ഒരു രണ്ടാം വായന;
‘യുദ്ധവും സമാധാനവും’
സി. രാധാകൃഷ്ണൻ
അക്ഷരങ്ങൾ സോഫ്റ്റ്െവയറിലൂടെ പുറത്തിറങ്ങുന്ന കാലം എന്നോ എത്തിക്കഴിഞ്ഞു. അത്, വ്യാപകമായി പ്രചാരത്തിൽ വരാൻ പോകുന്നുവെന്നതിന് സംശയമേയില്ല. പാരിസ്ഥിതികദോഷം വരാതെ സൂക്ഷിച്ചുവെക്കാനും കൈകാര്യംചെയ്യാനും പ്രയാസമില്ലാതെ റഫറൻസ് ചെയ്യാനുമെല്ലാമുതകുംവിധം സൗകര്യത്തോടും കുറഞ്ഞ വിലയോടുംകൂടി വരുന്ന ഈ പരിഷ്കാരം നാളെ ആധുനിക ജീവിതത്തിെൻറ ഒഴിച്ചുകൂടാനാവാത്ത ഭാഗമാവും. പക്ഷേ, അച്ചടിയും പുസ്തകങ്ങളും അപ്രത്യക്ഷമാവും എന്ന ധാരണ എനിക്കില്ല. നമ്മുടെ ശീലങ്ങളൊന്നും അങ്ങനെയൊന്നും വിട്ടുമാറുന്നവയല്ലല്ലോ.
ഒരിടക്ക് ടി.വി വന്നപ്പോൾ, റേഡിയോയും പത്രങ്ങളുമെല്ലാം ഇല്ലാതാകും എന്നൊരു ഭയം പ്രചാരത്തിലുണ്ടായിരുന്നു. പക്ഷേ, അങ്ങനെയൊന്നില്ല എന്ന് കാലം തെളിയിച്ചു. എന്തൊക്കെ പരിഷ്കാരം വന്നാലും പഴയതെല്ലാം അതിേൻറതായ രീതികളിലും തോതുകളിലും തുടരുമെന്ന കാര്യവും നിശ്ചയമാണ്.
ഡിജിറ്റൽ വായന കണ്ണുകൾക്ക് കൂടുതൽ ആയാസം വരുത്തുന്നു. അതുകൊണ്ടുതന്നെ പ്രായമായവർക്കും കുട്ടികൾക്കും ഇവയത്ര ആരോഗ്യകരമല്ല. ലോക്ഡൗൺ കാലത്ത്, രണ്ടും വായിക്കാറുള്ള ഞാൻ കൂടുതൽ പിന്തുടർന്നത് അച്ചടിവായനയെതന്നെയാണ്. സുഹൃത്തുക്കളെല്ലാം പറഞ്ഞത് അവർ വാങ്ങിവെച്ചിട്ടും വായിക്കാൻ കഴിയാതെപോയ പുസ്തകങ്ങൾ ഈ കാലയളവിൽ വായിച്ചുവെന്നാണ്. കോവിഡ്കാലം അധികവായനയുടെ കാലംതന്നെയായിരുന്നു. വായിക്കാൻ മടിതോന്നിയ, സമയക്കുറവുകൊണ്ട് വായിക്കാതെപോയ വലിയ പുസ്തകങ്ങൾ വായിക്കാനായി. ലിയോ ടോൾസ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന വിഖ്യാത കൃതി 50 ആണ്ടുകൾക്കുശേഷം രണ്ടാം വായനക്കു വിധേയമായത് ലോക്ഡൗൺ സമയത്താണ്. കോവിഡ് വിഷമാവസ്ഥയിലും വായന സ്വീകാര്യമായ ഒരു കാര്യമായി മുന്നിലുണ്ടാവും. പുസ്തകങ്ങൾ മനുഷ്യസ്പർശമേൽക്കുന്നതുകൊണ്ട് വാങ്ങാനും കൈകാര്യംചെയ്യാനും മടിയുണ്ടായേക്കാം. കൈവശം ഇരിപ്പുള്ളവയും ഡിജിറ്റലായി കിട്ടുന്നവയും വായിച്ച് ഈ കാലം കഴിച്ചുകൂട്ടുകയെന്നതാണ് നമുക്ക് ചെയ്യാനാവുന്നത്.
