കോൺഗ്രസ്- മുസ്ലിം ലീഗ് സഖ്യം യാഥാർഥ്യമാക്കിയതിൽ മുഖ്യപങ്കുവഹിച്ചത് കോൺഗ്രസ് ലീഡർ കെ. കരുണാകരനാണ്. ആ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ പ്രാധാന്യവും സമകാലിക പ്രസക്തിയും വിശദമാക്കുന്നു കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. മുരളീധരൻ എം.പി
1960ലെ തെരഞ്ഞെടുപ്പിൽ പി.എസ്.പി-കോൺഗ്രസ്-മുസ്ലിം ലീഗ് ധാരണയായിരുന്നു. സഖ്യം അധികാരത്തിലേറിയപ്പോൾ പി.എസ്.പി മുഖ്യമന്ത്രിസ്ഥാനവും കോൺഗ്രസ് ഉപമുഖ്യമന്ത്രിസ്ഥാനവും ലീഗ് സ്പീക്കർ സ്ഥാനവും പങ്കിട്ടു. എന്നാൽ, ഈ സഖ്യത്തിന് അഖിലേന്ത്യ കോൺഗ്രസ് നേതൃത്വം അംഗീകാരം നൽകിയിരുന്നില്ല.
അതുകൊണ്ടുതന്നെ, സുഖകരമായല്ല സഖ്യം മുന്നോട്ടുപോയത്. സ്പീക്കറായിരുന്ന സീതിസാഹിബ് മരിച്ചപ്പോൾ സി.എച്ച്. മുഹമ്മദ്കോയ സ്പീക്കറായി. ഭിന്നത സ്പർധയിലേക്ക് നീങ്ങി. പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സഖ്യം ബാധകമല്ലെന്ന് അന്ന് കെ.പി.സി.സി പ്രസിഡന്റായിരുന്ന സി.കെ. ഗോവിന്ദൻനായർ പ്രഖ്യാപിച്ചു. പരസ്പരം മത്സരിച്ചപ്പോൾ കോഴിക്കോട് സി.എച്ച്. മുഹമ്മദ്കോയ നൂറിൽ താഴെ വോട്ടുകൾക്ക് വിജയിച്ചു.
കോൺഗ്രസ് മൂന്നാം സ്ഥാനത്തായി. സഖ്യം പൂർണമായി തെറ്റിപ്പിരിഞ്ഞു. ലീഗ് സി.പി.എമ്മിന്റെ കൂടെ ചേർന്ന് ’67ൽ ഭരണത്തിലേറി. ’69ൽ അവർ സി.പി.എം ബന്ധം ഉപേക്ഷിച്ചു. സി.പി.ഐ, മുസ്ലിം ലീഗ്, ആർ.എസ്.പി, ഐ.എസ്.പി, കേരള കോൺഗ്രസ് എന്നീ കക്ഷികൾ ചേർന്നുള്ള കുറുമുന്നണി രൂപപ്പെട്ടു.
അച്യുതമേനോന്റെ നേതൃത്വത്തിൽ കുറുമുന്നണി സർക്കാർ രൂപവത്കരിച്ചു. കോൺഗ്രസ് പുറത്തുനിന്ന് പിന്തുണച്ചു. ’69ൽ കോൺഗ്രസ് പിളർന്നപ്പോഴാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. സഖ്യത്തിന്റെ അവകാശം കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾക്ക് വിട്ടുകൊടുത്തു.
അങ്ങനെയാണ് മുസ്ലിം ലീഗുമായി വീണ്ടും ധാരണ ചർച്ച നടക്കുന്നത്. തിരുവനന്തപുരത്ത് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും കെ. കരുണാകരനും തമ്മിലായിരുന്നു ചർച്ച. ’60ൽ കോൺഗ്രസുമായി ചേർന്നതിന്റെ തിക്താനുഭവമുള്ളതിനാൽ ലീഗ് അണികൾ സഖ്യത്തെ എങ്ങനെ ഉൾക്കൊള്ളുമെന്ന് ആശങ്ക ഉണ്ടായിരുന്നു. നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥി എം.പി. ഗംഗാധരൻ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാമെന്ന ഫോർമുല രൂപപ്പെടുത്തിയത് കരുണാകരനായിരുന്നു.
