മെലഡി കിങ് എന്ന വിശേഷണം വെറുതെ ചാര്‍ത്തിക്കിട്ടിയതല്ല വിദ്യാസാഗറിന്. സംഗീതമൊരുക്കിയ ഓരോ പാട്ടിലും അദ്ദേഹം തന്റെ ജന്മസ്സിദ്ധമായ മെലഡിയീണത്തിന്റെ മാന്ത്രികവിരലുകളാല്‍ തലോടിയിരുന്നു. ശ്രുതിയും സ്വരവും രാഗവും താളവുമെല്ലാം പാട്ടിന്റെ സന്ദര്‍ഭങ്ങള്‍ക്കും കാഴ്ചയുടെ ചടുലതകള്‍ക്കുമനുസരിച്ച്ആ സംഗീതജ്ഞന് തരംപോലെ വഴങ്ങിക്കൊണ്ടിരുന്നു. മലയാള സിനിമയിലെ കരിയറില്‍ രണ്ടരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ തന്റെ സംഗീതജീവിതത്തെക്കുറിച്ച്വി ദ്യാസാഗര്‍...
വെണ്ണിലാ ചന്ദനക്കിണ്ണം...
പുന്നമടക്കായലില്‍ വീണേ...
കുഞ്ഞിളം കയ്യാല്‍ മെല്ലെ...
കോരിയെടുക്കാന്‍ വാ...
മലയാള സിനിമയെന്ന പുന്നമടക്കായലില്‍ വിദ്യാസാഗര്‍ എന്ന വെണ്ണിലാ ചന്ദനക്കിണ്ണം ഒഴുകി നീങ്ങാന്‍ തുടങ്ങിയിട്ട് രണ്ടരപ്പതിറ്റാണ്ട് കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം അഴകിയ രാവണന്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വിദ്യാസാഗറിന്റെ സംഗീതം നമ്മുടെ കാതുകളില്‍ കേള്‍ക്കുന്നുണ്ട്... ചുണ്ടുകള്‍ മൂളുന്നുണ്ട്...
മെലഡി കിങ് എന്ന വിശേഷണം വെറുതെ ചാര്‍ത്തിക്കിട്ടിയതല്ല വിദ്യാസാഗറിന്. സംഗീതമൊരുക്കിയ ഓരോ പാട്ടിലും അദ്ദേഹം തന്റെ ജന്മസ്സിദ്ധമായ മെലഡിയീണത്തിന്റെ മാന്ത്രികവിരലുകളാല്‍ തലോടിയിരുന്നു. ശ്രുതിയും സ്വരവും രാഗവും താളവുമെല്ലാം പാട്ടിന്റെ സന്ദര്‍ഭങ്ങള്‍ക്കും കാഴ്ചയുടെ ചടുലതകള്‍ക്കുമനുസരിച്ച് ആ സംഗീതജ്ഞന് തരംപോലെ വഴങ്ങിക്കൊണ്ടിരുന്നു. ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വന’വും ‘കരളേ നിന്‍ കൈപിടിച്ചാ’ലും ‘എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നൂ’വും ‘മുറ്റത്തെത്തും തെന്നലും’ ‘വരമഞ്ഞളാടിയ രാവിന്റെ മാറി’ലും ‘മറന്നിട്ടുമെന്തിനോ’യുമുൾപ്പെടെ ഒരുപാട് പാട്ടുകൾ വിദ്യാസാഗറെന്ന സംഗീതസാഗരത്തിലെ തിരമാലകളായി അലയടിച്ചു. ഇന്ന് മലയാള സിനിമയിലെ കരിയറില്‍ രണ്ടരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ തന്റെ സംഗീതജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
25 വര്‍ഷം കഴിഞ്ഞു അല്ലേ? ഇതുതന്നെയാണ് ഞാന്‍ എന്നോടും ചോദിക്കുന്നത്. സത്യത്തില്‍ ഇത്രയും കാലമായെന്ന് എനിക്കിനിയും വിശ്വസിക്കാനാവുന്നില്ല. ഒരു രാവുപുലര്‍ന്നു വെളിച്ചം പരന്നതുപോലെ മാത്രമാണ് തോന്നുന്നത്. അത്രമേല്‍ ക്ഷണികമായി നീണ്ട രണ്ടരപ്പതിറ്റാണ്ടു കടന്നുപോയി. എന്നാലും ഈ കഴിഞ്ഞ വർഷങ്ങളിൽ മലയാളികളുടെ സംഗീതവേദികളില്‍, പ്രണയത്തില്‍, വിരഹത്തില്‍, വേദനകളില്‍, വികാരവിചാരങ്ങളില്‍, സന്തോഷ സന്താപങ്ങളിലെല്ലാം ഒരു പാട്ടുപോലെ കടന്നുചെല്ലാനായതില്‍ പ്രകടിപ്പിക്കാനാവാത്തത്ര സന്തോഷമുണ്ട്. ഞാന്‍ സഞ്ചരിച്ച സംഗീതവഴികളില്‍ എനിക്കൊപ്പം മലയാളികളും സഞ്ചരിച്ചതില്‍, അവര്‍ എനിക്കുതന്ന സ്‌നേഹവാത്സല്യങ്ങളിലെല്ലാം ആനന്ദം മാത്രം.
