2019നുശേഷം കേരളത്തിൽ വിവിധ ക്രൈസ്തവ സഭകളുമായി അടുപ്പമുണ്ടാക്കാൻ ബി.ജെ.പി നേതൃത്വം ശ്രമം നടത്തിയിരുന്നു. ഇത് തൃശൂർ പോലുള്ള മണ്ഡലങ്ങളിൽ ഗുണംചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു.
പുതുമകൾ ഒന്നുമില്ലെങ്കിലും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നീ നാലു മണ്ഡലങ്ങളിലാണ്. നാലും ത്രികോണമത്സര സാധ്യതയുള്ളവ. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണി കേന്ദ്രനേതാക്കളെ ഇറക്കി പ്രചാരണം കൊഴുപ്പിക്കുന്നുണ്ടെങ്കിലും അക്കൗണ്ട് തുറക്കാനാകുമെന്ന തോന്നൽ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും കേരളസമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിൽ ബി.ജെ.പി നേതൃത്വം വിജയിച്ചിരിക്കുന്നു.
എൻ.ഡി.എയുടെ ഓരോ ചുവടും രാജ്യത്തുനിന്ന് കോൺഗ്രസിനെ ഉന്മൂലനം ചെയ്യുക-കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തോടെയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽതന്നെ ഏറ്റവും കൂടുതൽ സീറ്റ് കോൺഗ്രസിന് സമ്മാനിച്ച സംസ്ഥാനമാണ് കേരളം. ആ കേരളത്തിൽ പാർട്ടി കണ്ണുവെച്ചിരിക്കുന്നു എന്നറിയിക്കാനാണ് ഇക്കുറി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽതന്നെ കേരളത്തിലെ പ്രചാരണം തുടങ്ങിയത്.
സാധാരണഗതിയിൽ കേരളത്തിൽ ത്രികോണ മത്സരമുണ്ടാകുന്ന മണ്ഡലങ്ങളിലും അനുബന്ധ മണ്ഡലങ്ങളിലുമായി കേൾക്കാറുള്ള ആക്ഷേപമാണ്, ‘കോലീബി’ (കോൺഗ്രസ്^ലീഗ്^ബി.ജെ.പി സഖ്യം) എന്നത്. പണ്ട്, അങ്ങനെ സംഭവിച്ചിട്ടുമുണ്ട് എന്നത് ചരിത്രസത്യമാണ്. ഇക്കുറി ചിലയിടത്ത് സി.പി.എം^ബി.ജെ.പി സഖ്യമുണ്ടെന്ന ആരോപണം യു.ഡി.എഫാണ് ഉന്നയിക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ ശ്രമിക്കുന്ന സി.പി.എമ്മിന് ഈ പ്രചാരണം വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ബി.ജെ.പിയുടെ ചില സ്ഥാനാർഥികൾ ശക്തരാണെന്നതും കേരളത്തിൽ പലയിടത്തും ഇടതുമുന്നണിയും എൻ.ഡി.എയും തമ്മിലാണ് മത്സരമെന്നും മറ്റുമുള്ള ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജന്റെ ചില പരാമർശങ്ങൾ കോൺഗ്രസ്-ലീഗ് നേതാക്കൾ എടുത്തുകാണിക്കുന്നു. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറുമായി ഇ.പി. ജയരാജന് വ്യാപാരബന്ധം ഉണ്ടെന്ന ആരോപണവും യു.ഡി.എഫ് ഉയർത്തി. ആരോപണങ്ങളെ തുടർന്ന് വൈദേഹി റിസോർട്ടിലെ തന്റെ ഭാര്യയുടെ പങ്കാളിത്തം പൂർണമായും ഒഴിവാക്കുമെന്ന് ഇടതുമുന്നണി കൺവീനർക്ക് പറയേണ്ടിവന്നു.
തുടക്കത്തിൽതന്നെ വടകരയിലും തൃശൂരും ബി.ജെ.പി^സി.പി.എം സഖ്യമുണ്ടാകുമെന്ന സംശയം കോൺഗ്രസിൽ ഉടലെടുത്തതാണ്, കെ. മുരളീധരന്റെ മണ്ഡലമാറ്റത്തിനു കാരണമായത്. വടകരയിൽ എൻ.ഡി.എ, (വടകര പണ്ട് കോലീബി സഖ്യത്തിൽ കുപ്രസിദ്ധമായ അതേ മണ്ഡലം) സി.പി.എമ്മിനും പകരമായി തൃശൂരിൽ സി.പി.എം എൻ.ഡി.എ സ്ഥാനാർഥിക്കും വോട്ടുമറിക്കുമോ എന്ന സംശയം യു.ഡി.എഫിൽ രൂഢമൂലമായിരുന്നു. അതോടനുബന്ധിച്ച് എന്നോണം മുരളീധരന്റെ സഹോദരിയും കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് കാലുമാറിയതും കോൺഗ്രസ് നേതൃത്വം കൂട്ടിവായിച്ചു. അണികളോ സ്വാധീനമോ ഇല്ലെങ്കിലും അനിൽ ആന്റണിയും പത്മജയും ബി.ജെ.പിലേക്കു പോയത് സാങ്കേതികാർഥത്തിൽ കോൺഗ്രസിന് ക്ഷീണമാണ്. അതേസമയം, പാർട്ടി നേതൃത്വത്തോട് ഉടക്കിനിന്നിരുന്ന എസ്. രാജേന്ദ്രൻ ബി.ജെ.പിയിലെത്തുന്നു എന്ന് ആരോപണമുയർന്നപ്പോൾ തന്നെ അതിനു തടയിടാൻ ശക്തമായ പരിശ്രമമാണ് സി.പി.എം നേതൃത്വം സ്വീകരിച്ചത്.
