പൗരത്വം ഇരുതല മൂർച്ചയുള്ള ഒരു ആശയമാണ്. ഒരു വശത്ത്, രാജഭരണത്തിലും പിന്നീട് വൈദേശികാധിനിവേശത്തിലും പ്രജകളായി കഴിഞ്ഞ ജനതക്ക്​ നൽകുന്ന പ്രതീക്ഷനിർഭരമായ വാഗ്ദാനമാണത്​. ഒരു ജനാധിപത്യസംവിധാനത്തിൽ ഭരണഘടനാദത്തമായ എല്ലാവിധ സ്വാതന്ത്ര്യങ്ങളോടും അവകാശങ്ങളോടുംകൂടി അഭിമാനപൂർവം ജീവിതം നയിക്കാനുള്ള അവകാശമാണത്. അവകാശങ്ങൾക്കുള്ള അവകാശമാണ് പൗരത്വമെന്ന് പറയാം. മറുവശത്ത് അത് ബഹിഷ്കരണത്തിനുള്ള ഉപാധികൂടിയാണ്. ഒരു പ്രദേശത്ത്​ ജീവിക്കുന്നവരിൽ ഒരു സംഘം ആളുകൾ പൗരന്മാരായി പ്രഖ്യാപിക്ക​െപ്പട്ടാൽ അതിനർഥം ശേഷിക്കുന്ന വിഭാഗത്തിന് ജനാധിപത്യപരമായ എല്ലാ അവകാശങ്ങളും അപ്രാപ്യമായിരിക്കും എന്നുകൂടിയാണ്. അത്തരത്തിൽ പുറന്തള്ളപ്പെടുന്നവർ അധികാരത്തി​​െൻറ, ധനത്തി​​െൻറ, ആൾബലത്തി​​െൻറ, സംസ്കാരത്തി​​െൻറ എല്ലാം പുറമ്പോക്കുകളിൽ ഉള്ളവരായിരിക്കും. ജാതി, മത, ഭാഷ, വംശീയ, സാംസ്കാരിക ന്യൂനപക്ഷങ്ങളും അധഃസ്ഥിത-തൊഴിലാളി വർഗങ്ങളുമായിരിക്കും അന്യവത്കരിക്കപ്പെടുന്നത്. അവർക്ക് നഷ്​ടമാകുന്നത് അവകാശങ്ങൾക്കുള്ള അവകാശമാണ്. മനുഷ്യരായി ജീവിക്കാനുള്ള അവകാശമാണ്. മനുഷ്യനിർമിതമായ, ചരിത്രത്തിൽ വളരെ ചെറിയ ആയുസ്സ്​ മാത്രമുള്ള കൃത്രിമമായ ദേശാതിർത്തികൾക്കകത്ത് ഇത്തരം ബഹിഷ്കൃതരെ സൃഷ്​ടിക്കുന്നതിന് നൈതികവും ധാർമികവുമായ ഒരു ന്യായീകരണവുമില്ല. ഈ രാഷ്​ട്രീയം മനസ്സിലാക്കി ജന്മംകൊണ്ട് പൗരത്വം നൽകുന്നത് ഒരു കുട്ടിയുടെ മൗലികാവകാശമായി അന്താരാഷ്‌ട്രധാരണകളിൽ കണക്കാക്കിപ്പോരുന്നു. ആധുനിക-ലിബറൽ-ജനാധിപത്യ രാഷ്​ട്രങ്ങളെല്ലാം ഈ തത്ത്വം അംഗീകരിക്കുന്നുണ്ട്.


