ഡോ. പോൾ മണലിൽ
ഭാരതത്തിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും പുരാതനമായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എട്ടാമത്തെ കാതോലിക്ക ആയിരുന്നു കാലംചെയ്ത പരിശുദ്ധ ബസേലിയാസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ.
2010 നവംബർ ഒന്നിന് ഭരണമേൽക്കവെ അദ്ദേഹത്തോട് മുൻഗാമിയായ പരിശുദ്ധ ബസേലിയോസ് മാർത്തോമ ദിദിമോസ് ഒന്നാമൻ മന്ത്രിച്ചത്, 'സ്വർഗത്തിെൻറ താക്കോൽ ഞാൻ നിനക്ക് തരുന്നു' എന്നായിരുന്നു. ആ താക്കോൽ സത്യത്തിെൻറ വാതിൽ തുറക്കാൻ മാത്രമേ അദ്ദേഹം ഉപയോഗിച്ചുള്ളൂ.
മലങ്കര മെത്രാപ്പൊലീത്തയുടെയും പൗരസ്ത്യ കാതോലിക്കയുടെയും ആസ്ഥാനമായ കോട്ടയത്തേക്ക് പൗലോസ് ദ്വിതീയൻ ആഗതനായത് കുന്നംകുളത്തുനിന്നായിരുന്നു. മുമ്പ് മലങ്കര മെത്രാപ്പോലീത്തയായി പുലിക്കോട് ജോസഫ് മാർ ദിവന്നാസ്യോസ് ഒന്നാമനും പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസ് അഞ്ചാമനും കുന്നംകുളത്തുനിന്ന് വന്നിട്ടുണ്ടെങ്കിലും മലങ്കര മെത്രാപ്പോലീത്ത സ്ഥാനവും കാതോലിക്ക സ്ഥാനവും ഒന്നിച്ച് സ്വീകരിച്ച് സഭയെ നയിക്കാനുള്ള സൗഭാഗ്യം കുന്നംകുളം പഴഞ്ഞിമങ്ങാട് കൊള്ളന്നൂർ കെ.ഐ. ഐപ്പിെൻറയും കുഞ്ഞീറ്റയുടെയും പുത്രനായി 1946 ആഗസ്റ്റ് 30ന് ജനിച്ച കെ.ഐ. പോൾ എന്ന പൗലോസ് ദ്വിതീയനു ലഭിച്ചു.
കർഷക കുടുംബത്തിൽ ജനിച്ച താൻ വൈദിക വൃത്തിയിലേക്ക് കടന്നുവന്നത് 'ദൈവത്തിെൻറ പദ്ധതി' പ്രകാരമാണെന്ന് പൗലോസ് ദ്വിതീയൻ പറഞ്ഞിട്ടുണ്ട്. കോട്ടയം വൈദിക സെമിനാരിയിലെ വേദശാസ്ത്ര പഠനം കഴിഞ്ഞ് 26ാം വയസ്സിൽ സന്യാസപ്പട്ടം സ്വീകരിച്ച കെ.ഐ. പോൾ കുറെക്കാലം കോട്ടയത്ത് വിദ്യാർഥി പ്രസ്ഥാനത്തിെൻറ ഹോസ്റ്റലിൽ മെസ് വാർഡനായിരുന്നു. കുട്ടികൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും ഓഫീസിൽ വരുന്നവരെ സൽക്കരിക്കാനും ഇഷ്ടപ്പെട്ടിരുന്ന ഡീക്കൻ പോളിെന അന്ന് വിദ്യാർഥി പ്രസ്ഥാനത്തിെൻറ ഒരു വേദിയിലോ അതിെൻറ മുൻ നിരയിലോ ആരും കണ്ടിരുന്നില്ല. 1972ൽ യൂഹാനോൻ മാർ സേവേദിയോ മെത്രാപ്പോലീത്തയിൽനിന്ന് വൈദിക പട്ടം ലഭിച്ചു. എറണാകുളം പള്ളിയിൽ സഹവികാരിയായി എട്ടു വർഷം പ്രവർത്തിച്ച ശേഷം 36ാം വയസ്സിൽ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു. സഭയിൽ മെത്രാനാകാനുള്ള പ്രായം 40 വയസ്സായിരിക്കെ, ഫാദർ പോളിനെ തേടി ദൈവ വിളി എത്തുകയായിരുന്നു. 'ദൈവം എന്നോടൊപ്പമുണ്ടെന്ന ആത്മ വിശ്വാസമാണ് ആകെയുള്ള കൈമുതൽ' എന്നായിരുന്നു പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ 1985ൽ മെത്രാൻ പട്ടം സ്വീകരിച്ച അദ്ദേഹത്തിെൻറ കാഴ്ചപ്പാട്.
