മോദിസ്​ഥാനിലേക്കുള്ള ദൂരം

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്​ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ, രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭൂതപൂർവമായ ആഹ്ലാദവും ശുഭപ്രതീക്ഷയുമാണ് സമ്മാനിച്ചിരിക്കുന്നത്. അത്രയളവിൽ മതേതര പാർട്ടികൾക്കും മതന്യൂനപക്ഷങ്ങൾക്കും നിരാശയും ആശങ്കയും സൃഷ്​ടിക്കുകകൂടി ചെയ്തിരിക്കുന്നു ഇലക്​ഷൻ ഫലങ്ങൾ. 2016 നവംബർ എട്ടിന് രാത്രി 1000, 500 കറൻസി നോട്ടുകൾ അസാധുവാക്കുകയും ജനങ്ങളുടെ ദൈനംദിന വ്യവഹാരങ്ങൾ സ്​തംഭിക്കുകയും ചെയ്തതിനെ തുടർന്നുയർന്നുവന്ന രോഷത്തി​െൻറയും പ്രതിഷേധത്തി​െൻറയും പശ്ചാത്തലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും മുഖ്യ ഭരണകക്ഷിക്കുമെതിരെ കടുത്ത ജനവികാരം വോട്ടു യന്ത്രങ്ങളിൽ പ്രതിഫലിക്കുമെന്ന് പൊതുവെ കരുതപ്പെട്ടിരുന്നതാണ്.

വിശിഷ്യ യു.പിയിൽ സമാജ്​വാദി പാർട്ടിയും കോൺഗ്രസും തട്ടിക്കൂട്ടിയെടുത്ത സഖ്യം കാവിപ്പടക്ക് കനത്ത ഭീഷണി ഉയർത്തുമെന്നും ബി.ജെ.പി മായാവതിയുടെ ബി.എസ്​.പിക്കും പിറകെ പോയാൽ അദ്ഭുതപ്പെടാനില്ലെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തി​െൻറ തുടക്കത്തിൽ പ്രവചിക്കപ്പെട്ടത്. ഈ കൂട്ടുകെട്ടിനെതിരെ എസ്​.പിയുടെ ശിൽപി മുലായം സിങ് വെടിപൊട്ടിക്കുകയും അച്ഛനും മകനും തമ്മിലെ പോര് പാർട്ടിയെ പിളർപ്പി​െൻറ വക്കിലെത്തിക്കുകയും ചെയ്തപ്പോൾ സ്​ഥിതി മാറിയെന്നത് നേരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.പിയിൽ രാപ്പകൽ ചുറ്റിക്കറങ്ങി വർഗീയ പ്രചാരണം അഴിച്ചുവിടുകകൂടി ചെയ്തതോടെ ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കുകയോ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയോ ചെയ്യുമെന്ന പ്രവചനങ്ങളും വന്നു. പോളിങ്ങിനുശേഷം പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ ഈ പ്രവചനങ്ങളെ സ്​ഥിരീകരിക്കുകയും ചെയ്തു. പക്ഷേ, 403 സീറ്റുകളിൽ 312ഉം നേടി ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമെന്ന് പാർട്ടിയുടെ ഏറ്റവും വലിയ ശുഭപ്രതീക്ഷകൻപോലും സ്വപ്നം കണ്ടിരുന്നില്ല.

ഇതഃപര്യന്തമുള്ള എല്ലാ സമവാക്യങ്ങളെയും കണക്കുകൂട്ടലുകളെയും അട്ടിമറിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സംസ്​ഥാനത്താകെ താമരവിരിഞ്ഞതാണ് ചിത്രം. കോൺഗ്രസ്​ ഭരണത്തിലിരുന്ന തൊട്ടടുത്ത സംസ്​ഥാനമായ ഉത്തരാഖണ്ഡിൽ നാലിൽ മൂന്ന് ഭൂരിപക്ഷമാണ് 70ൽ 57 സീറ്റും അടിച്ചെടുക്കുക വഴി ബി.ജെ.പി നേടിയിരിക്കുന്നത്. 2012ൽ 224 സീറ്റുകൾ നേടി യു.പി ഭരിച്ചിരുന്ന എസ്​.പിക്ക് കേവലം 47 സീറ്റുകളിൽ കഷ്​ടിച്ചു ജയിച്ച് കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നു. മായാവതിക്കാവട്ടെ ഇലക്​ഷൻ ഫലങ്ങൾ അംഗീകരിക്കാനുള്ള സമചിത്തതപോലും നഷ്​ടപ്പെട്ടിരിക്കുന്നു. കാലാവധി കഴിഞ്ഞ നിയമസഭയിൽ 80 സീറ്റുകളുണ്ടായിരുന്ന ബി.എസ്​.പി ഇത്തവണ 19 സീറ്റുകൾകൊണ്ട് തൃപ്തിയടയാൻ പോലുമാവാതെ അന്തംവിട്ടുനിൽക്കുകയാണ്.

