ഗവ. കോളജുകൾ ആരുടേതാണ്?

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഏതൊരു മേഖലയെയും പോലെ വിദ്യാഭ്യാസമേഖലയും നിശ്ചലമായിരിക്കുന്നു. കൊറോണപ്രതിസന ്ധികളെ മറികടക്കാൻ കേരള സർക്കാർ അരയുംതലയും മുറുക്കി പ്രവർത്തിക്കുന്നതിനിടയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത ്തിറക്കിയ ഒരു ഉത്തരവ് ഉദ്യോഗാർഥികൾക്കിടയിൽ അത്ഭുതവും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുകയാണ്. 2018 മെയ് 9 ന് ഇറങ്ങിയ ജി.ഒ. (എം.എസ്) നമ്പർ 93/2018 ഹയർ എജ്യുകേഷൻ ഉത്തരവിനെ മരവിപ്പിച്ചു കൊണ്ടാണ് 2020 ഏപ്രിൽ 1​​​​​െൻറ ജി.ഒ. (എം.എസ്) 155/2020 ഹയർ എജ്യു കേഷൻ എന്ന ഉത്തരവ് വന്നിട്ടുള്ളത്.

എയ്ഡഡ് കോളജുകളിൽ ആഴ്ചയിൽ 16 മണിക്കൂർ എന്ന കണക്കിൽ തസ്തികകൾ നിർണയിച്ച ശേഷ ം അധികമായി വരുന്നത് മിനിമം 9 മണിക്കൂറെങ്കിലുമുണ്ടെങ്കിൽ ഒരു തസ്തികകൂടി അനുവദിക്കാം എന്നതായിരുന്നു 2018 ലെ ഉത്തര വിലെ ഒരു വ്യവസ്ഥ.

വർക് ലോഡ് കണക്കാക്കുമ്പോൾ പി. ജി. ക്ലാസുകളിലെ ഒരു മണിക്കൂർ ഒന്നര മണിക്കൂറായി പരിഗണിക്കുമ െന്നതായിരുന്നു മറ്റൊന്ന്. ഈ രണ്ട് നിയമങ്ങളും ഏപ്രിൽ 1 ന്റെ പുതിയ ഉത്തരവിലൂടെ റദ്ദു ചെയ്തിരുന്നു. വിചിത്രമായ ഈ ഭ േദഗിക്കെതിരെ ഗവ., എയ്ഡഡ് കോളജ് അധ്യാപക സംഘടനകളും എൻ. എസ്. എസ്. പോലുള്ള സാമുദായിക വിഭാഗങ്ങളും പ്രതിഷേധവുമായി രംഗത ്തെത്തി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിൽ പി. ജി വെയ്‌റ്റേജ് ഭേദഗതി മാത്രം പിൻവലിച്ച് സർക്കാർ പ്രതിഷേധക് കാരുടെ വായടക്കുകയാണ് ചെയ്തത്. ഈ ഘട്ടത്തിൽ, രാഷ്ട്രീയക്കാരും പൊതുജനങ്ങളും മാധ്യമ പ്രവർത്തകരും മാത്രമല്ല, കോളേ ജ് അധ്യാപക സംഘടനകൾ പോലും തിരിച്ചറിയാതെ പോകുന്ന പരമപ്രധാനമായ ചില പ്രശ്‌നങ്ങളാണിവിടെ വിശദമാക്കുന്നത്.

മാറി മാറി ഉത്തരവുകൾ ഇറക്കുമ്പോഴൊക്കെയും അതുമായി ബന്ധപ്പെട്ടവർ വലിയ പുകിലുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും സർക്കാറും സാമുദായിക സംഘടനകളും ഒരുപോലെ അവഗണിക്കുന്ന ഒരു മേഖല നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ അറുപത്തിയഞ്ചിലേറെ വരുന്ന ഗവ. കോളജുകളാണത്. ഇതിനുള്ള വലിയൊരു തെളിവാണ് മേൽ സൂചിപ്പിച്ച ഉത്തരവുകൾ രണ്ടും ഒരു ഘട്ടത്തിലും കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ നെടുംതൂണുകളിലൊന്നായ ഗവ. കോളജുകൾക്ക് ബാധകമാക്കിയിട്ടില്ല എന്ന വസ്തുത. ഉത്തരവുകളുടെ തലവാചകങ്ങളിൽ തന്നെ അവ പ്രൈവറ്റ് എയ്ഡഡ് കോളജുകൾക്കുവേണ്ടിയാണെന്നു പറയുന്നുണ്ട്. പി. എസ്. സി. റാങ്ക് ലിസ്റ്റുകളിലുള്ളവർ കോടതിയെ സമീപിച്ചപ്പോഴും വിവരാവകാശ പ്രകാരം അന്വേഷണങ്ങൾ നടത്തിയപ്പോഴും സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്.

