‘‘ഇന്ന് വൈകുന്നേരം 5.20ന് ന്യൂഡൽഹിയിൽ മഹാത്മഗാന്ധി വധിക്കപ്പെട്ടു. കൊലയാളി ഒരു ഹിന്ദുവാണ്’’ -1948 ജനുവരി 30ന് ആറു മണിക്ക് ആകാശവാണിയുടെ ദേശീയ വാർത്താബുള്ളറ്റിനിലൂടെയാണ് രാജ്യം ആ ദുരന്തവാർത്ത അറിയുന്നത്. നാഥുറാം ഗോദ്സെ എന് ന ചിത്പാവൻ ബ്രാഹ്മണൻ വലതുകൈകൊണ്ട്, കറുത്ത ബെറെറ്റ പിസ്റ്റളിലൂടെ ഉതിർത്ത മൂന്നു വെടിയുണ്ടകളാണ് നെഞ്ചകം തുള ച്ച് മഹാത്മജിയുടെ ജീവനെടുത്തത്. ആ ഭീകരകൃത്യത്തെ പരാമർശിച്ചാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാ ണെന്നും അത് ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോദ്സെയാണെന്നും പ്രശസ്ത സിനിമാനടനും മക്കൾ നീതിമയ്യം പാർട്ടിയുടെ തല വനുമായ കമൽഹാസൻ കഴിഞ്ഞദിവസം തുറന്നുപറഞ്ഞത്. ആ തുറന്നുപറച്ചിൽ ആർ.എസ്.എസുകാരടക്കം പലരുടെയും മുഖം ചുളിപ്പിച്ചു. കമൽഹാസനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിവരെ പോയിരിക്കുകയാണ്.
കൃത്യമായ ലക്ഷ്യത്തോടെ, നിഗൂഢവു ം അതീവരഹസ്യവുമായ മാർഗത്തിൽ, ആക്രമണോത്സുക രീതിയിലൂടെ വഴിപിഴച്ച ചിന്താപദ്ധതികൾ പ്രയോഗവത്കരിക്കാനും വ്യവസ് ഥാപിത രാഷ്ട്രീയ, മത, സാംസ്കാരിക മേഖലകളെ പിടിച്ചെടുക്കാനും നടത്തുന്ന ആസൂത്രിത നീക്കങ്ങളെയാണ് തീവ്രവാദമായോ ഭീകരവാദമായോ ഗണിക്കുന്നതെങ്കിൽ ഗാന്ധിവധം ഒന്നാന്തരം ഭീകരപ്രവൃത്തിയാണ്. ഇന്ദിരഗാന്ധി അംഗരക്ഷകരാൽ കൊല്ലപ്പെട്ടപ്പോൾ സിഖ് ഭീകരവാദത്തിെൻറ ഇരയായാണ് വിശേഷിപ്പിക്കപ്പെട്ടത്. രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂരിൽ ബോംബ് സ്ഫോടനത്തിൽ ഛിന്നഭിന്നമായത് തമിഴ്പുലികളുടെ ഭീകരവാദത്തിെൻറ ഫലമായും അടയാളപ്പെട്ടു. പിന്നെന്തുകൊണ്ട്, ഇരുപതാം നൂറ്റാണ്ടിലെ സമുജ്വല വ്യക്തിത്വത്തിെൻറ ദാരുണകൊല ഭീകരപ്രവർത്തനമായി എണ്ണാൻ വിമുഖത കാട്ടണം?
