വനം വകുപ്പ് താലപ്പൊലിയോടെ എഴുന്നള്ളിച്ച മഞ്ഞക്കൊന്ന, രാക്ഷസക്കൊന്ന എന്നീ വിളിപ്പേരുകളുള്ള സന്ന സ്പെക്ടാബിലസ് ഇപ്പോൾ നീലഗിരി ജൈവമേഖലയെ ഒന്നാകെ ഗ്രസിച്ചു കൊണ്ടിരിക്കുകയാണ്. വയനാടൻ കാടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സന്നയെ ഉന്മൂലനം ചെയ്യാൻ വൈകിയെങ്കിലും തീരുമാനമെടുത്തത് സ്വാഗതാർഹം തന്നെ. ഇതിനായി കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡുമായി സർക്കാർ കരാറിലെത്തിക്കഴിഞ്ഞു.
വയനാട് വന്യജീവികേന്ദ്രത്തിൽനിന്ന് 5000 മെട്രിക് ടൺ സന്ന തടികൾ ടണ്ണിന് 350 രൂപ നിരക്കിൽ നീക്കുന്നതിനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയിരിക്കുന്നത്. വേണ്ടത്ര തയാറെടുപ്പുകളൊന്നുമില്ലാതെയാണ് ഈ നീക്കം. പലപ്പോഴായി അധികൃതർ നടത്തിയ കൊടും ചതിമൂലം അടിമുടി വഞ്ചിക്കപ്പെട്ടവർ എന്ന നിലയിൽ ഈ തീരുമാനത്തിന്റെ ഉദ്ദേശശുദ്ധിയിലും വയനാടൻ ജനതക്ക് സംശയങ്ങളും ആശങ്കയുമുണ്ട്.
ഇ.എം.എസിന്റെ നേതൃത്വത്തിലെ ആദ്യ ഐക്യകേരള മന്ത്രിസഭ നൽകിയ വൻ ആനുകൂല്യത്തിന്റെ പിൻബലത്തിൽ, കുറെയേറെപ്പേർക്ക് തൊഴിലവസരങ്ങളൊരുങ്ങുമെന്ന പേരിൽ ചാലിയാർ തീരത്ത് ബിർള സ്ഥാപിച്ച ഗ്വാളിയോർ റയൻസ് ഫാക്ടറി കേരള വനങ്ങൾക്കേൽപിച്ച ക്ഷതത്തിന്റെ ബാക്കിപത്രമാണ് സന്നയുടെ അധിനിവേശവും മനുഷ്യ-വന്യജീവി സംഘർഷവുമുൾപ്പെടെ നമ്മളിന്നനുഭവിക്കുന്ന ദുരിതങ്ങൾ. യൂനിറ്റ് ഒന്നിന് പത്തു നയാപൈസ നിരക്കിൽ വൈദ്യുതിയും മെട്രിക് ടണ്ണിന് ഒന്നര രൂപ നിരക്കിൽ മുളയും ചാലിയാർ നദി ഒന്നാകെയും കുത്തക കമ്പനി കൈയടക്കി. ഇതിനെല്ലാം പകരമായി പത്തുരണ്ടായിരം പേർക്ക് തൊഴിൽ നൽകിയെന്നാണ് ന്യായീകരണക്കാർ പറയാറ്.
വയനാട്ടിൽ മാത്രം കൊട്ടയും വട്ടിയും നെയ്ത് ഉപജീവിച്ച 5000 ആദിവാസി കുടുംബങ്ങളുടെ ജീവിതം മുടിഞ്ഞു പോയതിനെക്കുറിച്ച് ആരും പറഞ്ഞുമില്ല. 15 മീറ്റർ നീളമുള്ള ഒരു കഷണം മുളകൊണ്ട് ഒരു കുടുംബത്തിന് ഒരാഴ്ച തൊഴിൽ ലഭിക്കുമായിരുന്നു. ആനകളുടെയും കാട്ടുപോത്തുകളുടെയും മറ്റു വന്യജീവികളുടെയും തീറ്റയും കുടിവെള്ളവും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ടു.
നൂറു കണക്കിനു കരാറുകാരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് കൂലിവേലക്കാർ പാലക്കാട് ഗ്യാപ്പിന് വടക്ക് കാസർകോട് വരെയുള്ള പശ്ചിമഘട്ട മലനിരകളിലെ പതിനായിരക്കണക്കിന് ഏക്കർ വനത്തിലെ ലക്ഷക്കണക്കിന് മെട്രിക് ടൺ മുളങ്കാടുകളാണ് വെട്ടി വെളുപ്പിച്ചത്. രാപകൽ ഭേദമന്യെ മുള ലോറികൾ വയനാടൻ ചുരത്തിലൂടെ മാവൂരിലേക്ക് ഒഴുകി. 70 കളുടെ തുടക്കമായപ്പോഴേക്കും മുളങ്കാടുകൾ കാലിയായി. ഗ്വാളിയോർ റയൺസിന് കരാർ പ്രകാരമുള്ള മുളനൽകാൻ വയ്യാതായപ്പോൾ മുള വെട്ടിയൊഴിഞ്ഞ നിത്യഹരിത വനങ്ങളിൽ യൂക്കാലിപ്സ്റ്റസ് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചു. അവ വെച്ചുപിടിപ്പിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അത്യുത്സാഹമായിരുന്നു.
മുളങ്കാടുകൾ ഒഴിഞ്ഞ മണ്ണ് കമ്യൂണിസ്റ്റ് അപ്പ, അരിപ്പു ചുള്ളി തുടങ്ങിയ അധിനിവേശ കളസസ്യങ്ങൾ കൈയടക്കി. യൂക്കാലിപ്റ്റസ് മണ്ണിനെ വന്ധ്യമാക്കുകയും ജൈവഘടന തകിടംമറിക്കുകയും കാടിനുള്ളിലെ വിശാലമായ ചതുപ്പുകളെ വറ്റിച്ചുകളയുകയും ചെയ്തു. വനയോരത്തെ നെൽവയലുകൾ കൃഷി അസാധ്യമാം വിധം പാറ പോലെ ഉറച്ചുപോയി. യൂക്കാലി മരങ്ങൾ മുറിച്ചുമാറ്റിയ ഇടങ്ങളും കളസസ്യങ്ങൾ കീഴടക്കി. വന്ധ്യംകരിക്കപ്പെട്ട, കള സസ്യങ്ങളാൽ ആവൃതമാക്കപ്പെട്ട ഇത്തരം കാടുകളാണ് പിന്നാലെ വന്ന രാക്ഷസക്കൊന്നയുടെ വളക്കൂറുള്ള വിളനിലമായത്.
1980കളിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് മുത്തങ്ങക്കടുത്ത പൊൻകുഴിയിൽ നഴ്സറിയുണ്ടാക്കി അലങ്കാര സസ്യം എന്ന പേരിൽ മഞ്ഞക്കൊന്ന തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്തത്. നഴ്സറികളിൽ ശേഷിച്ച മരങ്ങളിൽനിന്നാണ് മുത്തങ്ങക്കാടുകളിലേക്കും സമീപത്തെ മുതുമല, ബന്ദിപ്പൂർ, നാഗർഹൊളെ വന്യജീവി സങ്കേതങ്ങളിലേക്കും വയനാട്ടിലെ ഇതര ഫോറസ്റ്റ് ഡിവിഷനുകളിലേക്കും നീലഗിരി ജൈവ മേഖലയിലാകെയും മഞ്ഞക്കൊന്ന അധിനിവേശം നടത്തിയത്. 33455 ഹെക്ടർ വിസ്തൃതിയുള്ള വയനാട് വന്യ ജീവി കേന്ദ്രത്തിൽ 12386 ഹെക്ടർ സ്ഥലത്തും സന്ന വ്യാപിച്ചു കഴിഞ്ഞു.
തെക്കേ അമേരിക്കയിൽനിന്ന് വനം വകുപ്പ് കൊണ്ടുവന്ന സന്ന മറ്റ് അധിനിവേശ സസ്യങ്ങളെക്കാൾ പത്തിരട്ടി നാശം വരുത്തുന്ന മാരകസ്വഭാവ വിശേഷമുള്ള സസ്യമാണ്. വിത്ത്മുളച്ച് രണ്ടു വർഷത്തിനകം ചെടി പ്രായപൂർത്തിയാവുകയും പുഷ്പിക്കുകയും ഒരു വർഷത്തിനുള്ളിൽ വിത്തു വിതരണം നടക്കുകയും ചെയ്യും. വിത്തിന് ആറ് വർഷത്തെ അതിജീവന ശേഷിയുണ്ട്. പ്രതിവർഷം ഒരു മരം ഏതാണ്ട് 6000 വിത്തുകൾ വിതരണം ചെയ്യും. കായയും ഇലയും തൊലിയും വിഷമയമായതിനാൽ ഒരു ജീവിയും ഇത് കഴിക്കില്ല. തടി വിറകിനുപോലും കൊള്ളില്ല. പക്ഷികളടക്കം എല്ലാ വന്യജീവികളും സന്നക്കാടുകളിൽനിന്ന് അകലം പാലിക്കുന്നു. ഇവിടെ ഷഡ്പദങ്ങളുടെ എണ്ണം പോലും കുറഞ്ഞുവരികയാണ്.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിരന്തരം ഗവേഷണം നടത്തിയിട്ടും ഈ സസ്യത്തെ നശിപ്പിക്കാൻ നൂറു ശതമാനം ഫലപ്രദമായ ഒരു മാർഗം കണ്ടെത്തിയിട്ടില്ല. തടി മുറിച്ചുമാറ്റിയാൽ കുറ്റിയിൽനിന്നും വേരിൽനിന്നും കൊമ്പുകളിൽനിന്നും നിരവധി തൈകൾ മുളച്ചുപൊന്തും. മണ്ണിൽനിന്ന് ഒരു മീറ്റർ ഉയരം വരെ തൊലി ചെത്തി മരങ്ങൾ ഉണക്കുന്ന രീതി സന്നയിൽ പ്രായോഗികമല്ല.
മണ്ണിന്റെ അടിഭാഗത്തുള്ള കാണ്ഡത്തിൽനിന്നും വേരിൽനിന്നും പുതുമുളകൾ പൊടിച്ചുവരും. വേരോടെ പിഴുതുമാറ്റുകയാണ് ഒരേ ഒരു വഴി. എന്നാലും ചുരുങ്ങിയത് അഞ്ച് വർഷം നിരന്തരം പുതുമുളകൾ നീക്കം ചെയ്തു കൊണ്ടേയിരിക്കണം. മണ്ണിൽ ശേഷിക്കുന്ന നാരായവേര് വരെ അനുകൂല സാഹചര്യത്തിൽ മുളച്ചുപൊന്തും. സന്ന നീക്കം ചെയ്ത സ്ഥലത്ത് വനം നൊടിയിട കൊണ്ട് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. അതിനായി മുള, മറ്റു തദ്ദേശീയ വൃക്ഷങ്ങൾ എന്നിവയുടെ വിത്തുകൾ വിതറി സംരക്ഷിക്കണം.
ഈ ദുർഭൂതത്തെ തുറന്നുവിട്ട കേരള വനംവകുപ്പ് നിസ്സംഗരായി നോക്കിനിൽക്കെ അധിനിവേശ സസ്യങ്ങളുടെ മാരകസ്വഭാവം തിരിച്ചറിഞ്ഞ് ഫലപ്രദമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് തമിഴ്നാട് വനം വകപ്പ് . ഒരു വിദഗ്ധസമിതിയുടെ വിശദ പoനത്തിനുശേഷം ഡി.പി.ആറും സ്റ്റാൻഡേർഡ് ഓപറേഷൻ പ്രൊസീജ്യറും (എസ്.ഒ.പി) തയാറാക്കി. മദ്രാസ് ഹൈകോടതിയിൽനിന്ന് ഉത്തരവും നാഷനൽ വൈൽഡ് ലൈഫ് ബോർഡിന്റെ അംഗീകാരവും നേടി. ശേഷം തമിഴ്നാട് പേപ്പർ മില്ലുമായി ഉടമ്പടി ഒപ്പിട്ട് സന്നയെ സമൂലം മാറ്റിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കേരള വനംവകുപ്പാവട്ടെ, മതിയായ പഠനമോ മുന്നൊരുക്കങ്ങളോ തയാറെടുപ്പോ കൂടാതെ, എസ്.ഒ.പിപോലും തയാറാക്കാതെയാണ് കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡുമായി കരാർ ഉണ്ടാക്കി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്.
വേരോടെ പിഴുത് അവിടെ വനപുനരുജ്ജീവനം നടത്തിയില്ലെങ്കിൽ വയനാടൻ കാടുകൾ പൂർണമായും രാക്ഷസക്കൊന്ന വിഴുങ്ങും. വന്യജീവികൾ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങും. ഇതിനകം തന്നെ രൂക്ഷമായ വന്യജീവി- മനുഷ്യ സംഘർഷം തുറന്ന യുദ്ധമായി മാറും. വനം-വന്യജീവി സംരക്ഷണത്തിന് മാത്രമല്ല നാടിനും അതുണ്ടാക്കുന്ന ക്ഷതവും പ്രത്യാഘാതങ്ങളും ഊഹാതീതമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.