മലങ്കര സഭയിൽ വിപ്ലവകരമായ കാൽവെപ്പ് നടത്തിയാണ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ഭരണം സമാരംഭിച്ചത്. പള്ളി പൊതുയോഗങ്ങളിൽ 21 വയസ്സ് പൂർത്തിയായ വനിതകൾക്ക് പൂർണ പ്രാതിനിധ്യം നൽകിക്കൊണ്ട് 2011ൽ അദ്ദേഹം സഭയുടെ ഭരണഘടന േഭദഗതി ചെയ്തു. അതോടെ ഇടവക കുലത്തിൽ സെക്രട്ടറി, കൈക്കാരൻ, മാനേജിങ് കമ്മിറ്റി എന്നീ സ്ഥാനങ്ങൾക്കും വനിതകൾ അവകാശികളായി.
സഭയിൽ നൈതികമായ സമാധാനം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി അക്ഷീണം യത്നിക്കുകയും ചെയ്തു. സഭക്ക് അനുകൂലമായി ലഭിച്ച കോടതി വിധികൾ രാഷ്ട്രീയത്തിൽ മുങ്ങി സമാധാന ശ്രമങ്ങൾ മന്ദഗതിയിലായത് അദ്ദേഹത്തെ വേദനിപ്പിച്ചു. പ്രതിരോധ പ്രാർഥനയിലും ഉപവാസത്തിലുമാണ് അദ്ദേഹം ഏറെ നാൾ ചെലവഴിച്ചത്. ഞാലിയാകുഴി ദയറയിൽ ദിവസങ്ങളോളം അദ്ദേഹം മൗന വ്രതത്തിൽ ഇരുന്നു.
ഇദ്ദേഹത്തിെൻറ കാലത്ത് ലോകത്തിലെ വിവിധ സഭകളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനുള്ള അവസരമുണ്ടായി. കോപ്റ്റിക് സഭയിലെ േപാപ്പ് ആയ തൊവോദ്രോസ് ദ്വിതീയന്റെ സ്ഥാനാരോഹണത്തിൽ പങ്കാളിയാകാൻ 2012ൽ ഈജിപ്തിലും എത്യോപ്യൻ പാത്രിയാർക്കീസ് ആബൂനാ മത്ഥ്യാസിെൻറ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ 2013ൽ എേത്യാപ്യയിലും അദ്ദേഹം എത്തി.