നമ്മുടെ ഭരണഘടനാ ശിൽപികൾ ഈ സാർവദേശീയ യാഥാർഥ്യം അംഗീകരിച്ചവരായിരുന്നു. വിഭജനത്തി​​െൻറയും അഭയാർഥി പ്രവാഹത്തി​​െൻറയും സങ്കൽപാതീതമായ വർഗീയഹിംസകളുടെയും കാലത്ത് തികച്ചും ബഹുസ്വരമായ ഒരു ദേശത്ത് വംശത്തി​​െൻറയോ മതത്തി​​െൻറയോ നാഗരികതയുടെയോ അടിസ്ഥാനത്തിലുള്ള പൗരത്വസങ്കൽപങ്ങൾ എത്രമാത്രം അപകടകരമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പൗരത്വത്തെ സംബന്ധിച്ച ഉദാരമായ സമീപനമാണ് ഭരണഘടനയിൽ കാണാനാകുക. അഞ്ചാം വകുപ്പിൽ ഭരണഘടന നിലവിൽ വന്ന ദിവസത്തിനുമുമ്പ്​ ആറു മാസമെങ്കിലും ഇന്ത്യയിൽ തുടർച്ചയായി താമസിച്ചവർക്കെല്ലാം പൗരത്വം വാഗ്ദാനം ചെയ്യുന്നു. പിന്നീടങ്ങോട്ട് ജനനമായി പൗരത്വത്തി​​െൻറ അടിസ്ഥാനം. പൗരത്വത്തെ, 11ാം വകുപ്പ്​ നൽകുന്ന അധികാരങ്ങൾ ഉപയോഗിച്ചു നിർവചിക്കണമെന്ന് പാർലമ​െൻറിനു തോന്നുന്നത് 1956ൽ മാത്രമാണ്; പൗരത്വ നിയമത്തിലൂടെ (Citizenship Act-1956 ). പിന്നീട് 1986, 1992, 2003, 2005, 2015 വർഷങ്ങളിൽ നിയമം ഭേദഗതി ചെയ്തു. ഇപ്പോൾ 1986 ജൂലൈ ഒന്നിനുമുമ്പ്​ ഇന്ത്യയിൽ ജനിച്ചവർ ജനനം വഴി പൗരന്മാരാണ്. 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ മൂന്നിനും ഇടയിൽ ജനിച്ചവരുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യക്കാരനെങ്കിൽ അയാൾ ഇന്ത്യൻ പൗരനാണ്. അതിനുശേഷം ജനിച്ചവരുടെ രക്ഷിതാക്കൾ ഇരുവരും ഇന്ത്യൻ പൗരരെങ്കിൽ മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.

അങ്ങനെ ഭരണഘടന മുന്നോട്ടു​െവച്ച ഉദാരമായ പൗരത്വസങ്കൽപത്തിൽനിന്നു നമ്മൾ ഏറെ അകന്നുകഴിഞ്ഞു. ജന്മനാ ലഭിക്കുന്ന പൗരത്വം എന്ന ആശയം ഉപേക്ഷിച്ച്, നമ്മൾ ഇന്ന് പിന്തുടരുന്നത് രക്തബന്ധത്തെ അടിസ്ഥാനമാക്കിയുള്ള പൗരത്വമാണ്. അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്നത് ജന്മംകൊണ്ടുള്ള പൗരത്വമാണെന്ന് ഓർക്കണം. അനധികൃതകുടിയേറ്റം, രാജ്യസുരക്ഷ എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിവിധ നിയമഭേദഗതികളിലൂടെ പൗരത്വസങ്കൽപത്തെ നമ്മൾ കൂടുതൽ സങ്കുചിതമാക്കിക്കൊണ്ടേയിരിക്കുന്നത്. ഭൂരിപക്ഷ തീവ്ര ദേശീയതയുടെ വൈകാരികാധിപത്യത്തിൽ പ്രതിപക്ഷത്തിന് ശബ്​ദം ഇല്ലാതെ പോവുന്ന ഇന്ത്യൻ പാർലമ​െൻറ്​ ഭരണഘടനാപരമായ പൗരത്വസങ്കൽപം സവർക്കറുടെ ഹിന്ദുത്വസങ്കൽപത്തിലേക്ക് അടുക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയാണ്. 19 ലക്ഷം ജനങ്ങളെ രാജ്യരഹിതരാക്കിയ അസമിലെ പൗരത്വ പ്പട്ടിക പരീക്ഷണം ഇന്ത്യയിലാകമാനം വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു. അതോടൊപ്പമാണ് ഇസ്രായേലി​​െൻറ ബിൽ ഓഫ് റിട്ടേണിന് സമാനമായ പൗരത്വ നിയമഭേദഗതി ബില്ലിന് കാബിനറ്റ് അംഗീകാരം കൊടുത്തിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി ബിൽ 2019
പൗരത്വനിയമം വകുപ്പ് (മൂന്ന്​) ഭേദഗതി ചെയ്ത് അനധികൃത കുടിയേറ്റക്കാരുടെ നിർവചനം മാറ്റിയെഴുതുകയാണ് കേന്ദ്ര സർക്കാർ. അഫ്‌ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്​തവ വിഭാഗങ്ങൾ ‘അനധികൃത കുടിയേറ്റക്കാർ’ എന്ന നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നു. മാത്രമല്ല, അവരുടെ കാര്യത്തിൽ വൈദേശികർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള കാലാവധി 12 വർഷത്തിൽനിന്ന് ആറു വർഷമായി കുറക്കുകയും ചെയ്​തു. അതായത് മുസ്​ലിംകളല്ലാത്ത എല്ലാവർക്കും ആറു വർഷം ഇന്ത്യയിൽ താമസിച്ചാൽ ഇന്ത്യൻ പൗരത്വം നൽകാമെന്നു വരുന്നു. അസമിൽ തയാറാക്കിയ പൗരത്വപ്പട്ടികയിൽനിന്ന് പുറത്തുപോയ 19 ലക്ഷത്തിൽ, അതുപോലെ രാജ്യത്താകമാനം ഇതുപോലെയൊരു രജിസ്​റ്റർ ഉണ്ടാക്കിയാൽ പുറത്തുപോകാൻ സാധ്യതയുള്ള അനേകരിൽ മുസ്​ലിംകളെ മാത്രം പുറത്താക്കാൻ രാജ്യം തീരുമാനിക്കുന്നു എന്നാണ് അതിനർഥം. ബാക്കിയെല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകുന്നു. മുസ്​ലിംകൾ മാത്രം പുറത്താക്കപ്പെടാം. പുറത്താക്കണമെങ്കിൽ മറ്റേതെങ്കിലും രാജ്യം അവരെ സ്വീകരിക്കേണ്ടതായുണ്ട്, അന്താരാഷ്​ട്ര നിയമബാധ്യതകളുണ്ട്. അപ്പോൾ പൗരരല്ലാത്ത അവകാശരഹിത ജനങ്ങളായി ഇവിടെ കഴിയേണ്ടിവന്നേക്കാം. മിനിമം വേതനത്തിന്, സ്വത്തിന്, വിവേചന രഹിതമായ ജീവിതത്തിന്, സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഒന്നും അർഹതയില്ലാതെ ജീവിക്കേണ്ടി വന്നേക്കാം. ബഹുസ്വരതയും തുല്യതയും മതേതരത്വവും അടിസ്ഥാനപ്രമാണങ്ങളായി സ്വീകരിച്ച ഒരു ഭരണഘടനയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു രാജ്യത്താണ് ആൾക്കൂട്ട നീതിയുടെ പൊതുബോധം പാർലമ​െൻറിനെ കീഴടക്കുന്നത്.

