യു.എ.ഇയിൽ ബനിയാസിലെ സ്വദേശി സംരംഭകൻ അഹ്മദ് ബിൻ സ്വാലിഹ് ഒാഫിസിൽ വന്നാലുടൻ നീട്ടിവിളിക്കും. കണ്ണൂർ സ്വദേശിയായ ഒാഫിസ് ബോയ് ഒരു കപ്പ് ചായയും പേനയും ഡയറിയും മേശമേൽ കൊണ്ടുവെക്കും. 12 വർഷം മുമ്പ് ഒാഫിസ് തുടങ്ങിയ അന്നു മുതലുള്ള ശീലം. എന്നാൽ, ലോക്ഡൗണിനു ശേഷം കഴിഞ്ഞ ദിവസം പുനരാരംഭിച്ച ഒാഫിസിലേക്ക് ലിഫ്റ്റ് കയറുേമ്പാൾ ബിൻ സ്വാലിഹിെൻറ കൈയിൽ ഒരു ഫ്ലാസ്ക് ഉണ്ടായിരുന്നു, കീശയിൽ പേനയും. വ്യാപാര മേഖല ആടിയുലഞ്ഞ രണ്ടു മാസം കൊണ്ട് താൻ പഠിച്ച ഏറ്റവും വലിയ പാഠമാണിതെന്ന് അദ്ദേഹം പറയുന്നു. തിരിച്ചടിയുണ്ടെങ്കിലും ഇത്രകാലവും തെൻറ മനസ്സറിഞ്ഞ് പ്രവർത്തിച്ച വിശ്വസ്തനായ മലബാരി സഹോദരനെ ഉപേക്ഷിക്കാൻ അഹ്മദ് തയാറല്ല. പകരം, വർക്ഷോപ്പിലേക്ക് നിയോഗിച്ചു. എന്നാൽ എല്ലാ തൊഴിലുടമകൾക്കും ഇത്ര ആർദ്രമായി തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ.
വ്യോമയാന മേഖലയിൽ തൊഴിലെടുക്കുന്നവരുടെ സ്വപ്നങ്ങളിലൊന്നായിരുന്നു ഗൾഫ് രാജ്യങ്ങളുടെ ദേശീയ എയർലൈനുകളിലെ ജോലി. മികച്ച ആനുകൂല്യം, തൊഴിൽ മാന്യതയുമാണ് ഇവിടുത്തെ കമ്പനികളുടെ ആകർഷണീയത. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ ആദ്യ 11മാസങ്ങളിലും വിജയങ്ങളിലേക്ക് മാത്രം കുതിച്ച എമിറേറ്റ്സ് എയർലൈൻസ് പോലും കോവിഡ് സൃഷ്ടിച്ച ആശങ്കയുടെ ആകാശത്ത് ഉഴറി. ഇത്തിഹാദിെൻറയും ഖത്തർ എയർവേസിെൻറയും മറ്റും സ്ഥിതിയും വ്യത്യസ്തമല്ല. നൂറുകണക്കിന് ജീവനക്കാർക്കാണ് ഗൾഫിലെ വിമാനകമ്പനികളിൽ നിന്നും അനുബന്ധ മേഖലകളിൽ നിന്നും ജോലി നഷ്ടമായത്.
