135ാം വയസ്സിലേക്ക് കടക്കുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പാർട്ടി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ രാജിപ്രഖ്യാപനവും അതിനോട് ഐക്യദാർഢ്യമോതി വിവിധ പദവികളിലിരിക്കുന്ന 200ലധികം പേരുടെ കൂട്ട സ്ഥാനത്യാഗവും ഇതുകണ്ട് അന്തംവിട്ടു നിൽക്കുന്ന അനുയായികളുടെ സഹതാപാർഹമായ അവസ്ഥയും ജനാധിപത്യ, മതേതര വിശ്വാസികളെ അത്യന്തം ആശങ്കാകുലരാക്കുന്നുണ്ട്. ഹിന്ദുത്വ ഫാഷിസം ഉയർത്തുന്ന ഗുരുതരമായ ഭീഷണിയെ പ്രതിരോധിക്കാൻ നേതൃപരമായ പങ്കുവഹിക്കേണ്ട പ്രസ്ഥാനമാണ്, ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതത്തിൽനിന്ന് മുക്തമാവാനാവാതെ, സ്വയം ശിഥിലീകരണത്തിെൻറ വഴി തെരഞ്ഞെടുത്തിരിക്കുന്നത്. സ്വയംകൃതാനർഥങ്ങളുടെ ശമ്പളമാണ് ഇന്ന് പാർട്ടി കൊടുത്തുതീർത്തുകൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതും സമീപകാലത്ത് സംഭവിച്ചതുമെല്ലാം ചേർത്തുവായിക്കുമ്പോൾ, മാറിയ ദേശീയ രാഷ്ട്രീയഭൂമികയിൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ എത്ര കിണഞ്ഞു ശ്രമിച്ചാലും ഉയിർത്തെഴുന്നേൽപിക്കാനോ നവീകരിക്കാനോ സാധിക്കാത്ത വിധം ആ പാർട്ടി കാലഹരണപ്പെടുകയോ പൂർണ തകർച്ചയിലേക്ക് വലിച്ചെറിയപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് സമ്മതിക്കുന്നതാവും സത്യസന്ധത. പക്ഷേ, ആ യാഥാർഥ്യം ഉൾക്കൊള്ളാൻ കോൺഗ്രസ് നേതൃത്വം തയാറല്ല എന്നതാണ് പ്രശ്നത്തിെൻറ മർമം.
ഫ്യൂഡൽ ജീർണത വാരിപ്പുണരുന്നു
സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസിനു 16 പ്രസിഡൻറുമാർ ഉണ്ടായതിൽ ആറും നെഹ്റുകുലത്തിൽനിന്നാണ്. അവസാനമായി ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് സീതാറാം കേസരിയായിരുന്നു; 1996 സെപ്റ്റംബറിൽ. രാജീവ് ഗാന്ധിയുടെ വധത്തിനു ശേഷം പ്രധാനമന്ത്രിപദവും കോൺഗ്രസ് പ്രസിഡൻറു സ്ഥാനവും ഒരുമിച്ചു കൊണ്ടുനടന്ന പി.വി. നരസിംഹ റാവു പാർട്ടിക്കും രാജ്യത്തിനും അനഭിമതനായ ഘട്ടത്തിലായിരുന്നു കേസരിയുടെ വരവ്. എന്നാൽ, രാജീവിെൻറ വിയോഗത്തിനുശേഷം കേസരിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ സോണിയയുടെ തൃപ്പാദങ്ങളിൽ വീഴുന്നുണ്ടായിരുന്നു പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ. റാവുവാഴ്ചക്കാലത്ത് മറക്കുപിന്നിൽനിന്ന് കടിഞ്ഞാൺ പിടിച്ച സോണിയ 1998 തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ ഒരു പറ്റം പാദസേവകർ, കേസരിയിൽനിന്ന് പ്രസിഡൻറുപദം പിടിച്ചുവാങ്ങി സോണിയക്ക് കൈമാറാൻ കരുനീക്കങ്ങൾ നടത്തി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് എന്ന നിലക്ക് സോണിയക്കുവേണ്ടി വഴിമാറാൻ തയാറല്ല എന്ന് കേസരി തുറന്നടിച്ചെങ്കിലും ഫലമുണ്ടായില്ല. 1998 മാർച്ച 14നു 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ ആരുമുണ്ടായില്ല; താരീഖ് അൻവർ ഒഴികെ. പിന്നീട് കെട്ടഴിഞ്ഞുവീണ ജുഗുപ്സാവഹമായ നാടകാന്ത്യത്തിൽ പ്രണബ് മുഖർജി വായിച്ചത് കേസരിക്ക് കൃതജ്ഞത രേഖപ്പെടുത്തുന്ന പ്രമേയമാണ്; നിർണായകഘട്ടത്തിൽ പാർട്ടിയെ നയിച്ചതിന്. അതായത്, അപ്പോഴേക്കും തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറിനെ ചെവിക്കുപിടിച്ച് പുറന്തള്ളി, സോണിയയെ പാർട്ടി പ്രസിഡൻറായി ഒരു ഉപജാപകസംഘം നിയമിച്ചു കഴിഞ്ഞിരുന്നുവെന്ന് ചുരുക്കം.
