അനേക ലക്ഷങ്ങളെ തൊഴിൽരഹിതരാക്കിക്കൊണ്ടും പാരിസ്ഥിതികാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടും അസംഖ്യം തൊഴിലാളി കുടുംബങ്ങളെ ചേരികളിലേക്കും നഗരപ്രാന്തങ്ങളിലേക്കും ആട്ടിപ്പായിച്ചുകൊണ്ടുമാണ് നവമുതലാളിത്തം മുന്നോട്ടു കുതിക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന മെയ്ദിന മുദ്രാവാക്യം ഇന്ന് പഴഞ്ചൊല്ല് മാത്രം. അസംഘടിത തൊഴിലാളികളും ഇതരദേശ തൊഴിലാളികളും വീട് വ്യവസായമാക്കി പ്രവർത്തിക്കുന്ന സ്ത്രീകളും ഇന്ന്അ ധ്വാനിക്കുന്നത് പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ്
ഒരു മലവെള്ളപ്പാച്ചിൽപോലെ ഭീതിദമായ മൂലധന കുത്തൊഴുക്കാണ് ആഗോളവത്കരണം സൃഷ്ടിച്ചത്. ദേശാതിർത്തികളെയും ഭൂഖണ്ഡാന്തരങ്ങളെയും അതിലംഘിച്ച് ഫിനാൻസ് മൂലധനം ലോകത്തെയാകെ ഒരൊറ്റ വിപണിയാക്കാൻ നടത്തുന്ന ശ്രമത്തിനിടയിൽ ഉയർന്നുവന്നതാണ് ക്രോണി കാപിറ്റലിസവും സർവ വ്യാപിയായ കോർപറേറ്റ് വത്കരണവും. രാഷ്ട്രീയാധികാരകേന്ദ്രങ്ങളും കോർപറേറ്റുകളും ഒരൊറ്റ ഭൗതിക സംയുക്തമായി പ്രവർത്തിക്കുന്ന ക്രോണി കാപിറ്റലിസം ലോകത്ത് സൃഷ്ടിക്കുന്ന സാമൂഹിക- സാംസ്കാരികാഘാതങ്ങൾ ഭയാനകമാണ്. സമൂഹത്തിന്റെ സർവമേഖലകളിലും അടിമുടി ഉടച്ചുവാർത്ത് നവമുതലാളിത്തം പുതിയൊരു മൂലധനസംസ്കാരം തന്നെ നിർമിച്ചെടുത്തിരിക്കുന്നു. മൂലധനത്തിന്റെ കുത്തൊഴുക്ക് പുഷ്ടിപ്പെടുത്തുന്നത് തീരെ ചുരുക്കം വരുന്ന സമ്പന്നവർഗത്തിന്റെ സവിശേഷ സാമൂഹിക ഇടങ്ങളിൽ മാത്രമാണ്.
സാമൂഹികമായ അസമത്വം മൂർച്ഛിപ്പിച്ചുകൊണ്ടും അനേക ലക്ഷങ്ങളെ തൊഴിൽരഹിതരാക്കിക്കൊണ്ടും പാരിസ്ഥിതികാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടും അസംഖ്യം തൊഴിലാളി കുടുംബങ്ങളെ ചേരികളിലേക്കും നഗരപ്രാന്തങ്ങളിലേക്കും ആട്ടിപ്പായിച്ചുകൊണ്ടുമാണ് നവ മുതലാളിത്തം മുന്നോട്ടുകുതിക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം എന്ന മെയ്ദിന മുദ്രാവാക്യം ഇന്ന് പഴഞ്ചൊല്ല് മാത്രം.. അസംഘടിത തൊഴിലാളികളും ഇതരദേശ തൊഴിലാളികളും വീട് വ്യവസായമാക്കി പ്രവർത്തിക്കുന്ന സ്ത്രീകളും ഇന്ന് അധ്വാനിക്കുന്നത് പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെയാണ്. സംഘടിത തൊഴിലാളിവർഗത്തിന്റെ പതിന്മടങ്ങ് വരുന്ന അസംഘടിത തൊഴിലാളി വർഗത്തിന്റെ ജോലി സമയം ഇന്ന് ശരാശരി 14 മണിക്കൂർ വരെ വരും.