ഒരിക്കല്‍ ഒരു സിനിമയുടെ സംഗീതമൊരുക്കിക്കൊണ്ടിരിക്കുന്നതിനിടക്ക് സംവിധായകന്‍ പറഞ്ഞു; തൊട്ടപ്പുറത്ത് മമ്മൂക്കയുണ്ടെന്ന്. അന്ന് എനിക്ക് അദ്ദേഹത്തെ പരിചയമില്ല. ഞാന്‍ പോയി പരിചയപ്പെട്ടു. വിശേഷങ്ങള്‍ തിരക്കുന്നതിനിടക്ക് മലയാളത്തിലേക്ക് വരുന്നില്ലേ എന്ന് മമ്മൂക്ക ചോദിച്ചു. താങ്കള്‍ നായകനാണെങ്കില്‍ വരാമെന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം ചിരിയോടെ ശരിയെന്നു പറഞ്ഞു. പിന്നീട് ഞങ്ങള്‍ പിരിഞ്ഞു.
ഒരു എട്ടുമാസം കഴിഞ്ഞപ്പോള്‍ സംവിധായകന്‍ കമലിന്റെ ഓഫിസില്‍ നിന്നൊരു കാള്‍ വന്നു. ഒരു സിനിമ ചെയ്യുന്നുണ്ട്, നിങ്ങള്‍ വരൂ എന്ന്. അങ്ങനെ ഞാന്‍ പോയി നോക്കിയപ്പോഴാണ് അതു മമ്മൂട്ടിയുടെ സിനിമയാണെന്ന് അറിഞ്ഞത്. മമ്മൂക്ക പറഞ്ഞിട്ടാണ് അതിലേക്ക് വിളിച്ചതെന്ന് ഞാന്‍ അന്നുമിന്നും വിശ്വസിക്കുന്നു. ആ ഒരു സ്‌നേഹവും ബഹുമാനവും ഇന്നും മമ്മൂക്കയോടുണ്ട്.
ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. പാട്ടുകള്‍ അത്രത്തോളം ഹിറ്റ് ആവുമെന്നോ ഇത്രകാലവും ആള്‍ക്കാര്‍ ആ പാട്ടിനെ നെഞ്ചേറ്റുമെന്നോ സംഗീതപ്രേമികളുടെ ഹരമാവുമെന്നോ ഒന്നും വിചാരിച്ചിരുന്നില്ല. അഴകിയ രാവണനില്‍ ചെയ്ത പാട്ടുകളെല്ലാം നല്ല പാട്ടുകളാണെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അക്കാലത്തെ ട്രെന്‍ഡ് സംഗീതരീതിയില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്റെ രീതി എന്നതിനാല്‍ ആളുകളെങ്ങനെ ഈ പാട്ടുകളെ സ്വീകരിക്കുമെന്ന് എനിക്ക് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍, ആ പാട്ടുകള്‍ക്കുതന്നെ സംസ്ഥാന പുരസ്‌കാരം നേടാനായി. അതിലേറെ സന്തോഷവും അഭിമാനവുമുണ്ട്. അതിനുശേഷം നീണ്ട, മനോഹരമായ ഈ യാത്ര ഇവിടെ എത്തിനില്‍ക്കുന്നതിലും ഏറെ സന്തോഷം മാത്രം.
