നരേന്ദർ നഗർവാൾ, എം. നൗഷാദ് ഖാൻവിവിധ കേസുകളിൽ കുറ്റാരോപിതനായിരുന്ന മുൻ പാർലമെന്റ് അംഗം അതീഖ് അഹ്മദും സഹോദരനും പൊലീസ് വലയത്തിൽ നിൽക്കെ വെടിയേറ്റു മരിച്ച സംഭവം ഉത്തർപ്രദേശ് സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച ചിത്രം ലോകത്തിനു നൽകുന്നുണ്ട്, ഒപ്പം നിയമപ്രക്രിയയിൽ ജനങ്ങൾക്കുള്ള വിശ്വാസം ദുർബലപ്പെടുത്താനും അത് വഴിയൊരുക്കുന്നു.
മകൻ അസദ് അഹ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അതീഖും സഹോദരൻ അഷ്റഫും മാധ്യമ കാമറകൾക്കു മുന്നിൽവെച്ച് കൊല്ലപ്പെടുന്നത്. കുറ്റാരോപിതരെ അമർച്ചചെയ്യാനും വിസ്തരിക്കാനും വിധിക്കാനും ഇവിടെ നിയമപ്രകാരമായ സംവിധാനങ്ങളെല്ലാമുണ്ടെന്നിരിക്കെയാണ് വളർന്നുനിൽക്കുന്ന കൊമ്പൊടിച്ചുകളയുന്ന ലാഘവത്തോടെ നിയമബാഹ്യ കൊലപാതകങ്ങൾ നടത്തുന്നത്.
ഇവ്വിധം കൊല്ലപ്പെടുന്നതിൽ ഭൂരിഭാഗവും മുസ്ലിം ന്യൂനപക്ഷ സമുദായങ്ങളിൽനിന്നുള്ളവരാണ്. ഭരണകൂട ഉപകരണങ്ങൾ നടത്തിവരുന്ന വൻതോതിലെ അധികാര ദുർവിനിയോഗംമൂലമുള്ള ദുരനുഭവങ്ങൾ യു.പിയിലെ ന്യൂനപക്ഷങ്ങളെ വിഷമത്തിലാഴ്ത്തുന്നത് ഇതാദ്യമല്ല.
മോദി സർക്കാർ കൊണ്ടുവന്ന വിവാദമായ പൗരത്വ നിയമത്തിനെതിരെ പ്രകടനം നടത്തിയ മുസ്ലിം പ്രതിഷേധക്കാർക്കുനേരെ കടുത്ത അമിതാധികാരപ്രയോഗമാണ് അവിടെ നടന്നത്.
ഏതാനും മാസം മുമ്പ് അരങ്ങേറിയ ബുൾഡോസർരാജ് പക്ഷപാതനീതിയുടെ മറ്റൊരധ്യായമാണ്. അതിവേഗ നീതിനിർവഹണമായാണ് ഇതിനെ ചിലർ ചിത്രീകരിക്കുന്നത്. എന്നാൽ, കുറ്റാരോപിത പട്ടികയിൽ മുസ്ലിംകളാണെങ്കിൽ മാത്രമാണ് ഇത്തരത്തിലെ നടപടികളെന്ന് സമാജ്വാദി പാർട്ടി നേതാക്കൾ ഉൾപ്പെടെ പലരും അക്കമിട്ട് ചൂണ്ടിക്കാട്ടുന്നു.
മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ അഭിപ്രായത്തിൽ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള മൗലികാവകാശത്തെയും സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഇന്ത്യൻ ഭരണഘടനക്ക് കടകവിരുദ്ധമാണ്.
ഒരു കുറ്റാരോപിതൻ പൊലീസ് കസ്റ്റഡിയിൽ എത്തുന്നതോടെ അയാളുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാകുമോ എന്നതാണ് വർത്തമാനകാല ഇന്ത്യൻ മനുഷ്യാവകാശ-നിയമശാസ്ത്ര ചർച്ചയിലെ സുപ്രധാന ചോദ്യം. 2021 ആഗസ്റ്റിൽ, ഇന്ത്യയിൽ വർധിച്ചുവരുന്ന പൊലീസ് അതിക്രമങ്ങളുടെ തോത് ചൂണ്ടിക്കാണിച്ച് മുൻ ചീഫ് ജസ്റ്റിസ് എൻ.വി. രാമണ്ണ പറഞ്ഞത് ഒരു പരിഷ്കൃതസമൂഹത്തിന് ചേരാത്ത ഇത്തരം നടപടികൾക്ക് ഉടനടി തടയിടണമെന്നാണ്.