ഭാവിയുടെ വായന
ഡിജിറ്റലിൽതന്നെ
ബെന്യാമിൻ
നല്ല വായനയുടെ വസന്തകാലമായിരുന്നു എനിക്ക് ലോക്ഡൗൺ. ഔദ്യോഗികമായും മറ്റും തിരക്കിലും യാത്രകളിലും വായന കുറഞ്ഞിട്ടുണ്ടായിരുന്നു. അതിനെ പുഷ്ടിപ്പെടുത്താൻ ഇക്കാലം സഹായിച്ചു. പുസ്തകങ്ങളെ കൂടാതെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലും സുഖസുന്ദരമായി വായന നടന്നു. ഒപ്പം ഒരു നോവലെഴുത്തിെൻറ പ്രാഥമിക ഘട്ടത്തിലേക്കും കടന്നു. സമൂഹമാധ്യമങ്ങളിലൂടെ വായനക്കാരുമായി കൂടുതൽ സംവദിക്കാനും സമയം കണ്ടെത്തി. ആടുജീവിതം ഉൾെപ്പടെ ആദ്യമായി വായിക്കുന്നവരുടെ അനുഭവങ്ങളും പ്രതികരണങ്ങളും മെയിലിലും ഇൻബോക്സിലും കമൻറിലുമെല്ലാം തേടിയെത്തിയത് വലിയ സന്തോഷം നൽകി.
പൊതുവേ നോക്കുമ്പോൾ, സമൂഹത്തിലും വായന വലിയ അളവിൽ വർധിച്ചതായാണ് മനസ്സിലാക്കുന്നത്. സിനിമയോ മറ്റു വിനോദോപാധികളോ ഒന്നുമില്ലാത്തവർ വായനയിലേക്കു ചേക്കേറുന്ന കാഴ്ചയായിരുന്നു എങ്ങും. പുസ്തകങ്ങളുടെ ലഭ്യതക്കുറവുമൂലം ഡിജിറ്റൽ മാധ്യമങ്ങൾതന്നെയാണ് വായനയെ ജനപ്രിയമാക്കിയത്. ഭാവിയുടെ വായനയും ഡിജിറ്റലിൽതന്നെയാണ്. ലോകത്തിെൻറ ഏതു കോണിലിരുന്നും ആർക്കും എളുപ്പം ലഭ്യമാവുന്നുവെന്നതാണ് ഇതിെൻറ ഗുണം. അച്ചടിയിൽനിന്ന് ഓൺലൈനിലേക്ക് അക്ഷരങ്ങളുടെ മാധ്യമമേ മാറുന്നുള്ളൂ, അതിനൊപ്പം വായനയും ഒഴുകിക്കൊണ്ടിരിക്കും. ഇതൊരു കാലഘട്ടത്തിെൻറ മാറ്റമാണ്. പണ്ട് താളിയോലയിലും മറ്റുമായിരുന്നു എഴുതപ്പെട്ടിരുന്നത്. കാലത്തിനനുസരിച്ച് എഴുത്തിെൻറ മാധ്യമം മാറിയെന്നു മാത്രം. അതിനിയും മനുഷ്യപുരോഗതിക്കൊപ്പം മുന്നോട്ടുപോയിക്കൊണ്ടിരിക്കും.
ഓൺലൈൻ
പുസ്തകവിൽപന കൂടി
രവി ഡി.സി
ലോക്ഡൗൺ കാലത്ത് സമൂഹത്തിൽ വായന ഗംഭീരമായി വർധിച്ചു. തീരെ വായിക്കാത്തവരും ചെറുതായി വായിക്കുന്നവരുമെല്ലാം നന്നായി വായിക്കാൻ തുടങ്ങി. ഡി.സി ബുക്സ് ഒട്ടേറെ സംവിധാനങ്ങളാണ് വായനയെ എളുപ്പത്തിലാക്കാൻ നടപ്പാക്കിയത്. കോവിഡിെൻറ പ്രാഥമിക ഘട്ടത്തിൽതന്നെ ആരോഗ്യവകുപ്പുമായി ചേർന്ന്, ക്വാറൻറീനിൽ കഴിയുന്നവർക്ക് അഭിരുചിക്കനുസരിച്ച പുസ്തകം സൗജന്യമായി സമ്മാനിച്ചുകൊണ്ട് ഇതിനു തുടക്കമിട്ടു. പിന്നാലെ 70,000ത്തോളം പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കി. ഓൺലൈനിലെ പുസ്തകങ്ങളുടെ ലഭ്യതയായിരുന്നു ലോക്ഡൗൺ കാലത്തെ വായനയിൽ പ്രധാനം. ഈ വായനക്കാരെല്ലാം തുടർന്ന് ഡി.സിയുടെ ഇ-ബുക്ക് ആപ് ഡൗൺലോഡ് ചെയ്ത് ഇ-റീഡേഴ്സ് ആയി മാറി. ഓൺലൈൻ പുസ്തകം വാങ്ങലുകളുടെ എണ്ണം വർധിച്ചു.
