മഹാരാഷ്ട്രയിൽ മഹാവീർ എന്ന ഹിന്ദു സമുദായാംഗം മരിച്ചപ്പോൾ, ലോക്ഡൗൺ മൂലം ബന്ധുക്കൾ എത്താതിരുന്നതിനാൽ, അയൽവാസികളായ മുസ്ലിംകൾ മൃതദേഹം ചുമലിലേറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത് മനുഷ്യമഹത്ത്വത്തിെൻറ മഹാമാതൃകയായി വാഴ്ത്തപ്പെട്ടുകണ്ടു. മതം, നിറം, നിയമം ഇത്യാദികളെ മാനദണ്ഡമാക്കി വേർതിരിക്കപ്പെടേണ്ടവരല്ല മനുഷ്യനെന്നും എല്ലാ മതങ്ങളുടെയും ശുദ്ധവും സൂക്ഷ്മവുമായ ഭാവം മനുഷ്യസ്നേഹമാണെന്നും ഏറ്റുപറയുന്നതായി ഈ കോവിഡ്കാല കാരുണ്യസ്പർശം. കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിൽപെട്ടവർക്ക് കൈത്താങ്ങേകുന്നതിന് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ഐക്യത്തോടെ പ്രവർത്തിക്കുന്നതു തന്നെയാണ് നാടിെൻറ പൊതുചിത്രം. രോഗവ്യാപനത്തിന് പ്രതിവിധിയായി ശാരീരിക അകലം നിഷ്കർഷിച്ചപ്പോഴും സേവനരേഖയിൽ പ്രകടമായ കൂട്ടായ്മ മനുഷ്യസ്നേഹത്തിെൻറയും സൗഹൃദത്തിെൻറയും പുതിയ തുരുത്തുകൾ സൃഷ്ടിക്കുന്നതായി. എന്നാൽ, ജനം ഭീതിയുടെ പിടിയിലമർന്നിരിക്കുേമ്പാൾ വർഗീയ തിമിരം ബാധിച്ച കണ്ണുകളുമായി വിഷം ചീറ്റുന്നവർ, ഏതു മതത്തിൽപെട്ടവരായാലും നടത്തുന്നത് ധാർമികതയുടെ ജീവാഹുതിയാണെന്ന് പറയാതെവയ്യ.
പെട്ടെന്നൊരു ദിവസം രാജ്യം അടച്ചുപൂട്ടുകയാൽ പണമോ ആഹാരമോ ഇല്ലാതെ ലക്ഷങ്ങൾ വഴിയിൽ അനാഥരായി. തിരിച്ചറിയൽരേഖകളുടെ അഭാവത്തിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാകാതെയും തൊഴിൽ നഷ്ടപ്പെട്ടും പട്ടിണികിടക്കുന്ന വലിയ കൂട്ടങ്ങൾ വേറെയും. ഇതിെൻറ അനന്തരഫലമായിരുന്നു ലോക്ഡൗൺ നീട്ടിയതറിഞ്ഞ് അസ്വസ്ഥരായി, മുംബൈ ബാന്ദ്രയിലും ഗുജറാത്തിലെ സൂറത്തിലുമൊക്കെ തടിച്ചുകൂടിയ അന്തർസംസ്ഥാന തൊഴിലാളികളുടെ മുറവിളി. ബിഹാറിലെ ജഹാനാബാദിൽ ആംബുലൻസ്കൊടുക്കാതിരുന്നതുമൂലം 45 കിലോമീറ്ററിനപ്പുറമുള്ള പട്ന ആശുപത്രിയിലേക്ക് പിഞ്ചോമനയുമായി നടന്ന മാതാവിെൻറ കൈയിലിരുന്ന് പിടഞ്ഞുമരിച്ച മൂന്നു വയസ്സുകാരിയും വീട്ടിലേക്കുള്ള കൊടും വെയിലിലെ നടത്തത്തിനിടയിൽ 200 കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ഡൽഹി-ആഗ്ര ഹൈവേയിൽ തളർന്നുവീണ് മരിച്ച ഹോട്ടൽതൊഴിലാളി രൺവീർസിങ്ങും ഒടുവിൽ വീട്ടിലേക്കുള്ള വഴിയിൽ നാൽപതു കിലോമീറ്റർ നടന്നുതളർന്ന് റെയിൽപാളത്തിൽ ഉറങ്ങിയവരെ ട്രെയിൻ ചതച്ചരച്ചതു വരെ ലോക്ഡൗൺകാലത്തെ മറുപടിയില്ലാത്ത വീഴ്ചകളുടെ രക്തസാക്ഷികളിൽ ചിലർ മാത്രം. മനുഷ്യനെ പരിമിതികൾ എന്തെന്ന് പഠിപ്പിക്കുന്നതായി ഇക്കാലം. രാജ്യങ്ങളുടെ മാത്രമല്ല, ജില്ലകളുടെപോലും അതിർത്തികൾ അടഞ്ഞു.
