ഇന്നേക്ക് എഴുവർഷമാകുന്നു. തികഞ്ഞ യുക്തിചിന്തകനും അതിസാധാരണ മനുഷ്യസ്നേഹിയുമായിരുന്ന ഡോ. നരേന്ദ്ര ദാഭോൽക്കറെ വലതുപക്ഷ ഭീകരശക്തികൾ പുണെയിൽ വെച്ച് കൊലപ്പെടുത്തിയിട്ട്. അന്ധവിശ്വാസങ്ങൾക്കെതിരെ സന്ധിയില്ലാതെ നടത്തിയ പോരാട്ടമാണ് അത്തരം വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന സംഘങ്ങളെയും അവയുടെ ആളുകളെയും പ്രകോപിപ്പിച്ചത്.
ഡോക്ടർക്ക് പലപ്പോഴും വധഭീഷണികളുമുണ്ടായിരുന്നു. അദ്ദേഹം മാത്രമല്ല. യുക്തിഭദ്രമായ നിലപാടുകൾ പറഞ്ഞതിെൻറ പേരിൽ സഖാവ് ഗോവിന്ദ പൻസാരെ കോലാപ്പൂരിൽ കൊല്ലപ്പെട്ടു. പ്രഫ. കൽബുർഗിയും ഗൗരി ലേങ്കശും കർണാടകത്തിൽ കൊല്ലപ്പെട്ടു. ഇൗ കൊലകൾക്കെല്ലാം പിന്നിൽ ഒരേ കാരണമായിരുന്നു, ഒരേ രീതിശാസ്ത്രമായിരുന്നു, ഒരേ പ്രത്യയശാസ്ത്രമായിരുന്നു. അന്ധവിശ്വാസങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ശാസ്ത്രീയ അവബോധം പടർത്തിയതിെൻറ പേരിലാണ് ഇവരെല്ലാം ഹിറ്റ്ലിസ്റ്റിലായതും വധിക്കപ്പെട്ടതും.
സത്യം പറഞ്ഞാൽ ഇന്ത്യൻ ഭരണഘടന തന്നെ ശാസ്ത്രീയ അവബോധം പടർത്തിയെടുക്കുന്നതിനെക്കുറിച്ച് ഒരുപാട് പറയുന്നുണ്ട്. ഏറെ വർഷങ്ങളായുള്ള സുഹൃത്തായിരുന്നു ഡോ. ദാഭോൽക്കർ എനിക്ക്. ഒൗദ്യോഗിക ജീവിതത്തിൽ ആദ്യമായി ലഭിച്ച അവാർഡ് സമ്മാനിച്ചത് അദ്ദേഹമായിരുന്നു, പുണെയിൽ വെച്ച്. അദ്ദേഹം തന്നെയാണ് വിളിച്ച് അവാർഡ് വിവരം അറിയിച്ചതും.വിനയവും ലാളിത്യവും കൈമുതലാക്കിയ മനുഷ്യൻ. സ്ത്രീകളുടെയും പാർശ്വവത്കൃത സമൂഹത്തിെൻറയും വളർച്ചക്കും പരിപോഷണത്തിനുമാണ് ആ മെഡിക്കൽ ഡോക്ടർ എന്നും പരിഗണന നൽകിയിരുന്നത്.
സാമൂഹിക നീതിയിലും സമത്വത്തിലും വിശ്വസിച്ച നവയുഗ ഭാരതത്തിെൻറ മുഖങ്ങളിലൊന്നായിരുന്നു. ദലിതുകൾക്ക് പൊതുകിണറുകളിൽ നിന്ന് വെള്ളമെടുക്കാനുള്ള പോരാട്ടത്തിൽ ഡോ. ബാബാ അധവിനൊപ്പം സജീവമായിരുന്നു.നിർഭാഗ്യകരമായ ആ ദിവസം യാദൃശ്ചികമെന്നോണം ഞാൻ അദ്ദേഹത്തിെൻറ ജൻമനാട്ടിലേക്ക്, സത്താറയിലേക്ക് യാത്ര ചെയ്യുകയായിരുന്നു, അവിടെയൊരു പ്രഭാഷണം നടത്താൻ.ഞങ്ങളുടെ പ്രിയ സുഹൃത്ത് വിജയ് മണ്ഡ്കേ സംഘടിപ്പിച്ച പരിപാടിയായിരുന്നു.