ലോകത്തിലെ ഏറ്റവും ജനാധിപത്യ പാരമ്പര്യമുള്ള ഒരു രാഷ്ട്രീയപാർട്ടി അതിെൻറ ആഭ്യന്തര ജനാധിപത്യഘടന വലിച്ചെറിഞ്ഞ് ഫ്യൂഡൽ വ്യവസ്ഥയുടെ ജീർണമുഖം എടുത്തണിഞ്ഞ അന്നുതൊട്ട് കോൺഗ്രസിന് ലോകത്തിനു കൈമാറാനുള്ള സന്ദേശം ഒന്നു മാത്രമായിരുന്നു: ഇന്ദിരയുടെ തറവാട് സ്വത്താണ് ഈ പ്രസ്ഥാനമെന്നും നെഹ്റു–ഗാന്ധികുലത്തിനു പുറത്തുനിന്ന് അതിനെ നയിക്കാൻ യോഗ്യരായ ആരുമില്ലെന്നും. പാർട്ടിയുടെ തലപ്പത്ത് ഏറ്റവും കൂടുതൽ ഇരുന്ന വ്യക്തി സോണിയയാണ്; 16 വർഷം. എന്നിട്ടും ശിഥിലീകരണത്തിൽനിന്ന് കോൺഗ്രസിനെ രക്ഷിക്കാൻ അവർക്കു സാധിച്ചുവോ? ഇല്ല. മമത ബാനർജി നല്ല ബന്ധം നിലനിർത്തിയപ്പോഴും സോണിയയുടെ നേതൃത്വത്തെ അംഗീകരിച്ചിരുന്നില്ല. ജി.കെ മൂപ്പനാർ തമിഴ് മനില കോൺഗ്രസിനെ സോണിയയുടെ പാർട്ടിയിൽ ലയിപ്പിക്കാൻ കൂട്ടാക്കിയില്ല. മൂപ്പനാർ ചരിത്രത്തിലേക്ക് തിരോഭവിക്കേണ്ടിവന്നു, അനുയായികൾക്ക് ‘തറവാട്ടി’ലേക്ക് തിരിച്ചുപോകാൻ. വിദേശരക്തമുള്ള സോണിയ രാജ്യത്തിെൻറ പ്രധാനമന്ത്രിപദം അലങ്കരിക്കുന്നതിെൻറ അനൗചിത്യം എടുത്തുകാട്ടി കലാപം കൂട്ടിയ ശരദ്പവാറും പി.എ സംഗ്മയും താരീഖ് അൻവറുമൊക്കെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി ) ഉണ്ടാക്കിയാണ് ഭാവി സ്വപ്നം കണ്ടത്. കെ. കരുണാകരനും പുത്രനും കേരളത്തിൽ പാർട്ടിയെ പിളർത്തി ഡി.ഐ.സി ഉണ്ടാക്കിയത് സോണിയയുടെ നേതൃത്വത്തെ വെല്ലുവിളിച്ചാണ്. 24 പാർട്ടികളുടെ ചുമലിലേറി ആറു വർഷം ഭരിച്ച വാജ്പേയി സർക്കാറിെൻറ ദൗർബല്യങ്ങളും പരിമിതികൾക്കും പുറമെ ബി.ജെ.പിക്കകതെ നേതൃവടംവലികളും തുറന്നുകൊടുത്ത സാധ്യതയുടെ വാതിലുകളാണ് എല്ലാറ്റിനുമൊടുവിൽ 2004ൽ കോൺഗ്രസിെൻറ കൈകളിലേക്ക് അധികാരം തിരിച്ചുകൊടുക്കുന്നത്. ആ രാഷ്ട്രീയ ഋതുപ്പകർച്ചക്ക് നേതൃത്വം കൊടുത്തതാവട്ടെ, ലോക്സഭയിൽ 63 അംഗബലമുള്ള ഇടതുമുന്നണിയും ദേശീയ രാഷ്ട്രീയക്കളത്തിൽ ഇറങ്ങിക്കളിച്ച യശ്ശശരീരനായ ഹർകിഷൻ സിങ് സുർജിതും.
