തകരുന്ന കാർഷികമേഖലയും കർഷകർ നടത്തിവരുന്ന അഭൂതപൂർവമായ പ്രക്ഷോഭങ്ങളുമാണ് മധ്യപ്രദേശ് അഭിമുഖീകരിക്കുന്ന ഇപ്പോഴത്തെ പ്രധാന വെല്ലുവിളി. പ്രക്ഷോഭകർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ ഇതിനകം ആറ് കർഷക ജീവനുകൾ ഹോമിക്കപ്പെട്ടു. മാത്രമല്ല, സംഭവപരമ്പരകൾ ശിവരാജ്സിങ് ചൗഹാെൻറ കസേരക്ക് ഭീഷണിയാകുന്നു എന്നാണ് ലഭ്യമായ സൂചനകൾ. ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ വാഴുന്ന മുഖ്യൻ എന്ന റെക്കോഡ് സ്ഥാപിക്കാൻ സാധിച്ച ചൗഹാൻ 2005ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിൽ അവരോധിക്കപ്പെട്ടത്. അധികാര സിംഹാസനത്തിലേക്കുള്ള അദ്ദേഹത്തിെൻറ വഴികൾ സുഗമമാക്കിയത് ‘വിനീതനായ കർഷകൻ’ എന്ന പ്രതിച്ഛായ ആയിരുന്നു. എന്നാൽ, പുതിയ പ്രതിസന്ധി ഭരണകക്ഷിയായ ബി.ജെ.പിക്കകത്ത് ചൗഹാൻ വിരുദ്ധ വികാരം ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഭരണത്തിലേറി ഏതാനും വർഷങ്ങൾക്കകം കാർഷിക മേഖലയിൽ വളർച്ചയും പുരോഗതിയും കൈവരിക്കാൻ ചൗഹാൻ കൈക്കൊണ്ട നടപടികൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കാർഷിക മേഖലയിലെ വളർച്ചനിരക്കിനെ 3.6ൽനിന്ന് 20 ശതമാനത്തിലേക്കുയർത്തുന്നതിൽ ചൗഹാെൻറ ഇടപെടലുകൾ വിജയം കണ്ടു.
പലിശരഹിത വായ്പകൾ അനുവദിച്ചുകൊണ്ടും കാർഷികോൽപന്നങ്ങൾക്ക് തറവിലയും ബോണസും പ്രഖ്യാപിച്ചുകൊണ്ടുമായിരുന്നു അദ്ദേഹം കൃഷിക്കാരുടെ രക്ഷകനായി ഉയർന്നത്. വിത്ത്, വളം എന്നിവക്കും ഉദാരമായ സബ്സിഡികൾ അനുവദിച്ചു. ഇൗ നടപടികൾ കാർഷികരംഗത്ത് ക്രിയാത്മക പ്രതിഫലനങ്ങൾക്ക് വഴിയൊരുക്കുകയുണ്ടായി. കൂടുതൽ ഭൂമികളിൽ കൃഷിയിറക്കാൻ ഇവ കർഷകർക്ക് ആത്മവിശ്വാസവും പ്രേരണയും പകർന്നു. കേന്ദ്രസർക്കാറിൽനിന്ന് കാർഷിക മികവിനുള്ള ‘കൃഷികർമൻ’ പുരസ്കാരത്തിന് മധ്യപ്രദേശ് തുടർച്ചയായി അഞ്ചുവർഷം തെരഞ്ഞെടുക്കപ്പെടാൻ മുഖ്യമന്ത്രിയുടെ മണ്ണറിഞ്ഞുള്ള വിത്തിറക്കൽ പദ്ധതി ആയിരുന്നുവെന്നതിൽ തർക്കമില്ല. ‘ബീമാറുരാജ്യ’ (രോഗിയായ സംസ്ഥാനം) എന്ന പിന്നാക്ക മുദ്രയും പരിഹാസപ്പേരും മധ്യപ്രദേശിൽനിന്ന് അപ്രത്യക്ഷമായി. ഇത് കഥയുടെ ഒരു വശം മാത്രം. കാർഷികമേഖലയിൽ വിസ്മയ വിജയങ്ങൾ കൊയ്ത ചൗഹാൻ പക്ഷേ, ഇൗ മാസാദ്യം മാണ്ഡഡോർ ജില്ലയിൽ പൊട്ടിപ്പുറപ്പെട്ട കർഷക പ്രക്ഷോഭം കൈകാര്യം ചെയ്ത രീതി കടുത്ത വിമർശനങ്ങൾക്കും രാജിമുറവിളികൾക്കുമാണ് നിമിത്തമായത്. പൊലീസ് വെടിവെപ്പിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടു. പൊലീസിെൻറ മർദനമേറ്റ് മറ്റൊരു കർഷകനും കൊല്ലപ്പെട്ടു. കാർഷികോൽപന്നങ്ങളുടെ തറവില പുതുക്കി നിശ്ചയിക്കണമെന്നും ബാങ്ക് വായ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ടായിരുന്നു കർഷകർ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്. നേരത്തേ പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാകാതിരുന്നതും കർഷകരോഷത്തിന് ഹേതുവായിരുന്നു.
സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവർക്കുനേരെ നിർദയം നിറയൊഴിക്കുകയും ക്രൂരമായ മർദനങ്ങൾ അഴിച്ചുവിടുകയും ചെയ്തതോടെ ജനങ്ങൾ പൊലീസിനു നേർക്ക് തിരിഞ്ഞു. കൊള്ളയും കൊള്ളിവെപ്പും പടർന്നതോടെ ദിവസങ്ങളോളം കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. ‘വിനീത കർഷകൻ’ എന്ന ചൗഹാെൻറ പ്രതിച്ഛായ ‘മർദക ഭരണാധികാരി’ എന്നായി മാറാൻ മണിക്കൂറുകൾ പോലും ആവശ്യമായി വന്നില്ല. കർഷകവിരുദ്ധ നടപടികൾ പ്രതിപക്ഷ പാർട്ടികളിൽ മാത്രമല്ല ബി.െജ.പിക്കകത്തും ചൗഹാനെതിരായ മുറുമുറുപ്പുകൾക്ക് ആക്കം പകർന്നിരിക്കുന്നു. മുൻ മുഖ്യമന്ത്രി ബാബുലാൽ ഗൗർ, മുൻമന്ത്രി കൈലാശ് വിജയവാർഗീയ തുടങ്ങിയ ബി.ജെ.പി നേതാക്കൾ പരസ്യമായി തന്നെ പൊലീസ് നടപടിയെ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ മറച്ചുവെക്കുകയാണെന്നും ഇൗ നേതാക്കൾ കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്ത പുരുഷനാണ് വിജയ് വാർഗീയ. ചൗഹാെൻറ കസേര ഇളകിയാൽ സ്ഥാനം ലഭിക്കാനിരിക്കുന്ന വ്യക്തിയുമാണദ്ദേഹം. ചൗഹാനെയും അദ്ദേഹത്തിെൻറ ഭരണശൈലിയേയും ചോദ്യം ചെയ്യാൻ നാളിതുവരെ ആരും ധൈര്യപ്പെട്ടിരുന്നില്ല. പാർട്ടിയുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിൽ ചൗഹാെൻറ സംഘാടകപാടവവും പ്രതിച്ഛായയും സുപ്രധാന ഘടകമാണെന്നും നേതാക്കൾ ഉറച്ചുവിശ്വസിച്ചിരുന്നു.
വിമർശനങ്ങൾ ശക്തിപ്പെട്ടതോടെ ജൂൺ 10ന് ചൗഹാൻ നടത്താനിരുന്ന സമാധാന ഉപവാസ പരിപാടിയും നനഞ്ഞ പടക്കമായി കലാശിച്ചു. പാർട്ടി തീരുമാനങ്ങൾക്കെതിരായ നീക്കമാണ് ഉപവാസമെന്ന ആരോപണംവന്നതോടെ പരിപാടി റദ്ദാക്കാൻ ചൗഹാൻ നിർബന്ധിതനായി. കഴിഞ്ഞ മൂന്നുവർഷക്കാലത്തിനിടയിൽ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗം കർഷക സമൂഹമാണെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. വൻകിട വ്യവസായികൾക്ക് ഭീമസംഖ്യയുടെ വായ്പ അനുവദിക്കുന്ന ബാങ്കുകൾ കർഷകർക്ക് അനുവദിക്കുന്നത് നാമമാത്ര തുക ആയതിനാൽ പ്രതിസന്ധി ആവർത്തിക്കുന്നതിൽ അതിശയിക്കാനില്ല.
അതേസമയം, ചൗഹാൻ തുടക്കത്തിൽ നൽകിയ പ്രോത്സാഹന ഫലമായി പ്രത്യക്ഷപ്പെട്ട ഉണർവ് കാർഷികോൽപാദനം വർധിക്കാൻ സഹായമായെന്നും എന്നാൽ, അത് വിറ്റഴിക്കാനുള്ള മാർഗങ്ങൾ കുറഞ്ഞതാണ് പ്രതിസന്ധിയുടെ ഹേതുവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നരേന്ദ്ര മോദി ആരംഭിച്ച നോട്ട് റദ്ദാക്കൽ കാലഘട്ടം കർഷകർക്ക് അശനിപാതമായി. വിറ്റഴിക്കാൻ വഴിയില്ലാതെ കാർഷികവിളകൾ നശിച്ചുപോയി.
കേരളത്തിലും മറ്റും സവാളക്ക് 100 രൂപ വരെ വില കുതിച്ചുയർന്ന ഘട്ടത്തിൽ മധ്യപ്രദേശിലെ കർഷകന് അവ കേവലം ഒറ്റരൂപക്ക് വിൽക്കേണ്ട ദുരവസ്ഥ പോലും സംജാതമായി. അതിനിടെ, ഉൽപന്നങ്ങൾക്കുള്ള ബോണസ് അധികൃതർ പിൻവലിച്ചത് കർഷക രോഷത്തിന് എണ്ണ പകർന്ന നടപടിയായിരുന്നു. ഉൽപന്നങ്ങൾക്ക് ന്യായവില കിട്ടണമെന്ന ആവശ്യം അതോടെ ശക്തമായി. സംസ്ഥാനത്തെ 50 ലക്ഷത്തോളം കർഷകർ വിവിധ ബാങ്കുകളിൽ വായ്പകൾ തിരിച്ചടക്കാനാകാത്ത പ്രതിസന്ധിയിലാണിപ്പോൾ. സർക്കാറിെൻറ അലംഭാവനയത്തിനെതിരെ വ്യാപകമായ ബോധവത്കരണ പരിപാടികൾ തുടരുകയാണ് കർഷക യൂനിയനുകൾ. പ്രതിഷേധാഗ്നി കൂടുതൽ വ്യാപകമാകാനുള്ള സാധ്യതയിലേക്കാണിത് വിരൽ ചൂണ്ടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനും കർഷകരുടെ വിശ്വാസം വീണ്ടെടുക്കാനും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലെ വൈഭവമാകും വരുംദിവസങ്ങളിൽ ചൗഹാെൻറയും പാർട്ടിയുടെ തന്നെയും ഭാവി നിർണയിക്കപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.