28 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് രണ്ടക്കം നിലനിർത്താൻ പറ്റിയില്ല. എസ്​.പിയെ കൂട്ടുപിടിച്ചിട്ടും കൈവന്നത് വെറും ഏഴു സീറ്റ്! പാർട്ടിയുടെ പരമോന്നത നേതാക്കളായ അമ്മയും മകനും ജയിച്ചുവന്ന റായ്ബറേലിയും അമേത്തിയും മോദി പ്രളയത്തിൽ ഒലിച്ചുപോയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിയുടെ വോട്ട് ശതമാനം ഇരട്ടിയിലേറെ ഉയർന്നിട്ടുണ്ട്. ഇത്തവണ 40 ശതമാനം വോട്ടാണ് പാർട്ടി തരപ്പെടുത്തിയത്. 2002 വരെ യു.പിയുടെ ഭാഗമായിരുന്ന ഉത്തരാഖണ്ഡും യു.പിയുടെ വഴിയിൽ വന്നു. 70ൽ 57 സീറ്റും അടിച്ചെടുത്ത ബി.ജെ.പി ഇടക്കാലത്ത് സുപ്രീംകോടതിയുടെ ഇടപെടൽ ക്ഷണിച്ചുവരുത്തുന്നവിധം കൂറുമാറ്റം സംഘടിപ്പിച്ചെന്ന ദുഷ്പേരുണ്ടായിട്ടും കോൺഗ്രസിനേക്കാൾ 13 ശതമാനം വോട്ടുകൾ  കൂടുതൽ നേടി. മുഖ്യമന്ത്രി ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റ് തൊപ്പിയിടുകയും ചെയ്തു.

കനത്ത പരാജയത്തിനിടയിലും കോൺഗ്രസിന് ഒരുവിധം പിടിച്ചുനിൽക്കാനും പറഞ്ഞുനിൽക്കാനും വക നൽകുന്നത് പഞ്ചാബിലെ തിളക്കമാർന്ന വിജയമാണ്. 10 വർഷമായി പാർട്ടിയെ കൈവിട്ട പഞ്ചാബിൽ 117 സീറ്റിൽ 77ഉം പിടിച്ചെടുത്ത് ശിരോമണി അകാലിദൾ –ബി.ജെ.പി കൂട്ടുകെട്ടിനെ തറപറ്റിച്ചിരിക്കുന്നു. നടാടെ നിയമസഭയിലേക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയാണ് 20 സീറ്റുകൾ നേടി രണ്ടാംസ്​ഥാനത്ത്. മുൻസഭയിൽ 12 സീറ്റുണ്ടായിരുന്ന ബി.ജെ.പി വെറും നാല് സീറ്റുകളിലൊതുങ്ങി. പി.സി.സി അധ്യക്ഷനും നിർദിഷ്​ട മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് പട്യാലയിൽനിന്ന്  ജയിച്ചുകയറിയതിനാൽ താരതമ്യേന പ്രശ്നങ്ങളില്ലാതെ കോൺഗ്രസ്​ പഞ്ചാബ് ഭരിക്കുമെന്നുറപ്പായി. 40 സീറ്റുകളുള്ള ഗോവയിൽ ഭരണത്തിലിരുന്ന ബി.ജെ.പി സഖ്യത്തെ പിന്നിലാക്കി
കോൺഗ്രസ്​ സഖ്യം 18 സീറ്റുകൾ നേടിയിട്ടുണ്ടെങ്കിലും പ്രാദേശിക പാർട്ടികളെ വശത്താക്കി ഭരണം കൈവിടാതിരിക്കാൻ 13 സീറ്റുകൾ മാത്രമുള്ള ബി.ജെ.പി നടത്തിയ ശ്രമം ലക്ഷ്യം കണ്ടു. കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീകറാണ് മുഖ്യമന്ത്രി. 60 സീറ്റുകളുള്ള മണിപ്പൂരിൽ 28 സീറ്റുകൾ നേടി കോൺഗ്രസ്​ പ്രാദേശിക പാർട്ടികളുടെ പിൻബലത്തിൽ ഭരണം കൈവിടാതിരിക്കാനുള്ള തീവ്രശ്രമത്തിലാണെങ്കിലും ഫലം കണ്ടറിയണം.

