വൈ​ക്ക​ത്ത് തു​ട​ക്ക​മി​ട്ട തി​രു​ത്ത്

ക്ഷേത്രത്തിന് സമീപമുള്ള വഴികളിൽ പ്രവേശിക്കുന്നത് വിലക്കപ്പെട്ട അവർണർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുക എന്ന ആവശ്യവുമായി കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം കേന്ദ്രീകരിച്ച് 1924 മാർച്ച് 30ന് ആരംഭിച്ച സമരമാണ് 603 ദിവസം നീണ്ട വൈക്കം സത്യഗ്രഹം . അവർണർക്ക് പ്രവേശനമില്ല എന്നെഴുതിയ ബോർഡിന്റെ പരിധി കടന്ന് അവർണ - സവർണ സമുദായത്തിൽപെട്ട മൂന്ന് പേർ നിത്യേനെ ക്ഷേത്രത്തിൽ ചെല്ലുകയായിരുന്നു സമരരീതി. കുഞ്ഞാപ്പി, ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ എന്നീ യുവാക്കളാണ് ആദ്യ സത്യഗ്രഹികൾ. പൊലീസ് അവരെ തടഞ്ഞ് ജാതി ചോദിച്ച് ജയിലിലാക്കി.

കാക്കിനട കോൺഗ്രസ് സമ്മേളനത്തിൽ അയിത്തത്തിനെതിരെ പ്രമേയം അവതരിപ്പിച്ച ടി.കെ. മാധവൻ, കെ. കേളപ്പൻ, സി.വി. കുഞ്ഞിരാമൻ, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, തുടങ്ങിയവർ സത്യഗ്രഹത്തിന് നേതൃത്വം നൽകി. വെല്ലൂർ മഠം സത്യഗ്രഹികളുടെ ആശ്രമമാക്കാൻ വിട്ടു കൊടുത്ത ശ്രീനാരായണ ഗുരുദേവൻ സമരാവശ്യങ്ങൾക്കായി വലിയ തുകയും സംഭാവന നൽകി. ഒപ്പം പ്രിയ ശിഷ്യരായ സ്വാമി സത്യവർധൻ, കോട്ടുകോയിക്കല്‍ വേലായുധന്‍ എന്നിവരെയും സമരത്തിലേക്കയച്ചു.

സമരത്തിന് സവർണരുടെ പിന്തുണ ആർജിക്കാൻ മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് നടത്തിയ സവർണ ജാഥക്ക് വൻ പങ്കാളിത്തം ലഭിച്ചു. ക്ഷേത്രവഴികളിൽ ജാതിഭേദമെന്യേ എല്ലാവർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കാൽലക്ഷം സവർണർ ഒപ്പിട്ട നിവേദനം ചങ്ങനാശ്ശേരി പരമേശ്വര പിള്ളയുടെ നേതൃത്വത്തിലെ പ്രതിനിധിസംഘം റീജന്റ് മഹാറാണി സേതുലക്ഷ്മിഭായിക്ക് സമർപ്പിച്ചു.

ഡി. പത്മനാഭൻ ഉണ്ണിയുടെ ഉടമസ്ഥതയിലും എ.കെ. പിള്ളയുടെ പത്രാധിപത്യത്തിലും കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ച സ്വരാട് പത്രം സമര സന്ദേശം പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഇംഗ്ലീഷ്-ഹിന്ദി പത്രങ്ങളിലും സത്യഗ്രഹത്തെക്കുറിച്ച് വാർത്തകൾ വന്നു. സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.പി. കേശവമേനോൻ അഞ്ചു മാസം ജയിലിലായി.

വൈക്കം സത്യഗ്രഹ വേളയിലായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനം. മധുരയിൽനിന്ന് വൈക്കത്തേക്ക് ജാഥ നയിച്ച് ഇ.വി. രാമസ്വാമി നായ്കരും (പെരിയോർ) സത്യഗ്രഹത്തിന്റെ പ്രധാന ഭാഗമായി. അതേത്തുടർന്ന് വൈക്കം വീരർ എന്നാണ് പെരിയോർ അറിയപ്പെട്ടത്. അനുഭാവം പ്രകടിപ്പിച്ച് പഞ്ചാബിൽനിന്ന് ലാലാ ലാൽസിങ്ങിന്റെ നേതൃത്വത്തിൽ എത്തിയസിഖ് സംഘം സത്യഗ്രഹികൾക്ക് ഭക്ഷണമൊരുക്കാൻ സമൂഹ അടുക്കള തുറന്നു. അവിടെ നിന്നാണ് മലയാളി ആദ്യമായി ചപ്പാത്തി രുചിക്കുന്നത്.

സർക്കാർ പുറപ്പെടുവിച്ച നിരോധന ഉത്തരവുകൾ പിൻ‌വലിക്കാമെന്ന വ്യവസ്ഥയിൽ 1925 നവംബർ 23-ന് സത്യഗ്രഹം അവസാനിപ്പിച്ചു. അന്നുമുതൽ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ നട ഒഴികെ മറ്റെല്ലാ നിരത്തുകളും ജാതിഭേദമെന്യേ തുറന്നുനൽകി. വൈക്കം സത്യഗ്രഹത്തിന് പിന്നാലെ 1928ൽ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും എല്ലാവർക്കുമായി തുറന്നുകൊടുത്ത് വിളംബരമിറക്കി.

Tags:    
News Summary - Correction started in Vaikom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.