അർമേനിയൻ വംശഹത്യയിൽ വധിക്കെപ്പട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷയിൽ പങ്കെടുക്കാൻ 2015ൽ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സുപ്രീം കാതോലിക്ക കരേക്കിൻ ദ്വിതീയൻ ഇദ്ദേഹത്തെ ക്ഷണിച്ചു. ഓറിയൻറൽ ഓർത്തഡോക്സ് സഭകളുടെ തലവന്മാരുമായി പൗലോസ് ദ്വിതീയൻ അന്ന് നടത്തിയ ചർച്ചകളിൽ അന്ത്യോഖ്യ പാത്രിയാർക്കീസും പങ്കെടുത്തിരുന്നു. നിലച്ചുപോയ ഓറിയൻറൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ പുനരുദ്ധാരണത്തിന് അത് തുടക്കംകുറിച്ചു. അന്ത്യോഖ്യൻ സുറിയാനി കാതോലിക്ക പാത്രിയാർക്കീസ് ഇദ്ദേഹത്തെ ലബനോനിൽ വെച്ച് സ്വീകരിച്ചതും കാൻറർബറി ആർച് ബിഷപ് ഇംഗ്ലണ്ടിലെ ലാംബാത്ത് കൊട്ടാരത്തിൽവെച്ച് സ്വീകരിച്ചതും 2017ൽ ജർമനിയിലെ ഇവാഞ്ചലിക്കൽ സഭകൾ മാർട്ട്സ് ലൂതറിെൻറ മത നവീകരണത്തിെൻറ 500 ാം വാർഷികത്തിന് ക്ഷണിച്ചതും മലങ്കര സഭയുടെ അന്തർ സഭാ ബന്ധങ്ങൾക്ക് പുതുജീവൻ പ്രദാനം ചെയ്തു. 2013ൽ ഫ്രാൻസിസ് മാർപാപ്പയുടെ അതിഥിയായി പൗലോസ് ദ്വിതീയൻ വത്തിക്കാനിലെത്തി. രണ്ട് ദിവസത്തെ താമസത്തിനുശേഷം രാവിലെ അഞ്ചര മണിക്ക് മടങ്ങിയപ്പോൾ വത്തിക്കാനിലെ പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ യാത്രയാക്കാൻ ഇറങ്ങി വന്നത് പൗലോസ് ദ്വിതീയന്റെ പ്രകാശപൂർണമായ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു.
ആർദ്രതയും കനിവും ആ വ്യക്തിത്വത്തിെൻറ ചോദനകളായിരുന്നു. 2016ൽ പരുമലയിൽ അദ്ദേഹം സ്ഥാപിച്ച കേരളത്തിലെ ഏറ്റവും വലിയ കാൻസർ സെൻറർ, വേദനിക്കുന്ന എത്രയോ ആളുകൾക്ക് കാരുണ്യം പകർന്നു. നിർധന രോഗികൾക്ക് 'സ്നേഹസ്പർശം' എന്നൊരു പദ്ധതിയും അദ്ദേഹം തുടങ്ങി. 'മരുഭൂമിയിലെ വിരുന്നുഭോജനം' എന്ന പുസ്തകത്തിൽ ക്രിസ്തുവിെൻറ ഉദാത്ത ഭാവനയായ മനസ്സലിവിനെപ്പറ്റി വിവരിക്കുന്നുണ്ടദ്ദേഹം.സ്വന്തം ജീവിതത്തിലും ആ മനസ്സലിവ് ആവാഹിക്കാൻ ഈ ഒരു അധ്യാത്മിക പുരുഷന് സാധിച്ചു. 'വചനം വിടരുന്നു', 'വിനയസ്മിതം', 'നിഷ്കളങ്കതയുടെ സൗന്ദര്യം', 'അനുഭവങ്ങൾ ധ്യാനങ്ങൾ' എന്നിങ്ങനെയുള്ള മറ്റ് രചനകളുടെ അടിസ്ഥാന രസവും ഈ മനസ്സലിവിെൻറ അനുഭവമാണ്. ഒരു ആത്മീയ നായകനായി നിലകൊള്ളുേമ്പാൾ മനുഷ്യ ബന്ധങ്ങളുടെ സമസ്ത മേഖലകളെയും രൂപാന്തരപ്പെടുത്താൻ കഴിഞ്ഞതാണ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ ജീവിത വിജയം. അത്തരമൊരു മഹാ തേജസ്സിനെയാണ് നമുക്കിപ്പോൾ നഷ്ടമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.