വലതുപക്ഷ കൗശലം
പാർട്ടിയുടെ തകർപ്പൻ വിജയത്തിൽ നരേന്ദ്ര  മോദിയെ അനുമോദിക്കാൻ ഡൽഹിയിൽ പതിനായിരങ്ങൾ പങ്കെടുത്ത റോഡ് ഷോയിലൂടെ രാജ്യത്തെ ഹിന്ദു മനസ്സുകളിൽ ആരാധ്യപുരുഷനായി അദ്ദേഹത്തെ വാഴിക്കാനും നേടിയത് മോദിയുടെ അപ്രമാദിത്വത്തിന് ലഭിച്ച ജനപിന്തുണയാണെന്ന് വരുത്തിത്തീർക്കാനുമാണ് സംഘ്പരിവാറി​െൻറ ശ്രമം. കോൺഗ്രസുകാരനായ മുൻ സീനിയർ കേന്ദ്രമന്ത്രി പി. ചിദംബരത്തെ പോലുള്ളവരുടെ പ്രതികരണവും അതിനെ സ്​ഥിരീകരിക്കുന്നതാണ്. ഇന്ത്യയെന്നാൽ ഇന്ദിര എന്ന് അടിയന്തരാവസ്​ഥക്കാലത്ത് കോൺഗ്രസ്​ നേതാക്കൾ ഉദ്ഘോഷിച്ചപോലെ ഭാരതമെന്നാൽ നരേന്ദ്ര മോദി എന്നമന്ത്രം അരക്കിട്ടുറപ്പിക്കാൻ ഹിന്ദുത്വർ മാത്രമല്ല വലതുപക്ഷം പൊതുവെ ഈയവസരം ഉപയോഗിക്കുമെന്ന് തീർച്ച.

വാസ്​തവത്തിൽ അസാധാരണമോ അസ്വാഭാവികമോ ആയ ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂക്ഷ്മാവലോകനം വ്യക്തമാക്കും. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പി​െൻറ തനിയാവർത്തനമാണ് യു.പി യിൽ സംഭവിച്ചിരിക്കുന്നത്. 42 ശതമാനം വോട്ടും 71 സീറ്റുകളും നേടി അന്ന്  ബി.ജെ.പി സമാജ്​വാദി പാർട്ടിയെയും ബി.എസ്​.പി യെയും കോൺഗ്രസിനെയും തറപറ്റിച്ചതാണ്. വ്യത്യസ്​തമായ ഫലം ഈ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാവണമെങ്കിൽ മതേതര വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും ഏകീകരിക്കപ്പെടണമായിരുന്നു. എസ്​.പി.യും ബി.എസ്​.പി യും തെരഞ്ഞെടുപ്പ് ധാരണക്കെങ്കിലും സന്നദ്ധമാവാത്തിട
ത്തോളം അത് സംഭവിക്കില്ലെന്നുറപ്പ്. ബി.ജെ.പിയുടെ അപ്രതിരോധ്യവിജയം നേർക്കുനേർ കണ്ടിട്ടും മുലായമി​െൻറയും മായാവതിയുടെയും ഈഗോ സഖ്യത്തിനനുവദിച്ചില്ല. തത്ഫലമായി പിന്നാക്ക സമുദായ, ന്യൂനപക്ഷ വോട്ടുകൾ രണ്ട് പാളയത്തിലുമായി ചിതറി. നിർണായക സ്വാധീനം പണ്ടേ നഷ്​ടമായ കോൺഗ്രസിനെ കൂട്ടുപിടിച്ചതുകൊണ്ട് അഖിലേഷിന് ഒന്നും കിട്ടിയതുമില്ല്ല.  അയാളുടെ ഭരണ പരാജയത്തോടുള്ള ജനങ്ങളുടെ അമർഷവും പോളിങ് തലക്കുമീതെ എത്തിനിൽക്കുമ്പോൾ അച്ഛനും മകനും അനോന്യം നടത്തിയതും കൂടിയായപ്പോൾ സംഭവിക്കേണ്ടതെന്തോ അതാണ് സംഭവിച്ചത്.