ആളുകള്‍ അത്രമേല്‍ സ്‌നേഹത്തോടെ ചാര്‍ത്തിത്തന്ന, വിളിക്കുന്ന ചെല്ലപ്പേരാണത്. ആളുകളുടെ ഉള്ളിലുള്ള സ്‌നേഹവും ഇഷ്ടവുമാണത് സൂചിപ്പിക്കുന്നത്. ആ സ്‌നേഹത്തിന്റെ അടയാളമാണത്. ഒരു തമിഴ് സിനിമയുടെ നിര്‍മാതാവാണ് ആദ്യമായി മെലഡി കിങ് എന്നു വിശേഷിപ്പിച്ചത്. ജയം കൊണ്ടാന്‍ എന്നായിരുന്നു സിനിമയുടെ പേര്. അതിലെ ടൈറ്റിലില്‍ മെലഡി കിങ് വിദ്യാസാഗര്‍ എന്നു ചേര്‍ക്കുന്നതായി നിര്‍മാതാവ് പറഞ്ഞു. നിങ്ങളൊരുപാട് മെലഡി പാട്ടുകള്‍ ചെയ്തതല്ലേ എന്നാണദ്ദേഹം പറഞ്ഞത്. ഞാന്‍ അതൊന്നും വേണ്ടായെന്നു പറഞ്ഞെങ്കിലും കേട്ടില്ല. അങ്ങനെയാണ് ആ വിളിയുടെ തുടക്കം.
ദൈവം തരുന്നതെന്തോ, അതു ഞാന്‍ മറ്റുള്ളവര്‍ക്കായി നല്‍കുന്നു. എല്ലാം ദൈവാനുഗ്രഹമെന്നേ പറയാനുള്ളൂ. ഞാന്‍ വെറുമൊരു മീഡിയം ആണ്. പിന്നെ ചെയ്യുന്ന ജോലിയോട് നൂറല്ല, 1000 ശതമാനം ആത്മാർഥതയും പ്രകടിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ ദൈവത്തിന്റെ അനുഗ്രഹം മാത്രമല്ല, പ്രേക്ഷകരുടെ അനുഗ്രഹവും എന്നോടൊപ്പമുണ്ട്. അതെല്ലാം വളരെ വിനീതമായി ഞാന്‍ സ്വീകരിക്കുന്നു. പാട്ടിന് സംഗീതമൊരുക്കുക എന്നതാണ് എന്റെ ജോലി, അതു ഞാന്‍ ചെയ്യുന്നു. ബാക്കിയുള്ളത് പാട്ടിനെ പ്രേക്ഷകമനസ്സിലെത്തിക്കുകയെന്നതാണ്, അത് ദൈവവും ചെയ്യുന്നു.
