1095ലെ നിയമനിർമാണ സഭയിൽ അംഗമായിരുന്ന കുമാരനാശാൻ ചോദിച്ച ചോദ്യങ്ങളും അവക്ക് സർക്കാർ നൽകിയ മറുപടിയും പിന്നാക്ക സമൂഹങ്ങളുടെ വിദ്യാഭ്യാസ-സഞ്ചാര അവകാശപ്പോരാട്ടങ്ങൾക്ക് ചാലകമായിട്ടുണ്ട്. ഈഴവരുടെയും അവർണരെന്ന് വിളിക്കുന്ന മറ്റുള്ളവരുടെയും പൗരാവകാശങ്ങൾ പിടിച്ചുവെച്ചിരിക്കുന്നത് മൂലമുള്ള മാനക്ഷയത്താൽ അവർക്കിടയിൽ അതൃപ്തി വളരുന്നതായി ഗവൺമെൻറിന് അറിവുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്ന ഒറ്റവാക്കിലായിരുന്നു മറുപടി.
ക്ഷേത്ര മതിലുകളിൽനിന്ന് വളരെ അകലെയുള്ള പബ്ലിക് റോഡുകളിൽകൂടി അയിത്ത ജാതിക്കാർ സഞ്ചരിക്കരുതെന്ന ബോർഡ് പലകകളെ എടുത്തുനീക്കുകയും അപ്രകാരമുള്ള നിരോധനം നീക്കുന്നതിന് ഉത്തരവിടുകയും ചെയ്യുമോ എന്ന ചോദ്യത്തിന് പ്രത്യേക ദൃഷ്ടാന്തങ്ങൾ എടുത്തുപറഞ്ഞാൽ അന്വേഷണം നടത്താമെന്നായിരുന്നു ഒഴുക്കൻ മറുപടി.
വൈക്കത്തടക്കം നാട്ടിലെങ്ങും അവർണർക്ക് സഞ്ചാരസ്വാതന്ത്ര്യം വിലക്കുന്ന തീണ്ടൽപ്പലകകൾ വ്യാപകമായിരുന്നു എന്നത് വസ്തുതയായിരിക്കെ സർക്കാർ നിലപാട് നോക്കുക. അടുത്ത ചോദ്യവും ഉത്തരവും എല്ലാ കാലത്തും കേരളവും മലയാളികളും പ്രത്യേകം ഓർത്തുവെക്കേണ്ടതാണ്.
ചോദ്യം: എല്ലാ പബ്ലിക് സ്കൂളുകളിലും സത്രങ്ങളിലും മറ്റ് പൊതുവായ എടുപ്പുകളിലും അവർക്ക്(അവർണർക്ക്) പ്രവേശനം അനുവദിച്ചിരിക്കുന്നു എന്ന് ഗവൺമെൻറ് പരസ്യമായി പ്രസ്താവിക്കുകയും അവർ ക്രിസ്തുമതം സ്വീകരിക്കുന്ന നിമിഷം മുതൽ അവർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യങ്ങളും അധികാരങ്ങളും ചുരുങ്ങിയ പക്ഷം, ഗവൺമെൻറ് അവർക്ക് അനുവദിച്ച് കൊടുക്കുകയും ചെയ്യുമോ?
ഉത്തരം: അവർ ഹിന്ദുമതം വിട്ട് ക്രിസ്തുമതം സ്വീകരിക്കുമ്പോൾ അവർക്ക് അനുവദിച്ചുകൊടുക്കുന്ന സ്വാതന്ത്ര്യം അവർ ഹിന്ദുമതത്തിൽത്തന്നെ ഇരിക്കുമ്പോൾ അവർക്ക് അനുവദിച്ചുകൊടുക്കുന്നതല്ല.
(സമ്പാ: അനൂപ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.