സ്വാതന്ത്ര്യത്തിെൻറ പുതുപ്പിറവിയിലേക്ക് ഇൗ രാജ്യം കാലെടുത്തുവെച്ചത് ഒരർധരാത ്രിയിലാണെന്ന കാര്യം കോൺഗ്രസ് വിമർശകർ മറന്നാലും ബഹുമാനപ്പെട്ട ഹൈകോടതിയെങ്കി ലും ഒാർക്കേണ്ടതായിരുന്നു. ആ ഒാർമക്കുറവിെൻറ പേരിൽ ഇവിടെ പാവം ഒരു യുവനേതാവിനെ എല ്ലാവരുംകൂടി കൊല്ലാക്കൊല ചെയ്യുകയാണ്. നോക്കു, ‘പാതിരാ മുഹൂർത്ത’ത്തിലെ ആ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ഒൗചിത്യം ആരെങ്കിലും ഇന്നോളം ചോദ്യംചെയ്തിട്ടുണ്ടോ? ഇല്ല എന്നു മാത് രമല്ല, രാശി സംബന്ധമായി അതിലെ ഗുണഫലങ്ങൾ ദർശിക്കാൻ മത്സരിക്കുകയായിരുന്നു അന്ന് നമ്മുടെ രാഷ്ട്രീയ ജ്യോതിഷികൾ. ദേശീയ പ്രസ്ഥാനത്തിെൻറ എണ്ണംപറഞ്ഞ നേതാക്കളുടെ ചരിത്രപരമായ തീരുമാനത്തിെൻറ ആ പാരമ്പര്യംതന്നെയാണ് ഡീൻ കുര്യാക്കോസും ഉയർത്തിപ്പിടിച്ചത്. അതായത്, അതിനിർണായകമായ ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിനോ ആഹ്വാനങ്ങൾക്കോ സമയമോ സന്ദർഭമോ നോക്കേണ്ടതില്ല; ഏത് അർധരാത്രിയിലാണെങ്കിലും പ്രഖ്യാപിക്കാനുള്ളത് പ്രഖ്യാപിച്ചേക്കണം. അവിടെ കോടതി വിധിയോ നിയമോ നോക്കിനിൽക്കരുത്. അത്യുത്തര കേരളത്തിൽ രാഷ്ട്രീയ ശത്രുക്കൾ രണ്ട് സഹപ്രവർത്തകരെ വകവരുത്തിയതറിഞ്ഞപ്പോൾ ഡീൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല; ഉടൻ പ്രഖ്യാപിച്ചു സംസ്ഥാന ഹർത്താൽ. പക്ഷേ, ഇൗ ധീര നിലപാടൊക്കെ ഇവിടത്തെ ബൂർഷ്വ കോടതികൾക്ക് എങ്ങനെ മനസ്സിലാകാനാണ്? ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേൽ കരിനിഴൽ വീഴ്ത്തുന്നതും നിയമവിരുദ്ധവുമായ മിന്നൽ ഹർത്താലിനാണ് ഡീൻ ആഹ്വാനം ചെയ്തിരിക്കുന്നതെന്നായി നീതിപീഠം. അപ്പോൾപിന്നെ, ആ ആഹ്വാനത്തിെൻറ പേരിൽ കോടതി കേറുകതന്നെ.
