'അതിർത്തികൾ ഭേദിക്കുക' -ഇതിലും സർഗാത്മകമായൊരു രാഷ്ട്രീയ മുദ്രാവാക്യം ഇക്കാലത്ത് മറ്റേതുണ്ടാകും? നിങ്ങൾ അതിർത്തികൾ സ്വപ്നം കണ്ടുതുടങ്ങുന്നതോടെ ദൈവം നിങ്ങളിൽനിന്ന് ഇറങ്ങിപ്പോയിട്ടുണ്ടാകുമെന്നാണ് കവിവചനം. സമൂഹവും രാഷ്ട്രവും വ്യവസ്ഥകളും തീർക്കുന്ന സർവ അതിർത്തികളെയും വകഞ്ഞുമാറ്റി, മാനവികതയുടെ വിശാലതയിലേക്ക് പടരുമ്പോഴേ പുതിയ ചരിത്രം പിറക്കുകയുള്ളൂ. അതിപ്പോൾ എഴുത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും അങ്ങനെത്തന്നെ. ജീവിതത്തിന്റെ അവസാന നാളുകൾ എണ്ണിക്കഴിയുന്നൊരു വയോധിക; വാർധക്യത്തിന്റെയും വൈധവ്യത്തിന്റെയും വിഷാദത്തിന്റെയുമെല്ലാം വേലിക്കെട്ടുകൾക്കിടയിലും അവർ മറ്റൊരു അതിർത്തി ഭേദിക്കാനൊരുങ്ങുകയാണ്; മുക്കാൽ നൂറ്റാണ്ട് മുമ്പ്, വിഭജനത്തെ തുടർന്ന് ഇരുഭരണകൂടങ്ങളും തീർത്തൊരു മുള്ളുവേലിയാണത്. അതുകടന്നുവേണം കൗമാരകാലം ജീവിച്ചു തീർത്ത ആ പഴയ ഗ്രാമത്തിലെത്താൻ. പല അടരുകളിലായി പടർന്നുകിടക്കുന്ന അതിർത്തികൾ ഭേദിച്ചുവേണം ഓർമകളിലേക്കുള്ള ആ തിരിച്ചുപോക്കിന്. 80ാം വയസ്സിൽ അങ്ങനെയൊരു സാഹസിക ദൗത്യത്തിലേർപ്പെട്ടപ്പോഴാണ് അവർക്ക് പുതിയൊരു ചരിത്രം രചിക്കാനായത്. ആ കഥാപാത്രത്തെ അനുവാചകർക്ക് സമ്മാനിച്ച് ഗീതാഞ്ജലി ശ്രീ എന്ന എഴുത്തുകാരിയും ചരിത്രത്തിലിടം നേടിയിരിക്കുന്നു. ഗീതാജ്ഞലിയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിനാണ് ഇക്കുറി ബുക്കർ ഇന്റർനാഷനൽ പ്രൈസ്.