ഗാന്ധിവധം ഒരു നികൃഷ്ടമനസ്സ്, ഒരു ദുർബലനിമിഷത്തിൽ ചെയ്തുപോയ ക്രൂരതയല്ല; വിനായക് ദാമോദർ സവർക്കറുടെ അത്യന്തം വിഷലിപ്തമായ ചിന്താഗതികളെ അനുധാവനം ചെയ്ത ഒരു സംഘം തീവ്രവാദികൾ ആസൂത്രിതമായി നടത്തിയ കുരുതിയാണ്. ഹിന്ദുമഹാസഭയുടെയും ആർ.എസ്.എസിെൻറയും രഹസ്യ കൃപാശിസ്സുകൾ അവർക്കുണ്ടായിരുന്നു. നെഹ്റു സൂചിപ്പിച്ചതുപോലെ, ‘മനുഷ്യഹൃദയങ്ങളിൽ വിഷംപരത്തിയ’ മതഭ്രാന്താണ് ഗോദ്സെയെക്കൊണ്ട് ഈ പാതകം ചെയ്യിച്ചത്. ബോംബെയിലെ സവർക്കർ സദനിൽചെന്ന് ഗുരുവിെൻറ ആശീർവാദം വാങ്ങിയാണ് ഗോദ്സെയും മൂന്നുപേരും ദൗത്യനിർവഹണത്തിന് ഡൽഹിയിലേക്ക് പുറപ്പെടുന്നത്. ഗാന്ധിജിയുടെ മാത്രമല്ല, ജവഹർലാൽ നെഹ്റുവിെൻറയും ഹുസൈൻ ശഹീദ് സുഹ്രവർദിയുടെയും കഥ കഴിക്കണമെന്നായിരുന്നു ഈ ഭീകരസംഘത്തിെൻറ പദ്ധതി. മഹാത്മജിയുടെ കൊല വളരെ ആസൂത്രിതമായ പദ്ധതികൂടിയായിരുന്നു. ഹിന്ദു-മുസ്ലിം മൈത്രി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ഗാന്ധിജി തുടങ്ങിവെച്ച ബഹുസ്വരതയിലൂന്നിയ രാഷ്ട്രീയപരീക്ഷണം ഭൂരിപക്ഷസമുദായത്തിലെ വർഗീയമായി ചിന്തിക്കുന്നവർക്ക് സഹിച്ചില്ല. അതുകൊണ്ടുതന്നെ, ഗാന്ധിജിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 1930കൾ തൊട്ട് ഒരു വിഭാഗം ഹൈന്ദവ തീവ്രവാദികൾ മഹാത്മജിയെ പിന്തുടരുന്നുണ്ടായിരുന്നു.
നിരന്തരം ഗാന്ധിയെ പിന്തുടർന്ന്
1934 ജൂൺ 25ന് പുണെയിൽവെച്ച് ഗാന്ധിജിക്കുനേരെ ബോംബാക്രമണമുണ്ടായി. അധ$സ്ഥിതരുടെ മുന്നിൽ സവർണർ ക്ഷേത്രങ്ങൾ തുറന്നുകൊടുക്കണമെന്ന അഭ്യർഥനയുമായി ‘ഹരിജൻ യാത്ര’ പുണെയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഹിന്ദുമഹാസഭയുടെയും ആർ.എസ്.എസിെൻറയും രഹസ്യപിന്തുണയുള്ള അക്രമിസംഘം മഹാത്മജിയെ പിന്തുടരുന്നുണ്ടായിരുന്നു എന്നതിെൻറ തെളിവാണ് 1944 ജൂലൈയിലെ മറ്റൊരു വധശ്രമം. ആഗാഖാൻ പാലസിലെ തടവുജീവിതം കഴിഞ്ഞ് അവശനായി തിരിച്ചെത്തിയ ഗാന്ധിജി പഞ്ചഗനിയിലെ ദിൽഖുശി ബംഗ്ലാവിൽ പരിവാരസമേതം വിശ്രമിക്കുകയായിരുന്നു. പുണെയിൽനിന്നെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ ഗുണ്ട സ്ൈറ്റലിൽ പെരുമാറുന്നതും ബാപ്പുജിയെ അസഭ്യം പറയുന്നതും ശ്രദ്ധയിൽപെട്ട സേവാദൾ വളൻറിയർമാർ ഗാന്ധിജിയോട് വിവരം പറഞ്ഞു. അവർക്ക് വല്ലതും പറയാനുണ്ടെങ്കിൽ തന്നെ വന്നുകണ്ട് പറയട്ടെ എന്നായി ഗാന്ധിജി. അവർ വന്നില്ല. പ്രാർഥന തുടങ്ങിയപ്പോൾ നീണ്ടൊരു കഠാരയുമായി ഒരാൾ മഹാത്മജിക്കുനേരെ ചാടിവീണു. വളൻറിയറായ ഭിക്കു ദാജി ഭിലാരെ എന്ന ഗുസ്തിക്കാരൻ അക്രമിയെ തടഞ്ഞുവെന്നു മാത്രമല്ല, ആയുധം പിടിച്ചുവാങ്ങി തട്ടിമാറ്റുകയും ചെയ്തു. അപ്പോഴും അക്രമി ഗാന്ധിജിക്കുനേരെ അസഭ്യം പുലമ്പുന്നുണ്ടായിരുന്നു. ആ അക്രമി മറ്റാരുമായിരുന്നില്ല. നാലു വർഷത്തിനുശേഷം മഹാത്മജിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്സെ എന്ന ഭീകരവാദി തന്നെ.
മൂന്നാമത്തെ വധശ്രം 1944 സെപ്റ്റംബറിൽ വാർധയിൽ സേവാഗ്രാമിൽവെച്ചാണ്. ഗാന്ധിജിയും മുഹമ്മദലി ജിന്നയും തമ്മിലുള്ള നിർദിഷ്ട സംഭാഷണം നടക്കാൻ പാടില്ല എന്ന് നിർബന്ധബുദ്ധിയുള്ള ഹിന്ദുമഹാസഭയുടെയും ആർ.എസ്.എസിെൻറയും പ്രവർത്തകരും നേതാക്കളും സേവാഗ്രാം വളഞ്ഞു. ജിന്നയെ കാണാൻ ഗാന്ധിജിയെ അനുവദിക്കില്ലെന്നും ബോംബെയിലേക്കുള്ള യാത്ര തടയുമെന്നും ഇവർ ഒച്ചയിടുന്നുണ്ടായിരുന്നു. ഇതൊന്നും വകവെക്കാതെ ഗാന്ധിജിയുടെ കാർ ഗേറ്റ് തുറന്ന് പുറത്തുകടന്നപ്പോൾ ആൾക്കൂട്ടത്തിൽനിന്നൊരു ചെറുപ്പക്കാരൻ മഹാത്മജിക്കുനേരെ കഠാര വീശി. പൊലീസ് പ്രക്ഷോഭകരെ വാർധ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആർക്കെതിരെയും കേസെടുത്തില്ല എന്നു മാത്രമല്ല, അവിടെ കൂടിയവർക്കെല്ലാം ബിസ്കറ്റും ചായയും കൊടുത്ത് സൽക്കരിച്ചു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽനിന്ന് തിരിച്ചുപോകുമ്പോൾ, സംഘത്തലവൻ ഒരു കാര്യം ഓർമിപ്പിച്ചു: ‘‘ഗാന്ധിജിയെ കൈകാര്യം ചെയ്യേണ്ട സമയം വരുമ്പോൾ ഞങ്ങളുടെ ഈ ‘ജമാദാർ’ വേണ്ടത് ചെയ്തുകൊള്ളും.’’ അദ്ദേഹം വിരൽചൂണ്ടിയത് ആർക്കുനേരെയാെണന്നല്ലേ; നാഥുറാം ഗോദ്സെക്കുനേരെ.
ലോകചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണ് ഗാന്ധിജിയുടെ കാര്യത്തിൽ നെഹ്റു സർക്കാർ കാണിച്ചത്. സ്വാതന്ത്ര്യലബ്ധിയോടെ വർഗീയകലാപങ്ങളും കൂട്ടക്കൊലകളും ഇന്ത്യയെ പ്രക്ഷുബ്ധതയിലേക്ക് വലിച്ചെറിഞ്ഞിട്ടും ആഭ്യന്തരമന്ത്രിയും ഗാന്ധിജിയുടെ അരുമശിഷ്യനുമായ സർദാൻ വല്ലഭ ഭായി പട്ടേൽ രാഷ്ട്രപിതാവിന് മതിയായ സംരക്ഷണം അനിവാര്യമാണെന്ന് മനസ്സിലാക്കാതെ പോയത് കടുത്ത അപരാധമായിപ്പോയെന്ന് അബുൽ കലാം ആസാദ് വിലപിക്കുന്നുണ്ട്. ആർ.എസ്.എസും ഹിന്ദുമഹാസഭയുമൊക്കെ ജനമനസ്സുകളിലേക്ക് കുത്തിച്ചെലുത്തുന്ന വർഗീയ ആശയങ്ങൾ എന്തുമാത്രം വിപത്കരമാണെന്ന് നെഹ്റു പലതവണ പട്ടേലിനെ കത്തുകളിലൂടെ ഓർമിപ്പിക്കുകയുണ്ടായി. ‘ഫാഷിസ്റ്റ്’, ‘ടെററിസ്റ്റ്’ തുടങ്ങിയ പദങ്ങൾകൊണ്ടാണ് നെഹ്റു ഇക്കൂട്ടരെ വിശേഷിപ്പിച്ചത്. 1947 സെപ്റ്റംബർ 30ന് സർദാർ പട്ടേലിനു നെഹ്റു എഴുതി: ‘‘സർക്കാറിനെ അട്ടിമറിക്കാൻ അല്ലെങ്കിൽ അതിെൻറ ഇന്നത്തെ ഘടനയും സ്വഭാവവും തകർക്കാൻ ഹിന്ദുക്കളിലെയും സിഖുകാരിലെയും ഒരു വിഭാഗം ഫാഷിസ്റ്റുകളിൽനിന്ന്്് കൃത്യവും ആസൂത്രിതവുമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് എനിക്കു മനസ്സിലാക്കാൻ സാധിക്കുന്നത്.... ശുദ്ധ ഭീകരവാദികളെപ്പോലെയാണ് അവർ പ്രവർത്തിക്കുന്നത്.’’
ഭീകരരെ പ്രകോപിപ്പിച്ചത്
പാകിസ്താൻ നിലവിൽവന്ന ശേഷവും ഇന്ത്യ ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന ഒരു മതേതര ജനാധിപത്യ രാജ്യമായി തുടരുമെന്ന് ഗാന്ധിജിയും നെഹ്റുവും പ്രഖ്യാപിച്ചതാണ് ഇവരെ പ്രകോപിതരാക്കിയത്. അന്തരീക്ഷം കൂടുതൽ പ്രക്ഷുബ്ധത കൈവരിക്കുമ്പോഴും നെഹ്റുവും ഗാന്ധിജിയും തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നു എന്നു മാത്രമല്ല, തീവ്ര വലതുപക്ഷത്തിെൻറ വെല്ലുവിളികളെ രാഷ്ട്രീയമായും ഭരണപരമായും നേരിടാൻതന്നെ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം ഉറപ്പാക്കുന്ന തരത്തിൽ എ.ഐ.സി.സി പ്രമേയം പാസാക്കുന്നത്. ‘‘കോൺഗ്രസ് ഒരിക്കലും ദ്വിരാഷ്ട്ര സിദ്ധാന്തം അംഗീകരിക്കുന്നില്ല. തങ്ങളുെട ആഗ്രഹത്തിെനതിരെയാണ് വിഭജനത്തിന് സമ്മതിക്കേണ്ടിവന്നത്. ഇന്ത്യ പല മതങ്ങളുടെയും വിവിധ വംശങ്ങളുടെയും ഭൂമിയാണെന്നും മേലിലും അങ്ങനെതന്നെ തുടരുമെന്നും കോൺഗ്രസ് വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക്, അവരുടെ പൗരാവകാശങ്ങൾ എല്ലാവിധ അതിക്രമങ്ങളിൽനിന്നും കഴിവിെൻറ പരമാവധി സംരക്ഷിക്കുന്ന കാര്യത്തിൽ മേലിലും ഉറപ്പുനൽകുന്നു.’’ ആർ.എസ്.എസ് തലവൻ ഗോൾവൽക്കറുടെ ആശയങ്ങൾക്കും സിദ്ധാന്തങ്ങൾക്കും നേർവിപരീതമായ ഈ നിലപാട് ന്യൂനപക്ഷങ്ങളെ പരമാവധി ഉന്മൂലനം ചെയ്യാൻ ആർ.എസ്.എസിനും ഹിന്ദുമഹാസഭക്കും പ്രചോദനമായി.
