നീതിനിഷേധത്തി​െൻറ ചൂണ്ടുപലക

സെപ്റ്റംബർ 30ന്​ രാത്രി രാഹുൽ ഗാന്ധി ഹാഥറസിലേക്കു പോകാൻ തീരുമാനിക്കുമ്പോൾ 200 കിലോമീറ്റർ അപ്പുറത്ത്​ ഭൂൽഗഡിയിലെ പാടത്ത്​ ആ പെൺകുട്ടിയുടെ ചിതയിലെ കനലെരിഞ്ഞടങ്ങിയിട്ടുണ്ടായിരുന്നില്ല. ജീവിതത്തിലും മരണത്തിലും നീതി നിഷേധിക്കപ്പെട്ട ആ ഹതഭാഗ്യയുടെ കുടുംബത്തെ കാണാൻ, പിറ്റേന്ന് രാവിലെ ആരെയും അറിയിക്കാതെ യാത്ര പുറപ്പെട്ട ഞങ്ങളെ ഡൽഹി-യു.പി അതിർത്തിയിൽ പൊലീസ്​ വൻസന്നാഹമൊരുക്കി തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ ആരെയും കടത്തിവിടാൻ കഴിയില്ലെന്ന ന്യായം പറഞ്ഞതോടെ ആ കുടുംബത്തെ കാണാൻ ഏതു വിധേനയും പോ​േയ തീരൂവെന്ന്​ രാഹുൽ ഗാന്ധി നിലപാടെടുത്തു. നിരോധനാജ്ഞയാണെങ്കിൽ ഒരാളെ പോകാൻ അനുവദിക്കണമെന്ന നിർദേശവും അനുവദിക്കാതെയായപ്പോൾ വണ്ടിയിൽ നിന്നിറങ്ങി രാഹുലും പ്രിയങ്കയും കാൽനടയായി ഹാഥറസിലേക്കു പോകുമെന്ന് പ്രഖ്യാപിച്ച്​ നടക്കാൻ തുടങ്ങി.

എട്ടുകിലോമീറ്ററോളം ദൂരമപ്പുറം എക്സ്പ്രസ് വേ മൊത്തം ബാരിക്കേഡ് വെച്ച് വീണ്ടും തടയാൻ പൊലീസ് നിരന്നുനിന്നതോടെ എതിർവശത്തെ റോഡിലേക്ക് ചാടിക്കടന്ന്​ രാഹുൽ നടത്തം തുടർന്നു. അവിടെയും പൊലീസെത്തി രാഹുൽ ഗാന്ധിയെ ​ൈകയേറ്റം ചെയ്​ത്​ താഴെ തള്ളിയിട്ടു. പിറകോട്ടില്ലെന്ന് നിലപാടെടുത്തതോടെ ബലം പ്രയോഗിച്ച്​ ഞങ്ങളെ അറസ്​റ്റു ചെയ്​തു. പൊലീസ്​രാജിനു മുന്നിൽ മുട്ടുമടക്കില്ലെന്നും ഏതുവിധേനയും എത്തുമെന്നും പ്രതിജ്ഞയെടുത്താണ് രാഹുൽ ഗാന്ധി മടങ്ങിയത്. തൊട്ടടുത്ത ദിവസം പഞ്ചാബിൽ തുടങ്ങേണ്ട കർഷകറാലി ഒരു ദിവസത്തേക്ക് മാറ്റിവെച്ച് ഒക്ടോബർ മൂന്നിന്​ ഹാഥറസിൽ പോകാൻ വീണ്ടും രാഹുൽ തീരുമാനമെടുത്തു. പ്രിയങ്ക ഗാന്ധിയെയും എന്നെയും വിളിച്ച്​ എല്ലാ തയാറെടുപ്പുകളും ഒരുക്കണമെന്നും പിറ്റേന്ന്​ രാവിലെ പുറപ്പെടണമെന്നും അറിയിച്ചു. ഈ തീരുമാനം അറിയിച്ചതോടെ ഡൽഹിയിൽ ഉണ്ടായിരുന്ന ഗുലാം നബി ആസാദും മല്ലികാർജുൻ ഖാർഗെയും അധീർ രഞ്ജൻ ചൗധുരിയും രൺദീപ് സുർജേവാലയും മുകുൾ വാസ്നികും അടക്കം 30ഓളം എം.പിമാരും നേതാക്കളും കോൺഗ്രസ് ആസ്ഥാനത്ത്​ ഒരുമിച്ചു കൂടി രാഹുൽ ഗാന്ധിയുടെ കൂടെ പുറപ്പെട്ടു. ആയിരക്കണക്കിന് കോൺഗ്രസ്പ്രവർത്തകരും കൂടെ ചേർന്നതോടെ അത്​ നീതിക്കുവേണ്ടിയുള്ള ഒരു മഹാജനസഞ്ചയത്തി​െൻറ ഒഴുക്കായി.