എം.പി. ഗംഗാധരൻ വിജയിക്കുകയും ചെയ്തു. പക്ഷേ, സർക്കാർ അധികകാലം മുന്നോട്ടുപോയില്ല. കലഹം രൂക്ഷമായതോടെ ’70ൽ സർക്കാർ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. കുറുമുന്നണി തുടരാൻ സി.പി.ഐക്ക് ചർച്ച ആവശ്യമില്ലായിരുന്നു. അവർ ദേശീയതലത്തിൽതന്നെ ഇന്ദിര ഗാന്ധിക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ, ലീഗിന് ചർച്ച ആവശ്യമായിരുന്നു. ’70 ജൂണിൽ തൃശൂർ മുരളി മന്ദിരത്തിലായിരുന്നു ചർച്ച.
അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സെയ്തുമ്മർ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ്കോയ എന്നിവർ ലീഗിന്റെ ഭാഗത്തുനിന്നും കെ.പി.സി.സി പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ വക്കീൽ, കെ. കരുണാകരൻ എന്നിവർ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ചർച്ചയിൽ പങ്കെടുത്തു.
ധാരണ രൂപപ്പെടുകയും തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. ആദ്യം സർക്കാറിൽ ചേർന്നില്ലെങ്കിലും ഒരുവർഷം കഴിഞ്ഞ് ’71 സെപ്റ്റംബറിൽ കോൺഗ്രസും ഭരണപങ്കാളിയായി. മുസ്ലിം ലീഗുമായി അന്ന് രൂപപ്പെട്ട സഖ്യമാണ് 52 വർഷമായി ഇപ്പോഴും സുദൃഢമായി തുടരുന്നത്.
കോൺഗ്രസിലെ ഒരുവിഭാഗത്തിന് ലീഗുമായി വീണ്ടും സഖ്യം രൂപപ്പെടുത്തുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല. ’69ൽ ഏകകക്ഷി സമ്പ്രദായം അവസാനിച്ചെന്ന് കരുണാകരൻ വലിയിരുത്തി. മാർക്സിസ്റ്റ് പാർട്ടിവരെ മുന്നണി സംവിധാനത്തിലേക്ക് മാറിയപ്പോൾ കോൺഗ്രസിന് ഇനി തനിച്ചുനിന്ന് ജയിക്കാനാകില്ലെന്ന് അദ്ദേഹം പാർട്ടിയെ ബോധ്യപ്പെടുത്തി.
മാത്രവുമല്ല, ഭാരതപ്പുഴക്കിപ്പുറം ലീഗ് പിന്തുണയില്ലെങ്കിൽ കോൺഗ്രസിന് ജയിക്കാനാകില്ലെന്നും അതുകൊണ്ട് അവരുമായി പരസ്യസഖ്യം തന്നെ വേണമെന്നും കരുണാകരൻ വാദിച്ചു. ഇന്ദിര ഗാന്ധി അതിന് പച്ചക്കൊടി കാട്ടിയതോടെയാണ് സഖ്യം രൂപപ്പെടുന്നത്. ലീഗിൽ പിളർപ്പുണ്ടായപ്പോഴും ഔദ്യോഗിക വിഭാഗം കോൺഗ്രസിനൊപ്പം നിന്നു.
പി.എം.എസ്.എ. പൂക്കോയ തങ്ങളുടെ കാലം കഴിഞ്ഞ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗ് പ്രസിഡന്റായശേഷം ’86ലാണ് ഇരുലീഗുകളും ഒന്നിക്കുന്നത്. ഒരുപാട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അതൊക്കെ ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടു. എല്ലാ ചർച്ചകൾക്കും മുൻകൈയെടുത്തത് കെ. കരുണാകരനും സി.എച്ച്. മുഹമ്മദ് കോയയുമായിരുന്നു.
തീർച്ചയായും. അതൊരു വല്ലാത്ത ബന്ധമായിരുന്നു. ’74ൽ മുസ്ലിം ലീഗ് പിളർന്നപ്പോൾ അതിനെ അതിജീവിക്കാൻ സി.എച്ച് നടത്തിയ ശ്രമങ്ങൾക്ക് കരുണാകരന്റെയും ബേബി ജോണിന്റെയും നിസ്സീമ പിന്തുണയുണ്ടായിരുന്നു. എൽ.ഡി.എഫിലേക്ക് വീണ്ടും ക്ഷണമുണ്ടായപ്പോഴും ഭരണവും അധികാരവും ഉപേക്ഷിച്ച് യു.ഡി.എഫിൽ തന്നെ ഉറച്ചുനിൽക്കാൻ സി.എച്ചിന് പ്രേരകമായതിലും ഈ വ്യക്തിബന്ധത്തിന് പങ്കുണ്ട്.
