കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ സംബന്ധിച്ച റിസർവ് ബാങ്ക് വിജ്ഞാപനം ഇംഗ്ലീഷ്-മലയാളം പത്രങ്ങളിൽ വന്നുകഴിഞ്ഞു. സംസ്ഥാനത്തിെൻറ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന, പ്രളയമോ കോവിഡോ ആകട്ടെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും സർക്കാറിന് താങ്ങും തണലുമായി വർത്തിക്കുന്ന സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖലയെ ഏറെ ദോഷകരമായി ബാധിച്ചേക്കാവുന്നതാണ് വിജ്ഞാപനത്തിെൻറ ഉള്ളടക്കം.
പ്രാഥമിക സഹകരണ ബാങ്കുകൾ ബാങ്കിങ് നിയന്ത്രണ നിയമപ്രകാരമുള്ള റിസർവ് ബാങ്ക് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു, സഹകരണ ബാങ്കുകളിൽ അംഗങ്ങളല്ലാത്തവരിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നു എന്നിങ്ങനെയാണ് പ്രധാന ആരോപണങ്ങൾ. എന്നാൽ, അതുകൊണ്ടൊക്കെ പൊതുജനങ്ങൾക്ക് എന്തെങ്കിലും ദോഷം സംഭവിച്ചതായി വിജ്ഞാപനം പറയുന്നില്ല. പൊതുജനങ്ങളുടെ നിക്ഷേപങ്ങൾക്ക് സംസ്ഥാന സർക്കാർ ഡെപ്പോസിറ്റ് ഗാരൻറി സ്കീം പ്രകാരം സുരക്ഷിതത്വം ഉറപ്പുനൽകുന്നുണ്ടെന്നിരിക്കെ എന്തിനാണ് റിസർവ് ബാങ്കിനിത്ര ഉത്കണ്ഠ! വോട്ടവകാശം ഇല്ലാത്ത അംഗങ്ങളായ അസോസിയേറ്റ് അംഗങ്ങളിൽനിന്നും, നാമമാത്ര അംഗങ്ങളിൽനിന്നും സഹകരണ ബാങ്കുകൾ നിക്ഷേപം സ്വീകരിക്കുന്നു എന്നത് ഒരു പ്രധാന കുറ്റമായി അവതരിപ്പിക്കപ്പെടുന്നു.
എന്നാൽ, സ്വകാര്യ വാണിജ്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും നിക്ഷേപം നടത്തുന്ന പൊതുജനങ്ങൾക്ക് എന്ത് അംഗത്വമാണ് ബന്ധപ്പെട്ട ബാങ്കുകൾ നൽകുന്നത്? സഹകരണ ബാങ്കുകളുടെ തുടക്കം മുതലേ നിക്ഷേപം നടത്തുന്ന ഇടപാടുകാരിൽ വോട്ടവകാശമുള്ള 'എ' ക്ലാസ് അംഗങ്ങളും നാമമാത്ര അംഗങ്ങളും, അസോസിയേറ്റ് അംഗങ്ങളുമായ 'സി', 'ഡി' ക്ലാസ് അംഗങ്ങളുമുണ്ട്. നിക്ഷേപം 'എ' ക്ലാസ് അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് പ്രാദേശികമായ സാമ്പത്തിക മുന്നേറ്റങ്ങൾക്ക് 'തടയണ' കെട്ടലാണ്. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് അവയുടെ നിയമാവലി പ്രകാരമുള്ള അംഗീകൃത പ്രവർത്തന പരിധിയുണ്ട്.
അത് ഒന്നോ രണ്ടോ പഞ്ചായത്തുകളാവാം, മുനിസിപ്പാലിറ്റിയോ കോർപറേഷൻ ഏരിയയോ ഒക്കെ ആകാം. അത്തരം സ്ഥാപനങ്ങൾക്ക് നിക്ഷേപം അംഗീകൃത പരിധിക്ക് പുറത്ത് എവിടെനിന്നും സ്വീകരിക്കാവുന്നതാണ്. എന്നാൽ, വോട്ടവകാശമുള്ള 'എ' ക്ലാസ് അംഗങ്ങളിൽനിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാൻ പാടുള്ളൂ എന്ന് നിയമംമൂലം നിർബന്ധിച്ചാൽ ബാങ്കിെൻറ നിയമാവലി പ്രകാരമുള്ള പ്രവർത്തനപരിധിക്ക് പുറത്തുനിന്ന് ഒരു നിക്ഷേപവും സ്വീകരിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിയാതെ വരും.
