സുപ്രീംകോടതി വളപ്പില്‍ മറമാടിയ സത്യത്തിെൻറ പ്രേതം ഉയിര്‍ത്തെഴുന്നേറ്റുവരുന്നത് കണ്ട് ഭയന്ന് പലരും മൗനത്തിലൊളിക്കുന്നതിനെ സംയമനമായും സമചിത്തതയായും വിശേഷിപ്പിക്കുന്നവര്‍ക്ക് നല്ല നമസ്കാരം. ന്യൂഡല്‍ഹി തുഗ്ലക്ക് റോഡിലെ ജസ്റ്റിസ് ജസ്തി ചെലമേശ്വറിെൻറ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചനേരത്ത് സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്തസമ്മേളനം ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ രജതരേഖയായിരിക്കും. ജനാധിപത്യത്തില്‍ പരമാധികാരിയായ ജനത്തിന് മുന്നില്‍ വന്ന് അതിെൻറ അവസാനത്തെ അത്താണിയായ സുപ്രീംകോടതി അപകടത്തിലാണെന്ന സത്യം വിളിച്ചുപറയാന്‍ കാണിച്ച ആര്‍ജവത്തിന് ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകുര്‍, കുര്യന് ജോസഫ് എന്നിവരോട് ഈ രാജ്യമെന്നും കടപ്പെട്ടിരിക്കും. ഭരണകൂടത്തിെൻറ വാതില്ക്കല് വാലാട്ടിനില്‍ക്കുന്ന ഒരുപറ്റം മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ‘സുപ്രീംകോടതിയില്‍ ജനാധിപത്യം അപകടത്തിലായ’ ആപത്കരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാതെ ലബ്ധപ്രതിഷ്ഠരായ ഈ നാല് ജഡ്ജിമാരെ അപവാദവും അപഹാസവുംകൊണ്ട് എതിരിടുന്നതിൽനിന്ന് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തെ അതിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലെത്തിച്ച പ്രശ്നങ്ങളുടെ ആത്യന്തിക ഗുണഭോക്താവ് ആരായിരുന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും.
സാഹസത്തിെൻറ നഷ്ടസൗഭാഗ്യങ്ങള്‍
ഈയൊരു വാര്‍ത്തസമ്മേളനത്തിലൂടെ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകാനുള്ള വഴിപോലും അടച്ചേക്കാവുന്ന സാഹസത്തിനാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മുതിര്‍ന്നതെങ്കില്‍ ഓരോ സുപ്രീംകോടതി ജഡ്ജിയും കിനാവ് കാണുന്ന പോസ്റ്റ് റിട്ടയര്‍മെൻറ് പോസ്റ്റുകള്‍ക്കുള്ള വഴിയാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും കുര്യന് ജോസഫും അടച്ചുകളഞ്ഞത്. സുപ്രീംകോടതി ചട്ടവും കീഴ്വഴക്കവുമനുസരിച്ച് ഒക്ടോബറില്‍ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ തെൻറ പിന്‍ഗാമിയാക്കി മോദി സര്‍ക്കാറിന് ശിപാര്‍ശ ചെയ്യേണ്ടത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇതിനകം ലംഘിച്ച സുപ്രീംകോടതിയുടെ കീഴ്വഴക്കങ്ങള് വിളിച്ചുപറയാന്‍ വാര്‍ത്തസമ്മേളനം വിളിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടുത്ത ചീഫ് ജസ്റ്റിസിെൻറ കാര്യത്തിലും അദ്ദേഹം പതിവ് തെറ്റിക്കില്ല എന്ന് വിശ്വസിക്കുമെന്ന് കരുതാന്‍ ന്യായമൊന്നുമില്ല. രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്നതിനിടയില്‍ സംഭവിച്ച ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി മുതിര്‍ന്ന ജഡ്ജിമാരെ മറികടന്ന് ആര്.എസ്.എസിനും സംഘ്പരിവാറിനും പ്രിയപ്പെട്ട ജഡ്ജിയുടെ ബെഞ്ചിന് വിട്ടുകൊടുത്തതാണ് വെള്ളിയാഴ്ചത്തെ അടിയന്തര പ്രകോപനമെന്നത് മോദി സര്‍ക്കാറിന് പൊറുക്കാനാവുന്നതല്ല. ഇതാണ് അടിയന്തരമായ കാരണമെന്ന് ജസ്റ്റിസ് ഗൊഗോയ് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പോസ്റ്റ് റിട്ടയര്‍മെൻറ് പോസ്റ്റായി ഗവര്‍ണര്‍ സ്ഥാനം നല്കിയ സര്‍ക്കാറാണിത്. മോദി ഭരണത്തില്‍ 16,000 മടങ്ങ് ലാഭമുണ്ടാക്കി വാര്‍ത്തയിൽ ഇടംപിടിച്ച ബി.ജെ.പി അധ്യക്ഷെൻറ മകന് ജയ് ഷായുടെ വിവാഹത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ കൂട്ടത്തില്‍ ഈ ഗവര്ണറുമുണ്ടായിരുന്നു.
