ഗെയിൽ ഓംവേദും ഭരത്​ പതംഗറും ഒരു ബഹുജൻ റാലിയിൽ

അതുല്യയായ അംബേദ്​കറിസ്​റ്റ്​

ഗെയ്​ൽ ഒംവേദ്​ യാത്രയായിരിക്കുന്നു. ഒരാഴ്​ച മുമ്പ്​​ സുഹൃത്ത്​ രാഹുൽ നിർമലിനെയും കൂട്ടി കാസിഗാവിലെ വീട്ടിൽ കാണാൻ ചെല്ലു​േമ്പാൾ തീരെ വയ്യാത്ത അവസ്​ഥയിലായിരുന്നു. മഹാരാഷ്​ട്രയിലെ അംബേദ്​കർ-ഫുലേ പ്രസ്​ഥാനങ്ങളെ രേഖപ്പെടുത്തിവെക്കാൻ ഗെയിൽ നടത്തിയ പരി​ശ്രമങ്ങളെ അസാധാരണമെന്ന്​ വിശേഷിപ്പിച്ചാലും മതിയാവില്ല. ബഹുജൻ കവികളുടെയും സൂഫികളുടെയും കൃതികൾ മറാത്തിയിൽനിന്ന്​ ഇംഗ്ലീഷിലേക്ക്​ വിവർത്തനം ചെയ്യാൻ പുലർത്തിയ ആവേശം ഈ പ്രത്യയശാസ്​ത്രങ്ങളോടുള്ള സമർപ്പണ ബുദ്ധിയുടെ പ്രകടനമാണ്​. കൾചറൽ റിവോൾട്ട്​ ഇൻ കൊളോണിയൽ സൊസൈറ്റി: നോൺ ബ്രാഹ്​മിൺ മൂവ്​മെൻറ്​ ഇൻ വെസ്​റ്റേൺ ഇന്ത്യ 1873-1930', സീക്കിങ്​ ബീഗംപുര, അൺടച്ചബ്​ൾ സെയിൻറ്​സ്​, അണ്ടർസ്​റ്റാൻഡിങ്​ കാസ്​റ്റ്​ ഫ്രം ബുദ്ധ ടു അംബേദ്​കർ ആൻഡ്​ ബിയോണ്ട്​ ജ്യോതിറാവ്​ ഫുലെ ആൻഡ്​ഐഡിയോളജി ഒാഫ്​ സോഷ്യൽ റിവോൾട്ട്​ ഇൻ ഇന്ത്യ തുടങ്ങിയവയാണ്​ മറ്റ്​ പ്രധാന കൃതികൾ.

ഒരിക്കലും ഗെയ്​ൽ ഒരു ചാരുകസേര ബുദ്ധിജീവിയായിരുന്നില്ല. അവർ എന്നുമെപ്പോഴും ജനങ്ങളുമായി സംവദിച്ചു. കൊങ്കൺ മേഖലയിലെ പ്രധാന ജലാവകാശ പ്രവർത്തകനായ ജീവിത പങ്കാളി ഭരത്​ പതംഗറുമൊന്നിച്ച്​ ജനസമൂഹങ്ങളിലേക്ക്​ ഇറങ്ങിച്ചെന്നു.

1941ൽ അമേരിക്കയിൽ ജനിച്ച അവർ ഇന്ത്യയുമായി ബന്ധം തുടങ്ങുന്നത്​ 1963-64 കാലത്താണ്​. ദലിത്​ പ്രസ്​ഥാനങ്ങളിലും ജാതിവിരുദ്ധ മുന്നേറ്റങ്ങളിലും ആകൃഷ്​ടയായി ​​ഗവേഷണങ്ങൾക്കിടയിൽ വീണ്ടും ഇവിടെയെത്തി. 1976ൽ ഭരത്​ പതംഗറിനെ വിവാഹം​ ചെയ്​തു. 1983ൽ ഇന്ത്യൻ പൗരത്വവുമെടുത്തു. പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മറ്റ്​ ഇടപഴകലുകൾക്കുമായി എവിടെയൊക്കെ പോകു​േമ്പാഴും കാസിഗാവ്​ അവരുടെ ഇഷ്​ടദേശമായി തുടർന്നു. മഹാത്​മാ ജ്യോതിഭാ ഫുലെ സ്​ഥാപിച്ച സത്യശോധക്​ സമാജി​െൻറ ആദർശങ്ങളിൽ മനസ്സുറപ്പിച്ചു.