കാരണം, വോട്ടവകാശമുള്ള 'എ' ക്ലാസ് അംഗത്വം അതത് സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിലുള്ള വ്യക്തികൾക്കേ നിയമപ്രകാരം അനുവദിക്കാൻ കഴിയൂ. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 1600ൽ പരം പ്രാഥമിക സർവിസ് സഹകരണ ബാങ്കുകൾക്ക് ഈ നിബന്ധന ബാധകമാക്കിയാൽ അവ ഇപ്പോൾ സമാഹരിച്ചുകൊണ്ടിരിക്കുന്ന ലക്ഷം കോടിയുടെ നിക്ഷേപം കുത്തനെ ഇടിയുകയും, അതുവഴി ഇന്ത്യക്കുതന്നെ മാതൃകയായി വർത്തിക്കുന്ന കേരളത്തിലെ സഹകരണ ക്രെഡിറ്റ് മേഖല അപ്പാടെ തകർച്ചയിലേക്ക് തള്ളപ്പെടുകയും ചെയ്യും. അതുതന്നെയാണ് തൽപരകക്ഷികൾ ആഗ്രഹിക്കുന്നത്.
കാലിക്കറ്റ് സിറ്റി സർവിസ് സഹകരണ ബാങ്കിെൻറ ഒരു ഉദാഹരണം പറയാം: ആയിരം കോടിയിലധികം നിക്ഷേപമുള്ള കേരളത്തിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണ ബാങ്കാണിത്. പ്രവർത്തന പരിധി കോഴിക്കോട് കോർപറേഷൻ ആണ്. അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു ജീവകാരുണ്യ പദ്ധതിയുണ്ട്. ബാങ്കിെൻറ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന എം.വി.ആർ കാൻസർ സെൻററിൽനിന്ന് അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ലഭിക്കുന്നതാണ് പദ്ധതി.
അതിനുവേണ്ടത് 15,000 രൂപ ആനുകൂല്യം ആഗ്രഹിക്കുന്ന വ്യക്തി ബാങ്കിൽ സ്ഥിരനിക്ഷേപം നടത്തണം (രോഗം ഇല്ലാത്ത അവസ്ഥയിൽ). ഏത് പ്രദേശത്തുനിന്നുള്ളവർക്കും നിക്ഷേപം നടത്താവുന്നതാണ്. ഒരു വലിയ വിഭാഗം ജനങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. വോട്ടവകാശമുള്ള 'എ' ക്ലാസ് അംഗങ്ങൾക്ക് മാത്രമേ ബാങ്കിൽ നിക്ഷേപം നടത്താനാവൂ എന്ന് നിയമംമൂലം നിർബന്ധമാക്കിയാൽ കോഴിക്കോട് കോർപറേഷന് പുറത്തുള്ള ജനവിഭാഗത്തിന് ഈ ചികിത്സാ ആനുകൂല്യ സൗകര്യം ലഭിക്കാതെ പോകുന്ന അവസ്ഥയല്ലേ ഉണ്ടാവുക?