രാവിലെ എട്ടുമണിയോടെ ദാദറിൽ നിന്ന് ബസ് കയറിയതാണ്. അൽപമങ്ങ് നീങ്ങി സിയോൺ കടന്നതും ഫോൺവിളിയെത്തി- ഡോ. ദാഭോൽക്കർക്ക് പുണെയിൽ വെച്ച് വെടിയേറ്റിരിക്കുന്നുവെന്ന്. വെടിയേറ്റവനെപ്പോലെ തോന്നിയെനിക്ക്.അത്രയേറെ ജനങ്ങളുമായി ഇഴുകി ചേർന്ന് ജീവിച്ച അദ്ദേഹത്തോട് നിത്യശത്രുത പുലർത്തുവാനോ ആ മുഖത്തു നോക്കി നിറയൊഴിക്കാനോ ആരെങ്കിലും തയ്യാറാകുമെന്ന് വിശ്വസിക്കാനാവില്ലായിരുന്നു. സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുേമ്പാഴും എതിരഭിപ്രായക്കാരുമായി സംവദിക്കുന്നതിന് എന്നും താൽപര്യമെടുത്തിരുന്നയാളാണ്.
അദ്ദേഹത്തിെൻറ നിതാന്ത പരിശ്രമങ്ങളിലൂടെയാണ് മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബില്ല് പാസാക്കാൻ നിർബന്ധിതമായത്. കുറെയൊക്കെ വെള്ളം ചേർത്ത രീതിയിലാണ് ബിൽ അവസാനം അംഗീകരിക്കപ്പെട്ടതെങ്കിലും ഇന്ത്യയിൽ അത്തരമൊരു നിയമം നിലവിലുള്ള ഏക സംസ്ഥാനമാണ് മഹാരാഷ്ട്ര. അന്നു നിശ്ചയിച്ച പ്രഭാഷണം റദ്ദാക്കി പുണെ വരെ പോകുവാൻ ഞാൻ നിശ്ചയിച്ചു.
അവിടത്തെ അവസ്ഥ വിവരിക്കാനാവുന്നതിലും അപ്പുറമായിരുന്നു. നഗരം ഉടനടി സ്വയം പ്രഖ്യാപിത ബന്ദ് ആചരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും ഇൗ കൊലപാതകം നടുക്കമുണ്ടാക്കി. അന്വേഷണം സി.ബി.െഎക്ക് കൈമാറിയിരുന്നു. എന്നാൽ ഇത്ര വർഷം നീണ്ട അന്വേഷങ്ങൾക്ക് ശേഷവും ഇൗ കൊലപാതകത്തിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ അറസ്റ്റ് ചെയ്യുവാനോ കണ്ടെത്തുവാനോ പോലും നമ്മുടെ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞിട്ടില്ല.ശാസ്ത്രീയ-യുക്തി ചിന്തയിൽ വിശ്വസിച്ച ആയിരങ്ങൾക്ക് പ്രചോദനമായിരുന്നു ഡോ. ദാഭോൽക്കർ. െഎതിഹാസിക യുക്തിചിന്തകൻ അബ്രഹാം കോവൂരിെൻറ പാതയിലായിരുന്നു അദ്ദേഹം.
ദാഭോൽക്കെറ ഇല്ലാതാക്കിയവർ പരാജിതരായി എന്നുവേണം പറയുവാൻ. അദ്ദേഹത്തിെൻറ മകൾ മുക്തയും മകൻ ഡോ. ഹമീദും അന്ധവിശ്വാസ വിരുദ്ധ പ്രചാരണങ്ങളുമായി മുൻപത്തേക്കാളേറെ സജീവമായുണ്ട്. ജീവിതത്തിലുടനീളം പുലർത്തിയ മൂല്യങ്ങൾക്കും സ്വതന്ത്ര അഭിപ്രായങ്ങൾക്കും വേണ്ടി ജീവൻ അർപ്പിച്ച രക്തസാക്ഷിക്ക് ഇൗ ഒാർമദിനത്തിൽ അഭിവാദ്യങ്ങളർപ്പിക്കുന്നു.
(മുംബൈയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും യുദ്ധവിരുദ്ധ കൂട്ടായ്മകളുടെ സംഘാടകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.