സോണിയ ഗാന്ധിയുടെ വസതിക്കു മുന്നിൽ കാത്തുനിന്ന മാധ്യമപ്രവർത്തകർക്കിടയിലേക്ക് ശശി തരൂരിെൻറ പേര് പൊട്ടിവീണത് 2009ലാണ്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ തരൂർ സ്ഥാനാർഥി. കുടുംബത്തിനു പ്രത്യേക താൽപര്യമുള്ള ഒരു അജണ്ടയും നൂലിൽ കെട്ടിയിറക്കിയ കോൺഗ്രസുകാരനായിരുന്നു അന്ന് തരൂർ. വെറുതെ ഒരു സീറ്റും, ജയസാധ്യതയുള്ള പാർട്ടി നേതാക്കളുെട അവസരവും കളയാനുള്ള വരത്തെൻറ ഇറക്കുമതിയാണ് അതെന്ന് സംസ്ഥാന കോൺഗ്രസ് നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കാലം. നെഹ്റു കുടുംബത്തിെൻറ നിർദേശം തിരുവായ്ക്ക് എതിർവായില്ലെന്ന മട്ടിൽ നടപ്പാക്കപ്പെട്ടു.
ഇന്ന് കോൺഗ്രസുകാരുടെ സംശയം, തരൂരിെൻറ രാഷ്ട്രീയം ബി.ജെ.പിയിലേക്ക് കാലു നീട്ടുന്ന ഒരു അജണ്ടയാണോ എന്നാണ്. 10 വർഷം കഴിഞ്ഞിട്ടും, മൂന്നുവട്ടം ജയിച്ചിട്ടും തരൂരിനെക്കുറിച്ച സംശയങ്ങൾ അവസാനിക്കുന്നില്ല. സംസ്ഥാന നേതാക്കൾക്ക് തരൂരിനെ ഇനിയും പിടിക്കുന്നില്ല. കോൺഗ്രസിെൻറ അകമഴിഞ്ഞ പിന്തുണ തെരഞ്ഞെടുപ്പുഗോദയിൽ തനിക്ക് കിട്ടാതെ വന്നതിനെക്കുറിച്ചു മാത്രമല്ല, സ്ഥലം എം.പിയെന്ന പരിഗണന നൽകാതെ തഴയുന്നതിനെക്കുറിച്ചും തരൂരിന് പരാതിപ്പെടേണ്ടി വന്നിട്ടുണ്ട്. മറുവശത്ത്, സംസ്ഥാനത്തെ ‘ഛോട്ടാ’ നേതാക്കളെ ഗൗനിക്കാതെ വിശ്വപൗരനായിട്ടാണ് തരൂരിെൻറയും പോക്ക്.
ആ പോക്ക് സ്വന്തം സാധ്യതകൾതന്നെ നഷ്ടപ്പെടുത്തുമോ എന്ന ആശങ്ക ചില നേതാക്കളിൽ വളർത്തുന്നു. രാഹുൽ ഗാന്ധി പിന്മാറ്റം പ്രഖ്യാപിച്ചപ്പോൾ എന്തുകൊണ്ട് തരൂരിനെ കോൺഗ്രസ് പ്രസിഡൻറാക്കിക്കൂടാ എന്നും ചർച്ചയുണ്ടായി. ലോക്സഭയിലെ കോൺഗ്രസ് നേതാവിനെ നിശ്ചയിക്കുന്ന ഘട്ടത്തിലും തരൂരിെൻറ പേര് ഉയർന്നു വന്നു. അധീർ രഞ്ജൻ ചൗധരിയെ മാറ്റി തരൂരിന് ആ സ്ഥാനം കൊടുത്തേക്കാമെന്ന സ്ഥിതിയുമുണ്ട്. കേരളത്തിലെ വർധിച്ച സ്വീകാര്യതക്കിടയിൽ നാളെ മുഖ്യമന്ത്രി സ്ഥാനാർഥിതന്നെയായി തരൂർ മാറുമോ എന്ന കടുത്ത ഉത്കണ്ഠയിലാണ് ആ പദവി സ്വപ്നം കാണുന്നവർ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചെന്ന കുറ്റപ്പെടുത്തൽ ആളിക്കത്തിയത് ഇതുകൂടി ചേർന്നാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ തുടങ്ങിയവർ രോഷം അടക്കിവെക്കാൻ കഴിയാതെ പ്രതികരിച്ചെങ്കിലൂം ഒടുവിൽ അവർക്ക് പിന്മാറേണ്ടി വന്നു. തരൂരിനെ തള്ളിപ്പറയാൻ അധികം പേരില്ലെന്ന് അവർ തിരിച്ചറിഞ്ഞു. തരൂരിനെ ഒറ്റപ്പെടുത്തുന്നതിനെതിരായ സമീപനം മുസ്ലിം ലീഗിൽനിന്നു വരെ ഉയർന്നത് അവർക്ക് വലിയൊരു തിരിച്ചടിയായി. തരൂരിനെ ഇഷ്ടപ്പെടുന്ന മലയാളികളുടെ എണ്ണം കോൺഗ്രസിനു പുറത്ത് വളരെ കൂടുതലാണ് എന്നു തിരിച്ചറിയാനും വിവാദം വഴിയൊരുക്കി.
