നവംബറിലെ ആദ്യ ചൊവ്വാഴ്ച അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ആരു ജയിക്കുമെന്നതാണ് ലോക തലസ്ഥാനങ്ങളിലെ ചൂടേറിയ ചര്‍ച്ച. അമേരിക്കൻ പ്രസിഡൻറ് ഐക്യനാടുകളുടെ രാഷ്ട്രത്തലവൻ മാത്രമല്ല, ഫെഡറൽ ഭരണകൂടത്തിെൻറ അധ്യക്ഷൻ കൂടിയാണ്. യു.എസ് സായുധസേനയുടെ കമാൻഡർ ഇൻ ചീഫും അദ്ദേഹം തന്നെ. അതിനാൽ ലോകനേതാക്കളിൽ ഒന്നാം സ്ഥാനം അമേരിക്കൻ പ്രസിഡൻറിനു തന്നെ. ഏറ്റവും സമ്പന്നവും ശക്തവുമായ രാഷ്ട്രമായതിനാൽ അമേരിക്കൻ തെരഞ്ഞെടുപ്പ് ലോകസംഭവങ്ങളെയെല്ലാം സ്വാധീനിക്കുന്നു. ആണവായുധ വ്യാപനം, കാലാവസ്ഥ നിയന്ത്രണം, ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര നാണയനിധിയുടെയും നിയന്ത്രണം, യുദ്ധങ്ങൾ തുടങ്ങി ലോകത്തെ മൊത്തം ബാധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളിലും അവസാന വാക്ക് അമേരിക്കയുടേതെന്നു കരുതപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ ആർക്കും അവരെ അവഗണിക്കുക സാധ്യമല്ല.
ഇത് കുറിക്കുമ്പോൾ പുറത്തുവന്ന അഭിപ്രായ സർവേകളത്രയും ജോ ബൈഡൻ വിജയിക്കുമെന്ന നിഗമനത്തിലാണ്. സെപ്റ്റംബർ മൂന്നു മുതൽ എട്ടു വരെയായി നടന്ന വിസ്കോൺസൻ അഭിപ്രായ വോട്ടെടുപ്പിൽ 51 ശതമാനം വോട്ടർമാർ ജോ ബൈഡനെ അനുകൂലിക്കുന്നു. അരിസോണ, നോർത്ത് കരോലൈന തുടങ്ങിയ റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ തന്നെ ഡെമോക്രാറ്റിക് പാർട്ടി നിര്‍ണായക സാന്നിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് 19െൻറ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവന്ന ഫ്ലോറിഡ ട്രംപിനെ ആറു ശതമാനം വോട്ടിനു പിന്നിലാക്കുന്നു. 'ദ മൻമോത്ഷയർ' യൂനിവേഴ്സിറ്റി, 'ദ ഇക്കണോമിസ്റ്റ്' എന്നിവരുടെ ഫലങ്ങളും ട്രംപിനെതിരാണ്. എന്നാൽ, ഇപ്പോഴും അദ്ദേഹം ജയിക്കുമെന്ന് ഇവരൊക്കെയും കരുതുന്നുവെന്നതാണ് കൗതുകകരം. കാരണം മറ്റൊന്നുമല്ല, കഴിഞ്ഞ തവണ എല്ലാവിധ കണക്കുകളും ഹിലരി ക്ലിൻറന് അനുകൂലമായിരുന്നല്ലോ. എന്നാൽ, ജയിച്ചതോ? രാഷ്ട്രീയ നിരീക്ഷകർ പറയാറുള്ളത് 'തെരഞ്ഞെടുക്കപ്പെട്ടത് ഹിലരി, പക്ഷേ, പ്രസിഡൻറായത് ട്രംപ്' എന്നാണ്.
പൊതുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കരുത്തുറ്റ ഒരു സ്ഥാനാർഥിയാണ് ബറാക് ഒബാമയുടെ കൂടെ വൈസ് പ്രസിഡൻറായിരുന്ന ജോ ബൈഡൻ. 1970 മുതൽ അദ്ദേഹം രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്. പക്ഷേ, അതുകൊണ്ടൊന്നും വിജയസാധ്യത പ്രവചിക്കാനാവില്ല. ജനങ്ങളുടെ ജീവത്തായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന നേതൃത്വമാണാവശ്യം. കോവിഡ് 19െൻറ തിക്തഫലങ്ങളാണ് ട്രംപിനെ ഉലച്ചിരിക്കുന്നത്. ഈ മഹാമാരിമൂലം 18നും 29നും ഇടക്ക് പ്രായമുള്ള പകുതിയോളം പേർക്ക് അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ തെരഞ്ഞെടുപ്പിൽ, വോട്ടർമാരിൽ ഭൂരിപക്ഷവും യുവാക്കളാണെന്നാണ് ചിന്തകനും ബ്രൂകിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജനസംഖ്യ ശാസ്ത്രജ്ഞനുമായ ബിൽ ഫ്രെയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. ഇത് ഡെമോക്രാറ്റുകൾക്ക് അനുകൂലമാണ്. എങ്കിലും ജനസംഖ്യാനുപാതികമായി സംസ്ഥാനങ്ങൾക്ക് ലഭ്യമാകുന്ന വോട്ടുകൾ നോക്കിയാണ് ഇലക്ടറൽ കോളജ് രീതിയിൽ ഫലം വരുന്നത്. ആകെയുള്ള 538 വോട്ടുകളിൽ 270 ആർക്കു കിട്ടുന്നുവെന്നത് നേരത്തേ നിജപ്പെടുത്തുക എളുപ്പമല്ല.
അന്താരാഷ്ട്ര രംഗങ്ങളിൽ ഡോണൾഡ് ട്രംപ് കൈക്കൊണ്ട പല നടപടികളും അമേരിക്കക്ക് തന്നെ വിനയായി. ആണവ കരാറിൽനിന്ന് അമേരിക്ക 2018ൽ ഏകപക്ഷീയമായി പിന്മാറി. അതിനു തൊട്ടുമുമ്പ് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ ഡയറക്ടർ ജനറൽ പ്രസ്താവിച്ചത്, ഇറാൻ ആണവ കരാറുകൾ നിഷ്ഠയോടെ പാലിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധചെലുത്തിയിട്ടുണ്ടെന്നും അതിനാൽ ആണവായുധം കൈവശപ്പെടുത്താൻ അവർക്ക് എളുപ്പമല്ലെന്നുമായിരുന്നു. എന്നാൽ, ട്രംപ് സ്വന്തം താൽപര്യപ്രകാരം ഉപരോധം ശക്തമാക്കിയതോടെ ഇറാനും അസ്വാരസ്യങ്ങൾക്ക് ഇടംനൽകാൻ തുടങ്ങി. ഇത് മറികടക്കാനായി അമേരിക്ക അന്താരാഷ്ട്ര ഏജന്‍സിയിലെ മറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.
തെരഞ്ഞെടുപ്പ് ആഗതമായിരിക്കെ ട്രംപ് അവകാശപ്പെടുന്നത് അദ്ദേഹം പ്രകൃതി സംരക്ഷണ വക്താവാണെന്നാണ്! എന്നാൽ, അമേരിക്കയുടെ തീരദേശത്ത് കടലോര മേഖലകളിലെല്ലാം എണ്ണയും പ്രകൃതിവാതകവും ഖനനം ചെയ്യാൻ അനുമതി നല്‍കിയത് 2018െൻറ തുടക്കത്തിലാണ്. കാലിഫോർണിയയിൽ ദശാബ്ദങ്ങൾക്കിടയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് ഇങ്ങനെയൊരനുമതി ആദ്യമായിരുന്നു. ബറാക് ഒബാമയുടെ തീരുമാനം ഇതിനനുകൂലമായിരുന്നില്ല. തീരദേശത്തെ സ്റ്റേറ്റുകളൊക്കെയും ഇതിനെ എതിർത്തുനോക്കി. ഖനനത്തെ എതിര്‍ത്തവരിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരും ഉണ്ടായിരുന്നു. ഫ്ലോറിഡയുടെ ഗവർണർ എറിക് സ്കോട്ട് ഖനനത്തെ എതിര്‍ക്കുന്ന കൂട്ടത്തിലായിരുന്നു. 2010ൽ ഇന്ധനച്ചോര്ച്ചയുണ്ടായതിനാൽ ഫ്ലോറിഡയെ വിനോദ സഞ്ചാരികൾ ഉപേക്ഷിച്ച നിലയിലായിരുന്നു. ഗൾഫ് ഓഫ് മെക്സികോ മുഴുവനും ഇതിെൻറ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവന്നു. ന്യൂജഴ്സി, ഡെലവേർ, മേരിലാൻഡ്, വിർജീനിയ, സൗത്ത് കരോലൈന, കാലിഫോർണിയ, ഓറിഗൺ, വാഷിങ്ടൺ- ഇവരെല്ലാം ഖനനത്തെ എതിർത്തു. ഇവരിൽ, റിപ്പബ്ലിക്കൻ പാർട്ടിയിലും െഡമോക്രാറ്റിക് പാർട്ടിയിലും പെട്ടവരുണ്ട്.
