ഈദുൽ ഫിത്​​ർ; സാമൂഹിക അടുപ്പത്തിനുള്ള ആഹ്വാനം

‘‘പക്ഷേ, അവന്‍ ദുര്‍ഘടമായ മാര്‍ഗം താണ്ടാന്‍ തയാറായില്ല. ദുര്‍ഘട മാര്‍ഗം എന്തെന്ന് നിനക്കറിയാമോ? അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്ക്, കടുത്ത ദാരിദ്ര്യമുള്ള അഗതിക്ക് ഭക്ഷണം നൽകുക. പിന്നെ അതോടൊപ്പം വിശ്വാസം കൈക്കൊണ്ടവരും ക്ഷമയും കാരുണ്യവും പരസ്പരം ഉപദേശിക്കുന്നവരുമായ ജനത്തില്‍ ഉള്‍പ്പെടുക (ഖുർആൻ 90:11-17).

നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ഈദുൽ ഫിത്​​ർ സമാഗതമായിരിക്കുന്നു. എല്ലാവർക്കും ഈദ്​ ആശംസകൾ.

പ്രപഞ്ചസ്രഷ്​ടാവായ അല്ലാഹുവിന് സമ്പൂർണമായി കീഴ്വണങ്ങാനും ദേഹേച്ഛക്കുപകരം ദൈവത്തി​​െൻറ ഇച്ഛകൾക്ക് മുൻഗണന നൽകാനുമുള്ള പരിശ്രമത്തിലായിരുന്നു ഓരോ വിശ്വാസിയും. മുസ്​ലിം എന്ന പദത്തി​​െൻറ അർഥംതന്നെ ദൈവത്തിന് വിധേയപ്പെടുന്നവൻ എന്നാണ്. ദൈവവിധിക്കനുസരിച്ചാണ് പ്രപഞ്ചമഖിലം ചരിക്കുന്നത്. അതിനതീതമായി ഒരു പുൽക്കൊടി പോലുമനങ്ങുന്നില്ല. ​േസ്വഛ പ്രകാരം ജീവിതമാവിഷ്കരിക്കാൻ സ്വാതന്ത്ര്യം ലഭിച്ച മനുഷ്യൻ സ്വതന്ത്രമേഖല പോലും ദൈവഹിതത്തിനനുസരിച്ചാക്കുക എന്നാണ്​ മുസ്​ലിമാവുക എന്നതിനർഥം. ആ അർഥത്തിൽ പ്രപഞ്ചത്തി​​െൻറ താളത്തോട് സമ്പൂർണമായും താദാത്മ്യപ്പെടുന്നതിന് ഒരു മനുഷ്യൻ നടത്തുന്ന തീവ്രശ്രമമാണ് വ്രതാനുഷ്ഠാനം. അത് ആത്മപീഡനമല്ല, ജീവിതത്തി​​െൻറ സർഗാത്മക ആവിഷ്കാരമാണ്.

കഴിഞ്ഞകാലങ്ങളിൽ ജീവിതത്തിൽ സംഭവിച്ചുപോയ ധിക്കാരങ്ങളും അരുതായ്മകളും ദൈവത്തോടുതന്നെ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് വിശുദ്ധി കൈവരിക്കാനുള്ള ശ്രമമാണ് റമദാനിൽ വിശ്വാസി നടത്തിയത്. അതി​​െൻറ വിജയപ്രഖ്യാപനമാണ് ഈദുൽഫിത്​ർ അഥവാ ചെറിയപെരുന്നാൾ. തന്നോട് സമീപസ്ഥമാകുന്നതിന് വിശ്വാസി കാണിക്കുന്ന അതീവ താൽപര്യത്തിന് ദൈവം നൽകുന്ന ഉപഹാരമാണ് പെരുന്നാൾ.

