പരിസ്ഥിതി, വികസനം, മനുഷ്യാവകാശം, കോർപറേറ്റ് പ്രീണനം, വിഭവങ്ങൾക്കു മേലുള്ള ജനകീയ അധികാരം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളിൽ ഇന്ത്യാ രാജ്യം ഭരിക്കുന്ന മോഡി ഭരണകൂടത്തിനും കേരള സംസ്ഥാനം ഭരിക്കുന്നവർക്കും ഉള്ള നിലപാടുകൾ ഒന്നു തന്നെയാണെന്ന വസ്തുത അമ്പരിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ഭരിക്കുന്ന പാർട്ടികളുടെ കൊടിയുടെ നിറവും അവർ ജനങ്ങൾക്ക് മുമ്പാകെ പറയുന്ന പാർട്ടിപരിപാടിയും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും പ്രത്യയശാസ്ത്രവും ഒക്കെ മേലങ്കികൾ മാത്രമാണ്. അവ നോക്കി സർക്കാറുകളെ വിലയിരുത്തിയിരുന്ന കാലം എന്നോ കഴിഞ്ഞു പോയിരിക്കുന്നു.
കൊറോണയുടെ മറവിൽ പരിസ്ഥിതിക്കെതിരായ യുദ്ധത്തിൽ ഇരുകൂട്ടരിൽ ആരാണ് മുമ്പൻ എന്നേ സംശയമുള്ളൂ. ഫലത്തിൽ രണ്ടും ഇരട്ടക്കുട്ടികൾ തന്നെ. മഹാമാരി സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുകയും ജനതയൊന്നാകെ അനിശ്ചിതത്വത്തിലകപ്പെടുകയും ഭയവിഹ്വലരുമായി വീട്ടിലിരിക്കുകയും ചെയ്ത "അടഞ്ഞ" കാലത്ത് എന്തു ജനവിരുദ്ധ നിയമങ്ങളും അടിച്ചേൽപ്പിക്കാമെന്ന് ലോകത്തെ മറ്റെല്ലാ ജനാധിപത്യ വിരുദ്ധ-ഏകാധിപത്യ ഭരണകൂടങ്ങളെയുംപ്പോലെ ഇവരും കരുതുന്നു. ഇന്ത്യൻ പ്രധാനമന്ത്രി അധ്യക്ഷനായ നാഷനൽ വൈൽഡ് ലൈഫ് ബോർഡിനെ നോക്കുകുത്തിയാക്കിയാണ് വർഷങ്ങളായി അനുമതി നൽകാതിരുന്ന 20 ൽ പരം വിദ്രോഹ പദ്ധതികൾക്ക് വീഡിയോ കോൺഫറൻസിലൂടെ വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാദവേക്കർ ഏതാനം മണിക്കൂറുകൾ കൊണ്ട് ക്ളിയറൻസ് നൽകിയത്. നൂറിലധികം പദ്ധതികൾക്ക് ഉടൻ അംഗീകാരം കൊടുക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
നമ്മുടെ അമൂല്യമായ പ്രക്രതി വിഭവങ്ങളും ആകാശവും കടലും ഭൂമിയും കോർപ്പറേറ്റുകൾക്ക് നിർവിഗ്നംഅടിയറ വച്ചു കൊണ്ടേയിരിക്കുന്നു. 1967 മുതൽ പട്ടയം നൽകിയ 15 ലക്ഷം ഏക്കർ റവന്യൂ ഭൂമിയിലെ 38000 കോടി വിലവരുന്ന 75 ലക്ഷം മരങ്ങൾ ഭൂവുടമകൾക്ക് യഥേഷ്ടം മുറിച്ചുമാറ്റാൻ അനുമതി നൽകുന്ന റവന്യൂ പ്രിൻസിപ്പിൽ സെക്രട്ടറിയുടെ 3/137/2013 നമ്പർ ഉത്തരവ് മാർച്ച് മൂന്നാം തീയതിയാണ് പുറപ്പെടുവിച്ചത്. ചന്ദനം , ഈട്ടി തുടങ്ങി സർക്കാറിൽ നിക്ഷിപ്തമാക്കിയ 10 ജനുസ്സിൽപെട്ട മരങ്ങളിൽ ചന്ദനമൊഴിച്ചുള്ളവയെല്ലാം ഭൂവുടമകൾക്ക് നിരുപാധികം മുറിച്ചെടുക്കാൻ അനുമതി നൽകുന്ന പ്രസ്തുത ഉത്തരവ് കഴിഞ്ഞാഴ്ച കേരള ഹൈക്കോടതി റദ്ദാക്കുകയാണുണ്ടായത്. ഉത്തരവ് നിലനിന്നിരുന്നുവെങ്കിൽ പശ്ചിമഘട്ടത്തിന്‍റെ പരിസ്ഥിതിത്തകർച്ച പൂർണ്ണമായേനെ. ക്വാറികളുടെ ദൂരപരിധി 50 മീറ്ററാക്കിച്ചുരുക്കിയതും കൂറ്റൻ കെട്ടിടം ഉണ്ടാക്കാനായി മണ്ണിടിക്കാൻ അനുമതി നൽകിയതും നെൽവയൽ-തണ്ണീർതട നിയമം പൊളിച്ചെഴുതിയതും പ്രളയത്തിൽ നിന്നുള്ള "പാഠം" ഉൾക്കൊണ്ട"നവകേരള നിർമ്മിതിക്ക് " ആക്കം കൂട്ടാനായിരിക്കാം !
ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരായ കോടിക്കണക്കിന്ന് മനുഷ്യർ ഇന്ന് ശുദ്ധജലം കുടിക്കുന്നതിനും ശുദ്ധവായു ശ്വസിക്കുന്നതിന്നും രാജ്യം ഒരു മരുഭൂമിയായി മാറാതിരിക്കാനും കാരണമായ നിയമങ്ങൾ ഒട്ടുമുക്കാലും ഇന്ദിരാന്ധിയുടെ സംഭാവനയായിരുന്നു. ( ഇന്ദിരാഗാന്ധിയുടെ പല നടപടികളിലും എതിർപ്പ് നിലനിർത്തിക്കൊണ്ടു തന്നെ സത്യത്തെ അംഗീകരിക്കാതെ വയ്യ.) അതിലൊന്നാന്ന് 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം. പ്രസ്തുത നിയമത്തിൻ്റെ അവിഭാജ്യ ഭാഗമാണ് പരിസ്ഥിതി ആഘാത പഠനത്തിന്നുള്ള മാർഗ്ഗരേഖ. ഇന്ത്യയിൽ എവിടെയും എന്താരു പദ്ധതി - റോഡോ ഫാക്ടറിയോ ഖനനമോ എന്തു മാകട്ടെ - തുടങ്ങുന്നതിന്ന് മുൻപ് സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നിർബന്ധമാക്കുന്നതും പദ്ധതി ബാധിതരായ ജനങ്ങളെ കേൾക്കൽ (പബ്ലിക് ഹിയറിംഗ്) വ്യവസ്ഥപ്പെടുത്തുന്നതുമാണീ വിജ്ഞാപനം.