തൊണ്ണൂറുകളുടെ തുടക്കത്തിൽ ഡോ. മുൽക്​രാജ്​ ആനന്ദി​െൻറ വീട്ടിൽ കഴിയവെയാണ്​ ദലിത്​ ബഹുജനപ്രസ്​ഥാനങ്ങളെയും ഗെയ്​ലി​െൻറ രചനകളെയും പ്രവർത്തനങ്ങളെയും കുറിച്ച്​ ഞാൻ കൂടുതലായി മനസ്സിലാക്കി തുടങ്ങിയത്​. ഉത്തർപ്രദേശിലെ തോട്ടിപ്പണി ചെയ്യുന്ന സമൂഹങ്ങളെക്കുറിച്ച്​ ഞാനെഴുതിയ ലേഖനങ്ങളും ​ബ്ലോഗുകളുമെല്ലാം ശ്രദ്ധയിൽപ്പെട്ട അവർ നിരന്തരം സമ്പർക്കം പുലർത്തി. ഡൽഹിയിൽ വരു​േമ്പാ​ഴെല്ലാം കാണാൻ ക്ഷണിച്ചു. ശുചീകരണ വേല ചെയ്യുന്ന മനുഷ്യരുടെ കാര്യം ലോകശ്രദ്ധയിൽകൊണ്ടുവരുന്നതിനും മനഃസാക്ഷി ഉണർത്തുന്നതിനും പുസ്​തകങ്ങളും ഫിലിമുകളും ഉൾപ്പെടെ പദ്ധതികൾ ചർച്ച ചെയ്​തു, ഒരുപാടുപേരോട്​ ഇ​േതക്കുറിച്ച്​ സംസാരിച്ചു. ഇന്ദിരഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്​സിറ്റിയിൽ അവർ പ്രവർത്തിക്കവെ എഴുത്തും പ്രവർത്തനവുമായി നടക്കുന്ന ഞാനുൾപ്പെടെയുള്ളവർ സർവകലാശാലകളുടെ ഗവേഷണ പ്രവർത്തനങ്ങളുമായി യോജിച്ച്​ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു.

ബാലിജൻ കൾചറൽ മൂവ്​മെൻറിനൊപ്പം ചേരണമെന്ന്​ ആവശ്യപ്പെട്ട മാത്രയിൽ ഞാൻ സമ്മതിച്ചു. എന്തെന്നാൽ ഗെയ്​ലി​െൻറ സാന്നിധ്യം മതി ഞങ്ങളേ​വരെയും പ്രചോദിപ്പിക്കാൻ എന്ന്​ എനിക്കറിയാമായിര​ുന്നു. എന്നാൽ, നാഗ്​പുരിൽ നടന്ന ചർച്ചയിൽ യു.പിയിൽനിന്നും മധ്യപ്രദേശിൽനിന്നുമുള്ള സുഹൃത്തുക്കൾ ബാലിജൻ മൂവ്​മെൻറിൽ ദലിതുകളും പിന്നാക്കക്കാരും ന്യൂനപക്ഷവിഭാഗക്കാരുമല്ലാതെ 'പുറത്തു നിന്നുള്ളവർ' വേണ്ടതില്ല എന്ന സ്വത്വവാദത്തിലുറച്ച നിലപാടെടുത്തു- തനിക്ക്​ തുടരാൻ ബുദ്ധിമുട്ടുണ്ടെന്ന്​ ഗെയിലും പറഞ്ഞു.

ദലിത്​ ബഹുജൻ സന്യാസിമാരെയും അവരുടെ മാനവിക പ്രവർത്തനങ്ങളെയും കുറിച്ച്​ ഗെയിൽ നടത്തിയ രചനയാണ്​ എന്നെ ഏറ്റവുമാകർഷിച്ചത്​. മറാത്തിയിൽ നിന്ന്​ കവിതകൾ ഇംഗ്ലീഷിലേക്ക്​ വിവർത്തനം ചെയ്​തതുൾപ്പെടെ ആ മഹത്തുക്കളുടെ സംഭാവനകൾ അതുവരെയും അത്തരത്തിൽ വിപുലമായി രേഖപ്പെടുത്തപ്പെട്ടിരുന്നില്ല.

മറ്റ്​ പല അക്കാദമിക്​ ബുദ്ധിജീവികളിൽ നിന്നും വ്യത്യസ്​തയായിരുന്നു അവർ. ഒരിടത്തും ഉന്തിത്തള്ളി മുന്നിൽ വന്നു നിൽക്കാൻ അവർ താൽപര്യപ്പെട്ടില്ല. ദ​ൃശ്യത കൊണ്ടല്ല, ത​െൻറ രചനകളും പ്രവർത്തനങ്ങളും കൊണ്ടാണ്​ ഓരോ മുന്നേറ്റങ്ങളിലും അവർ സാന്നിധ്യമറിയിച്ചതും കരുത്തു പകർന്നതും. ഒരിക്കലും ധാർഷ്​ട്യം കലർന്ന വാക്കുകളോ സൂചകങ്ങളോ അവരിൽ നിന്നുണ്ടായില്ല. എന്നാൽ, എതിരഭിപ്രായങ്ങൾ ആർക്കുമുന്നിലും തുറന്നു പറയുവാൻ മടിച്ചതുമില്ല. താൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അവർ ആസ്വദിച്ചിരുന്നു. സമൂഹത്തിനുവേണ്ടി താൻ ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ട്​ എന്ന്​ വീമ്പിളക്കി നടന്നതേയില്ല.

