ഫാക്ട് ചെക്കർ

മാധ്യമപ്രവർത്തനം ആരോഗ്യത്തിന് ഹാനികരമെന്നാണ് പറയാറുള്ളത്. സംഗതി ശരിയാണ്; മര്യാദക്ക് പണിയെടുക്കുന്നവർക്ക് കൈപൊള്ളുന്ന മേഖലയാണത്. ചിലപ്പോൾ ജീവൻതന്നെ നഷ്ടമാവും. കഴിഞ്ഞവർഷം മാത്രം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 40ന് മുകളിലാണെന്നാണ് കമ്മിറ്റി ഫോർ പ്രൊട്ടക്ട് ജേണലിസ്റ്റ് (സി.പി.ജെ) തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്; ജോലിക്കിടയിൽ പരിക്കേറ്റവർക്ക് കൈയും കണക്കുമില്ല. ഇതിനിടയിൽ വിവിധ ഭരണകൂടങ്ങൾ അകത്താക്കിയവരുടെ എണ്ണം 293! നമ്മുടെ രാജ്യത്തേക്ക് വരുമ്പോൾ 'അതിഹാനികര'മാണ് സ്ഥിതി.

ജയിലിലടക്കപ്പെട്ട- മരിച്ചുവീണ മാധ്യമപ്രവർത്തകരുടെ കണക്കെടുത്താൽ 'ഒന്നാം സ്ഥാന'മാണ് നമുക്ക്. അതങ്ങനെയേവരൂ. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ നമ്മുടെ സ്ഥാനം 150ലെത്തിയിരിക്കുന്നു. ഭരണകൂടത്തിനെതിരെ നാവുയർത്തുന്നവരെയൊക്കെ പിടിച്ച് തുറുങ്കിലടക്കുക എന്നത് പ്രഖ്യാപിത നയമാകുമ്പോൾ ആരെങ്കിലും ജയിലിലായാൽ അതൊരു വാർത്തയേയല്ല; സാധാരണ സംഭവം മാത്രം. വല്ല വിധേനയും ആരെങ്കിലും പുറത്തുവരുന്നതാണ് വാർത്ത. അതുകൊണ്ടാണ്, ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ താൽക്കാലിക മോചനം ഒരു വാർത്തയാകുന്നത്.

സത്യാനന്തര കാലത്തെ മാധ്യമപ്രവർത്തകനാണ് സുബൈർ. 'ഞങ്ങൾക്ക് ആണവായുധങ്ങൾ വേണ്ട, പകരം ഇന്റർനെറ്റുണ്ടല്ലോ' എന്നാണ് ഈ കാലത്തിന്റെ മുദ്രാവാക്യം. നിർമാണവും സംഹാരവും ഞൊടിയിടയിൽ ഏതുവിധേനയും സാധ്യമാകുന്ന കാലം. വ്യാജവാർത്തകളിലൂടെ, അതിന്റെ മറപറ്റിയുള്ള പ്രചാരണങ്ങളിലൂടെ അധികാരാരോഹണംപോലും നിഷ്പ്രയാസമെന്ന് പലകുറി തെളിയിക്കപ്പെട്ട കാലം. അസത്യങ്ങളുടെയും കള്ളപ്രചാരണങ്ങളുടെയും വിദ്വേഷത്തിന്റെയും മുള്ളുവേലിയിൽ ഭരണകൂടങ്ങൾ ആടിത്തിമിർക്കുമ്പോൾ, അതിനെതിരെ ഒരു മാധ്യമപ്രവർത്തകനായി ചെറുത്തുനിൽക്കുക എന്നത് വെല്ലുവിളിയാണ്. ആ വെല്ലുവിളി ധൈര്യപൂർവം ഏറ്റെടുത്തപ്പോഴാണ് ഭരണകൂടം സുബൈറിന് ജയിൽ വിധിച്ചത്. തിരിഞ്ഞുനോക്കുമ്പോൾ ഏറെ നാടകീയമായ ഒട്ടേറെ രംഗങ്ങൾ കാണാം ഇവിടെ.