സാമൂഹിക മണ്ഡലത്തിൽ അണുകുടുംബഘടനയെ സുദൃഢമാക്കിക്കൊണ്ട് വിപണി വസ്തുക്കളുടെ വിൽപന കേന്ദ്രങ്ങളാക്കി, ഉപഭോഗസംസ്കാരത്തിനടിപ്പെട്ട് നീങ്ങുകയാണ് വിശേഷിച്ചും സമ്പന്നരുടെയും ഇടത്തരക്കാരുടെയും ജീവിതം. പരസ്പര സംസർഗമോ ആശയവിനിമയമോ ഇല്ലാത്ത കുടുംബസംസ്കാരമാണ് വളർന്നു വരുന്നത്. ഗ്രാമവും നഗരവും തമ്മിൽ വ്യത്യാസം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കൃഷിഭൂമി, വനം, കടലോരം തുടങ്ങിയവയെല്ലാം തകർത്തുകൊണ്ട് ഉയർന്നു വരുന്ന ഭീമൻ കെട്ടിടങ്ങളും ടൂറിസ്റ്റ് റിസോർട്ടുകളും ജനവാസമേഖലകളെയും ആവാസവ്യവസ്ഥയെയും വിഴുങ്ങുന്ന ദുരന്തചിത്രമാണ് എങ്ങും കാണുന്നത്. പാരിസ്ഥിതിക സംവാദങ്ങൾ ഞായറാഴ്ച വിനോദം മാത്രമായി ചുരുങ്ങി.
ഇതിന്റെയെല്ലാം അടിസ്ഥാന കാരണം കോർപറേറ്റ് ശക്തികൾ രാഷ്ട്രീയ കക്ഷികളുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും ധാർമികതയുടെയും മേൽ നടത്തുന്ന ധൃതരാഷ്ട്രാലിംഗനമാണ്. രാഷ്ട്രീയ സംസ്കാരത്തിൽ നിന്ന്, ധാർമികത, സത്യസന്ധത, സേവനചിന്ത, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. പകരം അവിഹിതമാർഗങ്ങളിലൂടെയും കോർപറേറ്റുകൾക്കു കീഴടങ്ങിയും ലഭ്യമാവുന്ന അളവറ്റ ധനത്തിന്റെ പങ്കുകാരായി രാഷ്ട്രീയ സമൂഹം മാറിക്കഴിഞ്ഞിരിക്കുന്നു. നടുക്കുന്ന ഈ പരിണാമത്തെ ഒരലങ്കാരമായും കാലഘട്ടത്തിന്റെ അനിവാര്യവും സ്വാഭാവികവുമായ മാറ്റമായും രാഷ്ട്രീയ സമൂഹവും പൗരസമൂഹവും ഒരുപോലെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഏറ്റവും ലജ്ജാകരവും ദാരുണവുമായ വിഷയം.
ഹിന്ദുത്വഫാഷിസത്തിന്റെ രാഷ്ട്രീയാടിത്തറ കോർപറേറ്റിസത്തിലധിഷ്ഠിതമാണെങ്കിലും സാമൂഹികാടിത്തറ ജീർണിച്ച വർണാശ്രമ ധർമവും അതിന്റെ ഭാഗമായ സവർണതയും അധഃസ്ഥിത ജാതീയ വിഭാഗങ്ങളോടും സെമിറ്റിക് മതങ്ങളോടുമുള്ള വിഷലിപ്തമായ വിദ്വേഷവുമാണ്. ഞങ്ങളുടെ രാഷ്ട്രീയാധികാരം ദൃഢമാക്കാനായി ചിലപ്പോൾ അവർ ജാതിരഹിതരെന്ന് സ്വയംവിശേഷിപ്പിക്കുകയും ബ്രാഹ്മണ്യത്തെ തള്ളിപ്പറഞ്ഞെന്നും വരും. ഇതവരുടെ ഇരട്ടനാക്കിന്റെ അപശബ്ദം മാത്രമാണ്. യഥാർഥത്തിൽ രണ്ടും അവർക്ക് വിട്ടുകളയാൻ കഴിയില്ല.
ഇന്ത്യയുടെ ബഹുസ്വരതയെയും വൈവിധ്യത്തെയും ബോധപൂർവം തകർക്കുന്ന ആർ.എസ്.എസും മോദി സർക്കാറും ലക്ഷ്യമിടുന്നത് ഹിന്ദുരാഷ്ട്ര നിർമിതിയാണ്. അതിനുവേണ്ടി ഭരണഘടനയുടെ അടിസ്ഥാന സങ്കൽപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. ബ്രാഹ്മണിസത്തിന്റെയും സവർണതയുടെയും അടിത്തറയിൽ മാത്രം ഇതു സാധ്യമല്ല. അതു കൊണ്ടാണ് ലോകമെങ്ങുമുള്ള നവമുതലാളിത്തശക്തികളുമായി അവർ കൈകോർക്കുന്നതും കോർപറേറ്റ് ശക്തികളുമായി നിരുപാധികം ഐക്യപ്പെടുന്നതും. അതിനു പുറമെ ജുഡീഷ്യറി മുതൽ സാംസ്കാരിക സ്ഥാപനങ്ങൾ വരെ കൈപ്പിടിയിലാക്കാനും ഒരുമ്പെടുന്നു.
ഒരു രാജ്യത്തെ ഭരണവർഗത്തിന്റെ രാഷ്ട്രീയനിലപാട് അവിടത്തെ ജനങ്ങളുടെ സാംസ്കാരിക ബോധത്തെ ആഴത്തിൽ സ്വാധീനിക്കുന്നുവെന്നത് സുവിദിതമാണ്. വ്യാപക ലഹരിവസ്തു ഇറക്കുമതിയും ഉപയോഗവും, നിരന്തരമായി നടക്കുന്ന സ്ത്രീ പീഡനങ്ങൾ, ആത്മഹത്യകളാക്കി ചിത്രീകരിക്കപ്പെടുന്ന നടുക്കുന്ന കൊലപാതകങ്ങൾ, ക്രൂരതയേറി വരുന്ന ഗാർഹിക പീഡനങ്ങൾ, പൊതു ഇടങ്ങളിലെ സദാചാര ഗുണ്ടായിസം, മനുഷ്യാവകാശ ലംഘനങ്ങൾ, വിമത ശബ്ദമുയർത്തുന്നവരെ കരിനിയമങ്ങൾ ഉപയോഗിച്ച് തടങ്കലിൽവെക്കൽ, മതനിരപേക്ഷതക്കെതിരായി ആക്രമണങ്ങൾ സംഘടിപ്പിക്കൽ, മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തൽ, ഫെഡറലിസത്തിനെതിരെ വെല്ലുവിളികളുയർത്തൽ, തുടങ്ങി അനേകം പ്രതിലോമ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെന്ന രാഷ്ട്രത്തെയും ആശയത്തെയും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
അതിന്റെ മൂന്ന് ഉപാധിയെന്ന നിലയിലാണ് ചരിത്രവസ്തുതകളെ മാറ്റിയെഴുതിയും മിത്തുകളെയും ഐതിഹ്യങ്ങളെയും ചരിത്രമാക്കി ചിത്രീകരിച്ചും ഇതരമത വിഭാഗങ്ങളുടെ വിശേഷിച്ച് മുസ് ലിംകളുടെ സ്മാരകങ്ങളെയും പ്രാർഥനാലയങ്ങളെയും ഹൈന്ദവവത്കരിക്കാനുള്ള ഹീനശ്രമം. ബി.ജെ.പി ഭരണമില്ലാത്ത സംസ്ഥാനങ്ങളിലും മോദിസത്തിന്റെ കോർപറേറ്റ് വത്കരണം ജനങ്ങളെയും ജനനേതാക്കളെയും ആഴത്തിൽ സ്വാധീനിക്കുന്നു. പൊലീസ്, സൈന്യം, ഉദ്യോഗസ്ഥ മേഖല, വിദ്യാഭ്യാസരംഗം തുടങ്ങി സർവമേഖലയിലും പ്രതിലോമപരമായ സംസ്കാരം ഒരു മഹാരോഗം പോലെ പടർന്നു പിടിച്ചിരിക്കുന്നു.
അടുത്തിടെ കേരളത്തിലുൾപ്പെടെ പൊലീസ് ആത്മഹത്യയെന്ന് വിധിയെഴുതിയ പല സംഭവങ്ങളും കൊലപാതകങ്ങളാണെന്ന് തെളിഞ്ഞിരിക്കുന്നു. കുറ്റവാളികളുമായുള്ള അവിഹിത ചങ്ങാത്തവും ആധുനിക രീതിയിൽ കുറ്റാന്വേഷണം നടത്താനുള്ള കഴിവുകേടും കുറ്റവാളികളിൽ നിന്ന് കൈക്കൂലി വാങ്ങി നടക്കുന്ന കേസ് തേച്ചുമായ്ക്കലുമെല്ലാം കോർപറേറ്റിസത്തിന്റെ സ്വാധീനമല്ലാതെ മറ്റൊന്നുമല്ല. ഏറക്കുറെ പുറമെ ശാന്തമെങ്കിലും നമ്മുടെ പൗരസമൂഹത്തിലും പൊതു മണ്ഡലങ്ങളിലും നടമാടുന്ന പ്രതിലോമചിന്തകൾ മോദിസത്തോടുള്ള അബോധപരമായ സമ്മതിയുടെ ലക്ഷണങ്ങളാണ്. ആഭ്യന്തര കൊളോണിയലിസം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന, അധഃസ്ഥിത, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള കടുത്ത ശത്രുത രാജ്യത്ത് സാമൂഹികമായ ഒരു വലിയ ധ്രുവീകരണത്തിനുതന്നെ കാരണമായിരിക്കുന്നു.