കേരളത്തിൽ പ്രാഥമിക സർവിസ് സഹകരണ ബാങ്കുകൾ നിലവിൽ വന്നത് കേന്ദ്ര സർക്കാർ നിയോഗിച്ച റൂറൽ ക്രെഡിറ്റ് സർവേ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ്. 1958 മുതലാണ് അവ സ്ഥാപിക്കപ്പെട്ടു തുടങ്ങിയത്. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ സെക്ഷൻ 7െൻറ ലംഘനമായാണ് ഈ സഹകരണ ബാങ്കുകൾ പ്രവർത്തിച്ചുവരുന്നത് എന്ന ദുസ്സൂചനയാണ് റിസർവ് ബാങ്ക് വിജ്ഞാപനം നടത്തുന്നത്. എന്നാൽ, യഥാർഥ വസ്തുത എന്താണ്? 1949ലെ ബാങ്കിങ് നിയന്ത്രണ നിയമം (മൂല നിയമം) സെക്ഷൻ 7ൽ സഹകരണ സംഘങ്ങളെ സംബന്ധിച്ച പരാമർശമേയില്ല. സഹകരണ സംഘങ്ങൾക്ക് ഇത് ബാധകമാക്കി സെക്ഷൻ 7 ഭേദഗതി ചെയ്തത് 35 വർഷങ്ങൾക്കുശേഷം 1984ലെ നിയമ ഭേദഗതിയിലൂടെയാണ്.
ഇക്കാര്യങ്ങളൊക്കെ വിജ്ഞാപനം മറച്ചുവെക്കുന്നു. 2020 സെപ്റ്റംബർ മാസം നിലവിൽ വന്ന ബാങ്കിങ് നിയന്ത്രണ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നതിെൻറ മറ്റൊരു വിധത്തിലുള്ള ആവർത്തനം മാത്രമാണ്. കേന്ദ്ര സർക്കാറിനുവേണ്ടി റിസർവ് ബാങ്ക് നടത്തിക്കൊണ്ടിരിക്കുന്ന ഈ വേട്ടയാടലിന് ഗൂഢമായ രാഷ്ട്രീയ താൽപര്യങ്ങളുണ്ട്. ഒപ്പം സ്വകാര്യ വാണിജ്യ ബാങ്കുകൾ നടത്തുന്ന കോർപറേറ്റുകളെ സഹായിക്കുക എന്ന അവിശുദ്ധ ലക്ഷ്യവുമുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപം മുഴുവൻ വായ്പയായി ഇവിടെത്തന്നെയാണ് വിനിയോഗിക്കുന്നത്. എന്നാൽ, വാണിജ്യ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപത്തിെൻറ ചെറു ശതമാനം മാത്രമേ ഇവിടെ വായ്പയായി നൽകുന്നുള്ളൂ, ബാക്കി മുഴുവൻ പുറം സംസ്ഥാനങ്ങളിലേക്ക് പോകുന്നു.
കേരളത്തിലെ സഹകരണ മേഖല എൽ.ഡി.എഫ്-യു.ഡി.എഫ് കക്ഷികളുടെ കുത്തകയാണ്. സഹകരണ മേഖല തീർച്ചയായും ആ മുന്നണികൾക്ക് രാഷ്ട്രീയമായും കരുത്തുപകരുന്നുണ്ട്. ബി.ജെ.പിക്കോ അവരുടെ സഹകക്ഷികൾക്കോ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയിൽ ഒരു സ്വാധീനവുമില്ല. എതിരാളികളെ രാഷ്ട്രീയമായി ദുർബലപ്പെടുത്താൻ ജനപിന്തുണയോടെ സാധിക്കുകയില്ല എന്ന ബോധ്യമുള്ളതിനാൽ നിയമത്തിെൻറ ദുരുപയോഗത്തിലൂടെ അത് സാധിക്കാൻ കുറുക്കുവഴി തേടുകയാണവർ. അതിന് റിസർവ് ബാങ്കിനെപ്പോലും മറയാക്കുന്നു.