നിയമ ബിരുദധാരിയാണെങ്കിലും പ്രാക്ടീസ് ചെയ്യാറില്ല എന്നത് ശരിതന്നെ. അക്കാര്യം കോടതിയിൽതന്നെ തുറന്നുസമ്മതിച്ചതുമാണല്ലോ. പക്ഷേ, മാധ്യമങ്ങളും ട്രോളന്മാരും കളിയാക്കുന്നതുപോലെ മിന്നൽ ഹർത്താലിനെതിരായ ഹൈകോടതി വിധിയെക്കുറിച്ച് അറിയാത്ത ആളൊന്നുമല്ല ഡീൻ. പാർട്ടി അധ്യക്ഷെൻറ നേതൃത്വ പരീക്ഷയിൽ ഗ്രേസ് മാർക്കിനുവേണ്ടി തട്ടിക്കൂട്ടിയതുമല്ല നിയമ വിജ്ഞാനീയത്തിലെ മാസ്റ്റർ ഡിഗ്രി. ഇന്ത്യൻ ഭരണഘടനയുടെ ഉള്ളം തൊട്ടറിഞ്ഞ അപൂർവം ആളാണെന്ന് നിസ്സംശയം പറയാം. ‘‘നിയമം അത് പ്രയോഗിക്കുന്നവനുവേണ്ടി ചാഞ്ഞും വളഞ്ഞും നിന്നേക്കാ’’മെന്ന മഹാത്മജിയുടെ മുന്നറിയിപ്പിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞയാൾ. അതിനാൽ, നിയമത്തിനു സമ്പൂർണമായി കീഴ്പ്പെട്ടുള്ള ‘അഡ്ജസ്റ്റ്മെൻറ്’ രാഷ്ട്രീയത്തിൽ വലിയ വിശ്വാസമില്ല. സാഹചര്യം ആവശ്യപ്പെടുന്നുവെങ്കിൽ, അഥവാ നിയമം പ്രയോഗിക്കുന്നവനുവേണ്ടി അത് ചാഞ്ഞും വളഞ്ഞും നിൽക്കുന്നപക്ഷം, നിയമംതന്നെ കൈയിലെടുക്കാനും മടിയില്ലെന്ന് പലകുറി ആവർത്തിച്ചത് അതുകൊണ്ടാണ്. അതൊരു ഗാന്ധിയൻ നിലപാടാണ്.
ഇനിയും വിശ്വാസമായില്ലെങ്കിൽ, കോടതിയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് നോക്കൂ: ‘‘ആ സഹോദരങ്ങളുടെ ചോരയുടെ ചൂടും ചുമപ്പും അവരുടെ അമ്മമാരുടെ കണ്ണുനീരിെൻറ ദൈന്യതയും സാക്ഷര കേരളത്തിെൻറ സന്ധിയില്ലാത്ത രോഷവും നിയമത്തെ സ്വന്തം കിരാതത്വത്തിനു വേണ്ടി വളക്കുന്ന ഒടിക്കുന്ന പിണറായി ഭരണകൂടത്തിന് മനസ്സിലാക്കിക്കൊടുക്കാനാണ് യൂത്ത് കോൺഗ്രസ് അടിയന്തരമായി ഹർത്താൽ പ്രഖ്യാപിച്ചത്... ടി.കെ. രജീഷിനെപ്പോലെയുള്ള പാർട്ടിയുടെ ജയിൽപുള്ളികൾക്ക്, ആയുർവേദ എണ്ണത്തോണി ഒരുക്കിക്കൊടുക്കുന്ന സർക്കാർ, കൊടും കൊല നടത്തിയ കൊടി സുനിക്ക് പരോൾ നൽകി കൊട്ടേഷൻ പ്രവർത്തനം നടത്താൻ സൗകര്യമൊരുക്കിക്കൊടുക്കുന്ന സർക്കാർ... ഇവരീ സംസ്ഥാനം ഭരിക്കുമ്പോ ഇന്നാട്ടിലെ നിയമവാഴ്ചയിൽ എന്ത് പ്രതീക്ഷ വെക്കാനാണ്?’’ പക്ഷേ, ഇതൊന്നും കോടതിയിൽ പറയാനാകില്ല. രാജ്യത്തെ നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തതിനാലാണ് കോടതി നിർദേശം ലംഘിച്ചതെന്നൊക്കെ പറഞ്ഞാൽ, മലയോര മേഖലയിൽനിന്നുള്ള ഇൗ യുവതുർക്കിയെ ആരെങ്കിലും മാവോവാദിയെന്ന് സംശയിച്ചാലോ. അതുകൊണ്ട് മിന്നൽ ഹർത്താലിനുള്ള വിലക്ക് അറിഞ്ഞിരുന്നില്ലെന്ന് ചെറിയൊരു കള്ളം പറഞ്ഞു. പക്ഷേ, ആ വകയിൽ ഇപ്പോൾ വന്നുപെട്ടിരിക്കുന്നത് 189 കേസുകളാണ്. ഒാരോ കേസിനുമായി പ്രത്യേകം കോടതി കയറിയിറങ്ങണം.