ഹിന്ദുത്വക്കു മുന്നിൽ നിഷ്പ്രഭമാവുന്നു
21ാം നൂറ്റാണ്ടിലെ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ രാഹുൽ ഗാന്ധിയെപ്പോലെ ദുർബലനായ ഒരു നേതാവിന് സാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തിനു മുന്നിൽ സമർപ്പിച്ചത്. സഹോദരി പ്രിയങ്ക ഗാന്ധി സജീവ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ പുതിയൊരു ഉൗർജം പാർട്ടി ആർജിച്ചതായി പലരും കണക്കുകൂട്ടിയിരുന്നു. പക്ഷേ, പ്രിയങ്കയുടെ വരവ് ‘ഭായി–ബഹൻ’ പാർട്ടിയായി കോൺഗ്രസിെൻറ മുഖം വികൃതമാക്കി എന്നല്ലാതെ, മോദി –അമിത് ഷാ കൂട്ടുകെട്ട് ഉയർത്തിയ വെല്ലുവിളികൾക്ക് മുന്നിൽ ഒന്നുമല്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. 2014ൽ കേവലം 31.4 ശതമാനം വോട്ടും 282 സീറ്റും കിട്ടിയ സ്ഥാനത്ത് ബി.ജെ.പി 37.4 ശതമാനം വോട്ടും 303 സീറ്റും നേടി രാഹുലിനോ പ്രതിപക്ഷ കൂട്ടുകെട്ടുകൾക്കോ പ്രതിരോധിക്കാൻ സാധിക്കുന്നതിന് അപ്പുറമാണ് ‘മോദിതരംഗം’ എന്ന് തെളിയിച്ചപ്പോൾ, എവിടെയാണ് പിഴച്ചത് എന്ന് ആഴത്തിൽ അന്വേഷിച്ച് ആവശ്യമായ തിരുത്തലുകൾക്ക് തയാറാവുന്നതിനു പകരം താനിതാ പോകുന്നു; നിങ്ങൾ വേണ്ടത് ചെയ്തോളീൻ എന്ന് പറഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു നേതാവിൽ വീണ്ടും പ്രതീക്ഷ അർപ്പിക്കുന്ന കോൺഗ്രസിെൻറ ഗതികേട് നിഷ്പക്ഷമതികളെ ലജ്ജിപ്പിക്കുന്നു. രാഹുലിനും സംഘത്തിനും നഷ്ടപ്പെട്ട ഭൂമിക തിരിച്ചുപിടിക്കാൻ സാധിക്കാതെ പോയത്, കോൺഗ്രസ് അടിസ്ഥാനപരമായി എന്തിനു നിലകൊണ്ടുവോ ആ രാഷ്ട്രീയമൂല്യങ്ങൾ തിരിച്ചുപിടിക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടതുകൊണ്ടാണ്.
