ഇടത്-ജനാധിപത്യ-മതേതര ശക്തികളുടെ ഐക്യനിര പടുത്തുയര്‍ത്താന്‍ സംസ്ഥാനത്ത് കഠിനപ്രയത്നം നടത്തിയ, കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്)പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ഡോ. വി. വേണുഗോപാല്‍ വിടപറഞ്ഞിരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സ്ഥാപക ജനറല്‍ സെക്രട്ടറി ശിബ്ദാസ് ഘോഷിന്റെ ചിന്തകളുമായി ബന്ധപ്പെടുന്നത്. വിദ്യാര്‍ഥിരംഗത്ത് പ്രവര്‍ത്തിക്കവേ രാഷ്ട്രീയ പ്രതിയോഗികളുടെ കായികമായ ആക്രമണങ്ങള്‍ക്ക് അദ്ദേഹം ഇരയായി.
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം പിന്നീടാണ് എം.ബി.ബി.എസ് ബിരുദം നേടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകർക്ക് ചികിത്സയും സമൂഹത്തിന് കുറഞ്ഞ ചെലവില്‍ വൈദ്യസഹായവും ഉറപ്പുവരുത്തുന്നതിന് അമ്പലപ്പുഴയില്‍ സൂര്യ എന്ന പേരില്‍ ആശുപത്രി സ്ഥാപിച്ച ഡോ. വേണുഗോപാല്‍ സാമൂഹിക പ്രവര്‍ത്തനത്തിന്റെ അഭേദ്യഭാഗമായാണ് ആതുരസേവനത്തെയും കണ്ടത്.
വിദ്യാഭ്യാസരംഗത്തെ വിധ്വംസകമായ പരിഷ്കാരങ്ങള്‍ക്കെതിരെ എക്കാലവും അദ്ദേഹം പോരടിച്ചു. ലോകബാങ്ക് പദ്ധതിയായ ഡി.പി.ഇ.പിക്കെതിരെ ആശയതലത്തിലും പ്രായോഗികരംഗത്തും അവിസ്മരണീയമായ പ്രവര്‍ത്തനമാണ് ഡോക്ടർ നടത്തിയത്.
ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളെ ഒരുപോലെ കൈയൊഴിയുമ്പോള്‍, ജനം സ്വന്തം സമരസംഘടന രൂപവത്കരിച്ച് മുന്നോട്ടുവരുക മാത്രമേ പോംവഴിയുള്ളൂ എന്ന് തിരിച്ചറിഞ്ഞ വേണുഗോപാല്‍, ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍, എം.വി. ദേവന്, ഡോ. എന്‍.എ. കരീം തുടങ്ങിയ ഉന്നത വ്യക്തിത്വങ്ങളെ അണിനിരത്തിയാണ് ജനകീയ പ്രതിരോധ സമിതിക്ക് രൂപം നല്‍കിയത്.
ചെങ്ങറ, മൂലമ്പിള്ളി, വിളപ്പില്‍ശാല തുടങ്ങി ശ്രദ്ധേയമായ നിരവധി സമരങ്ങളില്‍ പ്രതിരോധസമിതി നിര്‍ണായക സാന്നിധ്യമായി. തൃക്കുന്നപ്പുഴയിലെ ഐതിഹാസികമായ കരിമണല്‍ ഖനന വിരുദ്ധ പ്രക്ഷോഭത്തിന്റെ മസ്തിഷ്കം അദ്ദേഹമായിരുന്നു.
മദ്യ വ്യാപനത്തിനെതിരെയും വര്‍ഗീയ ചേരിതിരിവിനെതിരെയും അദ്ദേഹം മുന്നിട്ടിറങ്ങി. അന്തരിച്ച സി.കെ. ലൂക്കോസുമായി കൈകോര്‍ത്ത്, എസ്.യു.സി.ഐയെ കേരളത്തില്‍ അവഗണിക്കാനാവാത്ത ഒരു സമരപ്രസ്ഥാനമായി വളര്‍ത്തിയെടുക്കാൻ വേണുഗോപാല്‍ അഹോരാത്രം പ്രയത്നിച്ചു.
ഒരു കമ്യൂണിസ്റ്റിന് ചേര്‍ന്നവണ്ണമുള്ള ജീവിതം നയിച്ച വേണുഗോപാല്‍ സംഘടനക്കാകെ നിത്യപ്രചോദനമായിരുന്നു. രോഗബാധിതനായി ഏറെക്കാലമായി പ്രവര്‍ത്തനത്തിൽനിന്ന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോഴും പ്രവര്‍ത്തകരുടെ ഊര്‍ജസ്രോതസ്സായി നിലകൊണ്ടു അദ്ദേഹം.
(എസ്.യു.സി.ഐ (കമ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.