നിയമസഭാ ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങളിൽ പോലും ഈ വിവേചനം പകൽപോലെ വ്യക്തമാണ്. എന്നുവെച്ചാൽ, 9 മുതൽ 15 മണിക്കൂർവരെ വർക് ലോഡ് വരുന്ന എയ്ഡഡ് കോളജുകളിൽ ലക്ഷങ്ങൾ കോഴ വാങ്ങി അധ്യാപകരെ നിയമിക്കാൻ മാനേജർമാർക്ക് കളമൊരുങ്ങിക്കിട്ടുമ്പോൾ, പി.എസ്.സി. വഴി അധ്യാപകരെ നിയമിക്കുന്ന സർക്കാർ കോളജുകളിൽ പതിനാറ് മണിക്കൂറുകൾ തികച്ചില്ലാത്ത തസ്തികകളിൽ അധ്യാപകരില്ലാതിരിക്കുകയോ ഗസ്റ്റ് അധ്യാപകരെവച്ച് മുന്നോട്ടു പോവുകയോ ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചെറിയ കോളജുകളിൽ ഉപവിഷയങ്ങളായ അറബി, സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകൾ, അനുബന്ധ പേപ്പറുകളായ ശാസ്ത്രവിഷയങ്ങൾ എന്നിവയ്‌ക്കൊന്നും ഒരു കാലത്തും 16 മണിക്കൂറുകൾ തികച്ചുകിട്ടില്ല എന്നിരിക്കെ കാലാകാലം അവയൊക്കെയും അധ്യാപകരില്ലാത്ത തസ്തികകളായി തുടരേണ്ടിവരും.

മേൽ സൂചിപ്പിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. സർക്കാറിന്റെ നയരൂപീകരണ ഘട്ടത്തിലും ബജറ്റ് അവതരണ വേളയിൽ പോലും ഈ വിവേചനം കാണാവുന്നതാണ്. സംസ്ഥാനത്തെ മുഴുവൻ ഗവ. കോളേജുകളിലും 'നാക്' അക്രഡിറ്റേഷൻ ഉറപ്പുവരുത്തുമെന്ന് കഴിഞ്ഞ വർഷം ആദ്യത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തുടർന്ന് വന്ന രണ്ട് ബജറ്റുകളിലും ഗവ. കോളജുകളെ നിരാശപ്പെടുത്തുന്ന സമീപനമാണുണ്ടായത്. എയ്ഡഡ് കോളേജുകളിൽ 1200 അധ്യാപക തസ്തികകളും 250 അനധ്യാപക തസ്തികളും സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച 2019 ലെ ബജറ്റിൽ ഗവ. കോളജുകളിൽ സൃഷ്ടിക്കാനുദ്ദേശിക്കുന്ന തസ്തികകളുടെ എണ്ണം പറയുന്നില്ല. (കഴിഞ്ഞ വർഷം പല ഘട്ടങ്ങളിലായി നിരവധി തസ്തികകൾ ഗവ. കോളജുകളിൽ സൃഷ്ടിച്ചിട്ടുണ്ട് എന്ന വസ്തുത മറക്കുന്നില്ല.) പക്ഷേ, 2020 ബജറ്റ്പ്രഖ്യാപനത്തിലും സർക്കാറിന്റെ ശ്രദ്ധ കൂടുതൽ നേടിയത് എയ്ഡഡ് കോളജുകൾ തന്നെയായിരുന്നു. പ്രൈവറ്റ് എയ്ഡഡ് മേഖലയിൽ 1000 അധ്യാപക തസ്തികകൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്ത മന്ത്രി ഗവ.കോളജുകളിൽ ലാബ് നവീകരണത്തിന് മുൻഗണന നല്കുമെന്നാണ് പ്രഖ്യാപിച്ചത്. ലാബ് നവീകരണം പോലുള്ള കാര്യങ്ങൾ നിലവിൽ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകൾ വഴി നടന്നു പോരുന്നതാണെന്ന് ആർക്കാണറിയാത്തത്? 2013 - 14 കാലഘട്ടത്തിൽ അന്നത്തെ സർക്കാർ ഏറ്റവും കൂടുതൽ കോളജുകൾ അനുവദിച്ചത് സർക്കാർ മേഖലയിലാണ്.