നാഥുറാം ഗോദ്സെയെയും സംഘത്തെയും കൊണ്ടുനടക്കുന്നവർ ഭീകരപ്രസ്ഥാനമാണോ അല്ലേ എന്ന് സമർഥിക്കുന്ന സംഭവവികാസങ്ങളാണ് സ്വാതന്ത്ര്യപ്പുലരിയിൽ കെട്ടഴിഞ്ഞുവീണത്. 1947 ആഗസ്റ്റ് 14ന് അർധരാത്രിയിൽ സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെക്കാൻ നാടും നഗരവും ദീപാലംകൃതമായി ചമഞ്ഞുനിൽക്കുമ്പോൾ ഗാന്ധിജി കൽക്കത്തയിൽ നീണ്ട വ്രതത്തിലായിരുന്നു. വർഗീയകലാപം കൊടുമ്പിരിക്കൊണ്ട ആ ശപ്തയാമങ്ങളിൽ ഏകാംഗസൈന്യമായി നവഖാലിയിലും മറ്റും ചുറ്റിക്കറങ്ങി. ബംഗാൾ തണുത്തപ്പോൾ ബിഹാറിൽ ചോരപ്പുഴ ഒഴുകി. അവിടെനിന്ന് യു.പിയിലേക്കും ഡൽഹിയിലേക്കും പഞ്ചാബിലേക്കും കലാപം പടർന്നു. കൂട്ടക്കുരുതിക്കും രക്തച്ചൊരിച്ചിലിനും പിന്നിൽ ആർ.എസ്.എസിെൻറ വ്യക്തമായ കൈയുണ്ടെന്ന് ഭരണകൂടം കണ്ടെത്തി. തലസ്ഥാനനഗരിയിൽ പള്ളി പിടിച്ചെടുത്ത് അഭയാർഥികൾക്ക് താമസമൊരുക്കിയത് ദുഷ്ടലാക്കോടെയാണെന്ന് ഗാന്ധിജി മനസ്സിലാക്കി. സമാധാനം പുന$സ്ഥാപിക്കുന്നതുവരെ നിരാഹാരമിരിക്കാൻ തീരുമാനിച്ചു. പ്രാർഥനയോഗങ്ങളിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ അത് തടസ്സപ്പെടുത്താൻ ഒരുകൂട്ടം അഭയാർഥികളെ ശട്ടംകെട്ടിച്ചു. ജനുവരി 20ന് ബിർളമന്ദിരത്തിെൻറ ഓരത്തൂടെ കടന്നുപോകുന്ന അഭയാർഥികളെക്കൊണ്ട് ‘ഗാന്ധി നശിക്കട്ടെ’ എന്ന് മുദ്രാവാക്യം വിളിപ്പിച്ചു. അന്നേ ദിവസം മറ്റൊരു സംഭവംകൂടിയുണ്ടായി. മഹാത്മജി ശിഷ്യന്മാരോടൊപ്പം ഖുർആൻ പാരായണത്തിൽ ഏർപ്പെട്ട നിമിഷം. ബോംബ് പൊട്ടുന്ന ഉഗ്രൻ ശബ്ദംകേട്ട് അവിടെ കൂടിയിരുന്നവർ ചുറ്റുപാടും പരിഭ്രാന്തരായി നോക്കി. കാക്കയെ വെടിവെച്ചിട്ടതാവാമെന്ന് ഗാന്ധിജി സമാധാനിച്ചു. പഞ്ചാബിൽനിന്നുള്ള