എന്നിട്ടും 2014ലേതിനേക്കാൾ രണ്ടുശതമാനം വോട്ട് കാവിപ്പടക്ക് കുറഞ്ഞതാണദ്ഭുതം. മുസ്​ലിം മണ്ഡലങ്ങളിൽപോലും ബി.ജെ.പി വൻ ഭൂരിപക്ഷം നേടിയെന്ന പെരുമ്പറ വാസ്​തവമല്ല. രണ്ട് മതേതര ചേരികളിലായി ന്യൂനപക്ഷ വോട്ടുകൾ ചിതറിയപ്പോൾ ഭൂരിപക്ഷ വോ ട്ടുകൾ ഏകീകരിക്കപ്പെടുകയും ബി.ജെ.പി സ്​ഥാനാർഥികൾ ജയിക്കുകയുമാണ് സാമാന്യമായി സംഭവിച്ചത്.  ഒരൊറ്റ മുസ്​ലിമിനെയും മത്സരിപ്പിക്കാതെ രണ്ടു കോടിയോളം മുസ്​ലിംകളുള്ള ഉത്തർപ്രദേശിനെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഭരിക്കാൻ അവസരം ലഭിച്ചതിൽ സംഘ്പരിവാറിന് നിശ്ചയമായും ചാരിതാർഥ്യത്തിന് വകയുണ്ട്.

പ്രതിപക്ഷ പാർട്ടികളിൽനിന്നായി 24 മുസ്​ലിംകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും ബാബരി മസ്​ജിദ് ഭൂമിയിൽ രാമക്ഷേത്രം പണിയുന്നതടക്കമുള്ള സംഘ്പരിവാർ അജണ്ട നടപ്പാക്കുന്നതിൽ ഒരു തടസ്സവും സൃഷ്​ടിക്കാൻ ദുർബല പ്രതിപക്ഷത്തിന് സാധിക്കണമെന്നില്ല.  മാത്രമല്ല, രാഷ്ട്രപതി ഭവനിൽ പ്രതിബദ്ധതയുള്ള ആർ.എസ്​.എസുകാരനെ കുടിയിരുത്താനും ഒന്നര വർഷത്തിനകം രാജ്യസഭയിലുംകൂടി ഭൂരിപക്ഷം ലഭിക്കുന്നതോടെ അനായാസം പാസാകുന്ന ബില്ലുകളൊക്കെ യഥാസമയം ഒപ്പിട്ട് നിയമമാക്കാനും വഴിതെളിയാൻ പോവുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനാ ഭേദഗതിയും  നിർബാധം നടക്കും. അതോടെ രാജ്യത്തി​െൻറ ഫെഡറൽ സ്വഭാവം നാമമാത്രമാവുകയും കേന്ദ്രീകൃത ഹിന്ദുത്വ ഭരണത്തിന് തിരശ്ശീല ഉയരുകയും ചെയ്യും. മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രം എന്ന ഇന്ത്യയുടെ മൗലിക സ്വഭാവം തന്നെ ഫലത്തിൽ ശൂന്യതയിൽ ലയിക്കും.