മേയ് അവസാനവാരമാണ് സംഭവം. ടൈംസ് നൗ ചാനലിൽ ഗ്യാൻവ്യാപി പള്ളിയുമായി ബന്ധപ്പെട്ട ചൂടൻ ചർച്ച നടക്കുന്നു. കാവിപ്പടയെ പ്രതിനിധാനംചെയ്ത്, ബി.ജെ.പി വക്താവ് നൂപുർ ശർമയുണ്ട് പാനലിൽ. സംസാരത്തിനിടെ പ്രവാചകനെ അപകീർത്തിപ്പെടുത്തുംവിധമുള്ള പരാമർശമുണ്ടാകുന്നു. ആ നിമിഷം അതാരും ശ്രദ്ധിച്ചില്ല, സുബൈർ ഒഴികെ. തൊട്ടടുത്ത ദിവസം, സുബൈർ ആ വിഡിയോ പുറത്തുവിടുന്നതോടെയാണ് കളി മാറിയത്. ആദ്യമൊക്കെ നിഷേധിക്കാൻ നോക്കിയെങ്കിലും നൂപുറിനും ബി.ജെ.പിക്കും പിടിച്ചുനിൽക്കാനായില്ല. അതുകൊണ്ട്, നൂപുറിനെ പുറത്താക്കി പാർട്ടി മുഖം രക്ഷിച്ചു. അപ്പോഴും, നൂപുറിനെതിരെ കേസൊന്നുമില്ല. പകരം, പ്രതിഷേധിച്ച പലരെയും വർഗീയ വിദ്വേഷം പരത്തിയെന്നും മറ്റും പറഞ്ഞ് അകത്താക്കുകയും ചെയ്തു. സുബൈറിനെതിരെ ചുമത്താൻ ആ വകുപ്പും കിട്ടിയില്ല. അതിനാൽ, പഴയൊരു ട്വീറ്റ് തപ്പിയെടുത്തു. നാൽപത് വർഷം മുമ്പിറങ്ങിയ ഒരു സിനിമയിലെ രംഗങ്ങൾ ചേർത്തുവെച്ച് ഹാസ്യാത്മകമായി അവതരിപ്പിച്ച ഒരു പോസ്റ്റ്. ഹിന്ദുത്വ രാഷ്ട്രീയം രാജ്യത്തെ എങ്ങനെ മാറ്റിമറിക്കുന്നുവെന്നതിന്റെ നിദർശകം എന്നു വിശേഷിപ്പിച്ചാൽ തെറ്റില്ല. ഉന്മൂലനത്തിന്റെ വക്താക്കൾക്ക് ആക്ഷേപഹാസ്യത്തിന്റെ ഭാഷ തിരിയില്ല; അതിനാൽ, സുബൈർ മതവികാരം വ്രണപ്പെടുത്തിയെന്നായി പരാതി. 'ഹനുമാൻ ഭക്ത്' എന്ന വ്യാജ ഐഡിയിൽനിന്നാണ് പരാതി പോയത്.