യൂത്ത് കോൺഗ്രസിെൻറ മുൻ സാരഥികളെപ്പോലെയല്ല; കർഷകപ്രിയനാണ്. കർഷകരുടെ കണ്ണീരൊപ്പാനുള്ള ഏത് സമരങ്ങൾക്കും മുന്നിലുണ്ടാകും. സംസ്ഥാനത്തെ മുഴുവൻ യുവ കോൺഗ്രസുകാരുടെയും നേതാവാണെങ്കിലും പ്രവർത്തന മണ്ഡലമായി തെരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കി ജില്ലയാണ്. അത് ഇടുക്കി ലോക്സഭ സീറ്റിൽ കണ്ണുവെച്ചാണെന്ന് വിമർശകർ പറയുമെങ്കിലും കാര്യം അതല്ല; മേൽ സൂചിപ്പിച്ച കർഷക പ്രേമംതന്നെ. പ്രളയത്തിൽ തകർന്ന ഇടുക്കിയെ കരകയറ്റുന്നതിനുള്ള പദ്ധതികൾക്കുവേണ്ടി യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് സമാന്തരമായി മറ്റൊരു സമരമുഖംതന്നെ തുറന്നിട്ടുണ്ട്. ഇടുക്കിയെ രക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന ഡീനിെൻറ പരിഭവത്തിന് ഇൗ ബജറ്റിലും പരിഹാരമായിട്ടില്ല. അതിന് ഡീൻ പഴിപറയുന്നത് മന്ത്രി മണിയെയാണ്. സംഗതി ശരിയാണ്. പ്രളയക്കയത്തിൽ ജീവിതം മുട്ടിപ്പോയ ജില്ലയിലെ കർഷകർ വൃക്ക വിറ്റ് ജീവിക്കുന്ന വാർത്ത വന്നിട്ട് അധികമായിട്ടില്ല. വീടും കൃഷിയിടവും നഷ്ടപ്പെട്ട ചില കുടുംബങ്ങൾ ആത്മഹത്യയിലും അഭയം പ്രാപിച്ചു. പക്ഷേ, ഇതൊക്കെ ആരോട് പറയാനാണ്? സ്വന്തം പാർട്ടിക്കാർ പോലും ഇതൊന്നും വലിയ വിഷയമായി കാണുന്നില്ല. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. ‘യൂത്ത് സംവരണ’ പട്ടികയിൽ കഴിഞ്ഞതവണത്തെേപാലെ ടിക്കറ്റ് കിട്ടിയാൽ ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. അതിനിടയിലാണ് ഇൗ ഇടിത്തീ വന്നുപെട്ടിരിക്കുന്നത്.
1982ൽ തൊടുപുഴ പൈേങ്ങാട്ടൂർ കുളപ്പുറം അഡ്വ. എ.എം. കുര്യാക്കോസിെൻറയും റോസമ്മയുടെയും മകനായി ജനനം. ഭൗതിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. അതിനുശേഷമാണ് തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമത്തിൽ ബിരുദവും മാസ്റ്റർ ബിരുദവും നേടിയത്. പിന്നെ, എം.ജി സർവകലാശാലയിൽനിന്ന് ഹ്യൂമൻറൈറ്റ്സിൽ എം.എയും നേടി. തൊടുപുഴ ന്യൂമാൻ കോളജിലെ പ്രീഡിഗ്രി കാലംതൊേട്ട, കെ.എസ്.യുവിനൊപ്പമുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിെൻറ സംസ്ഥാന സെക്രട്ടറിയും വൈസ് പ്രസിഡൻറുമായി. എം.എ. ബേബിയുടെ പ്രഫഷനൽ വിദ്യാഭ്യാസ ബില്ലിനെതിരെ സമരം നയിച്ചതിെൻറ പേരിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. എം.ജി സർവകലാശാലയിൽ കൗൺസിലറായിരുന്നു. 10 വർഷമായി യൂത്ത് കോൺഗ്രസിെൻറ തലപ്പത്തുണ്ട്. 2013 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറാണ്. കഴിഞ്ഞ ലോക്സഭ െതരഞ്ഞെടുപ്പിൽ ഇടുക്കിയിൽ ജോയ്സ് ജോർജിനോട് മത്സരിച്ചെങ്കിലും അര ലക്ഷത്തിലധികം വോട്ടിന് പരാജയപ്പെട്ടു. മണലൂർ മുൻ എം.എൽ.എ എം.കെ. പോൾസൺ മാസ്റ്ററുടെ മകൾ ഡോ. നീതയാണ് ജീവിതസഖി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.