തെരഞ്ഞെടുപ്പിനായി ഡീപ് ഫേക്കുകള്‍

നിർമിത ബുദ്ധി സാങ്കേതികവിദ്യ മേഖലയില്‍ കുതിച്ചുചാട്ടമുണ്ടായശേഷം ആഗോളതലത്തിൽ 60 ലധികം രാജ്യങ്ങൾ 2024ൽ ദേശീയ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. വ്യാജവാർത്തകളും പ്രോപ്പഗണ്ടകളും കൊണ്ട് നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഗോദയിൽ നിർമിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള ഡീപ് ഫേക് സാങ്കേതികവിദ്യ കൂടി ഇക്കുറി നിറഞ്ഞാടുമെന്ന് മുന്നറിയിപ്പ് നൽകുന്നു ഐ.ടി വിദഗ്ധനായ ലേഖകൻ 

2023 നവംബര്‍ 30ന് തെലങ്കാനയിൽ വോട്ട് രേഖപ്പെടുത്താൻ വരിനിൽക്കുന്നവരുടെ വാട്സ്ആപ്പില്‍ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രിയുടെ മകനും ബി.ആർ.എസ് നേതാവുമായ കെ.ടി. രാമറാവു കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ആ ദൃശ്യം ഡീപ് ഫേക് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡീപ് ഫേക് വിദ്യ ഉപയോഗിച്ച ആദ്യ സംഭവമല്ല ഇത്. 2020ൽ, ബി.ജെ.പി എം.പിയും ഗായകനുമായ മനോജ് തിവാരി വ്യത്യസ്ത ഭാഷകളിൽ പ്രചാരണം നടത്തുന്ന ഡീപ് ഫേക്ക് വിഡിയോകൾ സൃഷ്ടിച്ച് പ്രചരിപ്പിച്ചിരുന്നു.

ഫേക് ന്യൂസില്‍നിന്ന് ഡീപ്പ് ഫേക്കുകളിലേക്ക്

നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച കൃത്രിമ വിഡിയോകളാണ് (Synthetic Video) ഡീപ് ഫേക്കുകള്‍. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ ടൂളുകള്‍ ഉപയോഗിച്ച് ഒരാളുടെ വിഡിയോയില്‍ മറ്റൊരാളുടെ മുഖവും ശബ്ദവും ചേര്‍ത്ത് ഒറിജിനലിലെ വെല്ലുന്ന ചിത്രങ്ങളും വിഡിയോകളും മിനിറ്റുകള്‍ക്കകം സൃഷ്ടിക്കാന്‍ സാധിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ നരേന്ദ്ര മോദി ഹിന്ദിയില്‍ നടത്തിയ മന്‍ കീ ബാത്ത് പ്രസംഗം, എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അദ്ദേഹംതന്നെ എട്ട് ഭാഷകളില്‍ സംസാരിക്കുന്നതായി പുറത്തിറക്കിയിരുന്നു. വ്യത്യസ്ത ഭാഷകളിലെ ശബ്ദവ്യത്യാസത്തിന് അനുസൃതമായുള്ള ചുണ്ടനക്കംപോലും (Voice-video modulation) അതിൽ ​കൃത്യമായിരുന്നു.

