നിഷ്കളങ്കമല്ല പാഠ്യപദ്ധതിയിലെ ലിംഗ നിഷ്പക്ഷത

കേന്ദ്ര സർക്കാറിന്റെ 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന് തുടർച്ച എന്ന നിലയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പരിഷ്കരിക്കുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) തയാറാക്കിയ കരടിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം പ്രാധാന്യപൂർവം ചർച്ചക്കു വെച്ചിട്ടുണ്ട്. ജെൻഡർ ന്യൂട്രാലിറ്റി അഥവാ ലിംഗ നിഷ്പക്ഷത എന്നത് കേൾക്കാൻ കൗതുകം ജനിപ്പിക്കുന്നതും പ്രത്യക്ഷത്തിൽ പുരോഗമനവുമായി തോന്നുമെങ്കിലും അടുത്ത തലമുറയിൽ വമ്പിച്ച പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഒരാശയമാണ്.

ഈ പദം കേൾക്കുന്നവരെല്ലാം കേവലമൊരു യൂനിഫോമിന്റെ പ്രശ്നം മാത്രമായാണ് ഇതിനെ ചർച്ചചെയ്യുന്നത്. ജീവശാസ്ത്രപരമായ സ്ത്രീ-പുരുഷ സ്വത്വം തന്നെ ആശയക്കുഴപ്പത്തിലാക്കുക വഴി ജെൻഡർ ഡിസ്ഫോറിയയിലേക്ക് ഭാവിതലമുറയെ എടുത്തെറിയാൻമാത്രം പ്രഹരശേഷിയുള്ള പദാവലിയാണ് ജെൻഡർ ന്യൂട്രാലിറ്റി.ഒരു വ്യക്തിയുടെ ജെൻഡർ ജനനസമയത്ത് തീരുമാനിക്കാൻ ആവില്ലെന്നും ആ കുട്ടി വളർന്നുവന്ന ശേഷം അവന് ഏതു ജെൻഡറിനോടാണോ താൽപര്യം തോന്നുന്നത് അത് സ്വയം പ്രഖ്യാപിക്കുമ്പോഴാണ് അവരുടെ ലിംഗത്വം തീരുമാനിക്കുന്നതെന്ന വിചിത്രമായ ആശയമാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. ജെൻഡറുകളാവട്ടെ സ്ത്രീ-പുരുഷൻ എന്നിവയിൽനിന്ന് മാറി LGBTQIA ++ എന്നിങ്ങനെ അനന്തമായി നീണ്ടുപോവുകയുമാണ്.

സ്ത്രീ-പുരുഷ പ്രകൃതത്തെ അങ്ങനെത്തന്നെ അംഗീകരിച്ചുകൊണ്ട് തുല്യനീതി ഉറപ്പുവരുത്തുക എന്നതാണ് ശരിയായ സമീപനം. ലിംഗസമത്വമല്ല; ലിംഗനീതിയാണ് നടപ്പാവേണ്ടത്. അതിനാവശ്യമായ ബോധവത്കരണമാണ് വിദ്യാർഥികൾക്കിടയിൽ നടക്കേണ്ടത്. എന്നാൽ, പുതിയ പാഠ്യപദ്ധതിയിൽ ലിംഗനീതി എന്നതിന് പുറമെ ലിംഗസമത്വം എന്ന് പ്രത്യേക പ്രാധാന്യത്തോടെ വേർതിരിച്ച് പഠിപ്പിക്കണമെന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് പരിഹാരമെന്ന തലതിരിഞ്ഞ ആശയവും കടന്നുവരുന്നു.

നിലവിലുള്ള ലിംഗനീതി സംബന്ധമായ കാഴ്ചപ്പാട് വിമർശനാത്മകമായി വിലയിരുത്തണമെന്നും വിദ്യാലയ അന്തരീക്ഷം തന്നെ ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും പ്രത്യേകം പറയുന്നുണ്ട്. സ്കൂളുകളിൽ ഇരിപ്പിടം, കലാകായിക മത്സരങ്ങൾ എന്നിവയെല്ലാം ആൺ പെൺ കൂടിക്കലർന്നു കൊണ്ടായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ജെൻഡർ ഓഡിറ്റിങ്ങിലൂടെ നടപ്പാക്കാനിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ബാലുശേരി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം ഉദ്ഘാടനം ചെയ്ത വേളയിൽ തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും കുറിച്ച ആശയങ്ങൾകൂടി ചേർത്തുവെക്കുമ്പോൾ ഇത് കേവലം യൂനിഫോമിന്റെമാത്രം പ്രശ്നമല്ലെന്നത് ബോധ്യമാകും. കുറച്ചുകാലമായി കാമ്പസുകൾ കേന്ദ്രീകരിച്ച് അതിരുകളില്ലാത്ത ലോകം എന്ന പേരിൽ ഭരണപക്ഷ വിദ്യാർഥി സംഘടന നടത്തിവരുന്ന കാമ്പയിനും അതിന്റെ പോസ്റ്ററുകളും കാണുമ്പോൾ, ജെൻഡർ ന്യൂട്രാലിറ്റിയിലൂടെ ലിംഗവിവേചനം തുടച്ചുനീക്കി ലിംഗനീതി കൊണ്ടുവരലല്ല ലക്ഷ്യമെന്നും കുടുംബ സംവിധാനം തകർത്ത് പാശ്ചാത്യൻ ലിബറൽ സംസ്കാരത്തിലേക്ക് നമ്മുടെ തലമുറയെ തള്ളിവിടുകയാണ് ഉദ്ദേശ്യമെന്നും വ്യക്തമാണ്.