സ്​ത്രീ അവകാശങ്ങൾ, ഭൂമിയുടെ മേലുള്ള അധികാരം എന്നിവയെക്കുറിച്ചെല്ലാം അവർ രചനകളിലും വർത്തമാനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം ഊന്നിപ്പറഞ്ഞു.

പുസ്​തകങ്ങളെഴുതുന്നതിലൊതുങ്ങിയില്ല അവരുടെ പ്രയത്​നങ്ങൾ. ജനസമൂഹങ്ങൾക്കിടയിൽനിന്ന്​ വാർത്തകളും വർത്തമാനങ്ങളും വാമൊഴി ചരിതങ്ങളും വാങ്​മയ ചിത്രങ്ങളുമെല്ലാം ​സ്വരൂപിക്കാനും സമൂഹവുമായി സംവദിക്കാനും കഴിയുന്ന എഴുത്തുകാരും ആക്​ടിവിസ്​റ്റുകളും ചിന്തകരുമെല്ലാം ഉൾക്കൊള്ളുന്ന ഒരു യുവനിരയെ കെട്ടിപ്പടുക്കാനും മുൻകൈയെടുത്തു.

യു.പി.എ സർക്കാർ യു.ഐ.ഡി പദ്ധതി (ആധാർ കാർഡ്​)യുമായി മുന്നോട്ടു വന്ന ഘട്ടത്തിൽ പാൻ കാർഡ്​ തന്നെ ധാരാളമാണെന്നും യു.ഐ.ഡി അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഒപ്പുശേഖരിക്കാനും പ്രതികരിക്കാനും ഗെയിൽ ഞങ്ങളോടു പറഞ്ഞു. സെൻസസ്​ പ്രക്രിയയെ ചോദ്യം ചെയ്​തിരുന്നു. ജാതി സെൻസസ്​ വേണമെന്ന്​ അന്നു മുതലേ അവർ ആവ​ശ്യമുയർത്തി. നിലവിലെ വികസന മാതൃകകൾ സുസ്​ഥിരമല്ലെന്ന അഭിപ്രായവും കാത്തുസൂക്ഷിച്ചിരുന്നു.

അഭിമുഖം നടത്താൻ പലതവണ ഞാൻ ആഗ്രഹിച്ചെങ്കിലും അവരുടെ തിരക്കുകൾക്കിടയിൽ അതിനു കഴിഞ്ഞില്ല. തന്നെയുമല്ല, നിരന്തരം ആശയവിനിമയം നടത്താറുള്ളതിനാൽ ഒരു ഔപചാരിക അഭിമുഖം അവർക്കത്ര സൗകര്യപ്രദമാവില്ലെന്നും തോന്നി.

ഒരുപക്ഷേ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ദലിത്​ വാമൊഴി ചരിത്രങ്ങളെ​ രേഖപ്പെടുത്തിയതുതന്നെയാവും ഗെയിലി​െൻറ ഏറ്റവും വലിയ സംഭാവനകളിലൊന്ന്​. മഹാരാഷ്​ട്രയിലെ അബ്രാഹ്​മണ പ്രസ്​ഥാനങ്ങളെക്കുറിച്ച്​ അത്ര കൃത്യതയോടെയും കരുത്തോടെയുമെഴുതാൻ മറ്റാർക്കും കഴിയുമായിരുന്നെന്ന്​ തോന്നുന്നില്ല. പല ബുദ്ധിജീവികളും തങ്ങളുടെ ഇരിപ്പുമുറി വിട്ടിറങ്ങാൻ മടിച്ചിരുന്ന ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്നാണ്​ അവരത്​ നിർവഹിച്ചത്​. അംബേദ്​കറൈറ്റ്​ രചനകളിൽ ത​െൻറ മുൻഗാമിയായ എലീനർ സെല്ലിയറ്റ്​ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും അവർ ദൃഢപ്പെടുത്തി.

വാർധക്യം നൽകിയ വേദനകളിൽനിന്ന്​ അവർ മുക്​തയായിരിക്കുന്നു. ദേഹം കൊണ്ട്​ ഗെയിൽ നമ്മോടൊപ്പം ഇനിയുണ്ടാവില്ലെന്നതു​ ശരി തന്നെ. പക്ഷേ, അതുല്യമായ രചനകളിലൂടെ ആയിരക്കണക്കിന്​ ഹൃദയങ്ങളിൽ അവർ എക്കാലത്തും സജീവമായി നിലകൊള്ളും.

(ആക്​ടിവിസ്​റ്റും എഴുത്തുകാരനുമാണ്​ ലേഖകൻ)

Tags:    
News Summary - gail omvedt- good ambedkarist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.