2019ലേതുപോലെ ശക്തമായ തരംഗമുണ്ടാക്കാനാവില്ലെങ്കിലും വലിയ നേട്ടം ഇക്കുറിയും ഉണ്ടാക്കാനാകുമെന്നതാണ് യു.ഡി.എഫ് പ്രതീക്ഷ. വൈകിയാണ് പ്രചാരണം തുടങ്ങിയതെങ്കിലും സ്ഥാനാർഥികളെല്ലാം സുപരിചിതരാണ് എന്നതാണ് അവരുടെ ആശ്വാസം.
സി.പി.എമ്മിനും ഈ തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്. വോട്ടിങ് ശതമാനം ആറു വരെയെങ്കിലും വർധിച്ചാലേ ദേശീയ കക്ഷിയായി നിൽക്കാനാകൂ. അതിനാലാണ്, ഇക്കുറി സ്വതന്ത്രരെപ്പോലും പാർട്ടിചിഹ്നത്തിൽ മത്സരിപ്പിക്കുന്നത്. 2004ൽ ലോക്സഭയിൽ 43 അംഗങ്ങളുണ്ടായിരുന്ന സി.പി.എമ്മിന് ഇപ്പോൾ വെറും മൂന്നുപേരേയുള്ളൂ. അംഗബലം കൂടാതിരുന്നാൽ ദേശീയതലത്തിൽ അപ്രസക്തരായിത്തീരും. ഏറ്റവും ശക്തിയുള്ള കേരളമാണ് അവരുടെ വലിയ പ്രതീക്ഷ. കിട്ടാവുന്നതിൽ മികച്ച സ്ഥാനാർഥികളെയാണ് സി.പി.എമ്മും സി.പി.ഐയും രംഗത്തിറക്കിയത്.
മത്സരരംഗം കൊഴുത്തിട്ടില്ല. തരംഗങ്ങൾ ഒന്നും രൂപം കൊണ്ടിട്ടില്ല. ആ നിലക്ക് ഒന്നും പ്രവചിക്കാനും ഇപ്പോഴാകില്ല. യു.ഡി.എഫും എൽ.ഡി.എഫും തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്കുകൾക്കു പുറമേ ന്യൂനപക്ഷ വോട്ടുകളിലാണ് ഏറെ പ്രതീക്ഷ പുലർത്തുന്നത്. സി.പി.എം അത് ഏറെ മുൻകൂട്ടി കണ്ടറിഞ്ഞ് ആവശ്യമായ സാമൂഹിക നീക്കുപോക്കുകൾ നടത്തിവരുകയായിരുന്നു. എങ്കിലും ന്യൂനപക്ഷ മേഖലയിലെ തങ്ങളുടെ വോട്ടുപെട്ടിയിൽ ചോർച്ച വരില്ലെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 2019നുശേഷം കേരളത്തിൽ വിവിധ ക്രൈസ്തവ സഭകളുമായി അടുപ്പമുണ്ടാക്കാൻ ബി.ജെ.പി നേതൃത്വം ശ്രമം നടത്തിയിരുന്നു. ഇത് തൃശൂർ പോലുള്ള മണ്ഡലങ്ങളിൽ ഗുണംചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരെയുണ്ടായ അനിഷ്ട സംഭവങ്ങൾ ആവക നീക്കങ്ങൾക്ക് വലിയ തിരിച്ചടിയായി. ഒരിടക്ക് ചില സഭകൾക്ക് കേന്ദ്രഭരണക്കാരോട് തോന്നിയ പ്രതിപത്തി ഇപ്പോൾ കാണാനില്ല. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ്, യു.ഡി.എഫിന്റെ വിശ്വാസം. എന്നാൽ, സാമുദായിക സമവാക്യങ്ങൾ ഇപ്പോൾ തങ്ങൾക്ക് അനുകൂലമാണെന്ന് ഇടതുമുന്നണി നേതൃത്വം കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.