ഡിജിറ്റൽവത്കരണത്തിലാണ് കമ്പനികൾ ഉൗന്നുന്നത്. മാർച്ച് അവസാന ആഴ്ച മുതൽ മേയ് അവസാനം വരെ ദുബൈ എമിഗ്രേഷൻ വിഭാഗം മാത്രം 2.85 ലക്ഷം ഇടപാടുകളാണ് നിർവഹിച്ചത്. സ്വദേശിവത്കരണം ദേശീയ അജണ്ടയാക്കിയ രാജ്യങ്ങൾ തിരിച്ചുപോകുന്ന പ്രവാസികൾക്ക് പകരം സ്വന്തം പൗരൻമാരെ നിയോഗിക്കുവാനാണ് ലക്ഷ്യമിടുന്നത്. പലയിടങ്ങളിലും റിക്രൂട്ട്മെൻറുകൾ ചെറിയ തോതിലെങ്കിലും പുനരാരംഭിക്കുന്നത് ശുഭസൂചനയാണ്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് മുൻഗണനയെന്ന് പ്രത്യേകമായി പരസ്യപ്പെടുത്തുന്നവർ പോലുമുണ്ട്. പിരിച്ചുവിടപ്പെട്ടവർക്കും, സന്ദർശക വിസയിലെത്തി തൊഴിലന്വേഷണം നടത്തുന്നവർക്കും വിസ കാലാവധി നീട്ടി നൽകി പ്രതിസന്ധിയുടെ കാലത്തും മാനവിക മുഖം പ്രദർശിപ്പിക്കുന്ന രാജ്യങ്ങളിൽ കനത്ത പ്രതീക്ഷയിൽ തന്നെയാണ് ഒാരോ പ്രവാസിയും.
കാൽനൂറ്റാണ്ടിനുശേഷം ഇതാ, ഗോപകുമാർ
ഒരായുഷ്ക്കാലം ഗൾഫിൽ ജോലിചെയ്ത് അതിെൻറ തണലിൽ തരക്കേടില്ലാതെ ജീവിച്ചുപോന്ന പലരും തിരിച്ചെത്തി വീടിെൻറ ഉമ്മറത്ത് അനിശ്ചിതമായ ഭാവിയിലേക്ക് കാലുംനീട്ടി ആധി പിടിച്ചിരിപ്പാണ്. അവരിൽ ഒരാളാണ് മലപ്പുറം തിരൂർ മംഗലം സ്വദേശി പുൽപറ്റ വാരിയത്ത് ഗോപകുമാർ. 25 വർഷംനീണ്ട പ്രവാസം അവസാനിപ്പിച്ചാണ് ഗോപകുമാർ തിരിച്ചെത്തിയിരിക്കുന്നത്. ജീവിതത്തിെൻറ വസന്തം പിന്നിട്ട് 58ലെത്തിയ അദ്ദേഹത്തിന് ഇനി എന്തുചെയ്യണമെന്ന് രൂപമില്ല. രണ്ട് ആൺമക്കളിൽ ഒരാൾ ബിരുദാനന്തര ബിരുദം കഴിഞ്ഞു. രണ്ടാമൻ ബി.ടെക് ബിരുദധാരി. മക്കളുടെ വിദ്യാഭ്യാസവും വീടും മാത്രമാണ് സമ്പാദ്യം.
25 ലക്ഷം രൂപയെങ്കിലും പിരിഞ്ഞുപോരുേമ്പാൾ ലഭിക്കേണ്ടതായിരുന്നു. എന്നാൽ, കിട്ടിയത് മൂന്നര ലക്ഷം. 1994ലാണ് ദുബൈയിലെത്തിയത്. തിരിച്ചുവന്ന് 1996ൽ പേപ്പർ ട്രേഡിങ് കമ്പനിയിൽ ചേർന്നു. 2008 മുതൽ ഷാർജയിൽ. എക്സിക്യൂട്ടിവ് സെക്രട്ടറിയായി തുടങ്ങി കമ്പനിയുടെ മൊത്തം പർച്ചേസിെൻറയും തലവനായി. ഇന്ത്യയിലും നൈജീരിയയിലും ശാഖകളുള്ള നല്ല വിറ്റുവരവുണ്ടായിരുന്ന കമ്പനിയിൽ ഒരു വർഷമായി സാമ്പത്തിക പ്രതിസന്ധിയുടെ ലക്ഷണം കണ്ടു തുടങ്ങിയിരുന്നുവെങ്കിലും ശമ്പളം മുടങ്ങിയിരുന്നില്ല. കോവിഡിെൻറ വരവോടെ എല്ലാം തകിടംമറിഞ്ഞു. മാർച്ച് 26 മുതൽ മുറിയിലിരുന്ന് ജോലിചെയ്യാൻ നിർദേശം കിട്ടി. ഏപ്രിലിൽ ഓഫിസിലെത്തിയെങ്കിലും എന്തിനാണ് വരുന്നത് എന്നായിരുന്നു ചോദ്യം. ഏപ്രിൽ അവസാനത്തോടെ ശമ്പളവും നിന്നു. മേയ് ഒന്നു മുതൽ മുറിയിൽ.