മലയാളികളിൽ മഹാഭൂരിപക്ഷവും ഏതെങ്കിലും മതമോ വിശ്വാസമോ അംഗീകരിക്കുന്നവരും അതിന്റെ അടിസ്ഥാനത്തിൽ ധാർമിക വീക്ഷണം രൂപപ്പെടുത്തുകയും ചെയ്തവരാണ്. എന്നാൽ, പുതിയ പാഠ്യപദ്ധതിയിലൂടെ എല്ലാത്തിനെയും വിമർശനാത്മകമായി ചോദ്യംചെയ്യാൻ പാകത്തിൽ ഒരു ലിബറൽ സമൂഹമായി പുതുതലമുറയെ മാറ്റിയെടുക്കണമെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവെക്കുന്നത്. തത്വത്തിൽ മതരഹിത സമൂഹത്തിന്റെ നിർമിതിയാണ് ലക്ഷ്യമെന്നർഥം.

ലിംഗനീതിയും എല്ലാവർക്കുമുള്ള അവസര സമത്വവും ഉണ്ടാവണം എന്നും അതിനെ പറ്റിയുള്ള അവബോധം കുട്ടികളിൽ അടക്കം ഉണ്ടാക്കേണ്ടതുണ്ട് എന്നതിലും ആർക്കും സംശയമുണ്ടാവാനിടയില്ല. എന്നാൽ, സർക്കാർ ഇതിനെ ജെൻഡർ ന്യൂട്രാലിറ്റി എന്ന മറ്റൊരു രീതിയിലേക്ക് കൊണ്ടുപോകുന്നത് നാം ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേവലം പെൺകുട്ടികൾ പാൻറ്സ് ധരിക്കുന്നതോ, അതുമല്ലെങ്കിൽ ഏതെങ്കിലും വസ്ത്രധാരണവുമായോ മാത്രം ബന്ധപ്പെട്ട ഒരു കാര്യമല്ല ജെൻഡർ ന്യൂട്രാലിറ്റിയും അത് വഴി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജെൻഡർ പൊളിറ്റിക്സും.

ലിംഗ വ്യത്യാസങ്ങളെ മുഴുവൻ പൊതുയിടങ്ങളിൽനിന്ന് പതിയെ ഇല്ലാതാക്കുക എന്ന ആശയം ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നിയേക്കാമെങ്കിലും അത് പലപ്പോഴും അനീതിയിലേക്കാണ് നയിക്കുക. സംവരണം പോലുള്ള പോസിറ്റിവ് ആശയങ്ങളെ ചോദ്യം ചെയ്യുന്നിടത്തേക്ക് കാര്യങ്ങൾ എത്തും. സ്ത്രീകൾക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ലഭിക്കുന്ന അവസ്ഥയെയും ഇത് ഇല്ലാതാക്കും.

ഇതിനെല്ലാം അപ്പുറം കുട്ടികളിലാണ് ഇത് അടിച്ചേൽപിച്ച് നടപ്പാക്കുന്നത് എന്നതാണ് ഏറെ ഗൗരവകരം. അത്തരത്തിൽ നടപ്പാക്കിയ സമൂഹങ്ങളിലെ അവസ്ഥകൾ നാം പരിശോധിച്ചാൽ അവിടെയുള്ള അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ഇങ്ങനെയുള്ള ആശയങ്ങൾ ചെറുപ്പത്തിൽ തൊട്ട് കേട്ട് തുടങ്ങുന്ന കുട്ടികളിൽ ജെൻഡർ നോൺ കൺഫെർമിറ്റി (ലൈംഗിക സ്വത്വം ഏതാണെന്ന് സംശയമുള്ള, ആണാണോ പെണ്ണാണോ എന്ന് ഉറപ്പില്ലാത്ത അവസ്ഥ) വ്യാപകമായി ഉണ്ടാകുന്നുവെന്നും അത്തരം കൗമാരക്കാരിൽ മാനസിക പ്രശ്നങ്ങളും വിഷാദരോഗവും സാമൂഹിക വിരുദ്ധ പ്രവണതകളും കാണാൻ സാധിക്കുമെന്നും ഒരുപാട് പഠനങ്ങളിൽ വ്യക്തമാക്കുന്നു.

ഇത്രമേൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാവുന്ന ഒരു ആശയത്തിന്റെ തുടക്കം മാത്രമാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം വിഷയം എന്ന് തിരിച്ചറിയുമ്പോഴാണ് ഗൗരവം കൂടുതൽ ബോധ്യമാകുന്നത്. ഇതിനെ കേവലം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമോ പറ്റില്ലേ എന്ന ചർച്ചയാക്കി ചുരുക്കുന്നത് യാഥാർഥ്യത്തോടുള്ള കണ്ണടക്കലാകും. അതിനാൽ ഒരു പരിശോധനയും പഠനങ്ങളുമില്ലാതെ പുരോഗമനപരം എന്ന് തോന്നിപ്പിക്കാൻ വേണ്ടി ഇത്തരം ആശയങ്ങൾ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്യാനും വിഷയം കൂടുതൽ പഠനവിധേയമാക്കാനും രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസ ഏജൻസികളും സമുദായ സംഘടനകളുമെല്ലാം രംഗത്തുവരേണ്ടതുണ്ട്. സർക്കാർ പാശ്ചാത്യൻ നാടുകളിലുണ്ടായ പ്രത്യാഘാതങ്ങൾ പഠിക്കാൻ തയാറാവുകയും വേണം.

(വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയാണ് ലേഖകൻ) 

Tags:    
News Summary - Gender neutrality in the curriculum is not naive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.