ദുരഭിമാനം വെടിഞ്ഞ് തിരുത്തേണ്ട തെറ്റ്
അസാധാരണ വെള്ളിയാഴ്ചക്ക് രണ്ടു മാസം മുേമ്പ ജനാധിപത്യം അപകടത്തിലാണെന്ന മുന്നറിയിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ നേരില്‍കണ്ട് രേഖാമൂലം ബോധിപ്പിച്ചവരാണ് ഇവര്‍. എന്താണ് പ്രശ്നമെന്ന് ചീഫ് ജസ്റ്റിസിന് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം ആ കത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വിഷയത്തിെൻറ പ്രാധാന്യവും ബന്ധപ്പെട്ട മേഖലയിലെ അവഗാഹവും നോക്കാതെ തനിക്ക് വേണ്ടപ്പെട്ട ജൂനിയര്‍ ജഡ്ജിമാരുടെ ബെഞ്ചുകള്‍ക്ക് സുപ്രീംകോടതി കീഴ്വഴക്കവും ചട്ടവും സീനിയോറിറ്റിയും മറികടന്ന് കേസുകള്‍ കൈമാറുന്നതാണ് അതിലേറ്റവും പ്രധാനമായ വിഷയം. ഇങ്ങനെ ചീഫ് ജസ്റ്റിസ് തിരഞ്ഞെടുത്ത പല കേസുകളും ഏറെ പ്രത്യാഘാതം ഉണ്ടാക്കുന്നവയാണെന്നതാണ് വിഷയത്തിെൻറ മര്‍മം. തങ്ങള്‍ക്ക് താല്പര്യമുള്ള കേസുകള്‍ സീനിയോറിറ്റി കുറഞ്ഞവര്‍ക്ക് കൊടുക്കുന്നുവെന്നല്ല; പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിരവധി കേസുകളില്‍നിന്ന് തങ്ങളെ ഒഴിവാക്കി പ്രത്യേകമായ ചില ബെഞ്ചുകള്‍ക്കും ജഡ്ജിമാര്‍ക്കും നല്കുന്നു എന്നാണ് വിഷയത്തിെൻറ ഗൗരവമേറ്റുന്നത്. അതിലേറ്റവും ഒടുവിലത്തേതാണ് അമിത് ഷായുടെ കേസിെൻറ വിചാരണ നടത്തിയ ജസ്റ്റിസ് ലോയയുടെ ദുരൂഹമരണ കേസ് എന്ന് വ്യക്തമാക്കിയതിലൂടെ ഈ നാല് ജഡ്ജിമാരും ഉദ്ദേശിച്ച കേസുകളും ചീഫ് ജസ്റ്റിസിന് പ്രിയപ്പെട്ട ബെഞ്ചുകളും ഏതൊക്കെയാണെന്ന് സുപ്രീംകോടതിയുടെ ഇടനാഴികകളില്‍ തിരിഞ്ഞുനടക്കുന്ന വക്കീലുമാര്‍ മാത്രമല്ല, വക്കീല്‍ ഗുമസ്തന്മാര് പോലും പറഞ്ഞുതരും. വാര്‍ത്തസമ്മേളനം നടന്ന ദിവസം പുറത്തിറങ്ങിയ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ആധാര്‍ അടക്കമുള്ള കേസുകള്‍ ഈ തരത്തില്‍ ചീഫ് ജസ്റ്റിസ് തരംതിരിവ് കാണിച്ചുവെന്ന് മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെ വിസ്തരിച്ചെഴുതിയിട്ടുമുണ്ട്. എന്നിട്ടാണ് വാര്‍ത്തസമ്മേളനത്തില്‍ നാല് ജഡ്ജിമാര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമല്ലെന്നും ഇനിയും കുറെകൂടി തെളിച്ചുപറയേണ്ടതുണ്ടെന്നുമുള്ള