എന്നാൽ അവയിലെ തസ്തിക നിർണയം പുതിയ സർക്കാറിന്റെ ബാധ്യതയായി വന്നു. സ്വാഭാവികമായും അത് ഇപ്പോഴത്തെ സർക്കാറിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടുമുണ്ടാകും. പുതിയ ഉത്തരവിറക്കാനും പറയപ്പെടുന്ന ഏക കാരണം സാമ്പത്തിക ബാധ്യതയാണ്. എന്നാൽ 2018 മെയ് മാസത്തിലിറങ്ങിയ ഉത്തരവിന് ശേഷം എയ്ഡഡ് മേഖലയിൽ മിനിമം 9 മണിക്കൂറുള്ള നിരവധി തസ്തികകൾ സൃഷ്ടിക്കപ്പെടുകയും അവയിലേക്ക് നിയമനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. അവയിൽ ബഹുഭൂരിഭാഗത്തിനും നിയമനാംഗീകാരം നല്കുകയും ചെയ്തുകഴിഞ്ഞു. അത്തരത്തിൽ അംഗീകാരം ലഭിച്ചവർക്ക് തങ്ങളുടെ റിട്ടയർമെന്റ് വരെ തസ്തികയിൽ തുടരാൻ പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തിക ബാധ്യതയാണ് പ്രശ്‌നമെന്ന വാദം അതോടെ പൊളിയുകയാണ്. 2018 ലെ ഉത്തരവിലൂടെ നിയമനാംഗീകാരം ലഭിച്ചവരെ നിലനിർത്തി മാനേജ്‌മെന്റുകൾക്ക് തങ്ങൾ വാങ്ങിയ കൈക്കൂലിക്കുകൂടി സുരക്ഷ ഉറപ്പുകൊടുക്കുകയാണ് സർക്കാർ ഫലത്തിൽ ചെയ്തത്.

എന്നാൽ ഇതേ കാലഘട്ടത്തിൽ, പി.എസ്.സി. റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർഥികൾ നിയമനം ലഭിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുന്നുണ്ടായിരുന്നു. 2012 ലെ നോട്ടിഫിക്കേഷൻ വഴി അപേക്ഷിക്കുകയും നിരവധി വർഷങ്ങളായി നിയമനം കാത്ത് കഴിയുന്നവരുമാണ് അവരിൽ 90 ശതമാനവും. ഗവ. കോളേജുകളിൽ പുതുതായി സൃഷ്ടിക്കേണ്ട തസ്തികകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടതു പ്രകാരം പ്രിൻസിപ്പൽമാർ നിശ്ചിത രീതിയിൽ തന്നെ നൽകിയിരുന്നു. എന്നാൽ 9 മണിക്കൂറും അതിലേറെയും വർക് ലോഡുള്ള എല്ലാ തസ്തികകളും നിരാകരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെയ്തത്. എയ്ഡഡിൽ ഇതേ തസ്തികകൾക്ക് നിയമനാംഗീകാരം നൽകിക്കൊണ്ടിരുന്ന അതേ സന്ദർഭത്തിലാണ് ഇത് നടക്കുന്നത് എന്നോർക്കുക. തുടർന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച ഉദ്യോഗാർഥികൾക്കും നിരാശ മാത്രം സമ്മാനിക്കുന്നതായിരുന്നു സർക്കാർ നിലപാട്. എയ്ഡഡിൽ നടപ്പാക്കിയിട്ടുണ്ടെങ്കിലും അത് ഗവ. കോളജുകളിൽ നടപ്പാക്കാൻ വ്യവസ്ഥയില്ലെന്നായിരുന്നു സർക്കാർ ട്രിബ്യൂണലിൽ ബോധിപ്പിച്ചത്.