റിസർവ് ബാങ്കിെൻറ വിജ്ഞാപനത്തിൽ പറയുന്നത് "അത്തരം സംഘങ്ങൾ, ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണെങ്കിൽ ജാഗ്രത പാലിക്കാനും ഇടപാടുകൾ നടത്തുന്നതിനുമുമ്പ് ആർ.ബി.ഐ നൽകിയ ബാങ്കിങ് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്"-സഹകരണ ബാങ്കുകളോടുള്ള കേരളത്തിലെ സാധാരണ ജനങ്ങളുടെ അടുപ്പവും ബന്ധവും മനസ്സിലാക്കാൻ റിസർവ് ബാങ്ക് പരാജയപ്പെട്ടതിെൻറ ലക്ഷണമായാണ് ഈ പരാമർശത്തെ കാണേണ്ടത്. കേരളത്തിലെ സർവിസ് സഹകരണ ബാങ്കുകൾ ഒരു വലിയ ജനകീയ പ്രസ്ഥാനമാണ്. അവയോട് സാധാരണ ജനങ്ങൾക്കുള്ള വൈകാരിക ബന്ധമാണ് സഹകരണ ബാങ്കുകളിൽ നിക്ഷേപം കുമിഞ്ഞുകൂടുന്നതിെൻറ രഹസ്യം. സഹകരണ ബാങ്കുകളിൽനിന്ന് പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച ബാങ്കിങ് സൗകര്യങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സഹകരണ ബാങ്കുകളെ മാറ്റിനിർത്തിക്കൊണ്ടുള്ള ഒരു നടപടിയിലും അവർക്ക് താൽപര്യമില്ല.
അവരുടെ നിക്ഷേപങ്ങൾക്ക് ഇന്നുവരെയും പരിഹാരമില്ലാത്ത ഒരു കോട്ടവും സംഭവിച്ചിട്ടില്ല. കേരളത്തിലെ സഹകരണ ബാങ്കുകളെ ഇല്ലായ്മ ചെയ്യാൻ ബാങ്കിങ് നിയന്ത്രണ നിയമത്തിന് നിയമപ്രകാരം സാധിക്കുകയില്ല. പേക്ഷ, അവയെ വലിയ അളവിൽ ദ്രോഹിക്കാൻ കഴിയും. അടുത്തകാലത്തായി കേന്ദ്ര സർക്കാർ സഹകരണ മന്ത്രാലയം രൂപവത്കരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചുമതലയിൽ ഏൽപിച്ചിരുന്നു. അന്നുതന്നെ പല കോണുകളിൽനിന്നുയർന്ന അഭ്യൂഹങ്ങളും ആശങ്കകളും ശരിയായി ഭവിക്കുന്നു എന്നുവേണം കരുതാൻ.
സഹകരണ ബാങ്കുകൾ നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കുന്നു, സഹകരണ സംഘങ്ങൾ റിസർവ് ബാങ്ക് ലൈസൻസ് ഇല്ലാതെ 'ബാങ്ക്' എന്ന് പേരിനൊപ്പം ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുന്നു, കള്ളപ്പണം ഒളിപ്പിക്കാൻ കൂട്ടുനിൽക്കുന്നു എന്നൊക്കെ ആരോപിച്ച് സഹകരണ ബാങ്കുകൾക്കും അവയുടെ ഭരണസമിതികൾക്കും എതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതയുണ്ട്. അതിനുള്ള കോപ്പുകൂട്ടലാണ് റിസർവ് ബാങ്ക് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. അതിെൻറ മുന്നോടിയായാണ് വിജ്ഞാപനം വന്നെതന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ബാങ്കിങ് നിയന്ത്രണ നിയമത്തിൽ എന്തുതന്നെ പറഞ്ഞിരുന്നാലും കേരളത്തിൽ പ്രവർത്തനം നടത്തുന്ന പ്രാഥമിക സർവിസ് സഹകരണ ബാങ്കുകൾ സാധാരണ ജനങ്ങൾക്ക് വലിയ തോതിലുള്ള വായ്പാ സൗകര്യവും മികച്ച ബാങ്കിങ് സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ഒരു വലിയ സംവിധാനമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സഹകരണ ബാങ്കിങ് മേഖലയിൽ ബാങ്കിങ് നിയന്ത്രണ നിയമം നടപ്പാക്കേണ്ട ഒരു അനിവാര്യതയും ഇപ്പോൾ നിലവിലില്ല. സഹകരണ ബാങ്കുകൾക്കെതിരെ അപവാദങ്ങൾ ഉയർത്തി മൂക്കുകയറിടാൻ ശ്രമിക്കുന്നതിനു പിന്നിലെ താൽപര്യം ജനക്ഷേമമല്ല എന്ന് നൂറുതരം.
( മുൻ സഹകരണ ജോയൻറ് രജിസ്ട്രാർ ആണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.