ലാല്‍ജോസിനെക്കുറിച്ച് ഞാന്‍ എല്ലായിടത്തും പറയുന്നതു ഒറ്റക്കാര്യമാണ്: അദ്ദേഹത്തെ ഞാനൊരു സംവിധായകനെന്ന നിലക്കല്ല കണ്ടിട്ടുള്ളത്. മറിച്ച് ഒരു സഹോദരനുമപ്പുറമാണ്. നിരവധി സിനിമകള്‍ ഒരുമിച്ച് ചെയ്തതിന്റെ അനുഭവത്തിലാണ് ഞങ്ങള്‍ക്കിടയില്‍ ആ സാഹോദര്യവും ആ അടുപ്പവും ഉടലെടുത്തത്. സഹോദരന്‍ മാത്രമല്ല, ഉറ്റ സുഹൃത്തു കൂടിയാണ്. ഞങ്ങള്‍ക്കിടയിലുള്ള ഒരു കെമിസ്ട്രിയാണ് ഒരുമിച്ചു ചെയ്ത സിനിമകളിലെ പാട്ടുകള്‍ വിജയിക്കാന്‍ കാരണമെന്ന് ഞാന്‍ കരുതുന്നു. ഒരു പാട്ട് അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം ആവശ്യപ്പെട്ടില്ല. പാട്ടിന്റെ സന്ദര്‍ഭം പറഞ്ഞുതരും, അത്രമാത്രം. അങ്ങനെ വരുമ്പോള്‍ എന്റെ ഉത്തരവാദിത്തം കൂടുകയാണ് ചെയ്യുന്നത്. നേരത്തേ ചെയ്ത പടത്തിലേതിനേക്കാള്‍ പാട്ടു നന്നാക്കുകയെന്ന ഉത്തരവാദിത്തം. അങ്ങനെയാണ് മികച്ചതെന്ന് സംഗീതപ്രേമികള്‍ പറയുന്ന പാട്ടുകള്‍ പിറന്നത്.
ഗിരീഷ് ഒരു പാതി മ്യുസീഷ്യന്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ കൊടുക്കുന്ന ട്യൂണിന് അത്രയും മനോഹരമായ, എക്കാലത്തും ആളുകളുടെ ഉള്ളില്‍ നിലനില്‍ക്കുന്ന വരികള്‍ എഴുതിത്തരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഒപ്പം ഒരു മഹാനായ കവി കൂടിയായിരുന്നു ഗിരീഷ്.
ഏറെ ചെറുപ്പത്തിലേ അദ്ദേഹത്തെ നമുക്ക് നഷ്ടപ്പെട്ടു. മറ്റാരെക്കൊണ്ടും നികത്താനാവാത്ത നഷ്ടമായിപ്പോയി ഗിരീഷിന്റെ വിയോഗം. അദ്ദേഹവുമായി ചെയ്തതെല്ലാം നിത്യഹരിത ഗാനങ്ങളായിരുന്നുവെന്നും അദ്ദേഹം തന്റെ പ്രതിഭ മുഴുവന്‍ രചനയില്‍ സമര്‍പ്പിച്ചിരുന്നുവെന്നുമാണ് വ്യക്തിപരമായ ആശ്വാസം. എന്റെ കരിയറിന്റെ വിജയത്തിലെ മുഖ്യഘടകം ഗിരീഷ് പുത്തഞ്ചേരിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹവുമായുള്ള ആ സുന്ദരകാലം, അനുഭവങ്ങള്‍, ഓര്‍മകള്‍ എല്ലാം എന്റെ ഹൃദയത്തില്‍ ഞാനെന്നും കാത്തുസൂക്ഷിക്കുന്നു.
കരിയറില്‍ കാര്യമായൊന്നും ചെയ്തിട്ടില്ലാത്ത, താരതമ്യേന തുടക്കമായ കാലമാണത്. സെല്‍വയുടെ സംവിധാനത്തില്‍ അര്‍ജുനും രഞ്ജിതയും അഭിനയിച്ച, 1995ല്‍ പുറത്തിറങ്ങിയ കര്‍ണാ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു വൈരമുത്തു രചിച്ച ആ പാട്ട്. തിരക്കിട്ട് റെക്കോഡ് ചെയ്യുന്ന കാലമാണ്. എസ്.പി.ബിയും ജാനകിയമ്മയും(എസ്.