വാദവുമായി ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തുവന്നിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി നടത്തിപ്പില്‍ തന്നിഷ്ടം നടപ്പാക്കുന്നത് അവസാനിപ്പിക്കേണ്ടത് എങ്ങനെയാണെന്ന ഭാഗമാണ് രണ്ടു മാസം മുമ്പ് നല്കിയ കത്തിലെ പരമപ്രധാനമായ രണ്ടാം ഭാഗം. സുപ്രീംകോടതി ഭരണ നിര്‍വഹണത്തിനുള്ള ഈ നടപടിക്രമങ്ങളുടെ പത്രം (Memorandum of porcedures) കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊളീജിയം മോദി സര്‍ക്കാറിന് സമര്‍പ്പിച്ചതാണ്. ദേശീയ ന്യായാധിപ നിയമന കമീഷന് നിയമം റദ്ദാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില്‍ കൊളീജിയം തയാറാക്കിയതാണിത്. അതിന്മേല് സര്‍ക്കാര്‍ ഇതുവരെയും പ്രതികരണം അറിയിക്കാത്ത സാഹചര്യത്തില്‍ സ്വാഭാവികമായും അത് സുപ്രീംകോടതി ചട്ടമാകുമെന്നതാണ് കീഴ്വഴക്കം. ഇക്കാര്യം കൊളീജിയത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും ഫലം കാണാതെവന്നപ്പോഴാണ് രണ്ടു മാസം മുമ്പ് ഈ കൊളീജിയം അംഗങ്ങള്‍ പ്രത്യേകം കത്ത് നല്‍കിയത്. നടപടിക്രമം നടപ്പില്‍വരുത്താന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തയാറാകാതിരുന്നതാണ് ഒന്നാമത്തെ പ്രശ്നത്തിന് കാരണമാകുന്നത്. കൊളീജിയം തയാറാക്കിയ നടപടിക്രമം നടപ്പാക്കിയാല്‍ കേസുകള്‍ ഇഷ്ടബെഞ്ചുകള്ക്ക് കൈമാറുകയെന്ന നടപ്പുരീതി ചീഫ് ജസ്റ്റിസ് അവസാനിപ്പിക്കേണ്ടിവരും.
എന്നാല്‍, ഇവയെല്ലാം കോടതിക്കുള്ളില്‍ സ്വകാര്യമായൊതുങ്ങും എന്ന് കരുതി കൊളീജിയത്തെ വിശ്വാസത്തിലെടുക്കാതെ സ്വന്തം രീതിയില്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോയ ചീഫ് ജസ്റ്റിസിനെ തടയിടാന്‍ ജനാധിപത്യ സമ്പ്രദായത്തില്‍ ജുഡീഷ്യറിക്കും മുകളിലുള്ള പരമാധികാരിയായ ജനത്തിന് മുമ്പാകെ വരുകയായിരുന്നു നാല് ജഡ്ജിമാരും. അതിനാല്‍, ചര്‍ച്ചയിലൂടെയും സമവായത്തിലൂടെയും പരിഹരിക്കപ്പെടേണ്ട പ്രതിസന്ധിയല്ല ഇത്. ദുരഭിമാനം ഒഴിവാക്കി ചീഫ് ജസ്റ്റിസ് സ്വയം തിരുത്തി മാത്രം പരിഹരിക്കേണ്ട ഒന്നാണ്; അതിെൻറ നഷ്ടം ഭരണകൂടം അനുഭവിക്കേണ്ടിവന്നാലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.