കേരളത്തെ ഞെട്ടിച്ച സംഭവമാണ് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിനെ മറയാക്കി നടന്ന സ്വർണക്കടത്ത്. മുഖ്യമന്ത്രിയുടെ ഓഫിസ്തന്നെ കള്ളക്കടത്തിലെ മുഖ്യകണ്ണികളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്ന ആരോപണം ഉയരുകയും അന്വേഷണം ആ ദിശയിൽ നീങ്ങുകയും ചെയ്യുന്നു. കസ്റ്റംസ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മണിക്കൂറുകളോളം ചോദ്യംചെയ്തതാണ് ഒടുവിലെ സംഭവം. ആരോപണമുയർന്ന് മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രി ശിവശങ്കറിനെ പ്രിൻസിപ്പൽ സെക്രട്ടറി, ഐ.ടി സെക്രട്ടറി സ്ഥാനങ്ങളിൽനിന്ന് നീക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് അവിശുദ്ധവും നിയമവിരുദ്ധവുമായ പല നീക്കങ്ങൾക്കും കുടപിടിക്കുന്നുവെന്ന് സമീപകാലത്ത് നടന്ന പല നീക്കങ്ങളും പരിശോധിച്ചാൽ ബോധ്യപ്പെടും. അതിലെ പ്രധാന കണ്ണിയാണ് എം.ശിവശങ്കറെന്ന സർവപ്രതാപിയായി ഭരണം നടത്തിയ പ്രിൻസിപ്പൽ സെക്രട്ടറി.
ലോക്ഡൗൺകാലത്താണ് കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് സ്പ്രിൻക്ലർ എന്ന അമേരിക്കൻകമ്പനി വിവാദത്തിലകപ്പെട്ടത്. രോഗികളുടെ വ്യക്തി വിവരങ്ങൾ സ്വകാര്യകമ്പനി ശേഖരിക്കുന്നത് വിവരസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തുമെന്നിരിക്കെ, വിവരശേഖരണത്തിന് ഇത്തരമൊരു സ്വകാര്യ കമ്പനിയുമായി കരാറിലേർപ്പെട്ടത് എന്തുകൊണ്ട് എന്ന ചോദ്യമുയർന്നു. മന്ത്രിസഭയും നിയമവകുപ്പും അറിയാതെയുള്ള ഇടപാടിന് തീരുമാനമെടുത്തത് താനാണെന്നാണ് ഐ.ടി സെക്രട്ടറികൂടിയായ ശിവശങ്കർ അന്ന് വ്യക്തമാക്കിയത്. ചാനലുകളിൽ രാഷ്ട്രീയ അഭിമുഖങ്ങൾ നൽകാനും സംശയമുന്നയിച്ച ഇടതുമുന്നണി ഘടകകക്ഷി സി.പി.ഐയെ ഓഫിസിൽചെന്ന് കരാർ പഠിപ്പിക്കാനുംവരെ അധികാരമുണ്ട് തനിക്കെന്നാണ് അദ്ദേഹം അന്ന് തെളിയിച്ചത്. സ്പ്രിൻക്ലർ കരാറിൽ സംശയം ശരിവെച്ച കോടതി, കടുത്ത നടപടികളിലേക്ക് കടന്നാൽ സര്‍ക്കാറിെൻറ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ആരോപണമുയരാൻ ഇടയുള്ളതുകൊണ്ട് കടുത്ത നടപടികളിലേക്ക് കടക്കുന്നില്ല എന്നാണ് വിധിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരവധി പദ്ധതികള്‍ക്ക് കണ്‍സൽട്ടന്‍സി ഇനത്തില്‍ കോടികളാണ് നല്‍കുന്നത്. ഇത്തരത്തിലൊന്നാണ് സംസ്ഥാനത്ത് ഇലക്ട്രിക് ബസുകള്‍ നിര്‍മിക്കുന്നതിനുള്ള ഇ- മൊബിലിറ്റി പദ്ധതിക്കായി ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനെ കണ്‍സൽട്ടന്‍സിയായി നിയമിച്ചത്. 3000 ഇലക്ട്രിക് ബസുകള്‍ ഇറക്കുന്നതിന് ആകെ 4500 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനംചെയ്യുന്നത്. 2019 ആഗസ്റ്റ് 17ന് വിവാദകമ്പനിക്ക് ടെന്‍ഡര്‍ വിളിക്കാതെയും കാബിനറ്റ് അറിയാതെയുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് കരാർ നൽകിയത്. ഗതാഗതമന്ത്രി ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നുമാത്രമല്ല, ഇതിെൻറ ഫയൽ ജനറേറ്റ് ചെയ്തത് ഗതാഗതവകുപ്പിൽനിന്നല്ല, ഐ.ടിയിൽനിന്നാണ്. കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, കെ.ഫോണ്‍ പദ്ധതികളിലും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനാണ് കണ്‍സൽട്ടന്‍സി. കൺസൽട്ടൻസികളുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെട്ടത് മുഖ്യമന്ത്രിക്കുവേണ്ടി ശിവശങ്കറാണ്.