ഭരണഘടന വിരുദ്ധത
രണ്ടു തരത്തിലുള്ള വിഭജനങ്ങൾ ബില്ലിൽ പ്രകടമാണ്​. ഒന്ന്, ഹിന്ദു, സിഖ്, ക്രിസ്ത്യൻ, പാഴ്‌സി എന്നിങ്ങനെ മതപരമായ വിഭജനം. രണ്ട്, അഫ്ഗാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിങ്ങനെ രാജ്യങ്ങൾക്കനുസരിച്ചുള്ള വിഭജനം. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. 14 ാം വകുപ്പനുസരിച്ച് ഇന്ത്യൻ അതിരുകൾക്കുള്ളിൽ ഒരു മനുഷ്യനും നിയമത്തിനു മുന്നിൽ തുല്യതയോ തുല്യമായ നിയമപരിരക്ഷയോ നിഷേധിക്കാൻ പാടുള്ളതല്ല. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. അതിനർഥം ഒരു വേർതിരിവും പാടില്ലെന്നല്ല. ‘വിവേകപൂർണമായ വേർതിരിവുകൾ’ ആകാം. മാത്രമല്ല, അതിന് നിയമത്തി​​െൻറ ഉദ്ദേശ്യവുമായി യുക്തിപൂർവമായ ബന്ധവും ഉണ്ടാകണം. ഉദാഹരണത്തിന് സ്ത്രീകൾക്ക് വേണ്ടിയുള്ള പ്രത്യേകനിയമങ്ങൾ പോലെ. ഏതു തരംതിരിവിനും ഒരു മാനദണ്ഡമുണ്ടാകണം. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാരണങ്ങൾകൊണ്ട് വിവേചനങ്ങൾ പാടില്ല എന്ന് 15 ാം വകുപ്പിൽ പറയുന്നുണ്ടെങ്കിലും അത് ഇന്ത്യൻ പൗരർക്ക് മാത്രം ബാധകമാണ്. അനധികൃത കുടിയേറ്റക്കാർ ഇന്ത്യൻ പൗരർ അല്ലാത്തതുകൊണ്ടുതന്നെ ഇൗ വകുപ്പി​​െൻറ സംരക്ഷണം ലഭിക്കുകയില്ല. എന്നിരുന്നാലും വകുപ്പ്​ 14 അനുവദിക്കുന്ന ‘വിവേകപൂർണമായ വർഗീകരണം’ നീതിയുക്തമായിരിക്കണം എന്ന് സ്വവർഗരതിയെ ക്രിമിനൽവത്കരിക്കുന്ന സെക്​ഷൻ 377 റദ്ദാക്കിയ സുപ്രധാന വിധിയിൽ സുപ്രീംകോടതി സമത്വത്തെ കൂടുതൽ വിശാലമായി വ്യാഖ്യാനിച്ചിട്ടുണ്ട്. വിവേകപൂർണമായ വർഗീകരണത്തിന് ഒരു പൊതുമാനദണ്ഡം ഉണ്ടാവണം എന്നു മാത്രമല്ല, അത് നീതിയുക്തമായിരിക്കണം എന്നുകൂടി കോടതി വിലയിരുത്തി. മനുഷ്യ​​െൻറ ആന്തരിക സ്വത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള, വ്യക്തിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വർഗീകരണങ്ങൾ പാടില്ല എന്ന് പ്രസ്താവിച്ചു. മതം, വംശം, ജാതി, ലിംഗം, ജന്മദേശം എന്നിങ്ങനെയുള്ള കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനങ്ങൾ അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണ്.