കോൺഗ്രസിലെ കിടമത്സരത്തിെൻറയും കുതികാൽ വെട്ടിെൻറയും കഥ എന്തായാലും, ഇൗ വിവാദത്തിൽ തരൂരിനും വിമർശകർക്കും വീഴ്ച പറ്റിയിട്ടുണ്ട് എന്നതാണ് യാഥാർഥ്യം. കേരളത്തിലെ പ്രായോഗിക രാഷ്ട്രീ യമാണ് സംസ്ഥാന നേതാക്കൾ പുറത്തെടുത്തത്. ബി.ജെ.പിക്കും മോദിക്കുമെതിരായ വികാരമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഏറ്റവും കൂടുതൽ തുണച്ചതെന്നിരിക്കേ, പ്രായോഗിക രാഷ്ട്രീയത്തിൽ മോദിപ്രശംസ ദോഷം ചെയ്യുമെന്നാണ് സംസ്ഥാന നേതാക്കൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. തരൂരാകെട്ട, രാക്ഷസനായി മോദിയെ ചിത്രീകരിക്കുന്നതിലെ അപകടങ്ങളാണ് ഒാർമപ്പെടുത്തിയത്. ക്രിയാത്മക പ്രതിപക്ഷമെന്ന അക്കാദമിക ചർച്ചയിലാണ് ഉൗന്നിയത്.
രാഷ്ട്രീയത്തിൽ അക്കാദമിക ചർച്ചക്കല്ല, പ്രായോഗിക സമീപനങ്ങൾക്കാണ് സ്ഥാനമെന്ന് കാണുന്നവർക്ക് തരൂരിനെ അംഗീകരിക്കാനാവില്ല. കോൺഗ്രസല്ല, ഏതു പാർട്ടി സ്വീകരിക്കേണ്ട തന്ത്രവും പുറംചർച്ചക്ക് വിധേയമാക്കേണ്ട ഒന്നല്ല. പാർട്ടി വേദികളിൽ ബോധ്യപ്പെടുത്തേണ്ട അഭിപ്രായം അവിടെ പറയാതെ സ്വന്തം നിലപാടിന് ജനസമ്മിതി നേടിയെടുക്കാനാണ് തരൂർ ശ്രമിച്ചത്.
ഏതെങ്കിലും ഒരു പാർട്ടിക്കുള്ളിൽ നിൽക്കുേമ്പാൾ ഇത്തരത്തിൽ റഫറി കളിക്കാനോ സ്വതന്ത്ര നിരീക്ഷണം നടത്താനോ പാടില്ല. അങ്ങനെ ചെയ്യുന്നത് തന്ത്രപരമായി പാർട്ടിയെ വെട്ടിലാക്കും. പക്ഷേ, അതിെൻറ പേരിൽ തരൂരിനെ ഒറ്റപ്പെടുത്തുകയും പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യാമോ? കോൺഗ്രസ് അങ്ങേയറ്റം ക്ഷീണിച്ചു നിൽക്കുന്ന ഇൗ ഘട്ടമാണ്, തരൂരിനെപ്പോലുള്ള നേതാക്കളെ ആവശ്യമുള്ള ഘട്ടം.