2018ൽ അന്തരിച്ച ഡി‌.എം‌.കെ പരമോന്നത നേതാവ് എം. കരുണാനിധി 2024 ജനുവരി 21ന് നടന്ന ഡി‌.എം‌.കെയുടെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടന സമ്മേളനത്തില്‍ ഒരു വിഡിയോ സന്ദേശമായി പ്രത്യക്ഷപ്പെട്ട് മകൻ എം.കെ. സ്റ്റാലിന്റെ ഭരണ​നേട്ടങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു. എ.ഐ സാങ്കേതിക വിദ്യയുടെ ഈ നൂതന സ​ങ്കേതം വഴി ഭൂതകാലത്തിനും വർത്തമാനത്തിനും ഇടയിലെ അതിരുകള്‍ ഇല്ലാതാക്കി യാഥാര്‍ഥ്യവും വ്യാജനും തിരിച്ചറിയാനാകാത്ത വിധം ജനമനസ്സുകളെ സ്വാധീനിക്കാനും സ്ഥാനാർഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അനുകൂലമായ വികാരം സൃഷ്ടിക്കാനും എതിരാളികള്‍‍‍‍‍‍ അഹിതകരമായ പെരുമാറ്റങ്ങളില്‍ ഏർപ്പെടുന്നതോ തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതോ ആയ വിഡിയോകള്‍ നിർമിക്കാനും സാധിക്കും. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2024ലെ ഗ്ലോബൽ റിസ്ക് റിപ്പോര്‍ട്ട് നടത്തിയ സര്‍വേ പ്രകാരം വ്യാജ വാര്‍ത്തകളുടെയും തെറ്റായ വിവരങ്ങളുടെയും ഏറ്റവും അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ധ്രുവീകരണം വിജയവഴിയായി കാണുന്ന പാര്‍ട്ടികള്‍ വ്യാജ വാര്‍ത്തകളോടൊപ്പം വ്യാജനെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിഡിയോകളും ആയുധമാക്കാൻ സാധ്യത ഏറെയാണ്. 760 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട് ഇന്ത്യയിൽ, ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുമിത്. വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങൾക്കും ചുമരെഴുത്തുകള്‍ക്കും പോസ്റ്ററുകള്‍ക്കുമപ്പുറം ഓരോ വ്യക്തിയുടെയും താല്‍പര്യങ്ങളും സാമൂഹിക പശ്ചാത്തലവും രാഷ്ട്രീയ ചായ്‌വും തിരിച്ചറിഞ്ഞ്‌ വ്യക്തിപരമായ അഭിസംബോധനയിലൂടെ അഭിമുഖീകരിക്കുന്ന സോഷ്യല്‍ മീഡിയ പ്രചാരണതന്ത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ സ്വീകരിച്ചത്. വിഷലിപ്തമായ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിക്കാനും അപരവിദ്വേഷം വളര്‍ത്താനും എ.ഐ ഉപയോഗിച്ചുള്ള വ്യാജ വിഡിയോകള്‍കൊണ്ട് മലീമസമാകും ഇക്കുറി പ്രചാരണം. യാഥാര്‍ഥ്യങ്ങളെ വെല്ലുന്ന വിഡിയോകൾ നിമിഷങ്ങൾക്കുള്ളിൽ തയാറാക്കി വ്യത്യസ്ത ഭാഷകളിലേക്ക് ശബ്ദങ്ങളുടെ മൊഴിമാറ്റി പ്രചാരണസാമഗ്രികൾ തയാറാക്കി നൽകാൻ ഒട്ടനവധി എ.ഐ, മീഡിയ സ്റ്റാർട്ടപ് കമ്പനികള്‍ സർവസജ്ജരായി നിൽക്കുന്നു. രാജസ്ഥാനിലെ പുഷ്‌കറിൽനിന്നുള്ള ദ ഇന്ത്യൻ ഡീപ് ഫേക്കർ (The Indian Deep Fake) എന്ന എ.ഐ സ്റ്റാർട്ടപ് നടത്തുന്ന ദിവ്യേന്ദ്ര സിങ് ജാദൂന്‍ എന്ന മുപ്പതുകാരന്റെ കഥ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2020 ഒക്ടോബറിൽ ആരംഭിച്ച അദ്ദേഹത്തിന്‍റെ കമ്പനി, കഴിഞ്ഞ നവംബറിലെ നിയമസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി അശോക് ഗെഹ് ലോട്ടിന്‍റെ ശബ്ദം ക്ലോൺ ചെയ്ത്, ഓരോ വോട്ടറെയും അവരുടെ പേരിൽ അഭിസംബോധന ചെയ്ത് വാട്സ്ആപ്പിൽ വ്യക്തിഗത സന്ദേശങ്ങൾ അയക്കുകയുണ്ടായി. സ്ഥാനാർഥികളുടെ അശ്ലീല വിഡിയോകള്‍ നിർമിക്കാന്‍ പാര്‍ട്ടികള്‍ സമീപിച്ചതായും ധാർമികതക്ക് നിരക്കാത്തതായതുകൊണ്ട് അതിന് സമ്മതിച്ചില്ലെന്നും പറയുന്ന ജാദൂൻ ഇത്തരം വിഡിയോകള്‍ നിർമിക്കുന്ന നിരവധി ആളുകളെ തനിക്കറിയാമെന്നും അല്‍ ജസീറയോട് വെളിപ്പെടുത്തുന്നുണ്ട്.