എല്ലാം വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയിൽ പ്രഭാതഭക്ഷണം അമേരിക്കയിലും അത്താഴം ചൈനയിലുമൊക്കെയായി പാഞ്ഞുനടന്നവർ ജീവിതം വീടുകളിൽ തളച്ചിട്ടു. ലോകമെമ്പാടുമുള്ള ആരാധനാലയങ്ങൾ പൂട്ടിക്കിടക്കുന്ന ഇതുപോലൊരവസ്ഥ ചരിത്രത്തിൽ ആദ്യം. സർവ മനുഷ്യരും ഒരുപോലെയെന്ന മതദർശനങ്ങളുടെ അകംപൊരുൾ ഓർമപ്പെടുത്തുന്നതായി കോവിഡ്കാല അനുഭവങ്ങൾ. പദവിയുടെ വലുപ്പമോ പണത്തിെൻറ തൂക്കമോകൊണ്ട് മനുഷ്യരെ വിലയിരുത്തുന്നതും മതം മാനദണ്ഡമാക്കി മാറ്റിനിർത്തുന്നതും അർഥശൂന്യമെന്ന് ഇക്കാലം ചൂണ്ടിക്കാട്ടുന്നു. ഭൗതിക നേട്ടങ്ങൾക്കപ്പുറമാണ് മനുഷ്യെൻറ മൂല്യമെന്നും കൊട്ടാരത്തിലും കുടിലിലും കഴിയുന്നവരുടെ ജീവെൻറ വില ഒന്നുതന്നെയെന്നും വൈറസ് വ്യാപനം അടിവരയിട്ടു പറയുന്നു. ധനാധിപത്യംകൊണ്ട് അഹങ്കരിച്ച പാശ്ചാത്യരാജ്യങ്ങൾ കോവിഡിനു മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്ന കാഴ്ച, എപ്പോൾ എവിടെയും എന്തും സംഭവിക്കാമെന്ന് മനുഷ്യരാശിക്കുള്ള മുന്നറിയിപ്പായി. ദീർഘകാലമായി സോഷ്യലിസ്റ്റ് പാതയിൽനിന്ന് വ്യതിചലിച്ച് മുതലാളിത്തമാർഗങ്ങൾ പിൻപറ്റുകയും കോർപറേറ്റ് ഇംപീരിയലിസത്തെ വഴിവിട്ട് വളർത്തുകയും ചെയ്യുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങൾക്കാകട്ടെ, ഇത് പുനർചിന്തക്കുള്ള സമയമാണ്.
ഇനിയും പ്രതിവിധി കണ്ടെത്താനാകാതെ മഹാമാരിക്കെതിരെ സ്വജീവൻ തൃണവൽഗണിച്ചും പൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ സ്നേഹപരിചരണം വിലമതിക്കാനാവാത്തതെന്ന് രോഗമോചനം നേടിയവർ സാക്ഷ്യപ്പെടുത്തുന്നത് കനിവാർന്ന മുഖങ്ങൾക്കുള്ള അംഗീകാരമാണ്. കാസർകോട് ഇന്ത്യക്കാകെ മാതൃകയെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ വെളിപ്പെടുത്തൽ ഇവരോടൊപ്പം നാടിെൻറയും അഭിമാനമായി. അപ്പോഴും രാജ്യതലസ്ഥാനത്ത് കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാരെ, മതിയായ ഭക്ഷണവും സുരക്ഷയും നൽകാതെ ദുരിതക്കയങ്ങളിലേക്ക് തള്ളിയിടുകയായിരുന്നുവെന്നോർക്കണം.
കോവിഡ്കാലത്ത് വിവാഹംപോലുള്ള ചടങ്ങുകളിൽ പ്രകടമായ ലാളിത്യവും ഭക്ഷണത്തിൽവന്ന മിതത്വവും മതം അനുശാസിക്കുന്ന സോഷ്യലിസ്റ്റ് ദർശനങ്ങൾക്ക് ഇണങ്ങുന്നതായി. വാഹനങ്ങളുടെ ദുരുപയോഗം ഒഴിവാക്കുകവഴി സാമ്പത്തിക ലാഭം മാത്രമല്ല, അപകടങ്ങൾ, അന്തരീക്ഷ മലിനീകരണം എന്നിവയും വലിയ തോതിൽ കുറക്കാനായി. മദ്യ വിതരണം നിർത്തിവെച്ചതു മൂലമുണ്ടായ ആരോഗ്യ സംരക്ഷണവും കുറ്റകൃത്യങ്ങളുടെ കുറവും വീടുകളിലെ സ്വച്ഛതയും ലോക്ഡൗൺ കാലത്തെ കാഴ്ചയായി. സാമ്പത്തികനേട്ടം ലക്ഷ്യമാക്കി നിയന്ത്രണങ്ങളുടെ കെട്ടുകൾ പൂർണമായും അഴിച്ചുമാറ്റുന്നതിനു മുമ്പ് പലവട്ടം ചിന്തിക്കണമെന്ന് ഈ അനുഭവങ്ങൾ സർക്കാറിനെ ഓർമപ്പെടുത്തുന്നു.
സാമൂഹിക, സാമ്പത്തിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൈവരിക്കാനാകുമെന്ന് ഈ കാലഘട്ടം ഏറ്റുപറയുന്നു. അകപ്പെടാൻപോകുന്ന സാമ്പത്തികച്ചുഴിയിൽനിന്ന് കരകയറാൻ പണലഭ്യതയുടെ വഴികൾ കണ്ടെത്തുന്നതിനോടൊപ്പം പ്രവൃത്തിദിവസം ആഴ്ചയിൽ അഞ്ചായി കുറക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനും അധിക തസ്തികകൾ നിർത്തലാക്കാനും അനാവശ്യ സ്ഥാപനങ്ങൾ, അലങ്കാരപദവികൾ, ആഡംബരങ്ങൾ തുടങ്ങിയ ദുർവ്യയങ്ങൾ ഒഴിവാക്കാനും സർക്കാർ സന്നദ്ധമാകണം. വരാനിരിക്കുന്ന തകർച്ചയുടെ നാളുകളിൽ മുതലാളിത്ത ലോകവും ലാഭേച്ഛയുടെ ആധിപത്യവും ഉയർത്താൻപോകുന്ന വെല്ലുവിളികളെ നേരിടാൻ ലോക്ഡൗൺ വേളയിൽ രൂപപ്പെട്ട സാമൂഹിക, സാമ്പത്തിക ക്രമങ്ങൾ ആയുധമാകണം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.