1992ൽ റിയോ ഡി ജനീറോയിൽ ഐക്യരാഷ്ട്രസഭ വിളിച്ചു ചേർത്ത സമ്മേളനത്തിലെ അന്താരാഷ്ട്ര ഉടമ്പടി പ്രകാരമാണ് ഇ.ഐ.എ ഗൈഡ് ലൈൻ 1996 ൽ വിജ്ഞാപനം ചെയ്യുന്നത്. പദ്ധതികൾ പരിസ്ഥിതിയിലും വായുവും വെള്ളവും ആകാശവും അടക്കമുള്ള പ്രക്രുതിയിലും ജൈവ വൈവിധ്യത്തിലും സസ്യ ജന്തുജാലങ്ങളിലും ഉണ്ടാക്കുന്ന ആഘാതം നിർണയിച്ച് പദ്ധതിക്ക് അംഗീകാരം നൽകാനും തള്ളിക്കളയാനും വിദഗ്ധ സമിതിക്കുള്ള അധികാരം ഈ ഗൈഡ് ലൈൻ ഉറപ്പു വരുത്തുന്നുണ്ട്. കോർപ്പറേറ്റുകളുടെയും സർക്കാറുകളുടെയും കുത്തകകളുടെയും ബലാൽക്കാരത്തിൽ നിന്നും രക്ഷപ്പെടാനുള്ള സാധാരണ മനുഷ്യരുടെ ഒരേ ഒരു കച്ചിത്തുരുമ്പാണ് ഈ നിയമം.ഇതിനെയാണ് മന്ത്രി ജാവഡേക്കർ ഗളച്ഛേദം നടത്തിക്കളഞ്ഞത്. കഴിഞ്ഞ മാർച്ച്മാസത്തിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച പരിഷ്ക്കരിച്ച പരിസ്ഥിതി ആഘാത പഠന മാർഗ്ഗരേഖയുടെ കരട് കരചരണങ്ങൾ ഛേദിച്ചുകളഞ്ഞ പഴയതിന്‍റെ കബന്ധം പോലുമല്ല. ഊഹിക്കാവുന്നതിലധികം പ്രതിലോമപരവും ജനവിരുദ്ധവും സ്വദേശ-വിദേശ കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതുമാണത്. കോടാനുകോടി വരുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരുടെ, അഗണ്യകോടിയിൽ തള്ളപ്പെട്ടവരുടെ ജീവിതത്തിൻ്റെ കടക്കൽ നിഷ്ക്കരുണം കത്തിവയ്ക്കുന്നതാണീ കരട് വിജ്ഞാപനം. കൽക്കരി ഖനികളിലും മറ്റും ജോലി ചെയ്യുന്ന ലക്ഷങ്ങളുടെ ആരോഗ്യ പ്രശ്നം പോലും പരിഗണിക്കപ്പെട്ടിട്ടില്ല.
തലമുറകൾക്കായി കാത്തു സൂക്ഷിക്കേണ്ട രാജ്യത്തിൻ്റെ അനർഘമായ പ്രക്രുതിവിഭവങ്ങൾ കൊള്ളചെയ്യാൻ താലമൊരുക്കുന്നതാണ് പുതിയ വിജ്ഞാപനം.വായുവും വെള്ളവും മണ്ണും മലീമസമാക്കിയും നദികളെ കാളകൂടമാക്കിയും ലാഭം കൊയ്യാൻ രാജപാതയൊരുക്കുന്നതാണത്. ആദിമ ഗോത്ര ജനതയുടെ അവകാശങ്ങൾ ഹനിക്കുന്നതാണ്.ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം പ്രതിലോമപരവും ജനാധിപത്യവിരുദ്ധവുമാണ്. അത് സംസ്ഥാനങ്ങൾക്കുള്ള അധികാരം കവരുന്നതും ഫെഡറിലിസത്തിൻ്റെ കടക്കൽ കത്തിവയ്ക്കുന്നുമാണ്.
ഈ കരടു വിജ്ഞാപനത്തിന്ന് എതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്തൊട്ടുക്കും ഉയർന്നു വരുന്നത്. പരിസ്ഥിതി പ്രവർത്തകർ മാത്രമല്ല പൊതു സമൂഹത്തിലെ നാനാ തുറയിലുള്ളവരും പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. മുൻ കേന്ദ്ര വനം- പരിസ്ഥിതി വകുപ്പു മന്ത്രിയും സയൻസ്, ടെക്നോളജി, വനം-പരിസ്ഥിതി കാലാവസ്ഥാമാറ്റം എന്നിവക്കുള്ള പാർലമെൻ്ററി കമ്മറ്റി ചെയർമാനുമായ ജയറാം രമേശ് ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. തമിഴ് നാട്ടിൽ നിരവധി സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ ഡി.എം.കെ ഒഴികെയുള്ള എല്ലാ പാർട്ടികളും മൗനത്തിലാണ്. കോർപ്പറേറ്റ് എല്ല് എല്ലാവരുടെ വായിലും ഉള്ളതായി തോന്നുന്നു. പുതിയ വിജ്ഞാപനത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും കാമ്പയിൻ സംഘടിപ്പിച്ചതിൽ വിവിധ പരിസ്ഥിതി ഗ്രൂപ്പുകളുടെ സംയുക്ത കൂട്ടായ്മയായ ഫ്രൈഡേ ഫോർ ഫ്യൂച്ചർ (എഫ്.എഫ്.എഫ്) എന്ന സംഘടനയുമുണ്ട്. രണ്ടാഴ്ച മുൻപ് കേന്ദ്ര സർക്കാർ എഫ്.എഫ്.എഫിൻ്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുകയും അവർക്കെതിരെ ഡൽഹി പൊലീസ് നിയമവിരുദ്ധ തീവ്രവാദ പ്രവർത്തനത്തിന്ന് കേസെടുക്കുകയും പിന്നീട് പിൻവലിക്കുകയും ചെയ്തത് ഭരണാധികാരികളുടെ ഫാഷിസ്റ്റ് അസഹിഷ്ണുതയ്ക്ക് ഉദാഹരണമാണ്.
ഏറെ അത്ഭുതപ്പെടുത്തുന്നത് ഇന്ത്യയിലെ ഇടതുപാർട്ടികളുടെയും അവർക്ക് രാജ്യത്തുള്ള ഒരേ ഒരു സർക്കാറായ കേരള സർക്കാറിനെയും മഹാമൗനമാണ്. വ്യത്യസ്തമായ, മാതൃകാ ഭരണകൂടമായിരിക്കും ഇടതുപാർട്ടികളുടെതെന്നത് വെറും വീൺവാക്കു മാത്രം! സംസ്ഥാനങ്ങൾക്കുള്ള അധികാരം കവരുന്ന പല നിർദ്ദേശങ്ങളും കുടി വിജ്ഞാപനത്തിൽ ഉണ്ടായിട്ടും കേരള സർക്കാർ എതിർത്ത് ഒരക്ഷരം ഉരിയാടാത്തത് അധമമായ അടിമത്ത മനസ്ഥിതി കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ്? മോദിയുടെ കാരുണ്യത്തിൽ അതിജീവിക്കുന്ന തമിഴ് നാട് സർക്കാർ പോലും എതിർപ്പറിയിച്ചു കഴിഞ്ഞു. അവർ. ഇ.ഐ.എയെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരിക്കയാണ്. ഇത്രയും നിസഹായവും ആലംബരഹിതവും ആശയറ്റതുമായ ഒരു കാലം സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഉണ്ടായിട്ടില്ല. കൊറോണ വൈറസിനെ നാം അതിജീവിച്ചേക്കാം. പക്ഷെ കൊറോണാക്കാലം രാജ്യത്തിൻ്റെ പരിസ്ഥിതി സുസ്ഥിരതക്ക് ഏൽപ്പിക്കുന്ന മാരകയായ മുറിവുകളിലെ ചോര എക്കാലവും വാർന്നു കൊണ്ടേയിരിക്കും. അതു നമ്മെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. രാജ്യത്താകെ അലയടിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധത്തിൽ നിന്നും നാം കേരളീയർ മാറി നിൽക്കരുത്. ഇ.ഐ.എ ഡ്രാഫ്റ്റിനെക്കുറിച്ച് പഠിച്ച് കേന്ദ്രത്തിന്ന് നിർദ്ദേശങ്ങൾ സമർപ്പിക്കാനായി പരിസ്ഥിതി പ്രവർത്തകർക്കു കൂടി പ്രാതിനിധ്യമുള്ള ഒരു വിദഗ്ധ സമിതി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.
(വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.