തെരഞ്ഞെടുക്കപ്പെട്ട പാർട്ടി പ്രസിഡൻറിനെ താഴെയിറക്കി പകരക്കാരനെ കണ്ടെത്തിയ മഹനീയ ചരിത്രം കോൺഗ്രസിനുണ്ട്. അന്ന് പാർട്ടിക്ക് ബഹുസ്വരതയുടെ ഒരാദർശവും സ്പഷ്ടമായ രാഷ്ട്രീയ ദിശയും കൃത്യമായ ലക്ഷ്യബോധവുമുണ്ടായിരുന്നു. 1938ൽ ത്രിപുരയിൽ ചേർന്ന കോൺഗ്രസിെൻറ 59ാം പാർട്ടി സമ്മേളനത്തിൽ ഗാന്ധിജിയടക്കമുള്ള മുതിർന്ന നേതാക്കളുടെ എതിർപ്പ് തൃണവത്ഗണിച്ച് പട്ടാഭി സീതാരാമയ്യയെ തോൽപിച്ച് സുഭാഷ് ചന്ദ്ര ബോസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബ്രിട്ടീഷുകാരോടുള്ള നിലപാടിെൻറ പേരിൽ ഗാന്ധിജി ഇടഞ്ഞു. ചന്ദ്ര ബോസ് രാജിക്ക് സന്നദ്ധനായിരുന്നില്ല. ഗത്യന്തരമില്ലാതെ വന്നപ്പോൾ മുഴുവൻ വർക്കിങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ച് പ്രസിഡൻറിനെ ഒറ്റപ്പെടുത്തി. ഒടുവിൽ സുഭാഷ് ചന്ദ്ര ബോസ് സ്ഥാനമൊഴിഞ്ഞു. തനി യാഥാസ്ഥിതികനും തീവ്രവലതുപക്ഷ ചിന്താഗതിക്കാരനുമായ പുരുഷോത്തം ദാസ് ടാണ്ടൻ സർദാർ വല്ലഭ ഭായി പട്ടേലിെൻറ കൃപാശിസ്സുകളോടെ 1950ൽ എ.ഐ.സി.സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് ജവഹർലാൽ നെഹ്റുവിന് സഹിച്ചില്ല. വിഭജനത്തിെൻറ മുറിപ്പാടുകളിൽനിന്ന് ചോര കിനിഞ്ഞിറങ്ങുന്ന ആ ചരിത്രസന്ധിയിൽ ടാണ്ടനെ പോലൊരു പിന്തിരിപ്പൻ പക്ഷപാതി പാർട്ടിയുടെ അമരത്തിരിക്കുന്നത് രാജ്യത്തിനും പാർട്ടിക്കും ഗുണമാവില്ല എന്ന് വിലയിരുത്തിയ നെഹ്റു, നേതൃമാറ്റത്തിനു വേണ്ടി വാദിച്ചു. ഒടുവിൽ 1951 സെപ്റ്റംബറിൽ ചേർന്ന പാർട്ടി സമ്മേളനത്തിൽ നെഹ്റുവിനെ കോൺഗ്രസ് പ്രസിഡൻറായി പ്രഖ്യാപിക്കുകയായിരുന്നു. വ്യക്തമായ നയനിലപാടുകളും രാഷ്ട്രീയ കാഴ്ചപ്പാടുമുള്ള ഒരു നേതൃനിര അന്ന് കോൺഗ്രസിനുണ്ടായിരുന്നു. ഇന്ന് നെഹ്റു–ഗാന്ധി കുടുംബത്തിെൻറ കൈയിൽനിന്ന് പാർട്ടിയുടെ കടിഞ്ഞാൻ കൈമാറ്റപ്പെട്ടാൽ തങ്ങളുടെ രാഷ്ട്രീയ ഭാവി അവതാളത്തിലാകുമെന്ന ഭയത്തിലാണ് ഭൂരിപക്ഷം നേതാക്കളും. ജരാനര ബാധിച്ച ഈ നേതാക്കളാണ് പാർട്ടിയുടെ പുനരുജ്ജീവനം അസാധ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.