സി.എച്ചിനെ മുഖ്യമന്ത്രിയാക്കുന്നതിലും കരുണാകരൻ പങ്കുവഹിച്ചു. ’82ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐക്ക് 19, കോൺഗ്രസ് എക്ക് 16, മുസ്ലിം ലീഗിന് 14 എന്നിങ്ങനെയായിരുന്നു കക്ഷിനില. രണ്ടാം സ്ഥാനത്ത് കോൺഗ്രസ് എ ആയിരുന്നിട്ടും നേരത്തേ മുഖ്യമന്ത്രിയായിരുന്ന സി.എച്ചിന് വെറുമൊരു മന്ത്രിസ്ഥാനം നൽകിയാൽപോരെന്നും ഉപമുഖ്യമന്ത്രിയാക്കണമെന്നും നിർദേശം വെച്ചത് കരുണാകരനായിരുന്നു.
’86ലായിരുന്നു വർഗീയ ആരോപണവുമായുള്ള സി.പി.എമ്മിന്റെ രംഗപ്രവേശനം. മുസ്ലിം വിരുദ്ധ മനോഭാവം വളർത്തി മുതലെടുക്കുകയായിരുന്നു ലക്ഷ്യം. ലീഗിനെ വർഗീയ പാർട്ടിയെന്നാക്ഷേപിക്കുന്നതിനു പിന്നിലും അതേ താൽപര്യമായിരുന്നു. ’87ലായിരുന്നു ഹിന്ദു മുന്നണിയുടെ രംഗപ്രവേശമെന്നത് ശ്രദ്ധേയമാണ്.
ഹിന്ദുവിന്റെ വോട്ട് ഹിന്ദുവിന് എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ ഭിന്നതയുണ്ടാക്കാൻ ഇതിലൂടെ സാധിച്ചു. പക്ഷേ, ’96ലെ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ ശക്തമായ ഇടപെടലുകളിലൂടെ നഷ്ടപ്പെട്ട വോട്ടുകളെല്ലാം കോൺഗ്രസിലേക്ക് തിരിച്ചുകൊണ്ടുവന്നു.
കേന്ദ്രത്തിൽ ബി.ജെ.പി പയറ്റുന്ന വർഗീയ അജണ്ട തന്നെയാണ് കേരളത്തിൽ സി.പി.എമ്മും അനുവർത്തിക്കുന്നത്. ക്രിസ്ത്യൻ, മുസ്ലിം കൂട്ടുകെട്ടാണ് കേരളത്തിലെന്ന സി.പി.എം പ്രചാരണത്തിന്റെ അർഥമെന്താണ്?
ത്രിപുരയിൽ കോൺഗ്രസുമായി സി.പി.എം സഖ്യമുണ്ടാക്കി. അതുകൊണ്ട് ഇപ്പോൾ ഗുണമുണ്ടായില്ലെങ്കിലും സമീപഭാവിയിൽ ഗുണമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, കേരളത്തിൽ മാത്രം സി.പി.എമ്മിന്റേത് പ്രോ ബി.ജെ.പി സമീപനമാണ്.
കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ് സി.പി.എം ലക്ഷ്യം. കോൺഗ്രസ് ദുർബലപ്പെട്ടാൽ സ്വാഭാവികമായും അതിന്റെ ഗുണഭോക്താക്കൾ ബി.ജെ.പിയാകും. സമീപഭാവിയിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലേറുമെന്ന് നരേന്ദ്ര മോദി പറയുന്നതിന് പിന്നിൽ കോൺഗ്രസ് ദുർബലപ്പെടുമെന്ന കണക്കുകൂട്ടലാണ്. കേരളത്തിൽ അങ്ങനെ സംഭവിക്കരുതെന്ന നിശ്ചയദാർഢ്യം മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. അതുകൊണ്ടാണ് വഞ്ചന കാണിക്കില്ലെന്ന് ലീഗ് തീരുമാനമെടുത്തത്.
അത് ഒരിക്കലും കോൺഗ്രസ് നേതൃത്വം അംഗീകരിച്ചിട്ടില്ല. വി.എസ്. അച്യുതാനന്ദൻ ലീഗിന് വർഗീയ ചാപ്പകുത്തിയപ്പോഴും മുസ്ലിംലീഗിനെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ കോൺഗ്രസ് ദേശീയ നേതൃത്വം അവരെ മതേതരകക്ഷിയായാണ് കണ്ടത്. മലപ്പുറത്ത് ചില അസ്വാരസ്യങ്ങൾ പണ്ടേ ഉള്ളതാണ്. അതൊക്കെ പരിഹരിച്ചതുമാണ്. അവിടെ ലീഗിന്റെ ശക്തികേന്ദ്രമാണ്. ലീഗിന് ശക്തിയുണ്ടെങ്കിലേ യു.ഡി.എഫിനും ശക്തിയുണ്ടാകൂ.