ജാനകി) ചേര്‍ന്ന് പാടേണ്ട പാട്ടാണ്. അതില്‍ ജാനകിയമ്മ തന്റെ ഭാഗം പാടിത്തീര്‍ത്ത് മടങ്ങി. സ്റ്റുഡിയോയില്‍ തന്നെ മറ്റൊരു സിനിമക്കുവേണ്ടിയുള്ള പാട്ട് റെക്കോഡിങ്ങിലാണ് എസ്.പി. ബാലസുബ്രഹ്‌മണ്യം. അദ്ദേഹം ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈകീട്ട് ആറുമണിക്കുശേഷം അക്കാലത്ത് പാട്ടുപാടാറില്ല. വൈകീട്ട് ഈ പാട്ടുമായി അദ്ദേഹത്തെ സമീപിച്ചപ്പോള്‍ ‘താങ്കള്‍ക്കറിയാമല്ലോ ഈ സമയത്ത് ഞാന്‍ പാട്ടുപാടാറില്ല. ഒരു മൂന്നുമാസത്തേക്ക് വോയ്‌സ് റെസ്റ്റ് പറഞ്ഞിരിക്കുകയാണ് ഡോക്ടര്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ സര്‍, ഇന്നു പാടണ്ടാ. ജാനകിയമ്മ ഈ പാട്ട് നന്നായി പാടിയിട്ടുണ്ട്. ഒന്നു കേട്ടു നോക്കാമോ, നമുക്ക് നാളെ ചെയ്യാം എന്നു ഞാനും പറഞ്ഞു. അങ്ങനെയാണ് അദ്ദേഹം ആ റെക്കോഡിങ് റൂമില്‍ വന്ന് ആ പാട്ട് കേള്‍ക്കുന്നത്. കേട്ടയുടന്‍ അദ്ദേഹം നേരെ മൈക്കിനടുത്തേക്ക് പോയിനിന്നു പറഞ്ഞു; ഓഹ്! ഈ പാട്ട് പാടാതെ ഞാനിന്ന് പോവുന്നില്ല. അങ്ങനെ ആ പാട്ടു പാടാന്‍ തുടങ്ങി. പാട്ട് അവസാനിച്ചിട്ടും പിന്നെയും പിന്നെയും പാടിക്കൊണ്ടേയിരിക്കുകയാണ്. രാത്രി 11 വരെ ആ പാട്ടുതന്നെ ആവര്‍ത്തിച്ചുപാടിക്കൊണ്ടിരുന്നു. ഈ ടേക്ക് ഓ.കെയാണെന്ന് ഓരോ തവണ പാട്ടു കഴിയുമ്പോഴും ഞാന്‍ പറഞ്ഞു. ‘എനിക്ക് ഈ പാട്ടു പാടാതിരിക്കാനാവില്ല. ഞാന്‍ പാടിക്കൊണ്ടേയിരിക്കാം, നിങ്ങള്‍ റെക്കോഡിങ് തുടര്‍ന്നോളൂ’ എന്നായിരുന്നു മറുപടി. എല്ലാം കഴിഞ്ഞ് സംവിധായകന്റെ അടുത്തുചെന്ന് മുട്ടില്‍ നിന്ന് എസ്.പി.ബി പറഞ്ഞു: ഈ പാട്ട് വളരെ അപൂര്‍വമായ ഒരു പാട്ടാണ്. ഇത് ചിത്രീകരിക്കുമ്പോള്‍ സൂക്ഷിച്ചുചെയ്യണം. എക്കാലത്തും ആളുകള്‍ ഓര്‍ക്കുന്ന, എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാട്ടായി മാറും. അതുകൊണ്ടു തന്നെ ഇതിന്റെ വിഷ്വല്‍ കാണുമ്പോള്‍ ആളുകള്‍ക്ക് മടുപ്പ് തോന്നരുത്. അതിനാല്‍ ഈ പാട്ട് നല്ല മനോഹരമായി ചിത്രീകരിക്കണേ, ഇതെന്റെ അഭ്യര്‍ഥനയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നെ എനിക്കുനേരെ അദ്ദേഹം തിരിഞ്ഞു, ഗാഢാലിംഗനം ചെയ്തു, മുത്തം തന്നു.
ആ പാട്ടില്‍ മ്യൂസിക്കല്‍ ഇംപ്രവൈസേഷന്റെ ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങളാണ് ഞാനെടുത്തത്. മെലഡിയുടെ ഭാവമാണ് ആ പാട്ടിന്റെ ഹൈലൈറ്റ്. അതിന് പൂര്‍ണമായ ഭാവവും അദ്ദേഹം പാട്ടിലൂടെ നല്‍കിയിരുന്നു.
