അധികാരാരോഹണത്തിെൻറ നാലാംവർഷത്തിൽ നരേന്ദ്ര മോദി ഗവൺമെൻറിന് ഒരു കാര്യം ബോധ്യമായിരിക്കുന്നു- സ്വദേശി താൽപര്യങ്ങൾ ഊട്ടിവളർത്താനുള്ള ‘ഹിന്ദുത്വ വഴി’ വിദേശമൂലധനത്തിന് സമ്പൂർണമായും കീഴ്പ്പെടലാണെന്ന്! പുതുവർഷത്തിെൻറ ആദ്യ ദിനങ്ങളിൽ കൂടിയ മന്ത്രിസഭയോഗംതന്നെ ആ വഴിക്കുള്ള തീരുമാനം എടുത്തുകഴിഞ്ഞു. നാലുകോടിയിലേറെ ജനങ്ങള്‍ നേരിട്ടും പരോക്ഷമായും ആശ്രയിക്കുന്ന ജീവിതമാർഗമാണ് ചില്ലറവ്യാപാരം. അവിടെ വിദേശ പ്രത്യക്ഷനിക്ഷേപത്തിന് മോദിസർക്കാർ നേരേത്തതന്നെ സമ്മതം മൂളിയതാണ്. എന്നാൽ, നൂറുശതമാനം കടന്നുവരവിന് സർക്കാർ അനുമതി പോലെയുള്ള ചില ‘ചില്ലറ കടമ്പകൾ’ കടക്കേണ്ടിയിരുന്നു. സ്വദേശിസ്നേഹത്തിെൻറ പതിനെട്ടാംപടി കയറിയപ്പോൾ ഗവൺമെൻറിെൻറ മനസ്സുമാറി. ഭാരതത്തിെൻറ ചില്ലറവ്യാപാരരംഗത്തേക്ക് കടന്നുവരുന്ന വിദേശ കുത്തകഭീമന്മാർക്ക് മുന്നിൽ കടമ്പകളുടെ ഉയരം കൂട്ടണമെന്നല്ല സർക്കാർ ചിന്തിച്ചത്. ഒരുതരം അനുമതിയുടെയും തടസ്സങ്ങളില്ലാതെ അവർക്ക് നിർബാധം കടന്നുവരാൻ കഴിയണമെന്നാണ് ഗവൺമെൻറ് ചിന്തിക്കുന്നത്. നാടു നന്നാക്കാൻ അക്കൂട്ടർ വരുമ്പോൾ അവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതല്ലോ!
ആഗോളീകരണത്തിെൻറ വിളികേട്ട് വിദേശ പ്രത്യക്ഷ നിക്ഷേപങ്ങളിലൂടെ സഞ്ചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ അതിനെതിരായി ചന്ദ്രഹാസം ഇളക്കിയ പാർട്ടിയാണ് ബി.ജെ.പി. രാജ്യ താൽപര്യങ്ങൾ പണയപ്പെടുത്തുന്ന നീക്കമാണതെന്ന് ബി.ജെ.പിക്ക് അന്ന് സംശയമുണ്ടായിരുന്നില്ല. വിദേശ മൂലധനശക്തികൾ കണ്ണിറുക്കിക്കാണിച്ചാൽ തലകുത്തിവീഴുന്നതാണ് അവരുടെ സ്വരാജ്യസ്നേഹമെന്ന് രാജ്യം വീണ്ടും കാണുകയാണ്. വിദേശനിക്ഷേപത്തിന് സ്തുതിപാടാൻ കോൺഗ്രസ് തുടക്കംകുറിച്ച കാലത്ത് അതിനെതിരായി ഉറഞ്ഞുതുള്ളിയത് ഇതേ ബി.ജെ.പി തന്നെയല്ലേ? രാജ്യതാൽപര്യങ്ങളെ കോൺഗ്രസ് ഒറ്റു കൊടുക്കുന്നുവെന്ന് പുരപ്പുറത്തുകയറി വിളിച്ചുപറഞ്ഞത് ഈ ബി.ജെ.പി തന്നെയല്ലേ? വിദേശകുത്തകകൾക്ക് പ്രവേശനം കൊടുത്താൽ രാജ്യത്തിനുണ്ടാകാവുന്ന കഷ്ട-നഷ്ടങ്ങളെക്കുറിച്ച് നാട്ടുകാരെ ഉദ്ബോധിപ്പിക്കാൻ ഓടിനടന്നവർ ഇതേ നേതാക്കൾ തന്നെയല്ലേ? 2014ലെ െതരഞ്ഞെടുപ്പിൽ ജനങ്ങൾക്കുമുന്നിൽ ബി.ജെ.പി അവതരിപ്പിച്ച മാനിഫെസ്റ്റോയിൽ പാർട്ടിയുടെ വിദേശനിക്ഷേപനയം വിശദീകരിക്കുകയുണ്ടായി.