നിയമത്തിന്‍റെ പരിമിതികള്‍

ഡീപ് ഫേക്കുകള്‍ ഉപയോഗിച്ചുള്ള പ്രചാരണങ്ങളെ നിയന്ത്രിക്കാന്‍ ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യങ്ങള്‍ ചട്ടങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. അമേരിക്കയിലെ 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പരസ്യങ്ങളിൽ എ.ഐ ഉപയോഗപ്പെടുത്തിയുള്ള എല്ലാ ഡീപ് ഫേക്കുകളും നിയന്ത്രിക്കാൻ ഫെഡറൽ ഇലക്ഷൻ കമീഷൻ നടപടികള്‍ ആരംഭിച്ചു. യു.കെയിലെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഡീപ് ഫേക്കുകളും മറ്റ് എ.ഐ ഉപകരണങ്ങളും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് നാഷനൽ സൈബർ സെക്യൂരിറ്റി സെന്‍റര്‍ ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 16ന്, പ്രമുഖ ടെക് കമ്പനികൾ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ, ലോകമെമ്പാടുമുള്ള ജനാധിപത്യ തെരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്താൻ നിർമിതബുദ്ധി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് തടയുന്നതിനുള്ള മുൻകരുതൽ സ്വമേധയാ സ്വീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഡീപ് ഫേക്കുകൾ കണ്ടെത്തുന്നത് ചെലവേറിയ പ്രക്രിയയാണെന്നാണ് സോഷ്യൽ മീഡിയ കമ്പനികളുടെ വാദം. ആധികാരിക വിവരങ്ങള്‍ ജനങ്ങൾക്ക് ലഭ്യമാക്കാനും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുന്നതിനുമായി തെരഞ്ഞെടുപ്പ് കമീഷനുമായി കൈകോര്‍ത്ത് പദ്ധതികള്‍ തയാറാക്കാന്‍ സെർച് എൻജിൻ ഭീമൻ ഗൂഗിള്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്നും വ്യാജവാർത്തകൾ ഇല്ലാതാക്കാൻ കമീഷൻ ഉടൻതന്നെ ‘മിത്ത് വേഴ്സസ് റിയാലിറ്റി’ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനങ്ങൾ പ്രതിപക്ഷ പാർട്ടികള്‍ക്കും അവരുടെ നേതാക്കൾക്കെതിരെ മാത്രം ബാധകമാവുന്നതാണ് കഴിഞ്ഞകാല അനുഭവങ്ങള്‍.

സ്വതന്ത്ര ഇന്ത്യ ചരിത്രത്തിലെ നിർണായകമായ പൊതു തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ വ്യാജ വാര്‍ത്തകളുടെയും ഡീപ് ഫേക്കുകളുടെ ഭൂതം വലിയ വെല്ലുവിളി ഉയര്‍ത്തും. വ്യാജവും യാഥാര്‍ഥ്യവും വേർതിരിക്കുന്ന രേഖകൾ നേര്‍ത്തില്ലാതാകുന്ന, വിവരങ്ങൾ ഒരു ഞൊടിയിടയില്‍ സഞ്ചരിക്കുന്ന ഒരു കാലഘട്ടത്തിൽ, ഡീപ് ഫേക്കുകൾ ജനാധിപത്യത്തിന്‍റെ അടിത്തറക്കുതന്നെ ഭീഷണിയാണ്. സാങ്കേതിക സങ്കീർണതകളും നിയമപരമായ പരിമിതികളും നിലനില്‍ക്കെതന്നെ മാധ്യമങ്ങളും പൗരസമൂഹവും സാങ്കേതിക വിദഗ്ധരും ‍ഒരുമിച്ച് പരിശ്രമിച്ചാൽ മാത്രമേ ഈ വെല്ലുവിളിയെ നേരിടാന്‍ സാധിക്കൂ.

Arshad.el@gmail.com

Tags:    
News Summary - deep fake for elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.