ഇന്ത്യൻ ഭരണഘടനയിൽ മുസ്ലിം ന്യൂനപക്ഷത്തിന് നൽകിയിട്ടുള്ള പ്രത്യേക അവകാശങ്ങളുണ്ട്. മറ്റുവിഭാഗങ്ങളുമായി സഹകരിച്ചുകൊണ്ടുതന്നെ ഈ അവകാശങ്ങൾക്കുവേണ്ടി പോരാടുകയെന്ന ലീഗ് നിലപാടാണ് ശരി. മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളുമായി വിശാലമായ മതേതര സമീപനമാണ് ലീഗ് പുലർത്തുന്നത്.
അതിന്റെ പേരിൽ പല തിക്താനുഭവങ്ങളും ലീഗിനുണ്ടായിട്ടുണ്ട്. ബാബരി മസ്ജിദ് തകർത്തപ്പോൾ സി.പി.എം ഉൾപ്പെടെ കോൺഗ്രസിനെ കുറ്റപ്പെടുത്തി പ്രചാരണം നടത്തി. ബാബരി മസ്ജിദ് വിഷയത്തിൽ കോൺഗ്രസ് ആത്മാർഥത കാണിച്ചില്ലെന്ന പരാതിയുള്ളപ്പോൾ തന്നെ അതിന്റെ പേരിൽ കോൺഗ്രസ് ദുർബലപ്പെട്ടാൽ ഗുണഭോക്താക്കൾ ബി.ജെ.പിയാകുമെന്ന് മുഹമ്മദലി ശിഹാബ് തങ്ങൾ വിലയിരുത്തി. ആ നിലപാട് ശരിയായിരുന്നുവെന്ന് പിന്നീട് ചരിത്രം തെളിയിച്ചു.
പി.എം.എസ്.എ. പൂക്കോയ തങ്ങളുമായുള്ള കെ. കരുണാകരന്റെ ശക്തമായ ബന്ധം തന്നെയാണ് ഇപ്പോഴും പാണക്കാട് കുടുംബവുമായുള്ളത്. കരുണാകരൻ മരിച്ചപ്പോൾ ഇറങ്ങിയ ഒരു സ്മരണികയിൽ ഹൈദരലി തങ്ങൾ പറഞ്ഞ ഒരു കാര്യമുണ്ട് ‘‘കെ. കരുണാകരൻ ഞങ്ങൾക്ക് സ്വന്തമാണ്. അത് ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല.’’ ഇപ്പറഞ്ഞതിൽ എല്ലാമുണ്ട്.
പല സാഹചര്യങ്ങളിലും യു.ഡി.എഫിൽനിന്ന് പിരിഞ്ഞുപോയ മുഴുവൻ കക്ഷികളെയും തിരിച്ചുകൊണ്ടുവരാനാണ് കോഴിക്കോട് ചേർന്ന കെ.പി.സി.സി ചിന്തൻശിബിരം എടുത്ത തീരുമാനം. യു.ഡി.എഫ് കെട്ടുറപ്പോടെ മുന്നോട്ടു പോയാൽ അവരെല്ലാം തിരിച്ചുവരും.
മുസ്ലിം ലീഗിന് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. ലീഗ് ഇപ്പോൾ കെട്ടുറപ്പോടെ മുന്നോട്ടു പോകുന്നുണ്ട്. പക്ഷേ, കോൺഗ്രസിൽ ചില പ്രശ്നങ്ങളുണ്ട്. അതു പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ്-ലീഗ് സഖ്യംപോലെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്ര സുദീർഘവും ശക്തവുമായ കൂട്ടുകെട്ട് വേറെ ഉണ്ടായിട്ടില്ല.
പല സഖ്യ ബന്ധങ്ങളും പാതിവഴിയിൽ തകർന്നുപോയിട്ടുണ്ട്. ’70ൽ കെ. കരുണാകരനും ബാഫഖിതങ്ങളും സി.എച്ച്. മുഹമ്മദ്കോയയും വിളക്കിച്ചേർത്ത സഖ്യം ഇന്നും ആരു തകർക്കാൻ ശ്രമിച്ചാലും തകരാതെ മുന്നോട്ടു പോവുകയാണ്. മറ്റു മതവിഭാഗങ്ങളോട് അവർ പുലർത്തുന്ന സഹിഷ്ണുതയാണ് ലീഗിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ഇതു സമുദായത്തിനും സമൂഹത്തിനും ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.