ലോക്ഡൗണിൽ പൂട്ടിയ മദ്യശാലകൾ തുറക്കുമ്പോൾ മദ്യശാലകളിലെ തിരക്കു കുറക്കാനായി നടപ്പാക്കിയ വെർച്വൽ ക്യൂ സംവിധാനമാണ് ബെവ്ക്യൂ ആപ്. കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന കമ്പനിക്കാണ് കരാർ നൽകിയത്. ടെൻഡർ നൽകിയ അഞ്ചു കമ്പനികളിൽ സാങ്കേതികമികവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ സ്ഥാപനത്തെ തഴഞ്ഞാണ് ഫെയര്‍കോഡിന് ടെന്‍ഡര്‍ നല്‍കിയത്. ഒരു ഗുണമേന്മയുമില്ലാത്ത ഫെയർകോഡിെൻറ ബെവ്ക്യൂ ആപ്പിന് പിന്നീട് എന്തു ഗതിയായി എന്നുപറയേണ്ടതില്ലല്ലോ. ഇത്തരം ഉപജാപങ്ങളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫിസ് മാറുകയാണ്. എല്ലാ അവതാരങ്ങളും തമ്പടിച്ചിരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് വരാന്തയിലാണ്.
ഇപ്പോൾ സ്വർണക്കടത്തിലെ മുഖ്യ കണ്ണിയെന്ന് ആരോപിക്കപ്പെട്ട് പ്രതിചേർക്കപ്പെട്ട സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം ദുരൂഹമാണ്. ശിവശങ്കറുമായുള്ള അടുപ്പമാണ് ഇവർക്ക് സർക്കാർ പരിപാടികളിൽ പ്രധാന സ്ഥാനം നേടാനും ഐ.ടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിൽ കരാർ നിയമനമായി ഉന്നത സ്കെയിലിൽ ഒരു വിദ്യാഭ്യാസയോഗ്യതയുമില്ലാതെ വ്യാജസർട്ടിഫിക്കറ്റിെൻറ പിൻബലത്തിൽ ജോലി തരപ്പെടുത്തുന്നതിനും വഴിയൊരുക്കിയത്.
ഐ.ടി വകുപ്പിെൻറ കീഴിലെ സ്റ്റാർട്ടപ് മിഷനിലെ അനധികൃതനിയമനവുമായി ബന്ധപ്പെട്ട വാർത്തയും പുറത്തുവന്നിരിക്കുന്നു. സ്വന്തമായി മാധ്യമസ്ഥാപനം നടത്തുന്ന ലാബി ജോർജിന്80,000 രൂപ ഫെലോഷിപ് ലഭിക്കുന്ന േപ്രാജക്ട് മാനേജരായി നിയമനം ലഭിച്ചതിലും നിയമബാഹ്യ ഇടപെടലുകളുണ്ടെന്നാണ് ഉയരുന്ന വിമർശനം. ഇവർക്ക് ഇത്തരമൊരു സ്ഥാപനം സ്വന്തമായി ഉണ്ടെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ പറയുന്നത്. സി.പി.എം സംസ്ഥാന സമിതി അംഗവും ഹരിതകേരള മിഷന് വൈസ് ചെയര്‍പേഴ്സനുമായ ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജിനെ സി-ഡിറ്റ് രജിസ്ട്രാർ പദവിയിൽനിന്ന് വിരമിച്ചശേഷം മാസം ഒന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതും വിവാദമായിരുന്നു. മതിയായ യോഗ്യതയില്ലാഞ്ഞിട്ടും രജിസ്ട്രാറായിരുന്ന സമയത്ത് ജയരാജ്തന്നെ വരുത്തിയ ചട്ടത്തിലെ മാറ്റത്തിെൻറ പിൻബലത്തിലായിരുന്നു നിയമനം. കോടതിയിലെത്തിയതോടെ സർക്കാർ മലക്കംമറിഞ്ഞ് വിവാദനിയമനം റദ്ദാക്കി.
മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ വേദികൾ കൈകാര്യംചെയ്യാൻ സി-ഡിറ്റ് മുഖേന കരാർനിയമനം നേടിയ 12 പേരെ ഐ.ടി വകുപ്പിനു കീഴിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം സർക്കാർ ഇപ്പോൾ നടത്തിവരുകയാണ്. ഇവരുൾപ്പെടെ 51 സി.പി.എം അനുഭാവികളെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐ.ടി വകുപ്പിൽ സ്ഥിരനിയമനം നടത്താനുള്ള നീക്കം നടക്കുന്നു. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ നടക്കാതിരിക്കുമ്പോഴാണ് ഇത്തരത്തിൽ യോഗ്യതയില്ലാത്തവരെയും പാർട്ടിക്കാരെയും സംശയാസ്പദ വ്യക്തികളെയും നിയമിച്ച് നിറക്കുന്നത്.
സാമൂഹികസാഹചര്യങ്ങൾ മുതലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് നേരത്തേയും ദുരൂഹനീക്കങ്ങളുണ്ടായിട്ടുണ്ട്. പ്രളയസമയത്തുവന്ന ബ്രൂവറി ഇടപാട്, കെ.പിഎം.ജി എന്ന കരിമ്പട്ടികയിലുള്ള കമ്പനിയെ ‘റീബിൽഡ് കേരള’യുടെ കൺസൾട്ടൻസിയാക്കാനുള്ള നീക്കം തുടങ്ങിയവ ഉദാഹരണങ്ങൾ. ബന്ധു-പാദസേവകനിയമനങ്ങൾ ഈ സർക്കാറിൻറെ വലിയ ദൗർബല്യമാണ്. മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, ഷംസീർ എം.എൽ.എ, ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീം എന്നിവരുടെ ബന്ധുക്കളുടേതടക്കമുള്ള നിരവധി സംഭവങ്ങൾ പുറത്തുവന്നപ്പോൾ ജനത്തിെൻറ കണ്ണിൽ പൊടിയിട്ട് തടിതപ്പാനാണ് മുഖ്യമന്ത്രിയും ഓഫിസും ശ്രമിച്ചത്.
സ്വർണക്കടത്ത് എൻ.ഐ.എ ഏറ്റെടുത്തതുകൊണ്ട് എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം. എന്നാൽ, സ്വർണക്കടത്ത് അന്വേഷണപരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ബന്ധവും വരണം. അതിന് മറ്റൊരു സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്. വിവാദ കൺസൽട്ടൻസികളുടെ കരാറുകൾ, ഐ.ടി വകുപ്പിലും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഇടനിലയിലും നടന്ന നിയമനങ്ങൾ എന്നിവയും അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ ബന്ധവും അന്വേഷിക്കണം. ഒരു ആരോപണം ഉയർന്നാൽ രാജിവെക്കാൻ എന്താണ് തടസ്സം എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ചോദിച്ച അതേ പിണറായി വിജയനാണ് ഇന്ന് കേരള മുഖ്യമന്ത്രി. പ്രിൻസിപ്പൽ സെക്രട്ടറിതന്നെ ദുഷിച്ച ഇടപാടുകളുടെ പേരിൽ ചോദ്യം ചെയ്യലിനു വിധേയമാകുന്നു. ആ നിലക്ക് രാഷ്ട്രീയധാർമികതയോ ജനാധിപത്യബോധമോ തെല്ലെങ്കിലും അവശേഷിക്കുെന്നങ്കിൽ തെൻറ ഓഫിസിനുനേരെ ഉയർന്ന ആരോപണങ്ങളെ സംബന്ധിച്ച് അധികാരത്തിൽനിന്ന് മാറി സമഗ്രാന്വേഷണം നടത്തുകയാണ് പിണറായി വിജയൻ ചെയ്യേണ്ടത്.
(വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.