അതുപോലെതന്നെയാണ് രാജ്യങ്ങൾ അനുസരിച്ചുള്ള വർഗീകരണവും. നമ്മുടെ അയൽരാജ്യങ്ങളാണ് മാനദണ്ഡമെങ്കിൽ ശ്രീലങ്കയും നേപ്പാളും ചൈനയും മ്യാന്മറും നിയമത്തി​​െൻറ ഭാഗമാകേണ്ടതായിരുന്നു. അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ് നിയമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം സംരക്ഷിക്കപ്പെടേണ്ടത് മ്യാന്മറിൽ വേട്ടയാടപ്പെടുന്ന റോഹിങ്ക്യകളാണ്. ശ്രീലങ്കയിലെ തമിഴ് വംശജരാണ് മറ്റൊരു വിഭാഗം. അവരും ബില്ലി​​െൻറ പരിധിയിലില്ല. പാകിസ്​താനിൽ പീഡനം അനുഭവിക്കുന്ന ശിയ, അഹമ്മദീയ വിഭാഗങ്ങൾ അങ്ങനെ എത്രയോ പേർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിൽ നിന്നും ഈ വർഗീകരണത്തിന് നിയമത്തി​​െൻറ ഉദ്ദേശ്യലക്ഷ്യവുമായി യുക്തിഭദ്രമായ ബന്ധങ്ങളൊന്നുമി​െല്ലന്നു കാണാം. അതുകൊണ്ടുതന്നെ രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വേർതിരിവും ഭരണഘടനാവിരുദ്ധമാണ്.

ആൾക്കൂട്ട ഭരണത്തിലേക്കോ?
ജനാധിപത്യം എന്നാൽ കേവലം ഭൂരിപക്ഷാഭിപ്രായങ്ങൾ നടപ്പാക്കുന്ന ഭരണസംവിധാനമല്ല. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്. ഭരണം ആൾക്കൂട്ട നീതിയിലേക്ക് വഴുതിവീഴാതെ ഭരണകൂടത്തി​​െൻറ അധികാരത്തെ പരിമിതപ്പെടുത്തുന്ന, ജനങ്ങളുടെ അവകാശ പ്രഖ്യാപനരേഖയാണ് ഭരണഘടന. നിയമവ്യവസ്ഥയും ഭരണഘടനയുമെല്ലാം അധികാരം കൈയാളുന്നവർക്ക് അസൗകര്യങ്ങളായിരിക്കും. അതിനെ മറികടക്കാനുള്ള മാർഗങ്ങൾ അവർ തേടിക്കൊണ്ടേയിരിക്കും. പ്രത്യേകിച്ചും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെയും സ്വാതന്ത്ര്യത്തി​​െൻറയും സമത്വത്തി​​െൻറയും വിശാല ദർശനങ്ങളെ നിഷേധിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പിൻപറ്റുന്നവർ അധികാരത്തിലിരിക്കുമ്പോൾ.

ആര്യാധിനിവേശാനന്തരം രൂപംകൊണ്ട സംസ്കാരത്തി​​െൻറ വിശുദ്ധി അധിഷ്ഠിതമായ ദേശരാഷ്​ട്ര സങ്കൽപമാണത്. അതിൽ പ്രതിപാദിക്കുന്ന ഹിന്ദുത്വത്തി​​െൻറ പുണ്യഭൂമിയിലേക്കുള്ള തിരിച്ചുവരവാണ് പൗരത്വ ഭേദഗതി ബില്ലായി ഇവിടെ പ്രച്ഛന്നവേഷം കെട്ടുന്നത്. ഇന്ത്യ ഇനിയും ഒരു മതരാഷ്​ട്രമായി തീർന്നിട്ടില്ല എന്നു വിശ്വസിക്കുന്നവരെല്ലാം ഈ അപകടത്തെ തിരിച്ചറിയേണ്ടതുണ്ട്. തെരുവുകളെ ഹിംസാത്മകമാക്കുന്ന ആൾക്കൂട്ടനീതിയുടെ പതാകവാഹകർ പാർലമ​െൻറിലെത്തുമ്പോൾ തല്ലിക്കൊല്ലുന്നത് ഭരണഘടനയെയാണ്.

Tags:    
News Summary - CITIZENSHIP AMENDMENT BILL-MALAYALAM ARTICLE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.