പിന്നെ അറസ്റ്റിന് അധികം താമസമുണ്ടായില്ല. തീർന്നില്ല; പിന്നീടങ്ങോട്ട് പുതിയ കേസുകളുടെ മാലപ്പടക്കമായിരുന്നു. ആദ്യം ഡൽഹിയിലാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതിനുശേഷം, യു.പിയിൽ ആറെണ്ണം. വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള പണിയൊപ്പിച്ചുവെന്നാണ് വെച്ചുകെട്ടിയ വകുപ്പുകളുടെ രത്നച്ചുരുക്കം. ആദ്യത്തെ കേസിൽ ജാമ്യം കിട്ടിയെങ്കിലും യോഗിയുടെ പൊലീസ് വെറുതെവിട്ടില്ല. വേറെയും ട്വീറ്റുകൾ കുത്തിപ്പൊക്കി കേസിന്റെയും വകുപ്പിന്റെയും ബലംകൂട്ടി. കക്ഷിയൊരു മാധ്യമപ്രവർത്തകനല്ല; പണം വാങ്ങി ട്വിറ്ററിൽ പോസ്റ്റിടുന്നയാളാണെന്നുവരെ പറഞ്ഞു. ആ വകയിൽ കോടികളാണത്രെ ഓരോ മാസവും വരവുവെക്കുന്നത്. അതിനാൽ, അയാളിനി ട്വിറ്ററിലെഴുതരുതെന്നുപോലും പറഞ്ഞുനോക്കി. പേക്ഷ, പരമോന്നത നീതിപീഠത്തിൽ അതൊന്നും വിലപ്പോയില്ല. മാധ്യമപ്രവർത്തനം തൊഴിലാക്കിയ ഒരു വ്യക്തിയോട് എഴുതരുതെന്ന് എങ്ങനെ പറയുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചപ്പോൾ ഹരജിക്കാരന് മിണ്ടാട്ടമില്ല. അതോടെ, സുബൈറിന് പുറത്തേക്കുള്ള വഴിയൊരുങ്ങി. എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റുകയും ചെയ്തു. മാത്രമല്ല, ഇനിയും ആരെങ്കിലും പഴയ ട്വീറ്റുകൾ കുത്തിപ്പൊക്കി കേസിനുപോയാൽ അതിന് പ്രത്യേകം ജാമ്യം തേടി അലയേണ്ടതുമില്ല.

ആൾട്ട് ന്യൂസിൽ പൂർവാധികം ശക്തിയോടെ പ്രവർത്തിക്കാനുള്ള ലൈസൻസുകൂടിയാണ് നീതിപീഠമിപ്പോൾ സുബൈറിന് സമ്മാനിച്ചിരിക്കുന്നത്. ആ ലൈസൻസ് നന്നായി ഉപയോഗപ്പെടുത്തുമെന്നുതന്നെയാണ് പുറത്തിറങ്ങിയപ്പോൾ അയാൾ ഉറപ്പുനൽകിയിരിക്കുന്നതും. അഞ്ചുവർഷം മുമ്പ്, പ്രതീക് സിൻഹക്കൊപ്പം രൂപം നൽകിയ പ്രസ്ഥാനമാണ് ആൾട്ട് ന്യൂസ്. അഹ്മദാബാദായിരുന്നു ആസ്ഥാനം. ഗുജറാത്തിലെ നരേന്ദ്ര മോദി വിമർശകരിൽ ഒരാളും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവർത്തകനുമായ മുകുൾ സിൻഹയുടെ മകനാണ് പ്രതീക്. ആളൊരു സ്വതന്ത്രചിന്തകനും യുക്തിവാദിയുമാണ്. സുബൈറാകട്ടെ, അൽപം ദൈവവിശ്വാസമൊക്കെയുള്ള കൂട്ടത്തിലാണ്. പ്രത്യയശാസ്ത്രപരമായിട്ടുള്ള ഈ അകൽച്ചക്കിടയിലും ഇരുവരെയും കൂട്ടിയോജിപ്പിച്ച ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു.