മദൻലാൽ പഹ്വ എന്ന അഭയാർഥി ഒരു ബോംബിെൻറ ഫ്യൂസ് കത്തിക്കുന്നത് കണ്ടവർ പൊലീസിൽ റിപ്പോർട്ട് ചെയ്തതോടെ പിടിയിലായി. അയാൾ ഒറ്റക്കല്ലെന്നും പുണെയിൽനിന്ന് വന്ന ഒട്ടേറെ പേർ സംഘത്തിലുണ്ടായിരുന്നുവെന്നും ഗാന്ധിജിയെ ബോംബ് സ്ഫോടനത്തിലൂടെ വകവരുത്തുകയായിരുന്നു ലക്ഷ്യമെന്നും ചോദ്യംചെയ്യലിൽ കണ്ടെത്തി.
പുണെയിലെ ‘ഹിന്ദുരാഷ്ട്ര’ പത്രത്തിെൻറ എഡിറ്ററും പബ്ലിഷറുമാണ് ഗൂഢാലോചനക്ക് നേതൃത്വം നൽകിയതെന്നും ‘താടിക്കാരനായ’ ദിഗംബർ ബാഡജിയെ ചുമതലപ്പെടുത്തിയത് ഗാന്ധിജിയെ വെടിവെച്ചുകൊല്ലാനാണെന്നും അയാൾ തുറന്നുപറഞ്ഞു. ചോദ്യംചെയ്യലിനിടയിൽ മദൻലാൽ ആവർത്തിച്ച ഒരു വാചകമുണ്ട്: ‘വഹ് ഫിർ ആയേഗാ’’- ‘അയാൾ വീണ്ടും വരും’. അതെ, അയാൾ പിന്നീട് വന്നു. നാഥുറാം ഗോദ്സെ ജനുവരി 30ന് വൈകുന്നേരം വന്നുനിന്നു; ഗാന്ധിജിയെ വെടിവെച്ചിടാൻ. എന്തിനു ഞാൻ ഗാന്ധിജിയെ കൊന്നുവെന്ന് ഷിംലയിൽ ചേർന്ന പഞ്ചാബ് ഹൈകോടതിയുടെ അവസാന സിറ്റിങ്ങിൽ 1949 മേയ് അഞ്ചിന് ഗോദ്സെ വളരെ വിശദമായി വിവരിക്കുന്നുണ്ട്. വീർസവർക്കറുടെ ഹിന്ദുത്വപ്രത്യയശാസ്ത്രം ഈ മനുഷ്യനെ യഥാർഥ ഭീകരവാദിയാക്കി മാറ്റിയിരിക്കുന്നുവെന്നും കടുത്ത മുസ്ലിം വിരോധമാണ് മഹാത്മജിയുടെ ജീവനെടുക്കാൻ ഇയാളെ നിരന്തരം േപ്രരിപ്പിച്ചതെന്നും അയാളുടെ വാക്കുകളിൽനിന്ന് വ്യക്തമാണ്. അപരവിദ്വേഷം ഒരു മനുഷ്യനിൽനിന്ന് സ്വാഭാവിക ഗുണങ്ങൾ ചോർത്തിക്കളയുമ്പോഴാണ് ഒരു ഭീകരവാദി ജനിക്കുന്നത്. ആ നിലക്കു നോക്കുമ്പോൾ കമൽ ഹാസൻ സൂചിപ്പിച്ചതുപോലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദുഭീകരവാദിപ്പട്ടത്തിന് അർഹൻ ഗോദ്സെ തന്നെ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.