പക ഉൽപാദിപ്പിക്കുന്ന  ഫാക്​ടറിയോ രാഷ്​ട്രം? 

നരേ​​ന്ദ്ര മോദിയുടെ വലതുപക്ഷ സർക്കാർ പൗരജീവിതം ഇത്രമേൽ ദുസ്സഹമാക്കുമെന്നോ രാജ്യത്തിന്​ ഇത്രയേറെ കോട്ടങ്ങൾ സൃഷ്​ടിക്കുമെന്നോ മുൻകൂട്ടി കാണാൻ പലർക്കും സാധിച്ചില്ല.  അതിനാൽ, സമകാല ഭാരതത്തിലെ ദുരവസ്​ഥക്കു മുന്നിൽ അവർ അമ്പരപ്പോടെ നിൽക്കുന്നു. സ്വാഭിപ്രായം പക്ഷപാതരഹിതമായി പ്രകടിപ്പിക്കുന്നതി​​​െൻറ പേരിൽ ഉന്നത ബുദ്ധിജീവികൾപോലും വധിക്കപ്പെടുന്നു. സ്​ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സ്​തംഭിപ്പിക്കപ്പെടുന്നു. അക്കാദമികൾ  ഉന്മൂലനം ചെയ്യപ്പെടുന്നു. ആസൂത്രിതമായാണ്​ ഇത്തരം കുത്സിത പദ്ധതികൾ നടപ്പാക്കുന്നത്​.

വയോധികനായ ആക്ടിവിസ്​റ്റ്​ സ്വാമി അഗ്​നിവേശിനെതിരെ കഴിഞ്ഞയാഴ്​ചയുണ്ടായ കൈയേറ്റം  നോക്കുക. ഝാർഖണ്ഡിൽവെച്ചാണ്​ ഇൗ 80കാരനെ വലതുപക്ഷ ഗുണ്ടകൾ കൈയേറ്റം ചെയ്​തത്​. അഗ്​നിവേശ്​ എന്തുകൊണ്ട്​ ആക്രമിക്കപ്പെട്ടു? ഗിരിവർഗക്കാരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്​ദിച്ചതുകൊണ്ട്​, അധഃസ്​ഥിതരുടെ ആവലാതികൾ ഉന്നയിച്ചതു​െകാണ്ട്​. സമൂഹത്തിലെ ദുർബലർക്കും പാർശ്വവത്​കൃതർക്കുംവേണ്ടി സംസാരിക്കുന്നത്​ പാപകൃത്യമാണോ? ജനക്ഷേമത്തിനുവേണ്ടി  രംഗപ്രവേശം ചെയ്യുന്നവരെ അടിച്ചൊതുക്കുകയാണോ വേണ്ടത്​​? ഇത്തരം അപലപനീയ കൃത്യങ്ങൾക്ക്​ ഭരണകർത്താക്കൾ പ്രത്യക്ഷത്തിലോ പരോക്ഷമായോ ഒത്താശകൾ നൽകുന്നു  എന്നതാണ്​ കൂടുതൽ ആശ്ച​ര്യകരം. രാജ്യത്തിനും ജനങ്ങൾക്കും ദ്രോഹകരമായ തീരുമാനങ്ങൾ നടപ്പാക്കുന്ന ഭരണാധികാരികളെ ചോദ്യംചെയ്യാൻ ധൈര്യം കാട്ടുന്നവരെ പച്ചക്ക്​ തല്ലിച്ചതക്കാൻ  ഗുണ്ടകളെ കെട്ടഴിച്ചുവിടുന്നത്​ ഏതു പാർട്ടിക്കാണ്​ ഭൂഷണമാവുക? എന്നാൽ, ഇത്തരം ഇരുണ്ട  യാഥാർഥ്യങ്ങളെ അഭിസംബോധന ചെയ്യാനോ ജനകീയ പ്രശ്​നങ്ങൾക്ക്​ പരിഹാരം കണ്ടെത്താനോ  അധികാരികൾ സന്നദ്ധമാകുന്നില്ല.