അതിലെ ഉള്ളടക്കത്തിൽനിന്ന് ജനങ്ങൾ മനസ്സിലാക്കിയത്, ചില്ലറ വ്യാപാര ബഹുബ്രാൻഡ് മേഖലയിൽ വിദേശനിക്ഷേപം ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ്. മറ്റു രംഗങ്ങളിലും രാജ്യതാൽപര്യങ്ങൾ പരിഗണിച്ചുകൊണ്ടു മാത്രമേ വിദേശനിക്ഷേപം ഉണ്ടാകുള്ളൂവെന്നാണ്. അതുതന്നെ നിഷെ ടെക്നോളജി പോലെയുള്ള പ്രാവീണ്യങ്ങളിലൂടെ സമ്പത്ത് വർധിപ്പിക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഉന്നംെവച്ചു കൊണ്ടായിരിക്കുമെന്നാണ് പ്രകടനപത്രിക പറഞ്ഞത്. ചെറുകിട- ഇടത്തരം കച്ചവടക്കാരുടെയും സംരംഭകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും മാനിഫെസ്റ്റോ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, അധികാരത്തിെൻറ ചൂടുതട്ടിയപ്പോൾത്തന്നെ അത്തരം വാഗ്ദാനങ്ങളെല്ലാം മഞ്ഞുപോലെ അലിഞ്ഞുപോയി. ശരിയാണ്, ബി.ജെ.പി വ്യത്യസ്തമായ പാർട്ടി തന്നെയാണ്! കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഇങ്ങനെ മാറാൻ മറ്റൊരു പാർട്ടിക്കും ഇത്ര എളുപ്പത്തിൽ കഴിയില്ല. സ്വദേശിസ്നേഹം മഹാശ്ചര്യം, നമുക്കും കിട്ടണം വിദേശപണം!
മലക്കംമറിച്ചിൽ
എത്ര പെട്ടെന്നാണ് ബി.ജെ.പി നയപ്രശ്നങ്ങളിൽ മലക്കം മറിയുന്നത്. വേഗത്തിൽ വളർന്നുവരുന്ന ഇന്ത്യൻ കമ്പോളത്തിൽ കണ്ണുെവച്ചുനടന്ന വിദേശനിക്ഷേപകരെ ഏറെക്കാലം കാത്തുനിർത്തിക്കൂടാ എന്നാണ് ദേശാഭിമാന ‘പ്രചോദിതരായ’ മോദിസർക്കാർ തീരുമാനിച്ചത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പണ്ട് ഇന്ത്യയിലേക്ക് കപ്പലോടിച്ചത് സോപ്പ്,- ചീപ്പ്, കണ്ണാടികൾ വിൽക്കാനായിരുന്നു. കച്ചവടവഴിയിലൂടെ ഇന്ത്യക്കാരെ ഉദ്ധരിക്കാൻ വന്നവർ പിന്നെ എന്തെല്ലാം ചെയ്തു എന്ന് ചരിത്രം പറയുന്നുണ്ട്. കാലം മാറിയപ്പോൾ വ്യാപാരം മാത്രമല്ല സാമ്പത്തിക, രാഷ്ട്രീയരംഗത്തെ ചവിട്ടുപടി എന്ന് മൂലധനശക്തികൾ മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ അവർക്ക് ചില്ലറവ്യാപാരമേഖല മാത്രം കീഴ്പ്പെടുത്തിയതുകൊണ്ട് മതിയാവുന്നില്ല. അവരുടെ ഇംഗിതങ്ങളെല്ലാം അറിഞ്ഞ് പെരുമാറണമെന്ന കാര്യത്തിൽ ബി.ജെ.പിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് അവർ മോഹിച്ച കാര്യങ്ങളെല്ലാം വെള്ളിത്താലത്തിൽ കാഴ്ചെവക്കണമെന്ന് ഗവൺമെൻറ് തീരുമാനിച്ചു.