പൊലീസ് രാജി​െൻറ ഏറ്റവും ഭീകരമായ താണ്ഡവമാണ് പിന്നീട് കണ്ടത്. ഒരു പ്രകോപനവും ഇല്ലാതെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ക്രൂരമായി പൊലീസ് തല്ലിച്ചതച്ചു. കോൺഗ്രസ് പ്രവർത്തകരെ തല്ലുന്നതു കണ്ട്​ ലാത്തിയുടെ മുന്നിലേക്ക് രാഹുലും പ്രിയങ്കയും ധീരമായി കടന്നുചെന്ന് സുരക്ഷയൊരുക്കിയത് കോൺഗ്രസ് പ്രവർത്തകർക്ക് കൂടുതൽ ധൈര്യവും ആവേശവും പകർന്നു. അഞ്ചുപേരെ മാത്രം അനുവദിക്കാമെന്ന് ഒടുവിൽ പൊലീസിന് സമ്മതിക്കേണ്ടിവന്നു.

യു.പി അതിർത്തിയിൽനിന്ന്​ മൂന്നു മണിക്കൂറോളം യാത്രചെയ്ത്​ വൈകീട്ട് ഏഴേ കാലോടെ ഞങ്ങൾ ഹാഥറസിലെത്തി. മാധ്യമങ്ങളുടെ വലിയൊരു സംഘവും അവിടെയുണ്ടായിരുന്നു. ഹാഥറസ് ടൗണിൽനിന്ന്​ 20 കിലോമീറ്ററോളം ദൂരെ ഒരു കുഗ്രാമത്തിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഇടുങ്ങിയ നാട്ടുവീഥികളിലൂടെ ഒരുപാട് നേരം യാത്ര ചെയ്താണ് ആ കൊച്ചുവീട്ടിൽ എത്തിച്ചേർന്നത്. പൊലീസുകാരുടെ ഭീഷണിയിലും തടവിലും ഭീതിയോടെ കഴിഞ്ഞ ആ കുടുംബത്തി​െൻറ അവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണ്​. തികഞ്ഞ മനസ്സുറപ്പോടെ ഏതു പ്രതിസന്ധിയെയും നേരിടാറുള്ള രാഹുൽ പോലും പതറിപ്പോയി. ഒരു മണിക്കൂറോളം നേരം ആ കൊച്ചുവീട്ടിൽ ഇരുവരും ചെലവഴിച്ചു. തളർന്നു പോയ ആ മാതാവ് പ്രിയങ്ക ഗാന്ധിയുടെ നെഞ്ചിൽ തല ചേർത്ത് തേങ്ങിക്കരയാൻ തുടങ്ങി.

മകൾ അനുഭവിച്ച യാതനയുടെ വിങ്ങൽ മാറും മുമ്പേ, യോഗി സർക്കാർ കൈക്കൊണ്ട നീതിനിഷേധമാണ് അവരെ കൂടുതൽ അപമാനിതരും നിസ്സഹായരും ആക്കിയതെന്ന്​ കണ്ണീരോടെ കുടുംബം ഞങ്ങളോട് പറഞ്ഞു.

മകളുടെ ആത്മശാന്തിക്ക് പ്രാർഥിക്കാനോ മരണാനന്തര ചടങ്ങ്​ നടത്താനോ പോലും സമ്മതിക്കാതെ ഇരുളി​െൻറ മറവിൽ ചുട്ടുകരിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്ന്​ അവർ കണ്ണീരോടെ ചോദിച്ചു. മകൾ നഷ്​ടപ്പെട്ട വേദനയിൽ കഴിഞ്ഞ കുടുംബത്തിനെ മൊഴിമാറ്റിപ്പറയാൻ ജില്ല കലക്ടർ ഭീഷണിപ്പെടുത്തി. തന്നെ ബലാത്സംഗം ചെയ്തുവെന്ന് മരണക്കിടക്കയിൽ കിടന്ന്​ പെൺകുട്ടി വെളിപ്പെടുത്തിയിട്ടും പീഡനം നടന്നില്ലെന്ന് സമർഥിക്കാൻ സംഭവം നടന്ന്​ ദിവസങ്ങൾക്കുശേഷം നടന്ന പോസ്​റ്റുമോർട്ടം റിപ്പോർട്ട് പരസ്യപ്പെടുത്തുന്ന കേട്ട് കേൾവിയില്ലാത്ത നടപടികൾക്കുവരെ കുടുംബം സാക്ഷിയായി. ക്രൂരമായ നീതി നിഷേധത്തിനു മുന്നിൽ പകച്ചുനിൽക്കുന്ന ഈ കുടുംബ​െത്ത നുണപരിശോധനക്ക് വിധേയമാക്കണമെന്ന് വിചിത്രമായ തീരുമാനംപോലും യോഗിസർക്കാർ കൈക്കൊണ്ടു. നിങ്ങൾ ഈ മണ്ണിൽതന്നെ ജീവിക്കണമെന്നും സുരക്ഷയും കേസും കോൺഗ്രസ് ഏറ്റെടുക്കുമെന്നും ധൈര്യം പകർന്നാണ് രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും മടങ്ങിയത്.