അതേസമയം, രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്യാനുള്ള മാർഗങ്ങൾ  ആരായാൻ കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധി ഏതാനും മുസ്​ലിം സംഘടന നേതാക്കളെ കണ്ടതിനെ ചൊല്ലി വിവാദം സൃഷ്​ടിക്കാനാണ്​ ഇപ്പോഴ​െത്ത ശ്രമങ്ങൾ. ഒരു ജനാധിപത്യരാജ്യത്തെ ഏതു രാഷ്​ട്രീയനേതാവും ചെയ്യേണ്ട സ്വാഭാവികനടപടി മാത്രമായിരുന്നു രാഹുൽ ഗാന്ധിയുടേത്​​. സർവമണ്ഡലങ്ങളിലും പിന്നാക്കാവസ്​ഥ അഭിമുഖീകരിക്കുന്ന സമൂഹമായി തുടരുകയാണ്​ മുസ്​ലിംകൾ എന്നത്​ സർവർക്കും അറിയാവുന്ന വാസ്​തവമായിരിക്കെ അവരുമായി  നടത്തുന്ന സംഭാഷണങ്ങൾ സവിശേഷ പ്രസക്​തി അർഹിക്കുന്നു. കഴിഞ്ഞ നാലുവർഷത്തിനിടെ  മുസ്​ലിംകളുടെ നില കൂടുതൽ വഷളായിട്ടുമുണ്ട്​. പല പ്രദേശങ്ങളിലും അവരുടെ അസ്​തിത്വം വരെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ആൾക്കൂട്ടത്തി​​​െൻറ അടിച്ചുകൊല്ലലുകളിൽ ഏറ്റവും കൂടുതൽ മരണപ്പെടുന്നത്​ മുസ്​ലിംകളാണ്​. എന്നാൽ, ഇത്തരം പ്രശ്​നങ്ങൾക്കുനേരെ കണ്ണടക്കുന്നതാണ്​ സുഖകരം. അതേസമയം, ഇസ്​ലാം വിലക്കിയ മുത്തലാഖിനെ രാജ്യത്തെ ഏറ്റവും നീറുന്ന പ്രശ്​നമായി  ഉയർത്തിക്കാട്ടാൻ ഭരണവർഗത്തിന്​ സാധിച്ചു.

രാജ്യത്തെ മുസ്​ലിംസമൂഹത്തി​​​െൻറ പിന്നാക്കാവസ്​ഥ അന്വേഷിക്കാൻ നിയുക്​തരായ സച്ചാർകമ്മിറ്റിയും അമിതാഭ്​​കുണ്ഡുകമ്മിറ്റിയും സമർപ്പിച്ച റിപ്പോർട്ടുകൾ നിങ്ങളിൽ എത്രപേർ വായിച്ചിരിക്കും എന്നറിയില്ല. അന്വേഷണത്തിലെ കണ്ടെത്തലുകളും ശിപാർശകളും അടങ്ങിയ റിപ്പോർട്ട്​ സച്ചാർ കമ്മിറ്റി 2006 നവംബറിൽ തന്നെ ലോക്​സഭയിൽ സമർപ്പിക്കുകയുണ്ടായി. അഥവാ, റിപ്പോർട്ട്​ സമർപ്പണത്തിനുശേഷം 12 ദീർഘ വർഷങ്ങൾ കടന്നുപോയിരിക്കുന്നു. കുണ്ഡു കമീഷൻ റിപ്പോർട്ട്​ 2014ലും സമർപ്പിക്കപ്പെട്ടു. കുണ്ഡു  കമീഷ​​​െൻറ ശിപാർശകൾ നടപ്പാക്കാൻ  സർക്കാർ എന്തുകൊണ്ട്​ തയാറാകുന്നില്ല എന്ന്​ ഞാൻ പ്രഫസർ കുണ്ഡുവിനോട്​ ആരാഞ്ഞു. സംവരണകാര്യത്തിൽ മുസ്​ലിം ​േക്വാട്ട നികത്തപ്പെടാതിരിക്കുന്നത്​ വലിയ പ്രശ്​നമല്ലേ എന്നും ഞാൻ തിരക്കി. ഇപ്രകാരമായിരുന്നു അദ്ദേഹത്തി​​​െൻറ മറുപടി:

‘അതേ, സംവരണപ്രശ്​നം തന്നെയായിരുന്നു ആ റിപ്പോർട്ടിൽ പ്രധാന പരാമർശം നേടിയിരുന്നത്​. ക്രൈസ്​തവരിലെയും മറ്റും പട്ടികജാതി പട്ടികവിഭാഗങ്ങൾക്ക്​ ഉയർന്ന സംവരണം ലഭിക്കു​േമ്പാൾ  മുസ്​ലിംകളിലെ ഇത്തരം വിഭാഗങ്ങൾ സംവരണ ആനുകൂല്യങ്ങളിൽനിന്ന്​ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.  ഇൗ നീതിനിഷേധം എന്തുകൊണ്ടാണ്​? പല ദിക്കിലും പട്ടികവിഭാഗങ്ങളേക്കാൾ സാമ്പത്തിക ദുസ്​ഥിതിയിലാണ്​ മുസ്​ലിംകൾ. ചികിത്സ, വിദ്യാഭ്യാസം, മറ്റു​ പൊതുസൗകര്യങ്ങൾ എന്നിവ പലേടത്തും  മുസ്​ലിംവിഭാഗങ്ങൾക്ക്​ പ്രാപ്യമാകുന്നില്ല.’

ഇൗ ദൈന്യസ്​ഥിതിക്ക്​ പരിഹാരം നിർദേശിക്കുന്ന ശിപാർശകൾ നടപ്പാക്കാൻ സർക്കാർ  എന്തുകൊണ്ട്​ കൂട്ടാക്കുന്നില്ല എന്ന എ​​​െൻറ ചോദ്യത്തിന്​ യുപി.എ സർക്കാറി​​​െൻറ കാലത്തായിരുന്നു കമീഷൻ നിയോഗികപ്പെട്ടതെന്നും റിപ്പോർട്ട്​ ലോക്​സഭയിൽ സമർപ്പിച്ചത്​ എൻ.ഡി.എയുടെ ഭരണത്തിലാണെന്നും കുണ്ഡു  ചൂണ്ടിക്കാട്ടി.  മുസ്​ലിം പിന്നാക്കാവസ്​ഥക്ക്​ പരിഹാരം കാണാനുള്ള  പദ്ധതികളൊന്നും എൻ.ഡി.എ അജണ്ടകളിൽ കാണാനില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ്​ നേട്ടങ്ങളിൽ ​മാത്രം കണ്ണുനടുന്ന ബി.ജെ​.പി​ മുസ്​ലിം ക്ഷേമത്തിനുവേണ്ടി പലതും  ചെയ്യാനുള്ള ഇച്ഛാശക്​തി പ്രകടിപ്പിക്കുമെന്ന്​ പ്രതീക്ഷിക്കുന്നത്​ മൗഢ്യമായിരിക്കും. 