പൊതു വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം മുഖ്യ അജണ്ടയായി പ്രഖ്യാപിച്ച സർക്കാറിന്റെ ഇക്കാര്യത്തിലുള്ള നയം പുന:പരിശോധനക്ക് വിധേയമാകേണ്ടതുണ്ട്. പ്രൈമറി തൊട്ട് സർവകലാശാല വരെയുള്ള തലങ്ങളിൽ പൊതുവിദ്യാഭ്യാസത്തിന്റെ വിവക്ഷയിൽ പ്രഥമസ്ഥാനത്തു വരുന്നത് സർക്കാർ സ്ഥാപനങ്ങളാണെന്നതിൽ ആർക്കെങ്കിലും തർക്കമുണ്ടോ? എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൊതുമേഖലയിലാണെങ്കിലും സർക്കാർ സ്ഥാപനങ്ങളുടെ താഴെയേ അവ വരുന്നുള്ളൂ. കാരണം, അവയ്ക്ക് പ്രവർത്തന ഫണ്ടും ശമ്പളവും നൽകുന്നത് പൊതുഖജനാവിൽനിന്നാണെങ്കിലും നടത്തിപ്പിനും നിയമനത്തിനുമുള്ള അധികാരം സ്വകാര്യ മാനേജ്‌മെന്റുകൾക്കാണ്. അതിനാൽ പൊതുവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സർക്കാറിന്റെ പ്രഥമ പരിഗണന ലഭിക്കേണ്ടത് ഗവ. കോളജുകൾക്കുതന്നെയാണ്. ഏതൊരുത്തരവും ആനുകൂല്യങ്ങളും നടപ്പാക്കിത്തുടങ്ങേണ്ടത് സർക്കാർ മേഖലയിലാണ്. പിന്നീട് ആവശ്യമെങ്കിൽ എയ്ഡഡ് മേഖലയിലേക്ക് വ്യാപിക്കുക എന്നതാവണം സർക്കാർ നയം.
എന്നാൽ നേരെ മറിച്ചാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസവുകുപ്പിന്റെ നടപടിക്രമങ്ങൾ.

തസ്തികാനിർണയം, തസ്തികകൾ സ്ഥിരപ്പെടുത്തൽ, പ്രൊബേഷൻ കാലാവധി, ഗ്രെയ്ഡ് പ്രൊമോഷൻ നൽകൽ തുടങ്ങിയവയിലെല്ലാം എയ്ഡഡ് കോളജുകൾക്ക് മുൻഗണന നല്കി ഗവ. കോളേജുകളോട് കടുത്ത വിവേചനമാണ് കാണിക്കുന്നത്. പി. എസ്. സി. മത്സരപ്പരീക്ഷകളിലുടെ ഉദ്യോഗം നേടാനാവാതെ ലക്ഷങ്ങൾ കോഴ കൊടുത്ത് സമ്പാദിച്ച തസ്തികയിലെ അസി. പ്രൊഫസർ, നന്നായി പഠിച്ച് പി. എസ്. സി. വഴി നിയമനം നേടിയ ഗവ. കോളജിലെ അസി. പ്രൊഫസറെക്കാൾ ശമ്പളം കൈപ്പറ്റുന്ന ഏക സംസ്ഥാനം കേരളമായിരിക്കണം.

പി എച്ച് ഡി അടക്കമുള്ള യോഗ്യതകൾ നേടിയിട്ടും, പി. എസ്. സി. പരീക്ഷാനടത്തിപ്പിലെ കെടുകാര്യസ്ഥതകൾ കാരണം ഒരേ പരീക്ഷ ആവർത്തിച്ചെഴുതി റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിട്ടും നിയമനം ലഭിക്കാതെ വലയുന്ന ഉദ്യോഗാർഥികളെയാണ് വികലമായ ഈ സർക്കാർ നയം സൃഷ്ടിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സർക്കാർ കോളജുകൾക്കും നാക് അക്രഡിറ്റേഷൻ വിലക്കപ്പെടുന്നതും മറ്റൊന്നുകൊണ്ടുമല്ല. (അർഹരായ ആളുകളെ കൈക്കൂലി വാങ്ങാതെ നിയമിക്കുന്ന വിരലിലെണ്ണാവുന്ന ചില മാനേജ്‌മെന്റുകളും കേരളത്തിലുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല). പൊതു വിദ്യാഭ്യാസ ശാക്തീകരണം പ്രഖ്യാപിത ലക്ഷ്യമായി സ്വീകരിച്ചൊരു സർക്കാരിൽനിന്ന് കാലികമായ സമീപനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ പ്രത്യേക മന്ത്രിയെത്തന്നെ നിയോഗിച്ചത് നല്ലൊരു ചുവടുവെപ്പായിരുന്നു. എന്നാൽ അതി​​​​​െൻറ ഫലം കൊയ്തത് ആരാണ് എന്നത് ഈ ഘട്ടത്തിൽ പുനർവിചിന്തനം നടത്തുന്നത് നല്ലതാണ്.

Tags:    
News Summary - Govt college issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.