ഹാഥറസ് സംഭവം രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്ന കടുത്ത നീതിനിഷേധങ്ങളുടെയും അടിച്ചമർത്തലുകളുടെയും നേരെയുള്ള ചൂണ്ടുപലകയാണ്. രാജ്യം ഞെട്ടിത്തരിച്ച ഡൽഹിയിലെ നിർഭയ സംഭവം ഇതോടു ചേർത്തുവായിച്ചാൽ ഹാഥറസിലെ പെൺകുട്ടിയും കുടുംബവും നേരിട്ട അപമാനത്തി​െൻറയും നീതിനിഷേധത്തി​െൻറയും ആഴം വ്യക്തമാകും. രാജ്യതലസ്ഥാനവും രാജ്യം ഒന്നടങ്കവും പ്രതിഷേധം ആളിപ്പടർന്ന ആ ദിനങ്ങളിൽ തെളിവുകൾ അവശേഷിക്കാതിരുന്ന ആ കേസ് വളരെ വിദഗ്​ധമായാണ് ഡൽഹി പൊലീസ് അന്വേഷിച്ച്​ കുറ്റവാളികളെ ദിവസങ്ങൾക്കകം പിടികൂടിയത്. സർക്കാറിനെതിരെ പ്രതിഷേധം കനത്തപ്പോഴും മൗനമവലംബിക്കാതെ ഡൽഹിയിലെ സഫ്ദർജങ്​ ആശുപത്രിയിൽചെന്ന് സോണിയ ഗാന്ധി കുടുംബത്തെ നേരിൽ കണ്ടു. ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ നിർഭയയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ഒടുവിൽ മരണത്തിനു കീഴടങ്ങി നിർഭയയുടെ ഭൗതികശരീരം ഡൽഹിയിലേക്ക് കൊണ്ടുവന്നപ്പോൾ പുലർച്ച മൂന്നിന്​ അത്​ ഏറ്റുവാങ്ങാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും സോണിയ ഗാന്ധിയും കാത്തുനിന്നു. പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ പീഡനങ്ങൾ തടയാൻ പുതിയ നിയമം സർക്കാർ കൊണ്ടുവന്നു. അതിനു ശേഷവും നിർഭയയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകാൻ രാഹുൽ ഗാന്ധി തന്നെ മുന്നോട്ടുവന്നത് രാജ്യമറിയുന്നത്​ നിർഭയയുടെ അമ്മ വെളിപ്പെടുത്തിയശേഷം മാത്രമാണ്.

രാജ്യത്തുടനീളം ഇത്ര ജനരോഷം ഉണ്ടായിട്ടും ഹാഥറസിലെ പെൺകുട്ടിയെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറായിട്ടില്ല. ആ കുടുംബത്തെ നേരിട്ട് ഒന്നുകാണാൻ യു.പി മുഖ്യമന്ത്രി ആദിത്യനാഥ് തയാറായിട്ടില്ല. മരണത്തിൽ പോലും നീതി നിഷേധിക്കപ്പെട്ട ആ പെൺകുട്ടിയുടെ എരിഞ്ഞടങ്ങിയ ചിതയിൽ ഭസ്മമായിക്കിടക്കുന്നത്​ നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയും നീതിയുമാണ്. ഹാഥറസിലെ പെൺകുട്ടിക്ക് നീതി ലഭിക്കുന്നതുവരെ കോൺഗ്രസ് പാർട്ടി സമര രംഗത്തുണ്ടാകും.

Tags:    
News Summary - Hathras injustice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.