മുസ്​ലിം പിന്നാക്കാവസ്​ഥയുടെ കാരണങ്ങളും പ്രതിവിധികളും ചൂണ്ടിക്കാട്ടിയ കമീഷൻ  റിപ്പോർട്ടുകൾക്കൊപ്പം മുസ്​ലിം സാമൂഹിക-സാമ്പത്തിക പതിതാവസ്​ഥയിലേക്ക്​ വെളിച്ചംവീശുന്ന നിരവധി അക്കാദമിക പഠനങ്ങളും പ്രബന്ധങ്ങളും ഇതിനകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഒാരോ ലഹളക്കുശേഷവും കൂടുതൽ തിരിച്ചടി കിട്ടുന്നത്​ മുസ്​ലിംകൾക്കാണെന്ന വസ്​തുത ഇതോട്​  ചേർത്തുവായിക്കണം. തൽപരകക്ഷികളാൽ സൃഷ്​ടിക്കപ്പെടുന്ന ഒാരോ ലഹളയുടെ സന്ദർഭങ്ങളിലും  സർക്കാർ മെഷിനറിയുടെ അന്ധമായ പക്ഷപാതിത്വം അസ്​ഗർ അലി എൻജിനീയർ, വി.എൻ. റായ്​  തുടങ്ങിയവരുടെ പഠനങ്ങൾ വിശദമായി ക​െണ്ടത്തിയത്​ ഒാർമിക്കുക.

ന്യൂനപക്ഷക്ഷേമത്തിന്​ പ്രത്യേകം മന്ത്രാലയംതന്നെ പ്രവർത്തിക്കുന്നുണ്ടത്രെ. പക്ഷേ, എന്നിട്ടും  ന്യൂനപക്ഷങ്ങളുടെ ദുരിതങ്ങൾ നാൾക്കുനാൾ വർധിക്കുന്നതായാണ്​ അനുഭവം. അപ്പോൾ  ഇത്തരമൊരു മന്ത്രാലയത്തിനു എന്തു പ്രസക്​തി? അതു​െകാണ്ട്​ ആ സംവിധാനത്തെ ശുദ്ധ  പ്രഹസനമായേ വിലയിരുത്താൻ സാധിക്കൂ. ഇനി യുവമോർച്ചയുടെ മർദനമേറ്റ സ്വാമി അഗ്​നിവേശുമായി ആദിവാസി പ്രശ്​നങ്ങളിൽ രാഹുൽ  സംഭാഷണം നടത്തി എന്നു സങ്കൽപിക്കുക. അപ്പോൾ വീണ്ടും അസഹിഷ്​ണുതയും പകയുമായി  ബി.ജെ.പി അണികൾ സ്വാമി അഗ്​നിവേശിനെ വീണ്ടും തെരുവിൽ നേരിടുമോ? ദലിത്​, ക്രിസ്​ത്യൻ-സിഖ്​​ വിഭാഗങ്ങളുമായി രാഹുൽ സംഭാഷണത്തിന്​ മുതിർന്നാൽ ബി.ജെ.പി അണികൾ അവരേയും തല്ലിച്ചതക്കുമോ?

മുസ്​ലിംനേതാക്കളുമായി രാഹുൽ നടത്തിയ സംഭാഷണ വാർത്തയോട്​ ബി.ജെ.പി നേതാക്കൾ  കുടില മനസ്സോടെയാണ്​ പ്രതികരിച്ചത്​. മുസ്​ലിംകളെ സഹപൗരന്മാരായല്ല, ശത്രുക്കളായാണ്​ അവർ  വീക്ഷിക്കുന്നത്​. വിദ്വേഷവും പകയും ഉൗതിവീർപ്പിച്ച്​ സമുദായങ്ങളെ പരസ്​പരം പോരടിപ്പിക്കുന്ന  ഭരണാധികാരികൾ നമ്മിൽ  നടുക്കം പകരുന്നു. അന്നത്തിനുള്ള വക നൽകാതെ അധികൃതർ ന​മ്മെ  വിഷമാവസ്​ഥയിലേക്കു തള്ളിവീഴ്ത്തിയാലും വിരോധമില്ല, പക്ഷേ, വിദ്വേഷപ്രചാരണവും  ജനമനസ്സുകളുടെ മലിനീകരണവും നടത്തി അധികൃതർ നമ്മെ കൊല്ലാതിരിക്ക​െട്ട. അന്തരീക്ഷ മലിനീകരണത്തേക്കാൾ ഗുരുതരമാണ്​ ഇപ്പോഴത്തെ സംസ്​കാര മലിനീകരണം.

Tags:    
News Summary - Country Produce Enmity - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.