മലയാള കവിതയിലെ തലയെടുപ്പുള്ള ഒറ്റയാനായിരുന്ന മഹാകവി ഒളപ്പമണ്ണയുടെ (ഒളപ്പമണ്ണ മനക്കൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്) ജന്മശതാബ്ദി ദിനമാണ് 2023 ജനുവരി 10. കവിതയിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച, പുരോഗമന കവിതയുടെ പതാകവാഹകനായിരുന്നു ഒളപ്പമണ്ണ.
കേരളീയ സംസ്കാരത്തിന്റെ അടിവേരുകളിലേക്ക് സർഗസഞ്ചാരം നടത്തിയ ഈ പ്രതിഭാശാലിയുടെ, കാൽപനികതയും റിയലിസവും സമന്വയിച്ച കവിതകൾ ഉറക്കുപാട്ടുകളല്ല ഉണർത്തുപാട്ടുകളായിരുന്നു. മാനവികതയുടെ, മനുഷ്യത്വത്തിന്റെ, മതനിരപേക്ഷതയുടെ മഹാസിംഫണി....
സ്വസമുദായത്തിനകത്ത് ഒരുകാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ച കവി സ്വാതന്ത്ര്യവും സമത്വവും സമരസപ്പെടുത്തിയ ഒരുലോകം സ്വപ്നം കണ്ടു. സമ്പന്ന ഫ്യൂഡൽ കുടുംബത്തിൽ ജനിച്ച അദ്ദേഹം മർദിതരായ പാർശ്വവത്കൃത ജനതയുടെ പക്ഷം ചേർന്നു.
കാർഷിക സംസ്കൃതിയുടെ അനന്തപ്രകാശനമാണ് ‘വരിനെല്ല്’ ഉൾപ്പെടെയുള്ള കവിത സമാഹാരങ്ങൾ. വയലിൽ കവിത വിതക്കുകയും വിള കൊയ്യുകയും ചെയ്ത കവിയായിരുന്നു ഒളപ്പമണ്ണ. വൈലോപ്പിള്ളിക്കും ഇടശ്ശേരിക്കും എൻ.വി. കൃഷ്ണവാര്യർക്കും സമശീർഷനായ കാതലുള്ള കാവ്യവൃക്ഷം.
മനുഷ്യൻ അഭിമുഖീകരിക്കുന്ന വേദനയെ, മുറിവുകളെ, ഒറ്റപ്പെടലുകളെ അന്വയിച്ച അദ്ദേഹം കണ്ണീരും കിനാവും കവിതകളുടെ പ്രമേയമാക്കി. ദേശീയ രാഷ്ട്രീയവും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുമാണ് കാവ്യപരമായ ആത്മാംശം സ്വരൂപിക്കുന്നതിൽ സ്വാധീനിച്ചതെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്. ഭൂതകാലത്തിന്റെ നന്മകളെ സ്വാംശീകരിക്കുകയും തിന്മകളെ തിരസ്കരിക്കുകയും ചെയ്തു.
നഷ്ടപ്പെട്ടതിന്റെ വിലാപമല്ല നേടാനുള്ള പ്രഭാതസ്വപ്നങ്ങളായിരുന്നു ഒളപ്പമണ്ണ കവിതകൾ. ജനാധിപത്യബോധത്തിലാണ് ആ രചനകൾ തളിർത്ത് പൂവിട്ടുകായ്ച്ചത്. സ്ത്രീസ്വാതന്ത്ര്യ വാദത്തിന്റെ സ്വാധീനം കവിതകളിൽ സ്വാംശീകരിച്ച അദ്ദേഹം സാമൂഹിക മുന്നേറ്റത്തിന്റെ മുന്നണിപ്പോരാളിയായി.
എന്നാൽ, ആദ്യകാല കവിതയിലെ വിപ്ലവപരതയിൽനിന്ന് രണ്ടാം ഘട്ടത്തിൽ കവിതകൾ സ്ഥൂലത്തിൽനിന്ന് സൂക്ഷ്മത്തിലേക്ക് സഞ്ചരിക്കുന്നതായി കാണാം. അതോടൊപ്പം ശിൽപചാരുതയിൽ കവി അഭിരമിക്കുന്നതായും നിരീക്ഷിക്കാം. ദുഃഖോപാസകനായി ഈ ഘട്ടത്തിൽ കവി മാറുന്നുണ്ട്.
കഥകളിയും കർണാട്ടിക് സംഗീതവും മേളകലയും മേളിച്ച പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമത്തിൽ ഒളപ്പമണ്ണ മന നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെയും ദേവസേന അന്തർജനത്തിന്റെയും മകനായി 1923 ജനുവരി 10ന് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് ജനിച്ചു. ബാല്യത്തിൽ തന്നെ സംസ്കൃതവും വേദവും പഠിച്ചു. പാലക്കാട് വിക്ടോറിയ കോളജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ നിർണാകയ പങ്കുവഹിച്ച ഒളപ്പമണ്ണ ഇരുപതോളം കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1947ൽ പ്രസിദ്ധീകരിച്ച ‘വീണ’യാണ് പ്രഥമ കവിത സമാഹാരം. തുടർന്ന് കൽപന, കിലുങ്ങുന്ന കൈയാമം, ഇലത്താളം, കുളമ്പടി, തീത്തൈലം, റബർ വൈഫും മറ്റു കവിതകളും, പാഞ്ചാലി ഏഹി സൂനരി, ഒലിച്ചുപോകുന്ന ഞാൻ, കഥാകവിതകൾ, നങ്ങേമക്കുട്ടി, അശരീരികൾ (ഖണ്ഡകാവ്യം), അംബ (ആട്ടക്കഥ), ആനമുത്ത്, സുഫല, ദുഃഖമാവുക സുഖം, നിഴലാന, ജാലപ്പക്ഷി, വരിനെല്ല് എന്നിവയാണ് പ്രധാന കൃതികൾ.
1966ൽ കഥാകവിതകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, 1988ൽ നിഴലാന എന്ന കവിത സമാഹാരത്തിന് ഓടക്കുഴൽ അവാർഡ്, 1989ൽ ജാലകപ്പക്ഷി എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു. കേരള കലാമണ്ഡലം ചെയർമാൻ, കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2000 ഏപ്രിൽ 10ന് അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.