കമ്പനി തുടരാൻ അനുവദിച്ചവരുടെ ശമ്പളംതന്നെ പകുതിയാക്കി. കാൽനൂറ്റാണ്ടിെൻറ ഗൾഫ് ജീവിതത്തിന് തിരശ്ശീല വീഴുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ നോർകയിൽ രജിസ്റ്റർ ചെയ്തു. ജോലിയില്ലെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നായിരുന്നു വീട്ടുകാരിയുടെ ആവശ്യം. പെരിന്തൽമണ്ണയിലാണ് അദ്ദേഹവും കുടുംബവും താമസിക്കുന്നത്. നീണ്ട ഗൾഫ് ജീവിതത്തിെൻറ സമ്പാദ്യമായി പ്രമേഹം ഒപ്പമുണ്ട്. കാളികാവിലെ കോവിഡ് സെൻററിൽ തന്നോടൊപ്പം കഴിഞ്ഞിരുന്ന 30ൽ 29 പ്രവാസികളും ജോലി നഷ്ടപ്പെട്ട് എത്തിയവരാണ്. എല്ലാം ഒന്നടങ്ങിയശേഷം എന്തെങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിക്കണം. ആരോഗ്യം അനുവദിക്കുന്നതുവരെ കുടുംബത്തെ പോറ്റാതെ വയ്യല്ലോ- ഗോപകുമാർ പറയുന്നു.
ഇതാണ് ഖാദർ എന്ന 60കാരെൻറ ജീവിതം
അബൂദബിയിലും ദുബൈയിലുമായി 43 വർഷവും വേനലും. കുറ്റിപ്പുറം നടുവട്ടം സ്വദേശി ഖാദർ എന്ന 60കാരെൻറ ജീവിതചിത്രം ഇങ്ങനെ വരക്കാം: മൂന്നു പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചു. വീടുവെച്ചു. ഏക മകൻ ബിസിനസ് മാനേജ്മെൻറ് പഠനം കഴിഞ്ഞ് ദുബൈയിൽ.എ.സി മെക്കാനിക്കായാണ് ഖാദർ പ്രവാസം തുടങ്ങിയത്. പിന്നീട് സൂപ്പർവൈസറായി. ഒരു കമ്പനിയിൽതന്നെ 17 വർഷം ജോലിചെയ്തിട്ടുണ്ട്. കോവിഡ് ഭീതി പടരുേമ്പാൾ ദുബൈയിലായിരുന്നു. 1000ത്തിലധികം ജീവനക്കാരുള്ള കമ്പനി പ്രായം കൂടിയവരെ ഒഴിവാക്കി. അടുത്തമാസം മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഫെബ്രുവരി ആദ്യം അറിയിച്ചു.
കമ്പനി മുറിയിലായിരുന്നു മാർച്ച് 31 മുതൽ. ആനുകൂല്യങ്ങളും ടിക്കറ്റും നൽകിയാണ് പറഞ്ഞുവിട്ടതെന്ന ആശ്വാസമുണ്ട് ഖാദറിന്. മകൻ ദുബൈയിൽ മറ്റൊരു കമ്പനിയിലേക്ക് മാറാൻ നിൽക്കുന്നതിനിടെയാണ് പ്രതിസന്ധിയുണ്ടായത്. ഇപ്പോൾ ജോലിയില്ല. രക്തസമ്മർദവും പ്രമേഹവും കൊളസ്േട്രാളുമൊക്കെ ഗൾഫ് സമ്പാദ്യമായി ഖാദറിനൊപ്പമുണ്ട്. ശിഷ്ടകാലം ഉള്ളസ്ഥലത്ത് എന്തെങ്കിലും കൃഷിചെയ്ത് കഴിഞ്ഞുകൂടാമെന്ന പ്രതീക്ഷയിലാണ് ഈ മനുഷ്യൻ.
-ഇനാം റഹ്മാൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.