ഫാസ്റ്റ് ഗാനങ്ങളൊരുക്കേണ്ടിടത്ത് അങ്ങനെ ചെയ്യും. മെലഡിയാണ് സാഹചര്യം ആവശ്യപ്പെടുന്നതെങ്കില്‍ അങ്ങനെയും. ഞാനൊരുക്കുന്ന ഫാസ്റ്റ് നമ്പറിലും ഒരു മെലഡി ഫാക്ടര്‍ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ആളുകളത് ഇന്നും പാടിനടക്കുന്നതെന്ന് ഞാന്‍ വിചാരിക്കുന്നു.
ഇത്തരം കവര്‍സോങ്‌സ് ഒന്നും ഞാനധികം കേള്‍ക്കാറില്ല. പക്ഷേ, ആളുകളിന്നും ഓരോ പാട്ടിന്റെയും ഒറിജിനല്‍ ആണ് ഇഷ്ടപ്പെടുന്നത് എന്ന് എനിക്കു തോന്നുന്നു. കവര്‍ വേര്‍ഷന്‍സ് പുറത്തിറക്കുന്നത് എന്തിനാണെന്ന് എനിക്കു മനസ്സിലാവുന്നില്ല. ആദ്യം തന്നെ ഉള്ള പാട്ടിനെ കൂടുതല്‍ മികച്ചതാക്കാമെന്ന് ഉറപ്പും ആത്മവിശ്വാസവുമുണ്ടെങ്കില്‍ അതു ചെയ്യുന്നതില്‍ തെറ്റില്ല. അങ്ങനെ ഒരുപാട്ടും കേട്ടിട്ടില്ല. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നത് ഒറിജിനല്‍ പാട്ടുകളാണ്. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പാടുന്നതില്‍ പ്രശ്‌നമില്ല എന്നാണ് എന്റെ അഭിപ്രായം.
കോക്കേഴ്‌സ് ഫിലിംസ് ഒരുക്കുന്ന മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയാണ് അടുത്തത്. കോക്കേഴ്‌സിന്റെ ഹിറ്റ് ചിത്രമായ, ഞാന്‍ സംഗീതം ഒരുക്കിയ സമ്മര്‍ ഇത് ബെത്‌ലഹേമിലെ ഒരു പാട്ടിന്റെ വരികളാണ് മാരിവില്ലിന്‍ ഗോപുരങ്ങളെന്ന്. അരുണ്‍ ബോസ് ആണ് സംവിധാനം.
അതുകൂടാതെ തമിഴില്‍ ഉയിര്‍ തമിഴ്ക്ക്, ഡബ്ള്‍ ഡെക്കര്‍ തുടങ്ങിയ സിനിമകളുടെ സംഗീതവും ഒരുക്കിക്കൊണ്ടിരിക്കുന്നു. ചില സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നു.
നമ്മളിപ്പോള്‍ ഒരു പാട്ടു കേള്‍ക്കണമെന്നു തോന്നിയാല്‍ സീഡിയിലോ ലാപ്‌ടോപ്പിലോ യൂട്യൂബിലോ ഒക്കെയല്ലേ കേള്‍ക്കാറ്. അതെല്ലാം ഒരു മാധ്യമത്തിലൂടെയാണ് നാം കേള്‍ക്കുന്നത്. എന്നാല്‍, അതില്‍ നിന്നു വ്യത്യസ്തമായി ഓരോ പാട്ടും പാടിയ പാട്ടുകാരും സംഗീതസംവിധായകനുമെല്ലാം ഒരുമിച്ചു ചേര്‍ന്നാണ് ഓരോ പാട്ടും അവതരിപ്പിക്കുന്നത്. എല്ലാം നേരിട്ടു കേള്‍ക്കാം, അനുഭവിക്കാം, ആസ്വദിക്കാം. ലൈവ് കണ്‍സേര്‍ട്ടിന്റെ പ്രത്യേകതയാണത്. എന്റെ 25 വര്‍ഷത്തെ സംഗീതത്തെ ആഘോഷിക്കുകയെന്നതാണ് അതിന്റെ പ്രമേയം. കേരളത്തിലാദ്യമായാണ് ഒരു ലൈവ് പ്രോഗ്രാം ചെയ്യുന്നത്. ഹരിഹരന്‍, എം.ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, വിജയ് യേശുദാസ്, നജീം അര്‍ഷാദ്, ഹരീഷ് ശിവരാമകൃഷ്ണന്‍, ശ്വേത മോഹന്‍, റിമി ടോമി തുടങ്ങി പ്രിയപ്പെട്ട പാട്ടുകാരെല്ലാമുണ്ടാവും.