ഇ-ബുക്കിനു പിന്നാലെ പുസ്തകങ്ങളെ കേട്ടറിയാൻ ഓഡിയോ ബുക്ക് പതിപ്പുകളും സൗജന്യമായി നൽകി. കൂടുതൽ പേർ ഈ സൗകര്യം പ്രയോജനപ്പെടുത്താനെത്തി. ഇങ്ങനെ സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി ഞങ്ങൾ വായനക്കാർക്കു മുന്നിലെത്തിയപ്പോൾ അവർ തിരിച്ചും പുസ്തകങ്ങളെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങി. പല ഭൂഖണ്ഡങ്ങളിലിരുന്നും ആളുകൾ ഡി.സിയുടെ പുസ്തകം വാങ്ങാനെത്തി. 50 ശതമാനം വരെ വിലക്കുറവിലാണ് പുസ്തകങ്ങൾ ഡിജിറ്റലായി വിറ്റത്.
ഇളവുകളുടെ ഭാഗമായി പുസ്തകശാലകൾ തുറന്നെങ്കിലും പലരും കടകളിലേക്ക് മടങ്ങിയെത്താൻ തുടങ്ങിയിട്ടില്ല. ഇതിന് ആറുമാസംകൂടി എടുക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, ഓൺലൈനിലെ പുസ്തകവിൽപന 300 ശതമാനമെങ്കിലും വർധിച്ചതായാണ് ഇക്കാലത്തെ സന്തോഷവാർത്ത. സാധാരണ ഒരാഴ്ച ഇറങ്ങുന്നതിലുമേറെ പുസ്തകങ്ങൾ ലോക്ഡൗൺ സമയത്ത് ഇറങ്ങിയിരുന്നു. അച്ചടി പുസ്തകം, അവയുടെ തന്നെ ഓൺലൈൻ പതിപ്പ്, പിന്നെ മറ്റു പുസ്തകങ്ങളുെട ഓൺലൈൻ പതിപ്പ് മാത്രം എന്നിങ്ങനെയാണിത്. കോവിഡ് പ്രതിസന്ധി കൊണ്ടുവന്ന ഓൺലൈൻ മാറ്റം ഭാവിയിലും തുടരുമെന്നാണ് വിലയിരുത്തൽ.
ഇ-റീഡിങ് ഒാക്കെ,
പേക്ഷ...
കെ.എസ്. ശബരീനാഥൻ എം.എൽ.എ
സാധാരണയിലും കൂടുതൽ വായിക്കാൻ ലോക്ഡൗണിൽ കഴിഞ്ഞു. മുമ്പത്തേക്കാൾ കൂടുതൽ ഡിജിറ്റൽ വായന പതിവാക്കി എന്നു പറയാം. രണ്ടു കാരണമുണ്ട്; ഒന്ന് സമയത്തിെൻറ വഴക്കം, നമുക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടംപോലെ സൗകര്യപ്രദമായി വായിക്കാമെന്നതാണ് ഇ-വായനയുെട ഗുണം. പിന്നെ, വ്യക്തിപരമാണ്. ചെറിയ കുഞ്ഞുള്ളതുകൊണ്ട് ലൈറ്റ് കെടുത്തിയാലും മൊബൈലിലും മറ്റും വായിക്കാമല്ലോ. പക്ഷേ, ഡിജിറ്റൽ റീഡിങ്ങിൽ പൂർണ തൃപ്തി ലഭിക്കാറില്ല. കുറച്ചു പുസ്തകങ്ങൾ ഓൺലൈനിൽ വായിച്ച് വീണ്ടും അച്ചടി പുസ്തകത്തിലേക്കുതന്നെ മാറി. നേരേത്ത കുറച്ചു വായിച്ച് മാറ്റിവെച്ച ഒന്നായിരുന്നു ആനന്ദിെൻറ ‘ആൾക്കൂട്ടം’. കൂടുതൽ ഗഹനവും വ്യാപ്തിയുമുള്ള വായന ആവശ്യപ്പെടുന്ന കൃതിയാണത്. ഏറക്കുറെ വായിച്ചുതീരാറായി. അതുകൊണ്ടുതന്നെ, ലോക്ഡൗണിൽ കൂടുതൽ ക്ലാരിറ്റിയോടെ ആനന്ദിെൻറ പുസ്തകങ്ങളുൾെപ്പടെ വായിക്കാനായി എന്നതാണ് ഒരു നേട്ടം.