ബുക്കർ പ്രൈസ് കൊടുക്കാൻ തുടങ്ങിയിട്ട് അര നൂറ്റാണ്ടിലധികമായി. നൊബേൽ കഴിഞ്ഞാൽ ഒരു സാഹിത്യകൃതിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സമ്മാനം. ഇക്കാലത്തിനിടെ ആദ്യമായാണ് ഒരു ഹിന്ദി നോവലിന് പുരസ്കാരം ലഭിക്കുന്നത്. മോദിയും കൂട്ടരും ഹിന്ദിയെ ഏക ദേശീയ ഭാഷയായി 'ഉയർത്താനു'ള്ള പരിപാടികളുമായി മുന്നോട്ടുപോകുമ്പോഴാണ് ലണ്ടനിൽനിന്നുള്ള ഈ ശുഭവാർത്ത. കണ്ടില്ലേ, ദേവനാഗരിയുടെ മാഹാത്മ്യം അങ്ങ് ബുക്കർവേദിയിൽവരെ എത്തിയിരിക്കുന്നു എന്നാണ് സംഘ്പരിവാർ സൈബർ ഗ്രൂപ്പുകളിൽനിന്നുള്ള പുതിയ ക്യാപ്സ്യൂൾ. ഈ ഗ്രൂപ്പുകൾക്ക് 'ഫാക്ട്' (വസ്തുത) ഒരു സ്വീകാര്യ ഘടകമല്ലാത്തതിനാൽ ആ ക്യാപ്സ്യൂൾ എത്രകാലം വേണമെങ്കിലും നിലനിൽക്കാം. കോമൺവെൽത്തിൽനിന്നുള്ള ഇംഗ്ലീഷ് രചനകൾക്കാണ് ഈ പുരസ്കാരമെന്ന് ഈ 'ധർമപ്രചാരകരോ'ട് പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല. ഡെയ്സി റോക്ക്വെൽ എന്ന അമേരിക്കക്കാരി 'രേത് സമാധി'യെ വളരെ വൃത്തിയായി 'ടോംബ് ഓഫ് സാൻഡ്' എന്ന പേരിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചപ്പോഴാണ് ബുക്കർ ചുരുക്കപ്പട്ടികയിൽ വന്നത്. 'രേത് സമാധി'ക്കും മുന്നേ എത്രയോ കനപ്പെട്ട രചനകൾ ഹിന്ദിയിൽനിന്നുണ്ടായിട്ടും എന്തുകൊണ്ട് അരനൂറ്റാണ്ട് കാലം നമ്മൾ കാത്തിരിക്കേണ്ടിവന്നു എന്നൊരു ചോദ്യം അപ്പോഴും ബാക്കിയാണ്. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇക്കാര്യം ഒരു മാധ്യമപ്രവർത്തകൻ ഗീതാഞ്ജലിയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴാണവർ വിവർത്തനമെന്ന രാഷ്ട്രീയകലയെക്കുറിച്ച് സംസാരിച്ചത്; ഭാഷയുടെ രാഷ്ട്രീയത്തെക്കുറിച്ചും. വിവർത്തനത്തിൽ എന്തുതന്നെ നഷ്ടപ്പെട്ടാലും ബാക്കിയാകുന്ന വാക്കും വരികളും ഭാഷയുടെയും ദേശത്തിന്റെയും സംസ്കാരത്തിന്റെയും അതിർത്തികളെ മായ്ച്ചുകളയും. അങ്ങനെയൊരു രാഷ്ട്രീയദൗത്യം ഡെയ്സി റോക്ക്വെൽ നിർവഹിച്ചപ്പോഴാണ് 'ടോംബ് ഓഫ് സാൻഡ്' ഒരു ആഗോള രചനയായത്.