സ്വന്തം നിലക്കുതന്നെ ഒരു കോർപറേറ്റ് മുതലാളിയായ ട്രംപിനു മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കാൻ സാധ്യമല്ലെന്നാണ് ബോധ്യമാകുന്നത്. ആഫ്രിക്കൻ വംശജരായ കറുത്തവർഗക്കാർ ഇന്നും അമേരിക്കയിൽ അടിമത്തത്തിനു വിധേയാണ്. അവർക്ക് പൗരാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിെൻറ ആദിയിൽ ആരംഭിച്ച ഈ അടിമവേല ഇന്നും നിലനില്ക്കുന്നു. സാങ്കേതികവിദ്യകളെക്കുറിച്ചും ഗോളാന്തര യാത്രകളെക്കുറിച്ചും വാചാലരാകുമ്പോഴും അവരുടെ മനസ്സുകൾ സംസ്കൃതമല്ലെന്നതാണ് വസ്തുത. നീതിയും ധർമവും മാനുഷികസമത്വവും അവരുടെ ചിന്തകളിൽ നിന്നകലെയാണ്. ഇക്കഴിഞ്ഞ മേയിലാണ് മിനിയാപോളിസിൽ ജോർജ് ഫ്ലോയിഡ് കൊലചെയ്യപ്പെട്ടത്. അതും ജനമധ്യത്തിൽ പട്ടാപ്പകലിൽ! 'കറുത്തവരുടെ ജീവിതവും പ്രധാനമാണ്' (The Black Lives Matter) എന്ന് ഉദ്ഘോഷിക്കുന്ന പ്രസ്ഥാനം ഇതിനെതിരായി രംഗത്തുവന്നു. അവർ അമേരിക്കയെ പിടിച്ചുകുലുക്കി. കഴിഞ്ഞ മൂന്നര നൂറ്റാണ്ടായി അമേരിക്കയിൽ അരങ്ങേറിക്കൊണ്ടിരുന്ന സംഭവങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇത്. ഈ പ്രതിഷേധ കൂട്ടായ്മകളിൽ പങ്കെടുത്ത ഭൂരിപക്ഷവും യുവാക്കളായിരുന്നു. ഇതൊക്കെ ഗൗനിച്ചുകൊണ്ടാകണം, ജോ ബൈഡൻ തെൻറ സന്ദേശം 'ഒരുമ'യാണെന്നു പ്രഖ്യാപിച്ചത്. ഫിലഡെൽഫിയയിൽ നടന്ന ഈ പ്രഖ്യാപനത്തെ യുവജനം സ്വാഗതം ചെയ്തിട്ടുണ്ട്. വംശീയനയത്തെ വിമര്‍ശിച്ച അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചത് 'വിഭജന നായകൻ' എന്നാണ്.
ഏതായാലും യു.എസ് തെരഞ്ഞെടുപ്പുഫലം അമേരിക്കയെ മാത്രമല്ല, ലോകസമാധാനത്തെ തന്നെ ബാധിക്കുന്നതാണ്. സ്ത്രീകളിൽ ഭൂരിപക്ഷവും ലാറ്റിനമേരിക്കൻ വംശജരും ഏഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും കുടിയേറിയവരും വിദ്യാഭ്യാസ യോഗ്യതയുള്ളവരും പൊതുവെ ബൈഡനോടൊപ്പമാണ്. എന്നാൽ, പ്രായമായവർക്കും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കും ധനികർക്കും ട്രംപിനോടാണ് താൽപര്യം. കറുത്തവർഗക്കാരിൽ 89 ശതമാനം ജോ ബൈഡനെ അനുകൂലിക്കുമ്പോൾ വെള്ളക്കാരിൽ 64 ശതമാനം ട്രംപിനോടൊപ്പമാണെന്നാണ് കണക്കുകൾ. എല്ലാം കൂട്ടി തെളിയുേമ്പാൾ അമേരിക്ക ആർക്കൊപ്പം എന്നറിയാൻ ഫലം വരെ കാത്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.