റീട്ടെയിൽ വ്യാപാരത്തിനുപുറെമ നിർമാണമേഖല, റിയൽ എസ്റ്റേറ്റ്, ഔഷധനിർമാണം, വ്യോമയാനമേഖല തുടങ്ങി പ്രതിരോധം വരെയുള്ള എല്ലാ രംഗങ്ങളിലും വിദേശനിക്ഷേപകർക്കായി പടിതുറന്ന് കാത്തിരിക്കാമെന്ന് ഗവൺമെൻറ് വാക്കുപറഞ്ഞുകഴിഞ്ഞു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളെയെല്ലാം സർക്കാർ നൂറു ശതമാനവും വഞ്ചിച്ചു. മോദിസർക്കാറിെൻറ വിദേശനിക്ഷേപനയത്തിൽ ദേശീയതാൽപര്യങ്ങൾക്കല്ല പ്രാമുഖ്യം കൽപിച്ചത്. അങ്ങനെ ആയിരിക്കുമെന്ന ബി.ജെ.പിവാഗ്ദാനം പാഴ്വാക്കായി കലാശിച്ചു. ദശലക്ഷങ്ങൾ തൊഴിൽ കണ്ടെത്തുന്ന റീട്ടെയിൽ രംഗത്തേക്ക് വിദേശ താൽപര്യങ്ങളെ ആനയിക്കുന്നത് തൊഴിലവസരം സൃഷ്ടിക്കാനാണെന്ന സർക്കാർവാദം മിതമായിപറഞ്ഞാൽ ശുദ്ധഅസംബന്ധമാണ്. ഇന്ത്യക്ക് അജ്ഞാതമായ ഏത് സാങ്കേതികവിദ്യയാണ് നിർമാണരംഗത്തും റിയൽ എസ്റ്റേറ്റ് മേഖലയിലും ഔഷധനിർമാണത്തിലും വ്യോമയാന -പ്രതിരോധ രംഗങ്ങളിലും വിദേശനിക്ഷേപകർ കൊണ്ടുവരാൻ പോകുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. അതിനുള്ള ജനാധിപത്യമര്യാദ തങ്ങൾക്കില്ലെന്ന് മോദിസർക്കാർ മുമ്പും പലകുറി തെളിയിച്ചിട്ടുണ്ട്. പാർലമെൻറിെൻറ കഴിഞ്ഞ സെഷൻ അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ, അടുത്ത സെഷൻ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് മന്ത്രിസഭ യോഗംചേർന്ന് വിദേശ വിത്തപ്രമത്തതക്കു മുന്നിൽ വിധേയത്വം സർക്കാർ വിളംബരം ചെയ്തത്.
രാജ്യപുരോഗതിയുെടയും തൊഴിലവസരസൃഷ്ടിയുെടയും താക്കോൽ വിദേശികളെ ഏൽപിക്കണമെന്ന പുത്തൻ ദേശസ്നേഹമാണ് ബി.ജെ.പിയെ നയിക്കുന്നത്. വിദേശ കൊള്ളക്കാരുടെ കൈയിൽ വികസനത്തിെൻറ താക്കോലേൽപിച്ച രാജ്യങ്ങളുടെ അനുഭവങ്ങൾ ചരിത്രത്തിലുടനീളം വായിക്കാൻ കഴിയും. ആ അധ്യായങ്ങളൊന്നും മോദി സർക്കാർ വായിക്കുന്നതേയില്ല. മൂലധനത്തിന് എവിടെയായാലും എപ്പോഴായാലും ലക്ഷ്യം ഒന്നുമാത്രമാണ്, -പരമാവധി ലാഭം. ആ ലാഭത്തിനുവേണ്ടി ഏറ്റവും കുറഞ്ഞ കൂലിക്ക് അധ്വാനശക്തി വിലക്കു വാങ്ങാനാണവർ ഉഴറിനടക്കുന്നത്. ആഗോളീകരണത്തിെൻറ ആദ്യ ദിനങ്ങൾ മുതൽ ഇന്ത്യക്കുമേൽ അക്കൂട്ടർ വട്ടംചുറ്റി പറന്നത് മറ്റൊന്നിനു വേണ്ടിയുമായിരുന്നില്ല. മൂലധനത്തിെൻറ ഈ സ്വഭാവത്തെ മാർക്സ് വിശദീകരിച്ചത് ഇങ്ങനെയാണ്: ‘‘മൂലധനം ഒരു ലാഭത്തെയും, ഒരു ചെറിയ ലാഭത്തെപോലും കൈവിടുകയില്ല. മതിയായ ലാഭമുണ്ടെങ്കില്‍, മൂലധനം വളരെ ധീരമായിരിക്കും. ഒരു പത്ത് ശതമാനം ലാഭം, എവിടെയും അതിെൻറ സാന്നിധ്യം ഉറപ്പാക്കും. 