2014ൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച പി.യു.സി.എല്ലും മഹാരാഷ്ട്ര സർക്കാറും തമ്മിലെ കേസിൽ ഏതു ബലപ്രയോഗത്തിനും മുമ്പായി മുന്നറിയിപ്പ് നൽകണം, പ്രതിയെ ജീവനോടെ പിടികൂടാൻ ശ്രമിക്കണം എന്നിങ്ങനെ സുപ്രീംകോടതി കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഏറ്റുമുട്ടൽ കൊലപാതകങ്ങളുണ്ടായാൽ നിർബന്ധമായും സ്വതന്ത്ര അന്വേഷണം വേണമെന്നും അതിൽ ഊന്നിപ്പറയുന്നു. ഖേദകരമെന്നു പറയട്ടെ, ഈ മാനദണ്ഡങ്ങൾ രാജ്യത്തെ പൊലീസ് അധികാരികൾ പാലിക്കുന്നതേയില്ല. യു.പിയിൽ മാത്രമല്ല, രാജ്യം മുഴുവൻ ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുണ്ട്.
2022 ജൂലൈ 26ന് ലോക്സഭയുടെ മുമ്പാകെ സമർപ്പിക്കപ്പെട്ട കണക്കുകൾപ്രകാരം 2020-2021 വർഷത്തിൽ രാജ്യത്ത് നടന്ന പൊലീസ് ഏറ്റുമുട്ടലുകളുടെ എണ്ണം 82 ആയിരുന്നത് 2021-2022ൽ 151 ആയി ഉയർന്നിരിക്കുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങൾക്കുനേരെ യു.പിയുടെ വിവിധയിടങ്ങളിൽ നടന്ന പൊലീസ് നടപടികളിൽ 23 മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. പൊലീസ് അവതരിപ്പിച്ച ‘ഏറ്റുമുട്ടൽ’ വാദത്തിനെതിരെ മാധ്യമങ്ങൾ ചോദ്യങ്ങളുയർത്തിയപ്പോൾ തൃപ്തികരമായ വിശദീകരണം നൽകാൻ അധികൃതർക്കായില്ല.
അഭിഭാഷകരുടെയും പൗരാവകാശപ്രവർത്തകരുടെയും അഭിപ്രായത്തിൽ പൊലീസ് നിഷ്ഠുരതയെ മറച്ചുപിടിക്കാൻ കെട്ടിച്ചമച്ചവയാണ് എല്ലാ ഏറ്റുമുട്ടലുകളും. നമ്മുടെ ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെ ഇന്നാട്ടിലെ നിയമം അസന്ദിഗ്ധമായി ഉയർത്തിപ്പിടിക്കുന്നു, അതിൽ ഇവ്വിധത്തിൽ കൊല്ലപ്പെടാതിരിക്കാനുള്ള അവകാശവും ഉൾക്കൊള്ളുന്നു.
കൊടുംകുറ്റവാളിക്കുപോലും നീതിപൂർവമായ വിചാരണ നേരിടാൻ അർഹതയുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയോ ക്രിമിനൽ നടപടിച്ചട്ടത്തിലെയോ ഒരു വ്യവസ്ഥയും വ്യാജ ഏറ്റുമുട്ടലുകൾ അനുവദിക്കുന്നില്ല. അതേസമയം, നിരവധി സുപ്രീംകോടതി വിധികളും ദേശീയ മനുഷ്യാവകാശ കമീഷന്റെ മാർഗനിർദേശങ്ങളും പൊലീസിന്റെ അമിത ബലപ്രയോഗത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്.
കുറ്റാരോപിതർക്കെതിരെ മാധ്യമങ്ങൾ ആഖ്യാനം ചമക്കുന്ന നിലവിലെ സാഹചര്യം ഇതിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. നീതിയും നിയമസഹായവും ന്യായമായ വിചാരണക്കുള്ള അവകാശവും നിഷേധിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഭരണഘടന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിൽ നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്ക് വിരുദ്ധമാണ് എന്ന് ഓർമപ്പെടുത്തുന്നു പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജെഫ്രി റോബട്ട്സൺ.
ഒരു വ്യക്തിക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിലും ഇല്ലെങ്കിലും വ്യാജ ഏറ്റുമുട്ടലുകളും നിയമബാഹ്യ കൊലപാതകങ്ങളും നമ്മുടെ ഭരണഘടനയുടെ മാർഗനിർദേശ തത്ത്വങ്ങൾക്കു വിരുദ്ധമാണ് എന്നു പറഞ്ഞ അദ്ദേഹം അത്തരം സംഭവങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു.
പൊലീസ് അതിക്രമങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ പരാതി-പരിഹാര സംവിധാനം കാലഘട്ടത്തിന്റെ ആവശ്യമാണ്. കസ്റ്റഡിപീഡനങ്ങൾ മനുഷ്യന്റെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുന്ന, മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് എന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി നിലനിൽക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്.
(ഡൽഹി സർവകലാശാല നിയമവിഭാഗം അധ്യാപകനാണ് നരേന്ദർ നഗർവാൾ, ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ് എം. നൗഷാദ് ഖാൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.