം ചെയ്യപ്പെട്ടു. പ്രകാശനച്ചടങ്ങിൽ പ്രമുഖ പത്രപ്രവർത്തക മനു ജോസഫുമായി അദ്ദേഹം നടത്തിയ സംഭാഷണം തീപാറുന്ന ആശയങ്ങളുടെയും നിലപാടുകളുടെയും നൈസർഗിക പ്രവാഹമായി സദസ്സ് ഏറ്റുവാങ്ങി.
അതിദേശീയവാദത്തെ ത്വരിതപ്പെടുത്തുന്ന തിരക്കിലാണ് മാധ്യമങ്ങളെന്ന് കാർലോ കുറ്റപ്പെടുത്തുന്നു. ഭീകരത, ഹിംസ, അഭയാർഥി പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിലെ ധീര നിലപാടുകളും അദ്ദേഹം അസന്ദിഗ്ധമായി വിശദീകരിച്ചു. സ്വരാജ്യത്തും ലക്ഷ്യരാജ്യങ്ങളിലും ശരണമില്ലാത്ത നിർഭാഗ്യവാന്മാരായി മാറുന്ന അഭയാർഥിസമൂഹം കൂടുതൽ ആഗോള ശ്രദ്ധ അർഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
സൈദ്ധാന്തികൻ ഹോമിബാബ, തത്വശാസ്ത്രജ്ഞൻ ജോൺ ഗ്രേ, പ്രബന്ധകാരൻ പങ്കജ് മിശ്ര എന്നിവരുമായി നടത്തിയ ദീർഘ അഭിമുഖങ്ങളാണ് ദി എഡ്ജ് ഒാഫ് ആൻ ഇറയുടെ ഉള്ളടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.