ഷാർജ: ഗൃഹാതുരതയുടെ തേനൂറും ഓർമകൾ നിറഞ്ഞു നിൽക്കുന്ന നഗരമാണ് കോഴിക്കോട്ടെ മിഠായിത്തെരുവ്. കലാസാംസ്കാരിക നായകരുടെ ഓർമകൾ നിറഞ്ഞ നിൽക്കുന്ന മലയാളിയുടെ ഇഷ്ട നഗരം. നേരുള്ള ഓട്ടോ തൊഴിലാളികളുടെ നാട്. മലയാളിയുടെ പ്രിയ സഞ്ചാര സാഹിത്യകാരൻ എസ്.കെ പൊറ്റക്കാടിന്‍റെ പ്രശസ്തമായ ‘ഒരു തെരുവിന്‍റെ കഥ’ പിറന്ന നാട്. ഖൽബിൽ തേനൊഴുകുന്ന, ഹൽവ പോലുള്ള കോഴിക്കോട്ടെ മിഠായിത്തെരുവിതാ കടൽ കടന്ന് ഷാർജയിലുമെത്തിയിരിക്കുന്നു. ഗൾഫ് മാധ്യമം കമോൺ കേരള വേദിയിലെത്തുന്ന സന്ദർശകരെ സ്വീകരിക്കാനാണ് മിഠായിത്തെരുവ് പുനസൃഷ്ടിച്ചിരിക്കുന്നത്. കോഴിക്കോട്ടെ കാഴ്ചകൾ സന്ദർശകരിലെത്തിക്കാനായി കലാസംവിധായകൻ ബാവയാണ് മിഠായിത്തെരുവിനെ ആത്മാവ് നഷ്പ്പെടുത്താതെ ഷാർജ എക്സപോ സെന്‍ററിൽ അതേ പടി പകർത്തിയിരിക്കുന്നത്. കിഡ്സൺ കേർണറിലുള്ള എസ്.കെ.പൊറ്റക്കാടിന്‍റെ പ്രതിമ മുതൽ കഥകൾ നിറയുന്ന ചുമരുകൾ വരെ ഇതിനായി അദ്ദേഹം പുനസൃഷടിച്ചിരിക്കുകയാണ്. എക്സ്പോയിലെത്തുന്ന സന്ദർശകർക്ക് മിഠായിത്തെരുവിലൂടെ ഷോപ്പിങ്ങിന്‍റെ വർണകാഴ്ചകളിലേക്ക് പ്രവേശിക്കാം.
യൂറോപ്പുകാരാണ് ഹൽവക്കടകൾക്ക് പ്രശസ്തമായ ഈ തെരുവിന് പേരിട്ടത് . യൂറോപ്യന്മാർ കോഴിക്കോടൻ ഹൽവയെ സ്വീറ്റ്മീറ്റ് എന്നായിരുന്നു വിളിച്ചിരുന്നത്. ഹുസൂർ റോഡ് എന്നായിരുന്നു മിഠായി തെരുവിന്‍റെ ആദ്യ പേര്. പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street) എന്നുവിളിച്ചു.
പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട്. ഈ ഓർമകളിലേക്ക് പ്രവാസികളെ കൂട്ടിക്കൊണ്ടു പോകാൻ ഷാർജയിലെ മിഠായിത്തെരുവ് പവലിയന് കഴിയുമെന്നുറപ്പാണ്. ഓട്ടോറിക്ഷ മുതൽ ഉപ്പിലിട്ടതുവരെ തെരുവിൽ അതേ പടി പകർത്താൻ കലാകാരന് സാധിച്ചിതാണ് ഇതിന് കാരണം. തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും ഗൃഹാതുരതയുണർത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.