മാതൃഭാഷയെന്ന നിലയിൽ ഹിന്ദിയോടാണ് പ്രിയം. അതിനു പിന്നിലുമൊരു കഥയുണ്ട്. പിതാവ് അനിരുദ്ധ് പാണ്ഡെ സിവിൽ സർവിസ് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജോലിയാവശ്യാർഥം യു.പിയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടിക്കാലത്ത് കഴിയേണ്ടിവന്നിട്ടുണ്ട് ഗീതാഞ്ജലിക്ക്. 'വിദ്യാസമ്പന്ന' കുടുംബമാണല്ലോ, വീട്ടിൽ ഹിന്ദിക്കു പകരം ഇംഗ്ലീഷിലായിരുന്നു സംസാരം. സ്കൂൾ വിദ്യാഭ്യാസവും ആ വഴിക്ക്. മാതൃഭാഷ അകന്നുപോയിത്തുടങ്ങിയ അക്കാലത്താണ് പഞ്ചതന്ത്രകഥകളിലൂടെയും മറ്റുമായി ഹിന്ദി പഠനം ആരംഭിച്ചത്. കോളജ് കാലത്തും അത് തുടർന്നു. ഹിന്ദി പഠിക്കാൻ പ്രത്യേകം ട്യൂഷന് വരെ പോയി. ഇംഗ്ലീഷിൽ അസാമാന്യമായ മെയ്‍വഴക്കമുണ്ടായിട്ടും ആ ഭാഷയിൽ അക്കാദമിക് വിഷയങ്ങൾമാത്രം കൈകാര്യം ചെയ്തു. സ്വപ്നങ്ങളും ജീവിതവ്യവഹാരങ്ങളുമെല്ലാം മാതൃഭാഷയിലൊതുക്കി. മുൻഷി പ്രേംചന്ദിന്റെ കൊച്ചുമകളായിരുന്നു കൂട്ടുകാരി. ആ സൗഹൃദം പ്രേംചന്ദ് കൃതികളിലേക്ക് വ്യാപിച്ചതോടെ ഗീതാഞ്ജലിയിലെ എഴുത്തുകാരി പതിയെ ഉണർന്നു. മാതൃഭാഷയിൽ എഴുതുക എന്നത് അപ്പോഴവർക്കൊരു രാഷ്ട്രീയ പ്രവർത്തനംകൂടിയായിരുന്നു. തെളിച്ചുപറഞ്ഞാൽ, മോദിജിയുടെ ഹിന്ദി പ്രേമമല്ല ഗീതാഞ്ജലിക്ക്.
മോദിയുടെയും സംഘ്പരിവാറിന്റെയും ഭാഷാ രാഷ്ട്രീയത്തെ മാത്രമല്ല, അടിസ്ഥാന പ്രത്യയശാസ്ത്രത്തെതന്നെയും ഗീതാഞ്ജലി ചോദ്യം ചെയ്തിട്ടുണ്ട്. 'ഹാൻസ്' എന്ന സാഹിത്യ മാസികയിൽ വന്ന 'ബേൽ പാട്ര' (1987) ആണ് ആദ്യ കഥയെങ്കിലും ഗീതാഞ്ജലി എന്ന എഴുത്തുകാരി ശ്രദ്ധിക്കപ്പെടുന്നത് രണ്ടു വർഷത്തിനുശേഷം 'വിവാദി' എന്ന പേരിൽ അവർ ഒരു തിയറ്റർ ഗ്രൂപ് സ്ഥാപിക്കുന്നതോടെയാണ്. എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗീതജ്ഞരുടെയും കൂട്ടായ്മയായിരുന്നു അത്. അയോധ്യയിലും മറ്റും ഹിന്ദുത്വ അതിന്റെ ഹിംസാത്മക ദംഷ്ട്രങ്ങൾ പുറത്തെടുത്ത സമയം. 'വിവാദി' ഒരു പ്രതിരോധ സഖ്യംതന്നെയായിരുന്നു; മാധ്യമം നാടകവും. ടാഗോറിന്റെ 'ഘാരെ ഭൈരേ' എന്ന നോവലിന്റെ നാടകാവിഷ്കാരമായിരുന്നു ആദ്യം. ന്യൂഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലെ ആദ്യ പ്രകടനത്തിൽതന്നെ ഗീതാഞ്ജലി എന്ന എഴുത്തുകാരിയെ ഏവരും തിരിച്ചറിഞ്ഞു. ടാഗോറിന്റെതന്നെ 'ഗോറ'യെ അടിസ്ഥാനമാക്കി രചിച്ച 'നായിക ഭേടാ' എന്ന പരീക്ഷണ നാടകമായിരുന്നു അടുത്തത്. ഹിന്ദുത്വയുടെ അപകടങ്ങളെ തുറന്നുകാട്ടുന്ന ഒന്നാന്തരമൊരു