കാമ്പസുകളിലും പൊതു ഇടങ്ങളിലും പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ നേടിയെടുക്കാൻ പൊരുതുന്ന കൂട്ടായ്മയാണ് പിഞ്ച്റ തോഡ് (ചങ്ങലക്കെട്ട് പൊട്ടിക്കുക). പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ സ്ത്രീകളുടെ മുൻകൈയിൽ നടന്ന സമരത്തിലും പിഞ്ച്റ തോഡ് സംഘാടകരായ ദേവാംഗന കാലിതയും നതാഷ നർവാളും സജീവമായിരുന്നു.
സമരത്തെ ചോരയിൽ മുക്കി ഇല്ലാതാക്കാൻ നടപ്പാക്കപ്പെട്ട ഡൽഹി വംശീയാതിക്രമങ്ങൾക്കു പിന്നാലെ ഗൂഢാലോചനക്കുറ്റം ചുമത്തി ഇരുവരെയും മറ്റു നിരവധി വിദ്യാർഥി-പൗരാവകാശ പ്രവർത്തകരെയും ഭരണകൂടം ജയിലിലടച്ചു. ചെയ്യാത്ത കുറ്റത്തിന് മാസങ്ങളോളം തടവിൽ കഴിഞ്ഞ നതാഷ, ദേവാംഗന, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ദേവാംഗനയുടെ മാതാവ് സംസാരിക്കുന്നു
സ്കൂളിൽ പഠിക്കുേമ്പാൾതന്നെ നീതിയെയും അനീതിയെയും കുറിച്ചും സ്ത്രീ അവകാശങ്ങളെ സംബന്ധിച്ചും അവൾ ബോധവതിയായിരുന്നു. തെറ്റു കണ്ടാൽ എതിരെ ശബ്ദിച്ചിരിക്കും. പൊതുപ്രവർത്തനത്തിനിറങ്ങിയത് അവളുടെ സ്വന്തം തീരുമാനമാണ്.
സി.എ.എ വിരുദ്ധ മുന്നേറ്റങ്ങളിൽ അവൾ സജീവമാണ് എന്ന് ഞങ്ങൾക്കറിയുമായിരുന്നു, അതേസമയം ഏതെങ്കിലും അതിക്രമങ്ങളിലോ കലാപത്തിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുമുണ്ടായിരുന്നു.
അസമിൽനിന്ന് വരുന്ന ഞങ്ങൾ ദേശീയ പൗരത്വ രജിസ്റ്ററിെൻറ വിഷമങ്ങൾ അടുത്തുനിന്ന് കണ്ടവരാണ്. രേഖകൾ ഇല്ലാത്തതിെൻറ പേരിൽ പലർക്കും സകലതും നഷ്ടപ്പെട്ടു. സി.എ.എ-എൻ.ആർ.സിക്കെതിരെ അസമിൽ വ്യാപക പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഞങ്ങളുടെ സർവകലാശാലയിൽ എല്ലാ അധ്യാപകരും വിദ്യാർഥികളും സമരത്തിനിറങ്ങിയിരുന്നു, ഞാനും പങ്കുചേർന്നു. അനീതിക്കെതിരെ ശബ്ദിക്കുന്നത് പാതകമൊന്നുമല്ല.
അവളെ കുടുക്കുമെന്ന് ഞങ്ങൾ കരുതിയിരുന്നേയില്ല. മേയ് 23ന് ചോദ്യംചെയ്യുമെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചയുടനെ വിളിച്ചപ്പോൾ നമ്മളൊരു തെറ്റും ചെയ്തിട്ടില്ല, ധൈര്യമായി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാനവളോട് പറഞ്ഞു.
പത്തോ പതിനഞ്ചോ ദിവസം കൂടുേമ്പാൾ 10 മിനിറ്റ് സംസാരിക്കാനായിരുന്നു ആദ്യമൊക്കെ അനുമതി. ദേവാംഗനയും നതാഷയും അതിനെതിരെ പ്രതിഷേധമുയർത്തിയതോടെ തിഹാറിലെ എല്ലാ അന്തേവാസികൾക്കും ആഴ്ചയിലൊരിക്കൽ കുടുംബവുമായി വിഡിയോ കാൾ ചെയ്യാൻ അനുമതി കിട്ടി. അഞ്ചു മിനിറ്റ് ഫോൺ ചെയ്യാനും.
നമ്മൾ ധൈര്യം കൈവിടാതെ ഇരിക്കണമെന്നാണ് ചെയ്യാത്ത കുറ്റത്തിന് തടവിലാക്കപ്പെട്ട മക്കളുള്ള ഓരോ അമ്മമാരോടും പറയാനുള്ളത്. നമ്മുടെ മക്കൾ തെറ്റുകാരല്ല, അവർക്ക് നീതി ലഭിക്കുകതന്നെ ചെയ്യും. ഇന്ത്യക്ക് ഇനിയുമൊരുപാട് ദേവാംഗനമാരെയും നതാഷമാരെയും ഗുൽഫിഷമാരെയും സഫൂറമാരെയും ആവശ്യമുണ്ട്.
ടി.വി ചാനലുകളിൽ ദേവാംഗനക്കെതിരെ എന്തൊക്കെയോ വരുന്നുവെന്ന് ബന്ധുക്കൾ വിളിച്ചുപറഞ്ഞു. ടി.വി അവതാരകരേ, നിങ്ങൾക്ക് വായിൽ തോന്നിയത് എന്തും പറഞ്ഞോളൂ. എന്നെ സംബന്ധിച്ച് ഡൽഹി ഹൈകോടതി നൽകിയ വിധിയാണ് വലുത്. അത് രാജ്യത്തെ ജനാധിപത്യത്തിെൻറ വിജയമാണ്.
എല്ലാവിധം ആളുകൾക്കും പറയാനുള്ളതെന്ത് എന്നു കേൾക്കാനുള്ള ക്ഷമയാണ് ഒരു നല്ല രാജ്യം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം വേണ്ടത്. ചർച്ചകൾക്കും സംവാദങ്ങൾക്കും ഇടം നൽകൂ, എെൻറ മകൾ അവൾക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണ് സമരത്തിനിറങ്ങിയത്.
ജയിലിൽ എന്തൊക്കെ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും അതിലേറെ കരുത്തുറ്റ പെണ്ണായാണ് അവൾ പുറത്തുവരുക. അവൾ പൊതുപ്രവർത്തനം തുടരും. ഉള്ളിലുള്ളത് തുറന്നുപറയുന്ന സ്ത്രീകളെ സമൂഹത്തിന് ഭയമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലും അഭിപ്രായ രൂപവത്കരണത്തിലും അനീതിക്കെതിരായ പോരാട്ടത്തിലും പങ്കുചേരാൻ നമ്മുടെ പെൺകുട്ടികളെ അനുവദിക്കേണ്ടതുണ്ട്. അവർ സ്വതന്ത്രരായിരുന്ന് തീരുമാനങ്ങളെടുക്കട്ടെ, ചങ്ങലക്കെട്ടുകൾ പൊട്ടിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.