ഇതുപോലെ പ്രമുഖ നടനും മോഡലും ഫിറ്റ്നസ് ഫ്രീക്കുമായ മിലിന്ദ് സോമെൻറ ‘മേഡ് ഇൻ ഇന്ത്യ’ എന്ന ആത്മകഥയാണ് ലോക്ഡൗൺ വായനയിൽ ഏറെ ഇഷ്ടപ്പെട്ട പുസ്തകങ്ങളിലൊന്ന്. കാരണം, സാധാരണ എല്ലാവരും ആത്മകഥയിൽ ‘ഞാൻ ഒരു വലിയ സംഭവമാണ്’ എന്ന് വരുത്താനായിരിക്കും ശ്രമിക്കുക. പക്ഷേ, അദ്ദേഹത്തിെൻറ പുസ്തകം പറയുന്നത് ‘ഞാനൊരു ഭയങ്കര സംഭവമേ അല്ല’ എന്നാണ്. അതാണെനിക്കിഷ്ടപ്പെടാൻ കാരണം. ലോക്ഡൗണിൽ കുട്ടികളും ചെറുപ്പക്കാരുമെല്ലാം കൂടുതൽ വായിക്കാൻ തുടങ്ങിയെന്നതാണ് സന്തോഷകരം. തീർച്ചയായും വായനയുടെ ഭാവി ഡിജിറ്റലിൽതന്നെയാണ്.
ഇ-വായന വന്നെന്നു കരുതി
ഇൗ വായന മരിക്കില്ല
ആയിഷ റെന്ന
ലിറ്ററേച്ചർ വിദ്യാർഥിനിയായ ഞാൻ ബൗദ്ധികശേഷിയും വിഷയവിജ്ഞാനവും വർധിപ്പിക്കുന്നതിന് നോൺഫിക്ഷൻ വായനയിലേക്ക് കൂടുതൽ കടന്ന കാലമാണ് ലോക്ഡൗൺ. പക്ഷേ, പൊതുവേ പുതുതലമുറയിലെ ആളുകളെപ്പോലെ കൂടുതലായി ഡിജിറ്റൽ വായനയുള്ള ആളല്ല. തീരെയില്ല എന്നല്ല. ഒരു നോവൽ അല്ലെങ്കിൽ ഏതെങ്കിലും കൃതി വായിക്കണമെങ്കിൽ പുസ്തകമായിട്ടുതന്നെ വേണം. മറിച്ച് ലേഖനങ്ങൾ, പ്രബന്ധങ്ങൾ തുടങ്ങിയവ ഓൺലൈനായി ഏറെ വായിക്കാറുണ്ട്.
പുസ്തകം വായിക്കുന്ന സുഖമോ വൈകാരിക അനുഭവമോ ഇ-റീഡിങ് തരുന്നില്ല. വായിക്കുന്നത് മനസ്സിൽ നിൽക്കാൻ പ്രധാന പോയൻറുകൾ കുറിക്കുകയോ ചുരുങ്ങിയത് അടിവരയിടുകയോ ചെയ്യണം. ഡിജിറ്റൽ വായനയിൽ അത് സാധ്യമല്ലല്ലോ. മാത്രവുമല്ല, നോൺഫിക്ഷൻ വായനക്ക് ബൗദ്ധിക അധ്വാനം താരതമ്യേന കൂടുതലാണ്. അതിനും പുസ്തകമാണ് നല്ലത്. എന്നാൽ, തീർത്തും അനിവാര്യമായ സാഹചര്യത്തിൽ ഓൺലൈനിൽ പുസ്തകം വായിക്കാനും തയാറാണ്. പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് രാജിവെച്ച മഹാരാഷ്ട്രയിലെ മുതിർന്ന ഐ.പി.എസുകാരൻ അബ്ദുറഹ്മാൻ എഴുതിയ ‘ഡിനയൽ ആൻഡ് ഡിപ്രിവേഷൻ’ എന്ന പുസ്തകവും ലാരി കോളിൻസ്, ഡോമിനിക് ലാപിയർ എന്നിവർ ചേർന്നെഴുതിയ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന കൃതിയുമെല്ലം ഈ സമയത്ത് വായിച്ചു. ഡിജിറ്റൽ വായനക്കാലത്ത് എന്നെപ്പോലെ പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഇ-വായന വന്നെന്നു കരുതി പുസ്തകവായന മരിക്കില്ലെന്നുതന്നെയാണ് വിശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.