അതിലൊന്ന്, രാജ്യത്തെ ഫാഷിസ്റ്റ് ഭരണകൂടവും അതിനെ നിലനിർത്തുന്ന സവിശേഷ 'മാധ്യമ ലോക'വുമായിരുന്നു. വ്യാജവാർത്തകളും അപവാദ പ്രചാരണങ്ങളുമായിരുന്നു ആ മാധ്യമലോകത്തിന്റെ മുടക്കുമുതൽ. അതിനൊത്തൊരു സൈബർസേന സമാന്തരമായുമുണ്ടായിരുന്നു. ഈ സ്റ്റേറ്റ് സ്പോൺസേഡ് സംവിധാനത്തെ പൊളിക്കാനാണ് ആൾട്ട് ന്യൂസ് തുടങ്ങിയത്. വ്യാജ വാർത്തകളുടെ നിജഃസ്ഥിതി ലോകത്തെ അറിയിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. ഹിന്ദുത്വയുടെ എത്രയോ വ്യാജപ്രചാരണങ്ങൾ അവർ പൊളിച്ചടുക്കി. കാവിപ്പടയുടെ സൈബർ സെല്ലുകൾ പടച്ചുവിടുന്ന വ്യാജ വാർത്തകളുടെയും വിഡിയോകളുടെയും യാഥാർഥ്യം മണിക്കൂറുകൾക്കകം ആൾട്ട് ന്യൂസിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ രാജ്യത്തെ സമാന്തര-ജനകീയ നവമാധ്യമങ്ങളിൽ അതിന് സവിശേഷ സ്ഥാനമായി. പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളുടെ റഫറൻസ് കേന്ദ്രമായും അത് മാറി. അക്കൂട്ടത്തിൽ ഒന്നു മാത്രമായിരുന്നു നൂപുർ ശർമയുടെ പ്രവാചകനിന്ദയുടെ വിഡിയോ ശകലം. അപ്പോൾപിന്നെ, സുബൈറിനെയും ആൾട്ട് ന്യൂസിനെയും 'നിലക്കുനിർത്തണ'മെന്നത് ഭരണകൂടത്തിന്റെ ആവശ്യമാകുന്നത് സ്വാഭാവികം മാത്രം. അപ്പോഴും, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലഭിച്ച ജാമ്യം തന്നെയാണ് അത്ഭുതം.

ബംഗളൂരു സ്വദേശിയാണ്. പ്രായം 33. പൂർവാശ്രമത്തിൽ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. പത്തു വർഷത്തോളം ആ മേഖലയിൽ പ്രവർത്തിച്ചു. 'നോക്കിയ' കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സോഫ്റ്റ്വെയർ എൻജിനീയറായിരുന്ന പ്രതീകിനെ പരിചയപ്പെടുന്നത്. ആ സൗഹൃദം വളർന്നപ്പോഴാണ് രാജ്യത്ത് ആദ്യമായി 'ഫാക്ട് ചെക്കിങ്ങി'നായി ഒരു പോർട്ടൽ വേണമെന്ന് ഇരുവരും തിരിച്ചറിയുന്നതും ഇറങ്ങിപ്പുറപ്പെട്ടതും. 2017ൽ, ആൾട്ട് ന്യൂസ് സ്ഥാപിക്കപ്പെട്ടപ്പോഴും സുബൈർ 'നോക്കിയ'യിൽ തന്നെ തുടർന്നു. ഒരു വർഷം കഴിഞ്ഞ് എൻജിനീയർ പണി മതിയാക്കി മുഴുവൻ സമയ മാധ്യമപ്രവർത്തകനായി. അതോടെ ആൾട്ട് ന്യൂസും സജീവമായി. ഇരുവരും ചേർന്ന്, 'ഇന്ത്യ മിസ് ഇൻഫോംഡ്' എന്നപേരിൽ ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. ഹാർപർ കോളിൻസിന്റെ ഈ പുസ്തകത്തിന്റെ അവതാരിക അരുന്ധതി റോയിയുടെതാണ്. ഇപ്പോൾ, രണ്ടുപേരും സമാധാന നൊബേലിനുള്ള നാമനിർദേശ പട്ടികയിലും ഉൾപ്പെട്ടുവെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നു. കേസും കോടതിയുമായി മുന്നോട്ടുപോകുന്നതിനിടെ, ചിലപ്പോൾ അങ്ങനെയൊരു ശുഭവാർത്തയും വന്നേക്കാം.

Tags:    
News Summary - Fact checker mohammed zubair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT