മാനുഷിക മുൻഗണനയോടെ ​​വേണം വികസനം

ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു ലിബിയയുടെ കിഴക്കൻ മേഖല. സുരക്ഷാ ചുമതലയിലായിരുന്ന ഫയർ ആൻഡ് റസ്ക്യൂ ടീമുകൾ ദിവസങ്ങളോളം പണിപ്പെട്ടാണ് ദർണയിലെ (Derna) നിലംപതിച്ച കെട്ടിടങ്ങളുടെ അടിയിൽനിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്.

സർക്കാറിന്റെ പ്രഖ്യാപനമനുസരിച്ച് 3000 പേരാണ് മരിച്ചത്. എന്നാൽ, ഐക്യരാഷ്ട്ര സഭ മാനുഷിക കാര്യാലയത്തിന്റെ കണക്കുപ്രകാരം കൊടുങ്കാറ്റിൽ ചുരുങ്ങിയത് പതിനൊന്നായിരത്തി മുന്നൂറു പേർ മരിച്ചിട്ടുണ്ട്, പതിനായിരത്തിലേറെ പേരെ കാണാനുമില്ല. ‘ദർണ’യും അതോടൊപ്പം ചുറ്റുപാടുമുള്ള പട്ടണങ്ങളും ഒന്നടങ്കം ഒലിച്ചുപോയി.

ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറേ അറ്റത്ത് സ്ഥിതിചെയ്യുന്ന മൊറോക്കോയെ കടപുഴക്കിയത് റിക്ടർ സ്കെയിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പമാണ്. സെപ്റ്റംബർ മാസം നടന്ന ദുരന്തത്തിൽ നിമിഷനേരംകൊണ്ട് ടിനിസ്കിറ്റ് (Tiniskt) പട്ടണം തന്നെ അപ്രത്യക്ഷമായി.

മൃതദേഹങ്ങൾ കരുതലോടെ കൈകാര്യം ചെയ്യാനോ വേണ്ടതുപോലെ മറവുചെയ്യാനോ സമയം കിട്ടിയില്ല. മരിച്ചവരെല്ലാം പരസ്പരം അറിയുന്നവരും വേണ്ടപ്പെട്ടവരും ആയിരുന്നു. മരണത്തിൽനിന്ന് രക്ഷപ്പെട്ടവർ അന്യോന്യം സഹകരിച്ചു. ആരോഗ്യമുള്ള സ്ത്രീകൾ ഭക്ഷണ വിതരണത്തിൽ വ്യാപൃതരായി. പുരുഷന്മാർ ഭക്ഷ്യവസ്തുക്കൾ പാക്ക് ചെയ്തു വിതരണം ചെയ്തു. ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ മുതിർന്നവരുടെ മടിയിൽ ഇടംപിടിച്ചു.

മലയോര ഗ്രാമങ്ങൾ പൂർണമായിത്തന്നെ അപ്രത്യക്ഷമായി. 3000 മനുഷ്യർ മൃതിയടഞ്ഞതായും 5600 പേർക്ക് പരിക്കുപറ്റിയെന്നും ഔദ്യോഗിക വിജ്ഞാപനമുണ്ടായി. എന്നാൽ, യുനിസെഫ് കണ്ടെത്തിയത് മൂന്നുലക്ഷം പേർ ഭൂകമ്പ കെടുതികൾക്കിരയായെന്നാണ്. ഇതിൽ, ഒരു ലക്ഷം കുട്ടികളും ഉൾപ്പെടും.

അടുത്തകാലത്തായി, ലോകം അതിശക്തമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പാത്രമായെന്നത് വസ്തുതയാണ്. അതുമൂലം, എത്രയോ ജീവനും, എമ്പാടും സമ്പത്തും നഷ്ടമായി. ഓർക്കുന്നത്,

ചൈനയിൽ മഴയാണ് പ്രശ്നമുണ്ടാക്കിയത്. വെറും മൂന്നുദിവസം പെയ്ത മഴയിൽ വെള്ളപ്പൊക്കം മാത്രമല്ല, നാടിന്റെ ഒരു ഭാഗം ഒലിച്ചുപോയതായി റിപ്പോർട്ടുകൾ വന്നു. ഇതുപോലെ ശക്തമായ മഴയെത്തുടർന്ന് യൂറോപ്പിലും മലവെള്ളപ്പാച്ചിൽ കാരണം നൂറുകണക്കിനാളുകൾക്ക് ജീവഹാനി സംഭവിച്ചു. കാലാവസ്ഥ വ്യതിയാനം എപ്പോഴെങ്കിലും സംഭവിക്കാവുന്ന അപ്രതീക്ഷിത പ്രതിഭാസം എന്നതിൽനിന്നുമാറി ഒരു നിത്യസംഭവമായിരിക്കുന്നു. ഇതിൽനിന്ന് ഒരു രാജ്യത്തിനും ഒഴിഞ്ഞുമാറാൻ സാധ്യമല്ല.

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സമിതിയായ ‘ഇൻറർ ഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്ഞ്ച്’ ഹരിത വാതക ബഹിർഗമനത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ദശാബ്ദങ്ങളായി മുന്നറിയിപ്പ് നൽകിവരുകയാണ്. ഇതനുസരിച്ച് അന്തരീക്ഷത്തിൽ കാർബൺ ഡൈയോക്സൈഡിന്റെ വ്യാപനം തടയുന്ന നടപടികൾക്ക് ഭരണകൂടങ്ങൾ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. ലോകോത്തര

സർവകലാശാലകളിലെ നൂറിലധികം വിദഗ്ധർ വർഷങ്ങളോളം ഗവേഷണം ചെയ്തു കണ്ടെത്തിയ വസ്തുതകൾ രാഷ്ട്രീയക്കാർ സങ്കോചലേശമന്യേ തള്ളിക്കളയുന്നത് ഭാവി എത്രമാത്രം ഇരുണ്ടതാകുമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. കൊടുങ്കാറ്റുമുതൽ, വരൾച്ചവരെയുള്ള വ്യത്യസ്ത കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച 14,000 ഗവേഷണ പഠനങ്ങൾ അവഗാഹമായി വിലയിരുത്തിയശേഷമാണ് ഇവർ ഈ നിഗമനങ്ങളിലെത്തിച്ചേർന്നത്.

മനുഷ്യരാശിയെ ഒന്നടങ്കം മാരകമായി ബാധിക്കുന്ന ഈ കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കുന്നതിൽ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് സാമൂഹിക ബാധ്യതയാണ്. എന്നാൽ, ജി20 രാഷ്ട്രങ്ങൾ വർഷാവർഷം പുറത്തുവിടുന്നത് 7.4 മുതൽ 7.7വരെ ടൺ കാർബൺഡൈയോക്സൈഡാണെത്രെ.

ഇത് 1.5 സെൽഷ്യസായി കുറച്ചുകൊണ്ട് 2030 ആകുമ്പോഴേക്കും കാലാവസ്ഥയിൽ നിയന്ത്രണം സാധ്യമാകണമെന്ന കാര്യം എല്ലാവരും സമ്മതിക്കുന്നു. എന്നാൽ, നടപ്പാക്കുന്നതിനോ, പാരിസ്ഥിതിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോ ആരും മുന്നോട്ടുവരുന്നില്ല.

2022ൽ ഈജിപ്തിലെ ശറമുശ്ശൗഖിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ 190 രാഷ്ട്രങ്ങൾ കൂടിയിരുന്ന് കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുകയുണ്ടായി. പങ്കെടുക്കാനെത്തിയവരെല്ലാം ഭൂമിയുടെ ഉപരിതലത്തിലെ താപനില 1.5 ഡിഗ്രി സെൽഷ്യസായി നിലനിർത്താൻ ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

അതിനാവശ്യമായ സാമ്പത്തികവും ശാസ്ത്ര സാങ്കേതികവുമായ സഹകരണങ്ങളും വാഗ്ദത്തം ചെയ്യപ്പെട്ടു. പക്ഷേ, എന്തുണ്ടായി. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! ഇതിന് മാറ്റം വന്നില്ലെങ്കിൽ സംഭവിക്കാവുന്ന പ്രകൃതി ക്ഷോഭങ്ങളാണ് നടേ ചൂണ്ടിക്കാട്ടിയത്.

പ്രകൃതിയുടെ സന്തുലനം നിലനിർത്തുകയെന്നത് പ്രപഞ്ച നിയമമാണ്. അതുപേക്ഷിക്കുകയും കരയിലും കടലിലും, ഇപ്പോൾ ആകാശത്തും മനുഷ്യർ അന്യായമായി കൈകടത്തിയതിന്റെ തിക്തഫലങ്ങളാണ് നാം അനുഭവിക്കുന്ന പ്രളയവും വരൾച്ചയും.

Tags:    
News Summary - Development should be with human priority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.