ഇസ്​ലാമിലെ ആരാധന കർമങ്ങളെല്ലാം വ്യക്തിപരമായ ബാധ്യതകളാണ്. നമസ്കാരത്തെ അല്ലാഹുവുമായുള്ള ആത്മഭാഷണമെന്നും നോമ്പിനെ അല്ലാഹുവിനുള്ള അനുഷ്​ഠാനമെന്നുമാണ് മുഹമ്മദ് നബി വിശേഷിപ്പിച്ചത്. പക്ഷേ, അവ- നമസ്കാരവും നിർബന്ധദാനവും നോമ്പും ഹജ്ജുമെല്ലാം-സംഘടിതമായാണ് നിർവഹിക്കപ്പെടേണ്ടത്. ഒത്തുചേർന്നും പങ്കുവെച്ചുമുള്ള സാമൂഹികജീവിതത്തിന് ഇസ്​ലാം നൽകുന്ന പ്രാധാന്യമാണ് ഇത് സൂചിപ്പിക്കുന്നത്. സാമൂഹികത എന്ന മനുഷ്യ​​െൻറ സഹജഭാവത്തെ നിരാകരിക്കുന്നതല്ല ഇസ്​ലാമി​​െൻറ ആത്മീയ, ഭക്തി സങ്കൽപം. പള്ളിയിലേക്ക് സംഘടിത നമസ്കാരത്തിനെത്താത്തവരെ വീടോടെ​ ചു​െട്ടരിക്കണമെന്ന പ്രവാചക​​െൻറ താക്കീത്​ ഈ സാമൂഹിക അടുപ്പത്തി​​െൻറ പ്രാധാന്യമാണ്​ കാണിക്കുന്നത്. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവരെ മതത്തിനു പുറത്തുനിർത്തിയ പ്രവാചകാധ്യാപനവും ഇതിന്​ അടിവരയിടുന്നു. 

സമ്പന്നർക്ക് മാത്രം ബാധകമാവുന്നതാണ് സകാത്ത്. എന്നാൽ റമദാൻ അവസാനിച്ച് ശവ്വാലമ്പിളി മാനത്ത് തെളിയുന്നതോടെ, അത്യാവശങ്ങൾക്കുള്ളത് കഴിഞ്ഞ് മിച്ചമുള്ള മുഴുവൻ വിശ്വാസികളുടെയും മേൽ നിർബന്ധമാകുന്ന ദാനമാണ് ഫിത്​ർ സകാത്ത്​. അത് നിർവഹിച്ചതിനു ശേഷം മാത്രമേ പെരുന്നാൾ നമസ്കാരം നിർവഹിക്കപ്പെടാവൂ. ആഘോഷദിനത്തിൽ ഒരാളും പട്ടിണി കിടക്കരുതെന്നതാണ് അതി​​െൻറ പ്രഥമ പരിഗണന. എല്ലാവർക്കും ആവശ്യത്തിനുള്ളത് ലഭ്യമാകുമ്പോഴാണ് ആഘോഷങ്ങൾക്ക് വർണമുണ്ടാവുക. സ്വന്തം ആവശ്യങ്ങൾക്കുപരി മറ്റുള്ളവനെക്കുറിച്ച കരുതലിൽ ആത്മസായൂജ്യവും ആഹ്ലാദവും കണ്ടെത്തലാണത്​. പട്ടിണിയില്ലാത്ത സുഭിക്ഷതയാർന്ന ലോകത്തെ കുറിച്ച സ്വപ്നമാണത്. ദരിദ്രരും നിരാലംബരുമായ ജനലക്ഷങ്ങളുടെ വേദനകളോട് അടുത്തുനിൽക്കലാണത്. ഈ മാനവികമായ അടുപ്പമാണ് ചെറിയ പെരുന്നാളി​​െൻറ ആത്മാവ്.

കോവിഡ് വളരെവേഗത്തിൽ പൂർണമായും പിൻവാങ്ങില്ലെന്നിരിക്കെ, പൂർവസ്ഥിതിയിലേക്കല്ല, പുതുപതിവി (new normal) ലേക്കാണ് ലോകം ഇനി സഞ്ചരിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആ പുതിയ പതിവിനെ അഭിമുഖീകരിക്കാൻ സന്നദ്ധമാവുക എന്നതു മാത്രമല്ല അതിനു സജ്ജമാവുക എന്നതും പ്രധാനമാണ്. പുതുപതിവിനെ പ്രതീക്ഷയോടെ വരവേൽക്കാൻ സാധിക്കണം. മനുഷ്യൻ കെട്ടിയുയർത്തിയ നാഗരികത എത്രമേൽ അപഥസഞ്ചാരം നടത്തിയെന്ന് വിലയിരുത്താനുമുള്ള അവസരമാണ് ഈ അടച്ചുപൂട്ടൽ കാലം. നാഗരികതയുടെ ആത്മവിചാരണ! മനുഷ്യൻ സ്വന്തത്തോട് ചെയ്ത അതിക്രമങ്ങളിൽനിന്ന് തിരിഞ്ഞുനടക്കാൻ തിരക്കൊഴിഞ്ഞ ഈ കാലം ആവശ്യപ്പെടുന്നുണ്ട്. ‘ഈദ്’ എന്നാൽ മടക്കമെന്നാണല്ലോ അർഥം. നാഗരികതയുടെ തിരിഞ്ഞുനടത്തം!