മതേതര കക്ഷികളുടെ ബുദ്ധിശൂന്യത
രാജ്യത്ത് ശക്തിപ്രാപിച്ചുവരുന്ന ആത്യന്തിക ഹൈന്ദവ ദേശീയതയെ ലാഘവ ബുദ്ധിയോടെ കാണാനും പലപ്പോഴും തലോടാനും രാജ്യരക്ഷയുടെ പേരിൽ കോൺഗ്രസും മതേതര കക്ഷികളും കാണിച്ച ബുദ്ധിശൂന്യതയാണ്, അവരുടെ അസ്​ഥിത്വംതന്നെ അപകടപ്പെടുത്തുന്ന ഇന്നത്തെ അവസ്​ഥയിലേക്ക്  കാര്യങ്ങൾ എത്തിച്ചതെന്ന്  സമ്മതിക്കാതിരുന്നിട്ട് പ്രയോജനമില്ല. അതിനുകാരണം ശക്തവും തീക്ഷ്ണവുമായ ഹിന്ദുത്വ പ്രത്യയശാസ്​ത്രത്തോടു ഭദ്രമായ ഭൂമികയിൽനിന്ന് പൊരുതാൻ പ്രാപ്തമാക്കുന്ന ഒരാദർശമോ പ്രത്യയശാസ്​ത്രമോ മതേതരപാർട്ടികളെന്ന് അവകാശപ്പെടുന്നവർക്കില്ലാതെപോയതാണ്. മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസം എന്ന് ഭരണഘടനയിൽ എഴുതിച്ചേർത്തതല്ലാതെ ജനമനസ്സുകളിൽ അതിനെ കുടിയിരുത്താൻ സെക്കുലർ പാർട്ടികൾക്കും സർക്കാറുകൾക്കും കഴിയാതെപോയി. ശക്തമായ പ്രത്യയശാസ്​ത്ര ശാഠ്യങ്ങളുള്ള കമ്യൂണിസ്​റ്റ് പ്രസ്​ഥാനത്തിനാകട്ടെ ശൈഥില്യത്തിനുപുറമെ, കേരളം, ബംഗാൾ പോലുള്ള ചുരുക്കം സംസ്​ഥാനങ്ങളിൽ മാത്രം സ്വാധീനം പരിമിതമായതും കരുത്തുറ്റ മതേതര ബദലിന് വിഘാതമായി.

എന്തിനേറെ, ദേശീയതലത്തിൽ ഏറ്റവും അംഗ സംഖ്യയുള്ള േട്രഡ് യൂനിയൻപോലും തീവ്രവലതുപക്ഷത്തി​െൻറ നിയന്ത്രണത്തിലായത് നിസ്സഹായരായി നോക്കിനിൽക്കാനേ ഇടതുപക്ഷത്തിന് കഴിഞ്ഞുള്ളൂ. ദലിത്–പിന്നാക്ക–ന്യൂനപക്ഷ ഐക്യപ്പെടലിനെയും കൂട്ടായ്മയെയും കുറിച്ച വായ്ത്താരികൾ സാർഥകമായ ഒരു ബദലും സൃഷ്​ടിച്ചിട്ടില്ല. ദലിത്, പിന്നാക്ക ജാതികളെ ക്രമത്തിൽ സംഘ്പരിവാർ സ്വന്തം പാളയത്തിലേക്ക് ആട്ടിത്തെളിക്കുന്നതാണ് വർത്തമാനകാലചിത്രം. ദലിത് സ്വത്വത്തിലൂന്നിയ രാഷ്ട്രീയ പരീക്ഷണങ്ങൾ യു.പിയിലും മറ്റും തകർന്നടിയുകയാണ്.

ചുരുക്കത്തിൽ വംശ, വർണ, ഗോത്ര പ്രാദേശിക സ്വത്വവാദങ്ങൾക്കും ദേശീയതകൾക്കുമപ്പുറത്ത് വിശ്വ മാനവികതയിലും സമത്വത്തിലും സാമൂഹിക നീതിയിലും നിലയുറപ്പിച്ച് ജനാധിപത്യപരമായി പോരാടാൻ കരുത്തേകുന്ന ഒരു പ്രത്യയശാസ്​ത്രത്തി​െൻറ ശൂന്യത നിയത യാഥാർഥ്യമായി നിലനിൽക്കുന്നു. അതേകുറിച്ച് ഗൗരവപൂർവം ആലോചിക്കാനെങ്കിലും തീവ്രദേശീയതയുടെ ഭീഷണമായ ഉദയം േപ്രരകമാവുന്നില്ലെങ്കിൽ അസഹിഷ്ണുതയുടെയും വിഭാഗീയതയുടെയും പാരമ്യതയിലെത്തിയ ഒരു മോദിസ്​ഥാനിലേക്കുള്ള ദൂരം കുറഞ്ഞുകൊണ്ടേവരും. 2022 ആണ് മോദി ത​െൻറ സ്വപ്ന ഭാരതത്തി​െൻറ സാക്ഷാത്കാരത്തിന് പ്രഖ്യാപിച്ച വർഷം എന്നോർക്കുക.

Tags:    
News Summary - distance to modistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.