ഇത്രയും നീണ്ട കാലം എന്നെ സ്‌നേഹിച്ച, പാട്ടുകളെ പ്രണയിച്ച ഓരോരുത്തരോടും തിരിച്ച് സ്‌നേഹം മാത്രം. ഒന്നുമാത്രം പറയുന്നു, ഞാനിപ്പോഴും കരിയറിന്റെ യൗവനത്തിലാണ്. ഇനിയുമേറെ ഹിറ്റ് പാട്ടുകള്‍ ഒരുക്കാനാഗ്രഹിക്കുന്ന, പ്രാര്‍ഥിക്കുന്ന ഒരാളാണ്. ഏറ്റവും മികച്ച പാട്ടുകള്‍ ഇനിയാണ് ഒരുക്കാനുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേട്ട പാട്ടുകള്‍ മനോഹരം, കേള്‍ക്കാത്ത പാട്ടുകള്‍ അതിമനോഹരം എന്നല്ലേ പറയാറുള്ളത്. അതുതന്നെയാണ് പറയാനുള്ളത്.
1963 മാര്‍ച്ച് രണ്ടിന് ആന്ധ്രാ പ്രദേശ് വിഴിനഗരത്തിലെ സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് വിദ്യാസാഗര്‍ ജനിച്ചത്. യു. രാമചന്ദര്‍, സൂര്യകാന്തം എന്നിവരായിരുന്നു മാതാപിതാക്കള്‍. പിതാവിന് എട്ടു സംഗീതോപകരണങ്ങള്‍ വായിക്കാനറിയാമായിരുന്നു, നാലാം വയസ്സില്‍ വിദ്യാസാഗര്‍ അച്ഛനില്‍ നിന്ന് സംഗീതം പഠിച്ചുതുടങ്ങി. ബാല്യത്തിലേ വിവിധ സംഗീതോപകരണങ്ങളില്‍ വിദഗ്ധനായ അദ്ദേഹം പിന്നീട് ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കില്‍ നിന്നും പാശ്ചാത്യ സംഗീതം അഭ്യസിച്ചു. വിവിധ സംഗീത സംവിധായകരുടെ സഹായിയായാണ് സിനിമയിലെ തുടക്കം. 1989ല്‍ പൂമാനം എന്ന തമിഴ് സിനിമയില്‍ സ്വതന്ത്ര സംഗീതസംവിധാനം നിര്‍വഹിച്ചെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് തെലുഗിലേക്ക് ചുവടുമാറിയ അദ്ദേഹം വളരെ പെട്ടെന്ന് ശ്രദ്ധേയനായി. നടന്‍ അര്‍ജുന്റെ കര്‍ണാ എന്ന സിനിമയിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ 60ലേറെ സിനിമകളിലായി നിരവധി മെലഡി ഗാനങ്ങള്‍ അദ്ദേഹം ഒരുക്കി. മലയാളത്തിലും തമിഴിലുമുൾപ്പെടെ നിരവധി തവണ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അദ്ദേഹം തെലുഗു സിനിമയായ സ്വരാഭിഷേകത്തിലെ സംഗീതമൊരുക്കിയതിന് 2005ലെ ദേശീയ പുരസ്‌കാരവും സ്വന്തമാക്കി. ചെന്നൈയില്‍ വര്‍ഷ വല്ലകി സ്റ്റുഡിയോ എന്ന പേരില്‍ അദ്ദേഹം പാട്ടുകള്‍ റെക്കോഡ് ചെയ്യുന്നതിനായി സ്റ്റുഡിയോയും സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.