അക്രമത്തിനെതിരെ, അനീതിക്കെതിരെ ധീരമായി പൊരുതിനിൽക്കാനുള്ള ഊർജസംഭരണ കാലമായിരുന്നു റമദാൻ. അകത്തെ അധർമങ്ങളോട് മാത്രമല്ല, പുറത്തെ അസത്യത്തോടും ഏറ്റുമുട്ടാൻ മതം ആവശ്യപ്പെടുന്നുണ്ട്. കൊറോണ വൈറസിനെക്കാൾ എത്രയോ ഭീകരമാണ് മനുഷ്യസമൂഹം അകമേ വഹിക്കുന്ന അസമത്വത്തി​​െൻറയും അസ്പൃശ്യതയുടെയും വെറുപ്പി​​െൻറയും വികാരവിചാരങ്ങൾ. ഇവക്കെതിരായ സമരത്തി​​െൻറ ഉത്തമ ഉദാഹരണമാണ് റമദാനിലെ ചരിത്രാനുഭവമായ ബദ്റും മക്കാവിജയവും. ആ സമരാനുഭവങ്ങളുടെ തുടർച്ചതന്നെയാണ് പ്രപഞ്ചനാഥന് മാത്രം യജമാനത്തം അനുവദിച്ചുനൽകുന്ന പെരുന്നാൾ തക്ബീറുകൾ.

പെരുന്നാളിലെ തക്ബീർധ്വനികളിലെ പ്രധാന ഭാഗമാണ്  ദൈവത്തിനുള്ള സ്തുതികൾ. ജീവിതം നൽകിയ, ജീവിതവിഭവങ്ങൾ ഒരുക്കിവെച്ചു കൊണ്ടേയിരിക്കുന്ന, നന്മയുടെയും ആത്യന്തിക വിജയത്തി​​െൻറയും വഴി കാണിച്ചുതന്ന നാഥനോടുള്ള നന്ദിപ്രകാശനം. ഹൃദയത്തെ കവിഞ്ഞ്  പുറത്തേക്കൊഴുകുന്ന വികാരമാണത്. ദൈവം നൽകിയ മഹാ അനുഗ്രഹങ്ങളുടെ വില ഇന്ന് നാമറിയുന്നുണ്ട്. ദൈവത്തിനല്ലാതെ നാം ആർക്കാണ് വിധേയപ്പെടേണ്ടത്? ആരോടാണ് കൃതജ്ഞരാവേണ്ടത്!

മർദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയമായി ജീവിച്ചുകൊണ്ടിരിക്കുന്ന പരകോടികളുള്ള ലോകമാണ് നമ്മുടേത്. പ്രകൃതിയോടും സഹജീവികളോടും നമുക്ക് കടമകളുണ്ട്. ഇവയെയൊക്കെ അലസമായിക്കണ്ട്, ‘സാമൂഹിക അകലം’ പാലിച്ച് ഏകാന്തതയിൽ അഭിരമിച്ച് തന്നിലേക്ക് ചുരുങ്ങുന്ന, ഭക്തിയുടെ ആഴങ്ങളിലേക്കുള്ള സഞ്ചാരത്തോട് ഇസ്​ലാമിന് താൽപര്യമില്ല. ആത്മസാക്ഷാത്​കാരത്തി​​െൻറയും വിമോചനത്തി​​െൻറയും വഴി, ദൈവസാമീപ്യത്തിലേക്കുള്ള വഴി സാമൂഹികപ്രതിബദ്ധതയുടെതാണ് എന്നാണ് തുടക്കത്തിൽ നൽകിയ ഖുർആൻ വാക്യങ്ങൾ അടിവരയിടുന്നത്. ഈദുൽഫിത്​ർ നൽകുന്ന സന്ദേശവും അതുതന്നെയാണ്.
‘അല്ലാഹുവല്ലോ അത്യുന്നതൻ,
അല്ലാഹുവിനല്ലയോ സർവസ്തുതിയും’.

Tags:    
News Summary - eidu fiture the message of social harmony -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.