അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെ.എസ്.ഇ.ബി രംഗത്ത് വന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പരിസ്ഥിതി രാഷ്ട്രീയം വീണ്ടും ചർച്ചയാവുന്നു. 2019 മാർച്ചിൽ പിന്മാറുന്നുവെന്ന് സർക്കാർ പ്രഖ്യാപിക്കുകയും എൽ.ഡി.എഫ് പ്രകടനപത്രികയിൽ ഇല്ലാത്തതുമായ പദ്ധതിയാണ് വീണ്ടും സജീവമാവുന്നത്.
കോൺഗ്രസിനൊപ്പം ബി.ജെ.പിയും പരിസ്ഥിതി രാഷ്ട്രീയത്തിെൻറ വിശാല കാൻവാസ് ലക്ഷ്യമിട്ട് പദ്ധതിക്കെതിരെ രംഗത്തെത്തി. പരിസ്ഥിതി വിഷയങ്ങളിൽ പൊതുജനതാൽപര്യ നിലപാടെടുക്കാറുള്ള സി.പി.െഎ ആദ്യദിനം പരസ്യമായി പ്രതികരിച്ചില്ല. പക്ഷേ, എൽ.ഡി.എഫിലും മന്ത്രിസഭയിലും സി.പി.എമ്മിന് കാര്യങ്ങൾ സുഗമമാവില്ല.
മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാത്ത, പ്രകടന പത്രികയിൽ ഉൾപ്പെടുത്താത്ത പദ്ധതിക്ക് വേണ്ടിയാണ് സി.പി.എമ്മിെൻറ നീക്കം. ‘വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്ക്കാർ ലക്ഷ്യ’മെന്നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട്. സി.പി.എം നേതൃത്വത്തിനും ഇതിൽ സംശയമില്ല.
വി.എസ്. അച്യുതാനന്ദെൻറ സ്വരം തീർത്തും ദുർബലമായെന്നതും ആശ്വാസമാണ്. പക്ഷേ, മുന്നണിയിൽ സി.പി.െഎ നിലപാട് പദ്ധതിക്ക് പൊതുവേ അനുകൂലമാവില്ല. കെ.എസ്.ഇ.ബിക്ക് എൻ.ഒ.സി നൽകിയതിൽ സി.പി.െഎ മന്ത്രിമാരോട് വിവരം നൽകാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്. ഉൗർജവകുപ്പ് എൻ.ഒ.സി നൽകിയെങ്കിലും വിഷയം മന്ത്രിസഭയും എൽ.ഡി.എഫും ചർച്ച ചെയ്യേണ്ടിവരുമെന്ന് സി.പി.െഎ നേതൃത്വത്തിനറിയാം.
കെ.എസ്.ഇ.ബിയുടെ പുതിയ ശിപാർശ എന്തെന്ന് അറിഞ്ഞശേഷം മാത്രം ഒൗദ്യോഗിക പ്രതികരണമെന്ന നിലപാടാണ് നേതൃത്വത്തിന്. ദേശീയ നിർവാഹക സമിതിയംഗം ബിനോയ് വിശ്വം പരസ്യമായി എതിർപ്പ് അറിയിച്ചത് വരാനിരിക്കുന്നതിെൻറ സൂചനയാണ്. കോവിഡ് വ്യാപനവും തകർന്ന സമ്പദ് വ്യവസ്ഥയുമടക്കം പ്രതിസന്ധികളുമായി മല്ലിടുന്ന സർക്കാറിനെ ഒറ്റപ്പെടുത്തുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഘടകകക്ഷികൾക്ക്.
പക്ഷേ, പുതിയ വിവാദങ്ങൾ പ്രതിപക്ഷത്തിന് ആയുധം നൽകുന്നതാണെന്ന വിലയിരുത്തൽ സി.പി.െഎയിലുണ്ട്. എൻ.എച്ച് വികസനം, ഗെയിൽ പൈപ്പ് ലൈൻ മാതൃകയിൽ അതിരപ്പിള്ളിയിൽ എതിർസ്വരം അടിച്ചമർത്തുക എളുപ്പമാവില്ല. ദേശീയതലത്തിലെ സമ്മർദം അതിജീവിക്കലും സി.പി.എമ്മിന് വെല്ലുവിളിയാവും. പമ്പ മണൽ വാരൽ വിവാദം, കരിമണൽ കടത്ത് ആക്ഷേപത്തിന് പുറമേ പുതിയ വിവാദം മുഖ്യമന്ത്രിക്കും തലവേദന സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.