ആത്യന്തികമായി തരൂരിന് ബി.ജെ.പി രാഷ്ട്രീയം പിൻപറ്റാൻ കഴിയില്ല. ഇന്ത്യയെന്ന തെൻറ സങ്കൽപം എന്താണെന്ന് എഴുത്തുകളിലും പ്രസംഗങ്ങളിലും പാർലമെൻറിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മോദിയുടെയും ബി.ജെ.പിയുടെയും കപട രാഷ്ട്രീയം തുറന്നു കാട്ടുന്നതാണ് അദ്ദേഹത്തിെൻറ പുസ്തകങ്ങൾ. ഭാഷ പഠിപ്പിക്കാൻ ആഹ്വാനം ചെയ്ത മോദിയുെട മുന്നിലേക്ക് അർഥഗർഭമായ ‘ബഹുസ്വരത’ എന്ന വാക്ക് ആദ്യം ഇട്ടുകൊടുത്തത് തരൂരാണ്. അദ്ദേഹം പറയുന്നതുപോലെ, മോദിയെ തരൂർ വിമർശിച്ചതിെൻറ പത്തിലൊന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കളിലൊരാളും വിമർശിച്ചിട്ടില്ല.
നാളെ ഒരു എം.ജെ. അക്ബറായി മാറില്ലെന്നാണ് ഇതുവരെയുള്ള സമീപനങ്ങളിൽനിന്ന് വിശ്വസിക്കേണ്ടത്. അത്തരമൊരാളെ ഉന്തിത്തള്ളി അപ്പുറത്തെത്തിക്കാനോ, കാവി തേച്ചുപിടിപ്പിക്കാനോ അല്ല കോൺഗ്രസ് നേതാക്കൾ ശ്രമിക്കേണ്ടത്.
പാർട്ടിയെ നന്നാക്കാൻ തുറന്ന അഭിപ്രായം പറഞ്ഞ തരൂരിെൻറ നേർക്ക് ഇരുമ്പുലക്കയുമായി ചെല്ലുന്നവർ ദേശീയ രാഷ്ട്രീയത്തിലേക്ക് കണ്ണോടിക്കുകയും വേണം. ഇഞ്ചോടിഞ്ച് മോദിയെ രാക്ഷസനായി ചിത്രീകരിക്കുന്നത് കോൺഗ്രസിന് ഗുണം ചെയ്യില്ല, നല്ല കാര്യങ്ങളെന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അംഗീകരിച്ചുകൊണ്ട് വീഴ്ചകൾ തുറന്നു കാട്ടിയാൽ പാർട്ടി നടത്തുന്ന വിമർശനത്തിനു കൂടുതൽ വിശ്വാസ്യതയും സ്വീകാര്യതയും വരുമെന്നാണ് ജയ്റാം രമേശ്, അഭിഷേക് സിങ്വി എന്നിവർ പറഞ്ഞത്.
ആറു വർഷമായി താൻ പറഞ്ഞുകൊണ്ടിരിക്കുന്നതിന് പാർട്ടിയിൽ കൂടുതൽ സ്വീകാര്യത കിട്ടുന്നതിലെ സന്തോഷമാണ് തരൂർ പങ്കുവെച്ചത്. മൂന്നു പേരുടെയും പരാമർശം ദേശീയതലത്തിൽ ആരും അത്ര കാര്യമാക്കിയില്ല. അഥവാ, ആ അഭിപ്രായം വെച്ചുപുലർത്തുന്നവർ വേറെയുമുണ്ട്.