നാടകം. മുംെബെയിലും കൊൽക്കത്തയിലുമെല്ലാം നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ടു. ഹിന്ദുത്വയുടെ വ്യാപനം യഥാർഥ ഹിന്ദു സ്വത്വത്തെ പ്രതിസന്ധിയിലാക്കുന്നുവോ എന്നൊരു ചോദ്യമാണ് അവർ ഉയർത്തിയത്. പിന്നീട്, മിർസ മുഹമ്മദ് ഹാദി റുസ്‍വയുടെ 'ഉംറാവോ ജാനും' ഗീതാഞ്ജലി നാടകമാക്കി. എണ്ണം പറഞ്ഞ ഈ മൂന്ന് നാടകങ്ങളിലൂടെ വെളിപ്പെട്ട അവരുടെ രാഷ്ട്രീയം തുടർന്നുവന്ന മുഴുവൻ എഴുത്തുകളിലും പ്രതിഫലിച്ചു. 'ഹമാരാ ഷഹർ അസ് ബരാസ്', 'ഖാലി ജഗ' എന്നീ നോവലുകളും കഥാസമാഹാരമായ 'അനുഗുഞ്ജു'മെല്ലാം ആ രാഷ്ട്രീയം വിശദമായി ചർച്ചചെയ്യുന്നു. എന്തുകൊണ്ടായിരിക്കും ഭരണത്തലപ്പത്തുള്ള ഒരാളും ഗീതാഞ്ജലിയുടെ ഈ നേട്ടത്തെ ആഘോഷിക്കാത്തതെന്ന് മനസ്സിലായില്ലേ. ഗീതാഞ്ജലിയെയും അവരുടെ രചനകളെയും ആഘോഷിക്കുക എന്നാൽ ഹിന്ദുത്വ രാഷ്ട്രീയത്തെ വിമർശിക്കുന്ന എന്നുകൂടിയാണർഥം.
1957 ജൂൺ 12ന് ഉത്തർപ്രദേശിലെ മെയ്ൻപുരിയിൽ ജനനം. ഗീതാഞ്ജലി പാണ്ഡെ എന്നാണ് ഔദ്യോഗിക നാമം. മാതാവ് ശ്രീകുമാരി പാണ്ഡെയുടെ പേരുകൂടി ചേർത്താണ് എഴുത്തുലോകത്ത് ഗീതാഞ്ജലി ശ്രീ എന്ന പേര് സ്വീകരിച്ചത്. ആ പേരുമാറ്റത്തിലുമുണ്ടായിരുന്നു ഒരു രാഷ്ട്രീയം. ഒരു രാഷ്ട്രീയപ്രശ്നത്തെ ലീനിയറായി അവതരിപ്പിക്കുകയായിരുന്നില്ലല്ലോ അവർ. മറിച്ച്, സ്ത്രീ, അമ്മ, മകൾ എന്നിങ്ങനെ പലവിധ പെണ്ണനുഭവങ്ങൾകൂടി പ്രതിഫലിപ്പിക്കുകയായിരുന്നു. അങ്ങനെയൊരാൾക്ക് സ്വന്തം മാതാവിനെ നിരന്തരം ഓർമിക്കുകയും ഓർമിപ്പിക്കുകയും ചെയ്യണമല്ലോ. ഡൽഹിയിലെ ലേഡി ശ്രീറാം കോളജിൽനിന്ന് ബിരുദം; ജെ.എൻ.യുവിൽനിന്ന് ബിരുദാനന്തര ബിരുദം. ചരിത്രത്തിൽ ഡോക്ടറേറ്റ്. പ്രേംചന്ദിനെയും അദ്ദേഹത്തിന്റെ കൃതികളെയും ആസ്പദമാക്കി നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ബിറ്റ്‍വീൻ ടു വേൾഡ്: ആൻ ഇന്റലക്ച്വൽ ബയോഗ്രഫി ഓഫ് പ്രേംചന്ദ്' ഇക്കൂട്ടത്തിൽ എടുത്തുപറയണം. 'ദി നോർത്ത് ഇന്ത്യൻ ഇന്റലിജൻഷ്യ ആൻഡ് ദി ഹിന്ദു-മുസ്‍ലിം ക്വസ്റ്റ്യൻ' പോലുള്ള കനപ്പെട്ട രാഷ്ട്രീയ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ഇന്ദുശർമ ഇന്റർനാഷനൽ കഥാ സമ്മാൻ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.