20 ശതമാനം അതിെൻറ ആകാംക്ഷ വളര്‍ത്തും, 50 ശതമാനം ക്രിയാത്മകമായ സാഹസികതയാണ്; 100 ശതമാനം എല്ലാ മാനുഷികനിയമങ്ങളെയും ചവിട്ടിമെതിക്കുന്നതിന് അതിനെ സന്നദ്ധമാക്കും. ലാഭം 300 ശതമാനം ആകുമെങ്കില്‍ അത് ചെയ്യാന്‍ മടിക്കാത്ത ഒരു കുറ്റകൃത്യവും ഉണ്ടാകില്ല. സ്വന്തം ഉടമസ്ഥർ തൂക്കിലേറ്റപ്പെടുന്നതിനുപോലും സാധ്യതയുള്ള സാഹസപ്രവൃത്തികള്‍ അപ്പോള്‍ അത് ഏറ്റെടുക്കാതിരിക്കില്ല. കലഹങ്ങളും സംഘട്ടനങ്ങളും ലാഭമുണ്ടാക്കുമെങ്കില് അവ രണ്ടിനെയും അത് കൈയടിച്ച് പ്രോത്സാഹിപ്പിക്കും (മൂലധനം വാള്യം 1, അധ്യായം 31)”
പ്രതീക്ഷിച്ച ലാഭം കിട്ടില്ലെന്നുകണ്ടാൽ രായ്ക്കുരാമാനം പുത്തൻ മേച്ചിൽപുറങ്ങൾ തേടി പറക്കാൻ വിദേശമൂലധനത്തിന് രണ്ടുവട്ടം ചിന്തിക്കേണ്ടതില്ല. വേണ്ടിവന്നാൽ അങ്ങനെ പറന്നകലാൻ അവർ എപ്പോഴും ചിറകുവിരിച്ചാണ് നിൽക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിെൻറ ആരംഭത്തിൽ ‘ഏഷ്യൻ കടുവകൾ’ എന്ന് വാഴ്ത്തപ്പെട്ട രാജ്യങ്ങളുടെ തകർച്ച ലോകം കണ്ടതാണ്. ഉദ്ദേശിച്ചതോതിൽ ലാഭം കൊയ്യാൻ കഴിയില്ലെന്ന് അറിഞ്ഞ നിമിഷം തന്നെ വിദേശമൂലധനം പറന്നകന്നു. അതിനെ ആശ്രയിച്ച് സമ്പദ്ഘടന ക്രമീകരിച്ച കടുവകൾക്കെല്ലാം പൂച്ചക്കുഞ്ഞുങ്ങളെപോലെ മോങ്ങിനടക്കേണ്ടി വന്നു. വിദേശ മൂലധനത്തെ മോക്ഷമാർഗമായി കാണുന്ന രാജ്യങ്ങൾക്കെല്ലാമുള്ള പാഠമായി, വിദേശകുത്തകകൾക്കുമുന്നിൽ സാഷ്ടാംഗപ്രണാമം ചെയ്യുമ്പോൾ ഇത്തരം ചരിത്രവസ്തുതകളെല്ലാം ബി.ജെ.പിസർക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. അല്ലാത്തപക്ഷം നോട്ടുനിരോധനെത്തക്കാൾ, ജി.എസ്.ടി യെക്കാൾ വലിയ ദുരന്തത്തിലേക്കായിരിക്കും അവർ നാടിനെ നയിക്കുന്നത്. പരമാധികാരവും ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും രാജ്യലക്ഷ്യമായി പ്രഖ്യാപിക്കുന്ന ഭരണഘടന പിറന്ന ജനുവരിയിൽ തന്നെയാണ് അവർ ഈ കടുംകൈ ചെയ്യുന്നത്. അതുകൊണ്ടാണ് രാജ്യത്തെ സ്നേഹിക്കുന്നവർ ഒന്നടങ്കം അവരോട് ‘മാ നിഷാദ’ എന്നു പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.