റഫാൽ വിവാദത്തിെൻറ അകമ്പടിയോടെ ‘മോദി ചോർ ഹെ’ എന്ന മുദ്രാവാക്യം രാഹുൽ ഗാന്ധി മുന്നോട്ടു വെച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിെച്ചന്നാണ് കോൺഗ്രസിലെ പൊതുവായ വിലയിരുത്തൽ. തുടർച്ചയായി കടുത്ത ആക്രമണം നടത്തുക വഴി കിട്ടിയ ഇര പരിവേഷം മോദി വോട്ടർമാർക്കിടയിൽ മുതലാക്കി. അതുകൊണ്ട്, മോദി പാവപ്പെട്ടവർക്ക് പാചകവാതകവും കക്കൂസും കൊടുത്താൽ അതിനെ പ്രശംസിച്ചുകൊണ്ടുതന്നെ വലിയ വീഴ്ചകൾ തുറന്നുകാട്ടി വിമർശനത്തിനു വിശ്വാസ്യത നേടണമെന്നാണ് ജയ്റാം രമേശും മറ്റും വാദിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമൊക്കെ തൻകാര്യം നോക്കിയും സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചും നേതൃത്വത്തെ വിരട്ടിയും നടക്കുന്നവർ കോൺഗ്രസിനേൽപിക്കുന്ന പരിക്കിനോളം വരുന്നതല്ല ഇൗ തുറന്നു പറച്ചിലുകൾ.
തെരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസിനെ വീണ്ടെടുക്കാനുള്ള ഗൗരവപ്പെട്ട ചർച്ചകളുടെ അരികു തൊടുന്നതു പോലുമല്ല മോദിപ്രശംസാ വിഷയമെന്നതാണ് കടുത്ത യാഥാർഥ്യം. മോദിഭരണത്തിെൻറ ഗുണഗണ വർണന കൂടി കാര്യപരിപാടിയാക്കി മാറ്റി പ്രതിയോഗിയെ വിമർശിക്കുന്നതിനു വിശ്വാസ്യത നേടുകയെന്ന ആശയത്തോളം ലളിതമല്ല കാര്യങ്ങൾ.
മതാന്ധത പകർച്ചവ്യാധിയായി മാറ്റിയിരിക്കേ, തരൂർ മോദിക്ക് ഇട്ടുകൊടുത്ത ബഹുസ്വരതയെന്ന പദത്തിെൻറ അന്തഃസത്ത എങ്ങനെ വീണ്ടെടുക്കുമെന്ന വലിയ ചോദ്യമാണ് ഇന്ത്യക്കു മുന്നിൽ. കർണാടകം അട്ടിമറിക്കുകയും ആടുന്നവരെ വളഞ്ഞു പിടിക്കുകയും ചിദംബരത്തെ അകത്തിടുകയും വേണ്ടിവന്നാൽ തരൂരിനെ വീണ്ടും ചോദ്യം ചെയ്യുകയുമൊക്കെ കാര്യപരിപാടിയാക്കി പ്രതിപക്ഷമുക്ത ഭാരതത്തിനായി ഇരച്ചു വരുന്ന രാഷ്ട്രീയ ശൈലിയോടാണ് കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഏറ്റുമുട്ടുന്നത്.
യഥാർഥത്തിൽ, കരിമ്പുപാടത്തിറങ്ങിയ ആനയെ തളക്കാൻ കുരുടന്മാരെ നിയോഗിച്ച അവസ്ഥയിലാണ് ദേശീയ രാഷ്ട്രീയം. കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ല. കശ്മീരിലും അസമിലും കാലൂന്നി സാമ്പത്തികരംഗത്ത് തുമ്പിെക്കെ പ്രയോഗം നടത്തുകയാണ് ആന. കുരുടന്മാരുടെ വെപ്രാളത്തിനും ആനയുടെ അർമാദത്തിനുമിടയിൽ കൃഷി നശിച്ചുവെന്നേ വോട്ടർമാർ ഉറപ്പിക്കേണ്ടതുള്ളൂ.
രാജ്യം വീണ്ടെടുക്കാൻ പുതുകൃഷിതന്നെ വേണ്ടിവരും. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പു കഴിഞ്ഞു മൂന്നാം മാസം പിന്നിടുേമ്പാഴും ചിതറിയ കുറെ ചർച്ചകൾക്കപ്പുറം, പ്രതിപക്ഷത്ത് വീണ്ടെടുപ്പിെൻറ കരുത്തുള്ള ഒരു മുളയും പൊട്ടുന്നില്ല. നേരിടേണ്ടത് തരൂരിനെയല്ല, ഇൗ യാഥാർഥ്യത്തെയാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.