കോർപറേറ്റ് വത്കരണം ആഗോളവത്കരണം സൃഷ്ടിച്ച ചില ഗുണാത്മക മാറ്റങ്ങളെപ്പോലും തകിടം മറിച്ചിരിക്കുന്നു. അന്ധമായ വികസനഭ്രമം പാർശ്വവത്കൃത ജനവിഭാഗങ്ങളുടെ മേൽ അശനിപാതം പോലെയുള്ള പരിതഃസ്ഥിതികൾ സൃഷ്ടിച്ചിരിക്കുന്നു. ഒരു ഭാഗത്ത് ഇലക്ട്രോണിക് മാധ്യമങ്ങളും (അവയുടെ സ്വാധീനശക്തിയും വാർത്താവികിരണ ശേഷിയും ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്) സമൂഹ മാധ്യമങ്ങളുമെല്ലാം ജനങ്ങളെ സാംസ്കാരിക പ്രബുദ്ധരാക്കാനും സാർവദേശീയ തലത്തിൽ കൂട്ടിയിണക്കാനും സർഗാത്മകമായ നൂതന അന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചു.
പക്ഷേ, ഇതിനൊരു മറുവശമുണ്ട്. ജനകീയ കൂട്ടായ്മകൾ, ജൈവികമായ ബന്ധങ്ങൾ എന്നിവയെയെല്ലാം നിർജീവമാക്കിയാണ് നവ മാധ്യമങ്ങൾ വിഹരിക്കുന്നത്. മനുഷ്യർ തമ്മിലുള്ള ബന്ധം, അത് കുടുംബത്തിലായാലും സമൂഹത്തിലായാലും യാന്ത്രികവും ഔപചാരികവുമായി മാറിയതോടെ വൃദ്ധജനങ്ങൾ വിശേഷിച്ചും കുടുംബങ്ങളിൽ ഒറ്റപ്പെട്ടും വിരസതയുടെ കയ്പുനീർ കുടിച്ചും ജീവിക്കാൻ വിധിക്കപ്പെടുന്നു. മക്കളാൽ ഉപേക്ഷിക്കപ്പെടുന്ന രക്ഷിതാക്കൾ വൃദ്ധസദനങ്ങളിലോ തെരുവുകളിലോ കഴിയാൻ നിർബന്ധിക്കപ്പെടുന്നു. ഉള്ളുതുറന്ന് സ്നേഹവായ്പോടെ പരസ്പരം ഇടപഴകിയ സംസ്കാരം കാലഹരണപ്പെടുകയാണ്. ജനങ്ങളെ പരസ്പരം കൂട്ടിയിണക്കിയ പ്രാദേശിക - മാതൃഭാഷകൾ അവഗണിക്കപ്പെടുകയും ഏകീകൃത ഭാഷകൾ ആധിപത്യം ചെലുത്തുകയും ചെയ്യുന്നു. സ്വത്വപ്രകാശനത്തിന്റെ സാംസ്കാരിക തനിമയുടെയും സർഗാത്മകതയുടെയും ജനകീയഭാഷ, കേവലം ആശയ വിനിമയ ഉപാധിമാത്രമായി ചുരുങ്ങിവരുന്നു.
ധാർമികതയുടെ സ്ഥാനം കപടസദാചാരം ഏറ്റെടുത്തതുപോലെ, സ്നേഹവായ്പിന്റെയും കരുണയുടെയും സ്ഥാനത്ത് യാന്ത്രികമായ ഔപചാരികതയും കൃത്രിമമായ തിരക്കും മനുഷ്യരെ പരസ്പരം അകറ്റുന്നു. കുടുംബങ്ങളിൽ ആൺകോയ്മ ശക്തിയാർജിക്കുകയും സ്ത്രീകൾക്കു നേരെ ശാരീരികവും വൈകാരികവുമായ പീഡനം വർധിക്കുകയും ചെയ്യുന്നു. പുരുഷാഭിലാഷങ്ങൾ മാത്രം സ്വീകാര്യമായിത്തീരുകയും സ്ത്രീകളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും തമസ്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ ബാഹ്യമായി നാം കാണുന്ന ആഘോഷത്തിമിർപ്പിനപ്പുറത്ത് ജീവിതത്തിന്റെ ഉള്ളറകൾ ജീർണമായിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കേണ്ടതും ചെറുത്തുനിൽക്കേണ്ടതും ബാധ്യതയാണെന്നത് മറപ്പിച്ചു കളയുംവിധം ചിന്താപരമായും സാമൂഹികമായും സാംസ്കാരികമായും ശാരീരികമായും ജനത അധിനിവേശത്തിനിരയാക്കപ്പെടുന്നുവെന്നതു തന്നെയൊയാണ് കോർപറേറ്റ് അധിനിവേശത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. നമ്മൾ ജീവിക്കുന്ന ദേശവും ദൗർഭാഗ്യവശാൽ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത് ആ ദിശയിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.